small is beautiful

small is beautiful
Ajantha musings

Monday, July 23, 2012

Kurudan Moonga

കുരുടന്‍മൂങ്ങ - വിവര്‍ത്തനത്തിന്‍റെ കല

" ഒടുവില്‍ ഇത്തിരി ശങ്കിച്ചിരുന്ന ശേഷം, എണ്ണവിളക്ക് അടുത്തേക്കു നീക്കിവെച്ച് ഞാനെഴുതാനാരംഭിച്ചു.
ഏകാന്തതയില്‍ ആത്മാവിനെ കരണ്ടുകരണ്ടില്ലാതാക്കുന്ന ചില ഉഗ്രവ്രണങ്ങളുണ്ട്‌. അവയുടെ വേദന വിവരിക്കുക അസാധ്യമാണ്. സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. 
കാരണം, അപൂര്‍വവും വിചിത്രവുമായ ചില അനുഭവങ്ങളുടെ ഭാഗങ്ങളാണവ. അലൌകികമായ ഈ അനുഭവങ്ങളുടെ - ഉറക്കത്തിനും ഉണര്‍വിനുമിടയിലുള്ള മയക്കത്തിലൂടെ പ്രക്ത്യക്ഷപ്പെടുന്ന ആത്മാവിന്‍റെ നിഴലാട്ടങ്ങളുടെ - രഹസ്യം കണ്ടുപിടിക്കാന്‍ മനുഷ്യന് എന്നെങ്കിലും കഴിയുമോ? അങ്ങനത്തെ ഒരനുഭവം ഞാന്‍ വിവരിക്കാം. അത് എന്നെ സംബന്ധിച്ചതാണ്. എനിക്കത് മറക്കാനേ സാധ്യമല്ല. അത്രത്തോളം എന്നെ ഉലച്ചുകളഞ്ഞു. അതിന്‍റെ ദുസ്മൃതി എന്‍റെ അസ്തിത്വത്തിലാദ്യന്തം വിഷമേല്‍പ്പിച്ചിരിക്കുന്നു. എനിക്കും മറ്റു മനുഷ്യര്‍ക്കുമിടയില്‍ ഭയാനകമായ ഒരു പാതാളക്കിടങ്ങുണ്ടെന്നു ഈ ചുരുങ്ങിയ ജീവിതകാലം കൊണ്ടുതന്നെ ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. ഇപ്പോഴിതെല്ലാം എഴ്ഗുതാന്‍ തീരുമാനിച്ചതെന്തന്നല്ലേ? ഒരേയൊരു കാരണമേയുള്ളൂ- എന്‍റെ നിഴലിന് എന്നെ പരിചപ്പെടുത്തിക്കൊടുക്കാന്‍. ഞാന്‍ എഴുതുന്ന ഓരോ വാക്കും വരിവിഴുങ്ങാനെന്ന പോലെ ചുമരില്‍ കുനിഞ്ഞിരിക്കുന്ന നിഴലിന്. ഒരുപക്ഷെ ഞങ്ങള്‍ക്ക് അന്യോന്യം ഇനിയും കൂടുതലറിയാന്‍ കഴിഞ്ഞേക്കും."

ആധുനിക പേര്‍ഷ്യന്‍ സാഹിത്യത്തിലെ അനശ്വരകൃതിയാണ് സാദിക്ക് ഹിദായത്തിന്‍റെ 'കുരുടന്‍ മൂങ്ങ' (ബുഫ്- ഇ-കൂര്‍ )
വിലാസിനിയുടെ അതീവഹൃദ്യമായ പരിഭാഷയിലൂടെ പനിനീര്‍പ്പൂക്കളുടെയും ഉമര്‍ ഖയ്യാമിന്‍റെയും നാട്ടില്‍ ജനിച്ചുവളര്‍ന്ന പ്രതിഭാശാലിയായ ഒരെഴുത്തുകാരന്‍റെ അനര്‍ഘരത്നം നമുക്ക് ലഭിച്ചു.
അതിവിചിത്രവും അനന്യസാധാരണവുമായ 'കുരുടന്‍മൂങ്ങ' എന്ന കൃതിയെ നമുക്കടുത്തറിയാം. സ്വപ്നാത്മകമായ ഭാഷയില്‍ കഥപറയുന്ന ഹിദായത്ത് വായനയുടെ ആത്മാവിനെ ആഴത്തില്‍ ഗ്രസിക്കുകയാണ്.

ആധുനിക ഇറാന്‍ സാഹിത്യത്തിലെ അനശ്വരപ്രതിഭ സാദിക്ക് ഹിദായത്തിന്‍റെ മാസ്റ്റര്‍പീസ്‌ എന്ന് പറയാവുന്ന നോവലാണ്‌ ബുഫ്- ഇ-കൂര്‍. കുരുടന്‍മൂങ്ങ എന്നര്‍ഥം. മൂങ്ങയെപ്പോലെ വെളിച്ചത്തെ ഭയന്ന്
ഏകാന്തതയിലിരുന്നു മൂളുന്ന കേന്ദ്രകഥാപാത്രത്തിന്‍റെ ആത്മാഭാഷണമാണ് ഇതിവൃത്തം. സ്വന്തം ശവക്കല്ലറയിലിരുന്നു കൂമനെപ്പോലെ വിലപിച്ചുമൂളുന്ന അയാള്‍ മരിച്ചിട്ടും മരിക്കാത്ത അശാന്തകാമന തന്നെയാണ്. നീലത്താമരകള്‍ പൂത്ത നദീതീരത്തെ സൈപ്രസ്സ് വൃക്ഷത്തിന്‍റെ രൂപകം കഥയിലുടനീളം നമ്മെ പിന്തുടരുന്നു. എണ്ണച്ചായത്തില്‍ മുക്കിവരച്ച പെയ്ന്റിംഗ് പോലെ മനോഹരം ഹിദായത്തിന്‍റെ കൃതി. കാഫ്കയുടെ കാസില്‍ പോലെ ഒരു എകാന്തഭവനത്തില്‍ ഹിദായത്തിന്‍റെ നായകനും പകല് മുഴുവന്‍ കഴിഞ്ഞു. കറുപ്പ് തിന്നും ചഷകം നുണഞ്ഞും ബാഹ്യലോകത്ത് നിന്ന് ഒളിച്ചോടിയ അയാളുടെ പ്രധാന ജോലി എഴുത്തുപെട്ടിയുടെ ഉറകളില്‍ ചിത്രം വരയ്ക്കുകയായിരുന്നു. പേനയും മഷിയുമടക്കമുള്ള ലേഖനസാമഗ്രികള്‍ സൂക്ഷിക്കുന്ന എഴുത്തുപെട്ടികള്‍ അലങ്കരിക്കുന്ന പ്രവൃത്തി മടുപ്പില്ലാതെ ചെയ്തുപോന്നു അയാള്‍. എടുത്തുപറയേണ്ട സംഗതി, വരയ്ക്കുന്ന എല്ലാചിത്രങ്ങളുടെയും പ്രമേയം ഒന്നുതന്നെയായിരുന്നെ എന്നതാണ്. ഒരു സൈപ്രസ് വൃക്ഷം. അതിന്റെ കടയ്ക്കല്‍ നീണ്ട നിലയങ്കി ധരിച്ചു നിലത്തു പടിഞ്ഞിരിക്കുന്ന ഒടിഞ്ഞുതൂങ്ങിയ ഒരു വൃദ്ധന്‍. അയാളുടെ മുഖം എല്ലായ്പ്പോഴും ഒരിന്ത്യന്‍യോഗിയെ ഓര്‍മിപ്പിച്ചു. അമ്പരന്നതുപോലെ ഇടത്തെ ചൂണ്ടുവിരല്‍ ചുണ്ടത്തുവെച്ചാണ് ഇരിപ്പ്. കിഴവന്‍റെ മുന്‍പില്‍ നീണ്ട കറുത്ത കുപ്പായം ധരിച്ച ഒരു പെണ്‍കിടാവ്. അവര്‍ക്കിടയിലൊരു നീരരുവി ഒഴുകി. അവള്‍ കുനിഞ്ഞ്, മുന്നോട്ടാഞ്ഞ്‌ ചാലിന്‍റെ മീതെ അയാള്‍ക്കൊരു താമരപ്പൂവ് നല്‍കുന്നു. എപ്പോള്‍ തൂലികയെടുത്താലും അയാള്‍ വരക്കുന്നത് ഇതേ ചിത്രമാണ്. അത്രയ്ക്ക് ആ സ്വപ്നത്തിന്‍റെ വശ്യതയില്‍ മുങ്ങിപ്പോയിരുന്നു അയാള്‍.
ഒരിക്കല്‍ തന്‍റെ എകാന്തഭവനത്തില്‍ വിരുന്നുവന്ന ചിറ്റപ്പനെ സല്ക്കരിക്കാനായി ഉത്തരത്തിന്‍റെ താഴെ ചുമരിലുള്ള പൊത്തില്‍ പൈതൃകമായി കാത്തുസൂക്ഷിച്ച ഒരു കൂജ വീഞ്ഞുണ്ടായിരുന്നത് എടുക്കാന്‍ ശ്രമിക്കവേ, അയാളുടെ ജീവിതത്തെ മാറ്റിമറച്ച വിഷനീലിമയാര്‍ന്ന ഒരനുഭവമുണ്ടായി.ചുമരിലെ സൂത്രപ്പഴുതിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ മുറിയുടെ പിറകിലുള്ള പറമ്പില്‍ ,ഒരു സൈപ്രസ് വൃക്ഷത്തിന്‍റെ കടയ്ക്കല്‍ ആ ഒടിഞ്ഞുതൂങ്ങിയ വൃദ്ധന്‍ ഇരിക്കുന്ന കാഴ്ച. മുന്‍പില്‍ അതേ പെണ്‍കിടാവ്.അപ്സരസ്സിനെപ്പോലെ മോഹിനിയായ അവള്‍ മുന്നോട്ടല്‍പ്പം കുനിഞ്ഞുനിന്ന്‌ വലത്തേ കൈ കൊണ്ട് ഒരു പുഷ്പം കിഴവന് നല്‍കുന്നു. അവളുടെ ചുണ്ടില്‍ അവ്യക്തമായൊരു പുഞ്ചിരി സ്വയം വിടര്‍ന്നുവറ്റിയിരുന്നു. അവളുടെ വശ്യവും അഴകും മുറ്റിയ, പേടിപ്പെടുത്തുന്ന എന്നാല്‍ മാടിവിളിക്കുന്ന, അമാനുഷമായ ലഹരിപിടിപ്പിക്കുന്ന കണ്ണുകള്‍ കഥാനായകന്‍ കണ്ടു. കാന്തശക്തിയുള്ള അവളുടെ കണ്ണുകള്‍ അയാളുടെ ജീവസ്സാകെ ഊറ്റിക്കുടിച്ചു.അവളുടെ മാദകമായ അധരങ്ങള്‍ തൃഷ്ണ ശമിക്കാത്ത ചുംബനത്തിനിടയില്‍ അടര്‍ത്തിയെടുത്തതുപോലെ കാണപ്പെട്ടു. ഒരു ക്ഷേത്രനര്‍ത്തകിയെപ്പോലെ താളാത്മകമായിരുന്നു അവളുടെ നില്പ്. ശാന്തി ഉടലെടുത്ത മുഖഭാവമായിരുന്നെങ്കിലും
ആരോ സ്വന്തം ഇണയില്‍നിന്നു വേര്‍പെടുത്തിയ, ആലംഗനത്തില്‍ നിന്നടര്‍ത്തിമാറ്റിയ ദുദായി വേര് പോലെയായിരുന്നു അവളുടെ നില. അവള്‍ അരുവിക്കപ്പുരത്തുള്ള കിഴവന്റെ സമീപമെത്താന്‍ വെമ്പി നില്‍ക്കുന്നതുപോലെ കാണപ്പെട്ടു. കിഴവന്‍ അതുനോക്കി കര്‍ണകഠോരമായി പൊട്ടിച്ചിരിച്ചു. ഭയാനകമായ ആ ചിരിയുടെ ഒലി കൃതിയിലുടനീളം കേള്‍ക്കാം.
ആത്മാവിനെ ഗ്രസിച്ച ഒരര്‍ബുദത്തിന്‍റെ വ്രണംവാര്‍ന്നൊലിക്കുന്ന അനുഭവമാണ് കുരുടന്‍ മൂങ്ങയുടെ പ്രമേയം. സ്വന്തം ജീവിതത്തെയും അസ്തിത്വതെയും ബാധിച്ച ജീര്‍ണതമൂലം വ്രണിതഹൃദയനായ
ഹിദായത്ത്, തന്‍റെ ഹൃദയത്തില്‍ ഉറഞ്ഞുകൂടിയ നീലവിഷാദത്തിനുകൊടുത്ത രൂപമാണ് ഈ നോവെല്ല. ഇറാനിലെ സാമൂഹ്യജീവിതവുമായി പൊരുത്തപ്പെടാനാവാതെ ജീവിച്ച അന്തര്‍മുഖനായ ഒരെഴുത്തുകാരനായിരുന്നു അദ്ദേഹം. പേര്‍ഷ്യയിലെ മണ്മറഞ്ഞ സാംസ്കാരിക പാരമ്പര്യത്തിന്‍റെ ആരാധകനായിരുന്ന ഹിദായത്തിനെ 'ആയിരത്തിയൊന്നു രാവുകള്‍' പോലുള്ള അറബിക്കഥകളും, ഒമര്‍ ഖയ്യാമിന്‍റെ 'റുബായിയാത്ത്' പോലുള്ള രചനകളും അളവിലേറെ സ്വാധീനിച്ചിരുന്നതായി നിരൂപകര്‍ വിലയിരുത്തുന്നുണ്ട്. കുരുടന്‍മൂങ്ങയുടെ ഭയാനകമായ ഇരുണ്ട സൌന്ദര്യം കാഫ്കയുടെ കഥകളില്‍ കാണുന്നതിനും അപ്പുറത്തായിരുന്നു. കഥ പറയുന്നതിലെ ഇന്ദ്രജാലം ഇറാന്‍റെയും അറബിക്കഥകളുടെയും ആഖ്യാനപാരമ്പര്യത്തെ പിന്തുടരുന്നു. റില്‍ക്കെയുടെ മൃത്യുപൂജയോടും, കാഫ്കയുടെ ഭ്രമാത്മക ശൈലിയോടുമുള്ള സാമീപ്യവും കുരുടന്‍ മൂങ്ങക്ക് അസാധാരണമായൊരു രഹസ്യസൌന്ദര്യം പകരുന്നു. ചാക്രികമായ ആഖ്യാനത്തിലൂടെ കാലത്തെ കീഴ്മേല്‍ മറിക്കാനും വൃത്തത്തിനുള്ളില്‍ വൃത്തമെന്ന പോലെ കഥക്കുള്ളില്‍ കഥ എന്ന ആഖ്യാനതന്ത്രം ഭാരതീയ പാരമ്പര്യത്തിലെ 'യോഗവാസിഷ്ഠ'ത്തെയും 'പഞ്ചതന്ത്ര'ത്തേയും ഓര്‍മിപ്പിക്കാതിരിക്കില്ല. കാഫ്ക്കയുടെയും ബോര്‍ഹസിന്‍റെയും കഥകളുടെ കയ്യടക്കം ഹിദായത്തിലും പ്രകടമാണ്. ഇറാനിലെ പഹ് ലവി കാലഘട്ടത്തിലെ ഇതിഹാസങ്ങളും നാടോടി പാരമ്പര്യവും ജരതുഷ്ട്രയുടെ തത്വചിന്തയും, സെന്‍റ് അവസ്ത തുടങ്ങിയ പ്രാചീനകൃതികളും സാദിക്ക് ഹിദായത്തിനെ ആഴത്തില്‍ സ്വാധീനിച്ചതായി പറയപ്പെടുന്നു. അവെസ്തയിലെ കീര്‍ത്തനങ്ങളുടെയും ക്രിയകളുടെയും താളക്രമം കുരുടന്‍മൂങ്ങയുടെ ഏകാന്തമായ അനുഭവങ്ങളില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ഒമര്‍ഖയാമിനെപ്പോലെ ആത്മീയമായ യാതനകളുടെ വ്യാഖ്യാനമാണ് ഹിദായത്തും തന്‍റെ കൃതിയിലൂടെ നിര്‍വഹിക്കുന്നത്. ലോകത്തെവിടെയുമുള്ള മനുഷ്യന്‍റെ വിചിത്രാനുഭവങ്ങളുടെ ദുരവസ്ഥതന്നെയാണ് അദ്ദേഹം രേഖപ്പെടുത്തുന്നത്. സൂത്രപ്പഴുതിലൂടെ മൂങ്ങ കാണുന്ന സ്വപ്നലോകം പ്രത്യാശയുടെതാണ്. എന്നാല്‍ അശാന്തമായ നേരനുഭവങ്ങളുടെ വെറുംതടവില്‍
കഴിയാന്‍ വിധിക്കപ്പെട്ടവരുടെ പാരതന്ത്ര്യമാണ് പേരില്ലാത്ത, വേരുകള്‍ മുറിഞ്ഞുപോയ പ്രധാനകഥാപാത്രം ശക്തമായി ധ്വനിപ്പിക്കുന്നത്. എന്നിട്ടും,ഹിദായത്തിന്‍റെ നായകന്‍ സൂത്രപ്പഴുതിലൂടെ കാണുന്ന ലോകത്തിനു യോഗാത്മകതയുണ്ട്. ഗുഹയില്‍ നിന്നെന്ന പോലെ ഉയര്‍ന്ന ചിരിയുടെയും കാലത്തെ പ്രതിഫലിപ്പിച്ച സൈപ്രസ് മരത്തിന്‍റെയും ഇടയില്‍ ഒഴുകിയ നീരരുവിയും അവിടെ വിരിഞ്ഞ നീലത്താമരയും ഒടുങ്ങാത്ത പ്രത്യാശയുടെ, അവസാനിക്കാത്ത സ്വപ്നങ്ങളുടെ വേര്‍പൊടിപ്പുകളായി നമുക്ക് കാണാം.

വിവര്‍ത്തകന്‍റെ വിയര്‍പ്പുനീര്‍ വീണ 'കുരുടന്‍ മൂങ്ങയുടെ' മൊഴിമാറ്റം പ്രതിഭാശാലിയായ ഒരെഴുത്തുകാരന്‍റെ കൈയ്യൊപ്പ് പതിഞ്ഞതാണ്. ഇതേ കൃതിക്ക് പില്‍ക്കാലത്തുണ്ടായ മറ്റൊരു പരിഭാഷ പരിശോധിച്ചാല്‍ വിലാസിനിയുടെ ആഖ്യാനകലയുടെ മികവു നമുക്കനുഭവപ്പെടും.


- sethumadhavan machad

Saturday, May 12, 2012

മലേഷ്യ ആസ്ഥാനമായുള്ള 'ഏഷ്യ പസഫിക് ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍   ബ്രോഡ് കാസ്റ്റിംഗ് ഡെവലപ്പ് മെന്‍റ്, കാനഡ റേഡിയോ ഇന്‍റര്‍നാഷണല്‍ എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച  സാംസ്കാരിക വൈവിധ്യത്തെപ്പറ്റിയുള്ള അന്തര്‍ദേശീയ സെമിനാറില്‍ പങ്കെടുക്കവേ മട്ടാഞ്ചേരിയിലെ ജൂതത്തെരുവ് ഓര്‍മയില്‍ വന്നു. ഫോര്‍ട്ട്‌കൊച്ചിയിലെ ജൂതപ്പള്ളിയും സിനഗോഗും വെള്ളക്കുമ്മായമടിച്ച ഉയരത്തിലുള്ള ഓടുപാകിയ കെട്ടിടങ്ങളും സെമിത്തേരിയും ദൃശ്യബിംബങ്ങളായി കണ്മുന്നില്‍ വന്നു. ജൂതത്തെരുവില്‍ വെച്ചു ഏതാനും കുടുംബങ്ങളെയും, ഗതകാലം പങ്കിട്ട യഹൂദന്‍മാരെയും കണ്ടെത്തി.
മട്ടാഞ്ചേരിയിലെ ജൂതരുടെ ചരിത്രം തേടിയുള്ള ഈ യാത്രയിലാണ് 'കാര്‍കുഴലി ' എന്ന പുസ്തകം ശ്രദ്ധയിലെത്തിയത്. ഹീബ്രുവിലെ ഒരു മിസ്റ്റിക് പ്രേമകാവ്യത്തിന്‍റെ പരിഭാഷയാണ് കാര്‍കുഴലി.
കാര്‍ കുഴലിക്ക് സമാന്തരമായ ഹീബ്രു പദമാണ് 'യെഫെഫിയ്യ' . അതിസുന്ദരി എന്നര്‍ഥം. ജറുസലേമിലെ ബെന്സ്വി ഇന്‍സ്റ്റിട്ട്യൂട്ട് പ്രസിദ്ധീകരിച്ച ഈ മനോഹര കൃതിയുടെ പ്രധാനശില്പി ഡോ.സ്കറിയാ സക്കറിയ ആണ്. പാഠനിര്‍ണയനവും ഹീബ്രു പരിഭാഷയും വ്യാഖ്യാനവും നിര്‍വഹിക്കുന്നതിന് ഒഫീറ ഗംലിയേല്‍,ബാര്‍ബറാ ജോണ്‍സണ്‍ എന്നിവരുടെ സേവനവും മാതൃകാപരമായി ഉപയോഗിച്ചു കാണുന്നു. ഹീബ്രു സര്‍വകലാശാലയിലെ സംസ്കൃതാധ്യാപികയാണ് ഒഫീറ. അമേരിക്കന്‍ നരവംശ ശാസ്ത്രജ്ഞയായ ബാര്‍ബറയാണ്  ജൂതരുടെ പെണ്‍പാട്ടുകള്‍ ശേഖരിച്ചത്. കൊച്ചിയിലെ ജൂതരെക്കുറി ച്ചാണ് അവരുടെ ഗവേഷണ പ്രബന്ധം.
കേരളീയജൂതര്‍ തങ്ങള്‍ രണ്ടായിരത്തോളം വര്‍ഷം പ്രവാസികളെപ്പോലെ കഴിഞ്ഞ നാടായിട്ടാണ് കേരളത്തെ നോക്കിക്കാണുന്നത്. അവരുടെ പ്രവാസമുദ്രകളെ പ്രാദേശികത്തനിമയായി ജൂതര്‍ തിരിച്ചറിയുന്നു.
കൊച്ചിയിലും പരിസരപ്രദേശത്തുമായി ജൂതരുടെതായി നിലവിലുണ്ടായിരുന്ന മുന്നൂറിലേറെ നാടോടിപ്പാട്ടുകള്‍ ശേഖരിച്ചു ഈ പുസ്തകത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.
മട്ടാഞ്ചേരിയിലെ ജൂതത്തെരുവിലേക്ക് നടക്കുക. അപൂര്‍വമായി പുറത്തിറങ്ങുന്ന വിരലിലെണ്ണാവുന്ന ജൂതമുഖങ്ങള്‍ നാം തിരിച്ചറിയും. നാലോ അഞ്ചോ കുടുംബങ്ങളേ അവിടെ അവശേഷിച്ചിട്ടുള്ളൂ. പൂര്‍വികരില്‍ പലരും വാഗ്ദത്തഭൂമി തേടി ഇസ്രായലിലേക്ക് തിരികെപ്പോയി. മാതാപിതാക്കള്‍ സംസാരിക്കുന്ന മലയാളം അറിയാത്തവരാണ് പുതിയ തലമുറ. എങ്കിലും തങ്ങളുടെ കേരളീയ പൈതൃകം അവര്‍ക്ക് തിരിച്ചറിയാം. തികച്ചും സിനഗോഗ് കേന്ദ്രീക്രുതമായിരുന്നു കേരളത്തിലെ ജൂതജീവിതം. ഇസ്രായേലിലെ ജൂതത്തനിമ എന്ന വംശീയതക്ക് ലോകമെമ്പാടും പ്രവാസാനുഭവത്തിന്‍റെ നിറഭേദങ്ങളുണ്ട്.
കേരളീയ ജൂതരുടെ പിന്മുറക്കാര്‍ തങ്ങളുടെ പ്രവാസപൈതൃകത്തിന്‍റെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്നവരാണ്. പഴമക്കാരായ ജൂതസ്ത്രീകള്‍ ഒത്തുചേരുമ്പോള്‍ പാടുന്ന പാട്ടുകള്‍, അവ രേഖപ്പെടുത്തിയ ബുക്കുകള്‍ എന്നിവ വിലയേറിയ സാംസ്കാരിക വിഭവമായി അവര്‍ കാണുന്നു. നാടോടിവിജ്ഞാനീയത്തിന്‍റെ കാര്യത്തില്‍ ഏറെ സമ്പന്നമാണ് ജൂതര്‍. പ്രവാസികളായി ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ കുടിയേറിയ ജൂതരുടെ വൈകാരിക പ്രതികരണങ്ങളുടെ വൈവിധ്യം പ്രകടമാക്കുന്നതാണ് അവരുടെ നാടോടി സാഹിത്യം. ഹീബ്രു ബൈബിള്‍ തുറന്നുവെക്കുന്ന പുരാണലോകമാണ് ജൂതപ്പാട്ടുകളുടെ ഇതിവൃത്തം. നാട്ടറിവിന്‍റെ രീതിശാസ്ത്രമുപയോഗിച്ചു വളര്‍ന്ന ഒരാഖ്യാനശൈലി ജൂതപ്പാട്ടുകളെ നാടോടിത്തനിമയുടെ അടയാളമാക്കുന്നു.
ഇസ്രായേലിലെ ജൂത സംഗീതശേഖരം മലയാളം പെണ്‍പാട്ടുകള്‍ ആലേഖനം ചെയ്തു സൂക്ഷിച്ചിട്ടുണ്ടത്രേ. പരദേശിജൂതരുടെ ചേപ്പേടുകളില്‍ ധാരാളം ഗാനങ്ങളുണ്ടായിരുന്നു. ജൂതപ്പാട്ടുകളുടെ പൊതു ജനുസ്സില്‍ നിന്ന് അവയെ പ്രത്യേകമായി ഇഴപിരിച്ചെടുത്തു സമാഹരിക്കാന്‍ സ്കറിയ സക്കറിയ ശ്രമിച്ചു കാണുന്നു. കേരളത്തിലെ ജൂതര്‍ ഇസ്രായലിലേക്ക് കുടിയേറ്റം തുടങ്ങുന്ന ഘട്ടത്തില്‍ എട്ടു പള്ളിക്കാരായിട്ടാണ് അറിയപ്പെട്ടിരുന്നത്. കൊച്ചിയിലെ ജൂതത്തെരുവില്‍ വടക്കേ അറ്റത്തെ പരദേശിപ്പള്ളി, തെക്കുംഭാഗം, കടവും ഭാഗം, കൊച്ചിയുടെ ചുറ്റുവട്ടത്ത് ചേന്ദമംഗലം, മാള, തിരുവിതാംകൂറില്‍ പറവൂര്‍ പള്ളി എന്നിവ. നീണ്ടുനിന്ന കോളനിവാഴ്ച പരദേശികളെയും സ്വദേശികളെയും കറുപ്പും വെളുപ്പുമായി ചിത്രീകരിച്ചു.കേരളത്തിലെ ജൂതരെക്കുറിച്ച് വിദേശികള്‍ നല്‍കുന്ന ചിത്രങ്ങളില്‍ ഈ വക്രീകരണമുണ്ട്. അതുകൊണ്ട് തന്നെ കൊളോണിയല്‍ കാലഘട്ടത്തിനു ശേഷം പ്രസിദ്ധീകൃതമാകുന്ന കൃതി എന്ന നിലയില്‍ കാര്‍കുഴലിക്ക് പാരമ്പര്യവഴിയുടെ വ്യതിചലനവും നവീനതയും അവകാശപ്പെടാം. പൈങ്കിളിയുടെ പാട്ട്, റൂത്തിന്‍റെ പാട്ട്, നാലുമുടിപ്പാട്ട്, പോന്നിട്ട മേനി, പൊലിക പൊലിക എന്നീ ഗാനങ്ങള്‍ അതീവ ഹൃദ്യമായിരിക്കുന്നു. നാടോടിത്തനിമയുടെ വൈവിധ്യവും സമൃദ്ധിയും ലോകത്തിലേക്ക് കണ്‍ തുറക്കുന്ന വഴികളും ജൂതപ്പാട്ടുകളെ ശ്രദ്ധേയമാക്കുന്നു. വ്യത്യസ്ത ജൂതസമൂഹങ്ങള്‍ തമ്മിലുള്ള ബന്ധം, പൊതുസമൂഹവും ജൂതരും തമ്മിലുള്ള പാരസ്പര്യം ,ജൂതജീവിതത്തില്‍ സിനഗോഗിനുള്ള സ്ഥാനം, പള്ളികളുടെ നിര്‍മാണം, ജനനം, മരണം, വിവാഹം തുടങ്ങിയ ചടങ്ങുകള്‍ക്ക് ഇതര സമൂഹവുമായുള്ള വ്യതിരിക്തത ഇവയെല്ലാം അറിയാന്‍ ജൂതരുടെ പാട്ടുകള്‍ സഹായകം തന്നെ. അവയില്‍ പ്രകടമാകുന്ന സാമൂഹികതയും അവതരണത്തിലെ ഭാവാത്മകതയും ഈ ഗാനശാഖയെ വശ്യമധുരമാക്കുന്നു.ജൂതക്കൂട്ടായ്മയുടെ നാവിന്‍തുമ്പില്‍ തത്തിക്കളിച്ച   നാടോടി
മലയാളത്തിന്‍റെ സൌന്ദര്യമുള്ള വാക്കുകള്‍ ഈ ഗാനശാഖയെ മനോഹരമാക്കുന്നു. ബാഹ്യസാരവും അന്തസ്സാരവുമുള്ള ഈ പാട്ടുകള്‍ അവയുടെ ചരിത്രമൂല്യം മുന്‍നിര്‍ത്തി വിശകലനം ചെയ്യപ്പെടേണ്ടതാണ്‌. ജൂതപ്പാട്ടുകളില്‍ നിഴലിക്കുന്ന പ്രവാസിബോധവും പ്രയാണബിംബവും ജൂതരുടെ തനിമയാര്‍ന്ന ഭാവാവിഷ്കാരത്തിന്‍റെ അടയാളങ്ങളാണ്.
കാര്‍കുഴലിയിലൂടെ സഞ്ചരിക്കവേ, ഫോര്‍ട്ട്‌ കൊച്ചിയുടെ തണല്‍മരങ്ങള്‍ കുട നീര്‍ത്തിയ വീഥികളും, പായക്കപ്പലുകള്‍ നങ്കൂരമിട്ട കടല്‍ത്തീരങ്ങളും, ഓടുപാകിയ മനോഹര കെട്ടിടങ്ങളും ഓര്‍മയില്‍ തുഴഞ്ഞെത്തി. ഗോശ്രീയും വെല്ലിംഗ്ട്ടന്‍ ഐലന്റും, ലന്തന്‍ ബത്തേരിയും വാസ്കോ ഡ ഗാമ പള്ളിയും ജൂതശ്മശാനവും പോര്‍ച്ചുഗീസ് -ഡച്ച് ഭവനങ്ങളും ,  വരാപ്പുഴ ഐലണ്ടും മട്ടാഞ്ചേരി തെരുവും  വര്‍ണാലംകൃതമായ ജൂതരുടെ സിനഗോഗും ആര്‍ഭാടം നിറഞ്ഞ വിവാഹ സല്കാരങ്ങളും പള്ളികര്‍മനിരതമായ പ്രാര്‍ഥനാജീവിതവും മധുശാലകളിലെ ആഹ്ലാദാരവങ്ങളും പുതുവല്സരാഘോഷങ്ങളും ഈ പാട്ടുകളില്‍ ജീവന്‍ തുടിച്ചു നില്‍ക്കുന്നു. 



- sethumadhavan machad

Wednesday, October 12, 2011

Novelist Vilasini ( മനുഷ്യപ്രകൃതിയുടെ നാനാര്‍ഥം )

മലയാള നോവല്‍സാഹിത്യത്തില്‍ എന്നെ വിസ്മയിപ്പിച്ച പ്രതിഭകള്‍ ഓ.വി.വിജയനും ആനന്ദും വിലാസിനിയുമാണ്. എം ടിയും ഉറൂബും തൊട്ടുപിറകെ. തികച്ചും ആത്മനിഷ്ഠമായൊരു സമീപനമാണിത്. അതില്‍ത്തന്നെ ഞാന്‍ മനസ്സിരുത്തി പഠിക്കാന്‍ ശ്രമിച്ചത് വിജയനെയും വിലാസിനിയെയുമാണ്. ശ്രീ എം കെ മേനോന്‍ എന്ന വിലാസിനിയോടുള്ള ആത്മബന്ധവും അതിനു കാരണമാവാം. ഒരു കൃതി നാം വായിക്കുന്നതും, ആ കൃതി നമ്മെ വായിക്കുന്നതും രസകരമായ ഒരു താരതമ്യമാണ്‌. ഇവിടെ വിലാസിനിയുടെ നോവലുകളിലൂടെ ഞാന്‍ ഒരാത്മയാനം നിര്‍വഹിക്കുകയാണ്‌.

ആഖ്യാനകലയില്‍ മനസ്സുകളുടെ ബോധധാരയിലൂടെ പുതിയൊരു ധ്വന്യാലോകം ഉണര്‍ത്തിയ വിലാസിനിയുടെ പ്രതിഭയെ അടുത്തറിയാന്‍ ശ്രമിക്കുകയാണ്. എത്ര പറഞ്ഞാലും
തീരാത്ത കഥകളുമായി മനുഷ്യാവസ്ഥയെ നേരിട്ട ഒരെഴുത്തുകാരന്‍. മനുഷ്യപ്രകൃതിയുടെ നാനാര്‍ഥവും ക്രിയാവിചിത്രമായ ബന്ധങ്ങളുടെ ആന്തരികതയും ഭാവനയില്‍ എഴുതിയെഴുതിആഖ്യാനകലയുടെ സൌന്ദര്യം തിരഞ്ഞുപോയ എഴുത്ത്. അദ്ദേഹം കഥാവശേഷനായിട്ട് ഒന്നര വ്യാഴവട്ടം തികയുന്നു. കൃതികള്‍ ജീവിക്കുന്നതും വിലയം കൊള്ളുന്നതും പിന്നീട്പുനര്‍ജനിക്കുന്നതും വായയുടെ ലോകത്താണ്, വായനക്കാരന്‍റെ മനസ്സിലാണ്.

എഴുത്തിന്‍റെ പണിപ്പുരയിലെ 'സാധന' എന്തെന്നറിയാന്‍ കൃതികളുടെ അന്തര്‍ലോകത്തേക്കൊരു യാത്ര അനിവാര്യമാണ്. കഥയുടെ സൌന്ദര്യശാസ്ത്രം തൊട്ടറിയാന്‍ ശൈലിയുടെ
അകവും പുറവും അനുഭവിച്ചറിയണം. 'ശൈലീ വിജ്ഞാനീയം' അതാണ്‌ ചെയ്യുന്നത്. രചനയില്‍ സ്വന്തമായൊരു ലോകം സൃഷ്ടിച്ച എഴുത്തുകാരന്‍റെ കൃതികളും, അതില്‍
പ്രതിഫലിക്കുന്ന ദേശ-കാലങ്ങളും എഴുത്തിന്‍റെ ക്ഷേത്രഗണിതവും ജ്യാമിതിയും അടുത്തറിയുകയാണ് 'ശൈലീശാസ്ത്രം. എഴുത്തിന്‍റെ ഉന്‍മാദസാമ്രാജ്യത്തിലെ കല്പനകളും (imageries ) കാലത്തെ പൂരിപ്പിക്കുന്ന രൂപകങ്ങളും ദേശത്തെ അടയാളപ്പെടുത്തുന്ന ബിംബാവലിയും പുനര്‍വായനയില്‍ ഉയിര്‍കൊളളും. നോവല്‍ കൈയ്യിലെടുത്ത് നൊടിനേരം
കൊണ്ട് വായിച്ചുതള്ളുന്ന അലസപ്രക്രിയയല്ല രണ്ടാംവായന.പ്രത്യേകിച്ച്, താന്‍ നിര്‍മിച്ച പ്രാകാരങ്ങളില്‍ വീണുമരിക്കുകയും പുനര്‍ജനിക്കുകയും ചെയ്യുന്ന ഒരെഴുത്തുകാര ന്‍റെകൊടുങ്കാറ്റു നിറഞ്ഞ രചനാജീവിതത്തിന്‍റെ നാനാര്‍ഥങ്ങളില്‍ മുങ്ങിനിവരുമ്പോള്‍ മുത്തും പവിഴവുമല്ല, കക്കയും വെള്ളാരങ്കല്ലും നമ്മുടെ മുമ്പിലെത്തുന്നു.
സൃഷ്ടി, ഭാഷാപരമായൊരു 'ഏകക' മാണെന്ന സമീപനമാണ് 'ശൈലീ വിജ്ഞാനീയത്തിനു'ള്ളത്. ഭാഷയുടെ, ഭാഷണത്തിന്‍റെ പ്രത്യക്ഷവും പരോക്ഷവുമായ തലങ്ങളെ അത് തൊട്ടറിയുന്നു. ബിംബങ്ങള്‍,അലങ്കാരങ്ങള്‍,മിത്തുകള്‍,പ്രതീകങ്ങള്‍ തുടങ്ങിയ സമസ്ത മേഖലകളെയും ശൈലീവിചാരം അടുത്തറിയാന്‍ ശ്രമിക്കുന്നു.സാഹിത്യവിമര്‍ശനത്തിന്‍റെ
സ്വതന്ത്രവും സുപ്രധാനവുമായ തിരഞ്ഞെടുപ്പാണത് . ഒരു നോവലില്‍നിന്ന് ഏതാനും അദ്ധ്യായങ്ങളോ പാരഗ്രാഫുകളോ തിരഞ്ഞെടുത്ത്, അതിലെ നാമങ്ങളും വിശേഷണങ്ങളും
തൊട്ടുകാണിച്ച്, പദങ്ങളുടെ വിന്യാസക്രമം വിവരിച്ച്,വാക്യഘടനയുടെ സൂക്ഷ്മാംശങ്ങള്‍പോലും അപഗ്രഥിച്ച് ശൈലിയെ സംബന്ധിക്കുന്ന ശാസ്ത്രീയ നിഗമനത്തിലെത്തുന്ന , നോവല്‍രചനയിലെ ജൈവാംശവുമായി ഇഴയടുപ്പമുള്ള ഒരു സൌന്ദര്യവിചാരമായിട്ടാണ് ശൈലീനിരൂപണം നിര്‍വഹിക്കപ്പെടുക.

വിലാസിനിയുടെ ഏഴു നോവലുകളും വശ്യമായ വര്‍ണനകളുടെ മലര്‍വാടികളാണ്.വര്‍ണനകളില്‍ അഭിരമിക്കുന്ന ഈ എഴുത്തുകാരനിലെ കവിയെയാണ്‌ നമ്മള്‍ കാണുന്നത്.
വര്‍ണത്തിന്‍റെ മായികസംഗീതം പോലെ അവ വാര്‍ന്നുവീഴുന്നു. ഭാവന ഇതള്‍ വിടര്‍ത്തുന്ന 'ഊഞ്ഞാല്‍' എന്ന നോവലില്‍ നിന്നൊരു വര്‍ണന നോക്കുക. " ഞാന്‍ തോട്ടരികെ പറ്റി നടന്നു. പോക്കുവയില്‍ കെട്ടുതുടങ്ങിയിരുന്നു. കതിരു നിരന്ന പാടം പുല്ലുപായ വിരിച്ചതുപോലെയിരുന്നു. തോട്ടരികിലെ പൊന്തകളില്‍ പക്ഷികള്‍ ചിലക്കുന്നുണ്ട്. നീരോലിത്തന്ടുകളില്‍ അടക്കാക്കിളികള്‍ ഊഞ്ഞാലാടി രസിക്കുന്നു. തോട്ടുവെള്ളത്തില്‍ ഞാന്നുകിടന്ന കൈതവേരുകള്‍ക്കിടയിലൂടെ പായുന്ന കുളക്കോഴികളുടെ ചിറകടിയും കൂവലും കേള്‍ക്കാം. കുറച്ചകലെ കുളക്കടവില്‍ ആരോ മുണ്ട് നനച്ചിടുന്നുണ്ട്..."
നോക്കൂ, പോക്കുവെയില്‍ സന്ധ്യയും, പുല്ലുപായ 'ശയനവും' പക്ഷികള്‍ 'മോഹവും' അടക്കാകിളികള്‍ 'കുട്ടികളും' തോട്ടുവെള്ളം 'അബോധമനസ്സും' കൈതവേരുകള്‍ സങ്കീര്‍ണ 'വികാരങ്ങളും ഓര്‍മകളും' ഉണര്‍ത്തുന്നു. ഒരു കൊച്ചുവര്‍ണനയില്‍ ഇതിവൃത്തത്തിന്‍റെ (content ) സംഘര്‍ഷസന്ദര്യം വിലാസിനി വായനക്കാരനിലേക്ക് സംക്രമിപ്പിക്കുന്നു. പാത്രഭാവം ഒപ്പിയെടുക്കുന്ന ഈ വര്‍ണനകള്‍ ആഖാനകലയുടെ 'തന്ത്ര'മാണ്(Technique ).
കവിയുടെയും ചിത്രകാരന്‍റെയും കരവിരുതോടെ വാര്‍ന്നുവീഴുന്ന ഈ വര്‍ണനകള്‍ക്ക് മന:ശാസത്രത്തിന്‍റെ അപൂര്‍വമാനങ്ങളുണ്ട്. കേവലം വര്‍ണനക്കു വേണ്ടിയുള്ള വര്‍ണനകളല്ല കൃതിയുടെ നിര്‍വഹണത്തിലെ ഇന്ധനമാണത്‌. അവയ്ക്ക് ജൈവമായ നൈരന്തര്യമുണ്ട്. ആനുപൂര്‍വിയുമുണ്ട്. വിലാസിനിയുടെ കൃതികളിലെ പ്രവാസത്തി ന്‍റെയും പ്രയാണത്തിന്‍റെയും രഹസ്യഅറകള്‍ തുറക്കാനുള്ള താക്കോല്‍ ഈ വര്‍ണനകളില്‍ നാം കണ്ടെത്തും.

മനുഷ്യബന്ധങ്ങളുടെ കഥ എന്നാണു വിലാസിനി നോവലിനെ നിര്‍വചിച്ചത്‌. മനുഷ്യ 'ബന്ധങ്ങളുടെ' കഥ തന്നെയാണ് അദ്ദേഹം പറഞ്ഞതും. നിറമുള്ള നിഴലുകള്‍, ഊഞ്ഞാല്‍,
ഇണങ്ങാത്ത കണ്ണികള്‍, ചുണ്ടെലി, തുടക്കം, അവകാശികള്‍, യാത്രാമുഖം എന്നീ ഏഴു നോവലുകള്‍. കവിതയും നിരൂപണവും പരിഭാഷയും ചേര്‍ന്ന് സമ്പന്നമായൊരു സാഹിത്യജീവിതമായിരുന്നു അത്. എങ്കിലും 'നോവല്‍' എന്ന സാഹിത്യരൂപത്തിന്‍റെ തട്ടകത്തിലാണ് ശ്രീ എം കെ മേനോന്‍ നിലയുറപ്പിച്ചത്. വാരികയിലോ മാസികയിലോ തുടര്‍ച്ചയായി എഴുതുവാന്‍ അദ്ദേഹം മെനക്കെട്ടില്ല. നോവലിലെ 'കാല'ത്തെക്കുറിച്ച് നിശിതമായൊരു ബോധം പുലര്‍ത്തിയതിനാല്‍ വായനക്കാരന്‍റെ / വായനയുടെ 'പാരായണകാല'ത്തെ പരീക്ഷിക്കാന്‍ അദ്ദേഹം ഒരുമ്പെട്ടില്ല. ഈ കൃതികളുടെ രചനാകാലം, സാധനാകാലം, ക്രിയാകാലം, കഥാകാലം എന്നിവയ്ക്കൊപ്പം, പാരയാണകാലവും വിലാസിനി മനസില്‍ കണ്ടു
കൃതികളില്‍ ഒഴുകുകയും തളംകെട്ടിക്കിടക്കുകയും ചെയ്ത സമയകാലം, ഭൌതികവും സാമൂഹ്യവുമായ സമയകാലം, മനസ്സിന്‍റെ മാത്രമായ
'അനുഭൂത കാലം'( experienced ടൈം) എന്നിങ്ങനെ നോവല്‍രചനയുടെ ആഖ്യാനകല അനുക്രമമായി വികസിപ്പിച്ചെടുക്കാന്‍ വിലാസിനി ശ്രമിച്ചുവെന്നുവേണം കരുതാന്‍.
കാരണം, വിലാസിനിയുടെ കൃതികളില്‍ 'കഥ' പാത്രങ്ങളുടെ മനസ്സിലാണ് ജനിക്കുന്നത്. അതിനായി ഓര്‍മകളില്‍ കഥ പറയുന്ന രീതി അദ്ദേഹം മെനെഞ്ഞെടുത്തു. വാക്കുകളും
സംഭവങ്ങളും ഒന്നൊന്നായി ഇതള്‍ വിടര്‍ത്തുകയും ക്രമേണ വാങ്ങ്മയശില്‍പം രൂപംകൊള്ളുകയുമാണ് ചെയ്യുന്നത്. കഥാപാത്രങ്ങളുടെ ഓര്‍മയില്‍ വാക്കുകള്‍ രേഖകളും ഗതികളുമാണ്. അവയെ സ്ഥലനിഷ്ഠമായി അനുഭവിക്കുക മാത്രമാണ് നാം / വായനക്കാരന്‍ ചെയ്യുന്നത്. ജീവിച്ച വര്‍ഷങ്ങളാണ് മനുഷ്യന്‍ . കടന്നു പോയ കാലത്തിന്‍റെ മീതെ
പാലം പണിയാനും അനുഭവിച്ച കാലത്തിന്‍റെ (past tense ) ഒരംശത്തെ അതിന്‍റെ സൌന്ദര്യത്തില്‍ വീണ്ടും ജീവിക്കുനതിനും മനുഷ്യനുമാത്രമേ കഴിയൂ. കണ്ട കാഴ്ച്ചയെ ഓര്‍മയുടെ വാക്കുകളില്‍ സംഭരിച്ചുവെക്കാനുള്ള കടമ ആ കാലത്തിനുണ്ട്. രേഖാകാലത്തിന്‍റെ പ്രവാഹത്തെപറ്റി ഗൃഹാതുരമാവുന്ന കഥാപാത്രങ്ങളെയാണ് വിലാസിനിയുടെ കൃതികളില്‍ നാം കണ്ടുമുട്ടുക. നദീതുല്യ നോവലുകളുടെ താളുകളില്‍ താന്‍ ഒളിപ്പിച്ചുവെച്ച വാക്കുകളുടെ കുത്തിയൊഴുക്കില്‍ അന്തര്‍ലീനമായ കാലത്തിലൂടെ മനസ്സിലേക്കും മനസ്സില്‍നിന്ന് മനുഷ്യാവസ്ഥയിലേക്കും സഞ്ചരിക്കുകയാണ് ഈ നോവലുകളില്‍ വിലാസിനി ചെയ്യുന്നത്.

വലുപ്പവും നീളവുമുള്ള കൃതികള്‍ എഴുതി എന്നതിനേക്കാള്‍, എഴുതിയ കൃതികളുടെ നീളവുംവലുപ്പവും നമ്മുടെ വായനയെ വികസ്വരമാക്കി എന്നതാണ് ശ്രദ്ധേയം. സത്യത്തില്‍, വിലാസിനിയുടെ നോവലുകള്‍ അതിശയോക്തി നിറഞ്ഞ വര്‍ണനകളുടെ ധൂര്‍ത്തസാമ്രാജ്യങ്ങളാണ്. ഫിക്ഷനിലെ വര്‍ണനയും അതിശയോക്തിയും ഭാവനയുടെ
പ്രകടനപരതയാണോ? കല്പനാവൈഭവത്തിന്‍റെ ധാരാളിത്തമാണോ? കഥയുടെയും നോവലിന്‍റെയും ചിരന്തനരൂപങ്ങളില്‍ വര്‍ണനകള്‍ സാന്ദ്രമായി ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ജീവികള്‍ക്കും ജീവിതത്തിനുമുള്ള ത്രിമാനസ്വഭാവം ( three dimentional ) വര്‍ണനകളിലൂടെ കൃതിയുടെ ആത്മാവിലേക്ക് കുടിയേറുകയാണ്‌ ചെയ്യുന്നത്.പ്രകൃതിയുടെയും വ്യക്തികളുടെയും ബാഹ്യവും ആന്തരികവുമായ വര്‍ണനകളില്‍നിന്ന് ഒഴിഞ്ഞുമാറി നില്‍ക്കാന്‍ കഥയ്ക്കും നോവലിനും കഴിയുമോ? പ്രകൃതി സ്വയമേ വരകളും രേഖകളും
ക്ഷേത്ര ഗണിതവുമല്ലേ? പ്രതിഭാശാലിയായ എഴുത്തുകാരന്‍റെ വര്‍ണനയില്‍നിന്ന് ത്രിമാനങ്ങളുള്ള മനുഷ്യപ്രകൃതി രൂപമെടുക്കുന്നത് ഇങ്ങനെയാണ്. രേഖകളിലേക്കും പ്രകൃതിയി ലേക്കുമുള്ള ഭാഷാന്തരീകരണത്തിലൂടെ (transliteration ) നോവലുകളിലെ ആകൃതി വര്‍ണനകള്‍ ഉര്‍വരമാവുന്നു. വൃഥാസ്ഥൂലമെന്ന് ഒറ്റനോട്ടത്തില്‍ തോന്നിക്കുന്ന വര്‍ണനകള്‍ സൂക്ഷ്മനിരീക്ഷണത്തില്‍ യഥാര്‍ഥലോകത്തിന്‍റെ അന്തര്‍മണ്ഡലങ്ങള്‍ തുറന്നുതരികയാണ് ചെയ്യുന്നത്. ആഖ്യാനതന്ത്രവും (technique ) ശൈലിയും (style ) ഏകോപിപ്പിച്ച് കലയില്‍ ദീപ്തിചൊരിയുകയാണ് ഈ നോവലിസ്റ്റ് എക്കാലവും ചെയ്തത്. ഇത്രയും വിശദീകരിച്ചത് വിലാസിനി എന്ന എഴുത്തുകാരന്‍റെ ധൂര്‍ത്ത സാമ്രാജ്യത്തിലേക്കുള്ള പ്രവേശിക എന്ന നിലക്കാണ്.
ഇനി നമുക്ക് 'ഇണങ്ങാത്ത കണ്ണികളിലെ' ഒരു ഖണ്ഡിക വായിക്കാം..." പുഴയിലെ ഇളംപച്ച നിറത്തിലുള്ള ജലം നിശ്ചലമായിരുന്നു. പുഴക്കക്കരെ, പുകക്കുഴലുകളുടെയും തകരം പതിച്ച മേല്ക്കൂരകളുടെയും പുറകിലുള്ള മാമരത്തോപ്പിന്‍റെ നെറുകയില്‍ നിഴല്‍ വീഴ്ത്തിക്കൊണ്ട്‌ ഒരു മുഷിഞ്ഞ വെള്ളമേഘം ആകാശത്തില്‍ ഉറക്കംതൂങ്ങി നിന്നു.
അരിച്ചരിച്ചു നീങ്ങിയ നിഴല്‍ പുഴ മുറിച്ചുകടക്കാന്‍ തുടങ്ങിയപ്പോള്‍ വെള്ളത്തിന്‍റെ നിറം പകര്‍ന്നു. ഇളംപച്ച കടുംനീലയായി.ക്രമേണ നദിയാകെ നീലിമ പൂണ്ടു. കണ്ടാല്‍
പുല്ലില്‍ ഉണക്കാന്‍വിരിച്ച നീലസാരിയാണെന്നു തോന്നും."( പുഴ 'ഉമയും' മേഘം 'ശിവനും' നിഴല്‍ വിഷാദവും നീലിമ 'സതിയും' )

" - ഉമേ ഇവിടെയിരുന്നു ജനാലയിലൂടെ പുറത്തേക്കു നോക്കുമ്പോള്‍ കാണുന്നത് നക്ഷത്രംനിറഞ്ഞ നീലാകാശമാണ്. നീലത്താളുകളില്‍ വെള്ളലിപികളില്‍ അച്ചടിച്ച പുസ്തകമാണ് പ്രപഞ്ചം എന്‍റെ മുമ്പില്‍ തുറന്നുവെച്ചിരിക്കുന്നത്.കണ്ണുചിമ്മുകയും മിഴിക്കുകയും ചെയ്യുന്ന ഈ നക്ഷത്രങ്ങള്‍ എന്നോട് പറയുകയാണ്‌.ചുറ്റും നോക്കൂ, വിശ്വം എത്ര സുന്ദരമാണ്.ജീവിതം എത്ര ഗംഭീരമാണ്."

ഹൃദ്യമായൊരു സംവേദനക്ഷണത്തിലൂടെ ജീവിതത്തിന്‍റെ പ്രകാശംനിറഞ്ഞ തീരത്തേക്ക് നമ്മെ മാടിവിളിക്കുകയാണ് വിലാസിനിയുടെ കേന്ദ്രകഥാപാത്രങ്ങള്‍.


വിലാസിനിയുടെ നോവലുകള്‍ 'കാലം' എന്ന പ്രഹേളികയെ സമര്‍ഥമായി നേരിടുന്നവയാണ്. ഏറ്റവും ദൈര്‍ഘ്യമേറിയ കൃതികളിലൊന്നായ 'അവകാശികളുടെ' കഥാകാലം നാല് മാസത്തില്‍ നിന്ന് തിരഞ്ഞെടുത്ത പതിനഞ്ചു ദിവസമാണ്. മറ്റു കൃതികളുടെ അവസ്ഥയും അതുതന്നെ. 'തുടക്കം' എന്ന നോവല്‍ ഒരു രാത്രിയുടെ കഥയാണ്‌. പൊതുവേ പറഞ്ഞാല്‍ ഒരു പോസ്റ്റ്കാര്‍ഡില്‍ ഒതുക്കാം ഇവയിലെ ഇതിവൃത്തം. എന്നിട്ടും എന്തുകൊണ്ട് അദ്ദേഹം ഇത്രയും വലിയ നോവലുകള്‍ സ്വപ്നസൌധം പോലെ പടുത്തുയര്‍ത്തി?
നോവല്‍ എന്ന സ്വന്തം തട്ടകത്തെപ്പറ്റി വ്യക്തവും കൃത്യവുമായ ധാരണ വിലാസിനിക്കുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ temperament നോവലിന്‍റെ കലയെ സാധനചെയ്തു. ഓര്‍മകളില്‍ സ്വയം വിന്യസിച്ച് കഥാപാത്രങ്ങളുടെ മാറിമാറി വരുന്ന വീക്ഷണകോണുകളിലൂടെ ഓരോ പാത്രത്തിന്‍റെയും വ്യക്തിത്വവികാസത്തില്‍ പരഭാഗശോഭ പകര്‍ന്നു തരികയാണ് അദ്ദേഹം ചെയ്യുന്നത്. നോവലിസ്റ്റിന്‍റെ സാന്നിധ്യം നാം അറിയുന്നതേയില്ല. താളുകള്‍ മറിയുമ്പോള്‍ വായനക്കാരന്‍ ഒരു പ്രത്യേക സമയകാലം അളന്നു തീര്‍ക്കുകയാണ്. പാരായണകാലം കഥാകാലത്തില്‍ മുങ്ങിപ്പോവുന്നു. ആദ്യനോവല്‍ 'നിറമുള്ള നിഴലുകള്‍' ഏഴുമാസം കൊണ്ട് ആദ്യരൂപം പൂര്‍ത്തിയാക്കി. ബൃഹത്തായ കൃതിയെന്ന നിലയില്‍ 'അവകാശികള്‍' പൂര്‍ത്തിയാക്കാന്‍ പത്തവര്‍ഷമെടുത്തു. 1970 ജനുവരിയില്‍ എഴുതിത്തുടങ്ങി 1975 ഒക്ടോബറില്‍ ആദ്യരൂപം പൂര്‍ണമായി. അവകാശികളുടെ രചനാവേളയിലെ സമ്മര്‍ദ്ദം കുറയ്ക്കാനായി 'എഴുതിയ കൃതിയാണ് 'തുടക്കം'. ഇടവേളകളില്‍ വിലാസിനി നടത്തിയ പരിഭാഷകളാണ് 'സഹശയനവും'
'കുരുടന്‍മൂങ്ങയും'.വിലാസിനിയുടെ രചനാജീവിതത്തില്‍ ഈ പരിഭാഷകള്‍ക്ക് ഗണ്യമായ സ്ഥാനമാണുള്ളത്. അതിനെക്കുറിച്ച് വഴിയെ വ്യക്തമാക്കാം. താന്‍ രചിച്ച എല്ലാ കൃതികളിലെയും ക്രിയകാലം വളരെ ഹ്രസ്വമാണ്. കാലം,സ്ഥലം,സംഭവം എന്നിവയുടെ ഐക്യം പാലിക്കാനോ, നോവലിലെ കാലം വായിക്കാനെടുക്കുന്ന 'സമയം' അളന്നുമുറിക്കാനോ വേണ്ടിയല്ല, മറിച്ച് മര്‍മപ്രധാനമായ ചില മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ച് ആദിമധ്യാന്തങ്ങളെ സമനിലയില്‍ നിലനിറുത്താന്‍ അബോധമായെങ്കിലും അദ്ദേഹത്തിലെ പ്രതിഭ ശ്രമിച്ചിട്ടുണ്ട്. കഥാപാത്രങ്ങളുടെ ബോധധാരയില്‍ അനുവാചകന്‍ ജീവിക്കുകയാണ്. നാലായിരംപുറമുള്ള 'അവകാശികള്‍' പത്തോ പതിനഞ്ചോ ദിവസം കൊണ്ട് നാം വായിച്ചെന്നിരിക്കും.അപ്പോഴും താളുകള്‍മറിയുന്നത് നാമറിയുന്നില്ല. ഒടുവില്‍ ആയിരത്തൊന്നുരാവുകളിലെ മാന്ത്രികപ്പൂച്ചയുടെ ചിരിപോലെ ഒര നുഭവത്തിന്‍റെ വിശ്രാന്തി ബാക്കിയാവുന്നു. ഇത് വിലാസിനി എന്ന എഴുത്തുകാരന്‍ സൃഷ്ടിച്ച മായലോകമായിരുന്നു.
ഭാരതീയമായ ചിന്തയും ദര്‍ശനവുമാണ് വിലാസിനിയിലെ പ്രതിഭ അളന്നെടുത്തത്. ലോകസാഹിത്യവുമായി അഗാധമായ പാരസ്പര്യമാണ്‌ അദ്ദേഹത്തിനുണ്ടായിരുന്നത്. താന്‍ പരിഭാഷപ്പെടുത്തിയ കൃതികള്‍ ജപ്പാനീസ്, പേര്‍ഷ്യന്‍ ,സ്പാനിഷ് ഭാഷകളിലെ അനര്‍ഘരത്നങ്ങളാണ്. പ്രണയവും കാമനയും രതിയും മൃതിയും അന്വേഷിച്ചുപോയ നോവലുകള്‍. വിലാസിനി പടുത്തുയര്‍ത്തിയ കൃതികളുമായി ദാര്‍ശനികമായ സാമ്യവും ഐകരൂപ്യവും ഉള്ളകൃതികള്‍.

ഭാരതീയചിന്തയില്‍ മനുഷ്യപ്രകൃതിക്ക് അഞ്ചു കോശങ്ങളുടെ ആവൃതിയെക്കുറിച്ച് പറയുന്നുണ്ട്. അവ അന്നമയം, മനോമയം,വിജ്ഞാനമയം, പ്രാണമയം,ആനന്ദമയം എന്നിവയാണ്. 'നിറമുള്ള നിഴലുകള്‍' അന്നമയകോശത്തിന്‍റെ അഥവാ ലൌകികകാമനയുടെ കലാവിഷ്കാരമാണ്. വിഷയലമ്പടനായ ഒരു മനുഷ്യന്‍റെ ദുരന്തജീവിതം വിവരിക്കുന്ന കൃതി. 'ഊഞ്ഞാല്‍' മനോമയജീവിതത്തിന്‍റെ അപൂര്‍വസൌന്ദര്യം തികഞ്ഞ നോവലാണ്‌. വിജയനും വിനുവും പ്രണയലാസ്യങ്ങളുടെ തടവുകാരാണ്. മനസ്സിന്‍റെ
ശാദ്വലഭൂമികയില്‍ നിന്ന് രക്ഷ നേടാന്‍ അവര്‍ക്കാവില്ല. 'ഇണങ്ങാത്ത കണ്ണികള്‍' വിജ്ഞാനമയകോശത്തിന്‍റെ കാട്ടുതീയിലൂടെ യാത്രചെയ്യുന്ന നിസ്സഹായാവസ്ഥയുടെ വേദികയാണ്. കാമനകളുടെ വനാന്തര്‍ഭാഗത്തു ‌ നിന്നും ഓടിരക്ഷപ്പെടാന്‍ കഴിയാത്ത ധൈഷണിക ജീവിതങ്ങള്‍. 'ചുണ്ടെലി' 'തുടക്കം'എന്നീ കൃതികള്‍ 'പ്രാണമയ കോശം'
മനുഷ്യജീവിതത്തില്‍ ഉണര്‍ന്നുപോയ കഥാപാത്രങ്ങളുടെ അനിര്‍വചനീയമായ വിധികല്‍പ്പിതങ്ങളുടെ പരാവര്‍ത്തനങ്ങളാണ്. 'ആനന്ദമയകോശം' എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയില്ലെങ്കിലും വിലാസിനിയുടെ രചനാജീവിതത്തിലെ ഹംസഗാനമാണ് 'അവകാശികള്‍'. മനുഷ്യപ്രകൃതിയിലെ യോഗാത്മകമായ ഒരു ശാന്തിപര്‍വമാണ് അവകാശികളിലെ
വനയാത്ര. കാടിന്‍റെ ഹൃദയത്തില്‍ വെച്ചാണ് കൃഷ്ണനുണ്ണിയും രാജേശ്വരിയും പരസ്പരം അറിയുന്നത്. എല്ലാ അറിവും മുറിവാണ്, വേദനയും. അതിന്‍റെ അസിധാരയില്‍ നിന്ന് വിലാസിനിയുടെ കഥാപാത്രങ്ങള്‍ക്ക് മുക്തിയില്ല. മനുഷ്യജന്മത്തിന്‍റെ അനിവാര്യതയാണത്‌.

ആഖ്യാനകലയില്‍ അന്തര്‍ലീനമായ പ്രതീകങ്ങള്‍ ഈ നോവലുകള്‍ക്ക് ദാര്‍ശനികമാനം നല്‍കി. ഭാഷക്കുള്ളില്‍ ഭാഷ സ്രുഷ്ടിച്ചുകൊണ്ട് ഈ പുരാവൃത്ത പ്രതീകങ്ങള്‍ വിലാസിനിയുടെ നോവലുകളില്‍ പ്രകാശം ചൊരിഞ്ഞു. 'നിറമുള്ള നിഴലുകളുടെ' പുരാവൃത്തം ലങ്കയാണ്. അവിടെ പണിചെയ്യുന്ന കങ്കാണിമാരെല്ലാം രാക്ഷസന്മാരും.
അര്‍ദ്ധനാരീശ്വര പ്രതീകമാണ് 'ഊഞ്ഞാല്‍'.അപൂര്‍വകല്പനയുടെ മൂലപ്രതീകം. ഉയിര്‍ത്തെഴുന്നെല്‍പ്പാണ്, ഇണങ്ങാത്ത കണ്ണികള്‍. ഒഥല്ലോയുടെ പ്രതീകം പോലെ 'ചുണ്ടെലി'.
ഭാരതകഥയിലെ ദേവയാനീ പരിണയത്തിന്‍റെ സ്വപ്നപ്രതീകമാണ് 'തുടക്കം'. കുരുക്ഷേത്രമാണ് 'അവകാശികള്‍'. മഹാപ്രസ്ഥാനത്തിന്‍റെ രൂപകാതിശയോക്തിയാണ് വിലാസിനി അവസാനമെഴുതിയ 'യാത്രാമുഖം'. പ്രതീകാര്‍ഥസമ്പന്നമാണ് വിലാസിനിയുടെ കൃതികള്‍. സ്ഥൂലങ്ങളില്‍ സൂക്ഷ്മവും, സൂക്ഷ്മങ്ങളില്‍ സ്ഥൂലവും നിര്‍മിക്കുകയെന്നത് ഈ നോവലിസ്റ്റിന്‍റെ സവിശേഷസിദ്ധിയാണ്. ഭാരതീയദര്‍ശനത്തിന്‍റെ പ്രകരണ പ്രതീകങ്ങളുടെ ധാരാവാഹിയായ ആന്തരികലോകമാണ് ഈ എഴുത്തുകാരന്‍റെ പ്രതിഭ നിര്‍മിച്ചെടുത്തത്.

വ്യവഹരിച്ചും വിലാസിനിയിലെ ശില്പി പ്രജാപതിയായി. തനിക്കുചുറ്റും നിറയെ കഥാപാത്രങ്ങളെ സൃഷ്ടിക്കുക, ആ കഥാപാത്രങ്ങള്‍ക്കെല്ലാം ജീവനും മനസ്സും നല്‍കുക, അവരെ സ്വയം വളരാന്‍വിടുക ആ വളര്‍ച്ചയില്‍ മുഴുകിക്കഴിയുക ഇതിലായിരുന്നു ഈ എഴുത്തുകാരന്‍ ജീവിതകാലം നിറവേറ്റിയത്. രചനാവേളയില്‍ താന്‍ ജീവനേകിയ കഥാപാത്രങ്ങള്‍ തന്നേയുംവഹിച്ചുകൊണ്ട് ബഹുദൂരം മുമ്പോട്ടുപോകുന്ന അനുഭവത്തെ പറ്റി
വിലാസിനി ഒരഭിമുഖത്തില്‍ പറയുന്നുണ്ട്.മനസ്സിന്‍റെ വ്യാപാരങ്ങള്‍ക്ക് കൃത്യമായ എലുക കല്‍പ്പിക്കാന്‍ ആര്‍ക്കുകഴിയും? മനസ്സെന്ന പ്രതിഭാസത്തിന്‍റെ അന്തര്‍ലോകത്തിലേക്ക്
ആ കഥാപാത്രങ്ങള്‍ നടന്നുപോയി. അവരുടെ ബോധധാരയില്‍ സ്ഥൂലവും സൂക്ഷ്മവുമായ മുഴക്കങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ഈ നോവലിസ്റ്റ് മാറിനിന്നു. വാക്കുകള്‍ വാക്കുകള്‍...
പദങ്ങളുടെ തുടര്‍ച്ചയായ വിന്യാസം ഓരോ കഥാപാത്രത്തിനും വ്യത്യസ്തമായ അര്‍ഥപ്രകാശനത്തിന്‍റെ വ്യവഹാരമണ്ഡലം തീര്‍ക്കുകയായിരുന്നു. വാക്കിന്‍റെ കലയില്‍ കാലത്തെ
വിന്യസിച്ച് അര്‍ഥപ്രകാശനത്തിന്‍റെ (semantic halo ) പുതിയൊരു സംവേദനപ്രപഞ്ചം നിര്‍മിക്കുകയാണ് എഴുത്തുകാരന്‍ ചെയ്യുന്നത്.

വിലാസിനിയുടെ സര്‍ഗജീവിതം പൂര്‍ണമാവുന്നത്‌ 'അവകാശികളില്‍' എത്തുമ്പോഴാണ്. ഭാരതീയസാഹിത്യത്തിലെ ഇതിഹാസമായ മഹാഭാരതമാണ് 'അവകാശികളുടെ' ആദി പ്രരൂപം. ഇതിഹാസമെന്നാല്‍ ' ഇവിടെ ഇപ്രകാരം സംഭവിച്ചു...' എന്നല്ലേ? അതുതന്നെ അവകാശികളുടെയും കഥ. ശരശയനത്തില്‍ ആസന്നമൃത്യുവായി കിടക്കുന്ന കേന്ദ്ര കഥാപാത്രം.അളവറ്റ സമ്പത്തിന്‍റെ ഉടമയായ ഈ മനുഷ്യനുചുറ്റും അവകാശികളുടെ സാര്‍ത്ഥവാഹകസംഘം നങ്കൂരമിട്ടു.എന്നാല്‍ മരണം വരെ ഈ സ്ഥാവരജംഗമങ്ങളുടെ പാശം
ഇയാള്‍ കൈവിടില്ല. മോചനം കാംക്ഷിച്ചാലും രക്ഷയില്ല. "എവിടെപ്പോയാലും സ്വന്തം നിഴലില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ മനുഷ്യനു കഴിയുമോ? ഓരോ മനുഷ്യനും ഓരോ നിഴലും കൊണ്ടാണ് കഴിയുന്നത്‌. അതെപ്പോഴും വഴിയില്‍ വീണുകിടന്ന് ഇരുട്ട് സൃഷ്ടിക്കുന്നു." അവകാശികളിലെ വരികള്‍ തുടര്‍ന്ന് വായിക്കുക- " ധര്‍മത്തില്‍ നിന്ന് അര്‍ഥവും കാമവും
ലഭിക്കുമെന്ന് ഞാന്‍ കൈകളുയര്‍ത്തി ഉറക്കെ വിളിച്ചുപറയുന്നു.എന്നിട്ടും ആളുകളെന്താണ് ധര്‍മത്തിന്‍റെ വിളി കാതോര്‍ക്കാത്തത്? ഞാന്‍ പറയുന്നത് ആരും കേള്‍ക്കുന്നില്ലല്ലോ?
ശരിയാണ്, ഇപ്പോഴെല്ലാം വ്യക്തമാവുന്നു. ജനിക്കുമ്പോള്‍ ഒന്നുമല്ല, ജീവിച്ചുകൊണ്ട് എന്തോ ആയിത്തീരുന്നു. മരിച്ചുകഴിയുമ്പോഴേ ഇന്നതായിരുന്നുവെന്ന് നിര്‍ണയിക്കാന്‍ കഴിയൂ. അതുവരെ ഓരോ കര്‍മങ്ങളിലൂടെ സ്വയം നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. ഓരോരുത്തര്‍ക്കും ഓരോ ലോകമുണ്ട്. അതില്‍ക്കിടന്നു വട്ടംകറങ്ങുകയാണ്. കറങ്ങിക്കറങ്ങി ഒരു ദിവസം അതിന്‍റെ വേഗത കുറയുന്നു. അപ്പോള്‍, അപ്പോള്‍ മാത്രം അതേവരെ തോന്നിയിരുന്നത് വെവ്വേറെ കാണാന്‍ കഴിയുന്നു. പമ്പരത്തെ വലയം ചെയ്തിരുന്ന ഒറ്റവര്‍ണ സങ്കരത്തില്‍ ഒറ്റക്കൊറ്റക്ക് പുള്ളികളും പൂക്കളും പ്രത്യക്ഷപ്പെടുന്നു. അതു കാണുമ്പോള്‍ ഭ്രമം അകലുന്നു. നിശ്ചലതയുടെ തൊട്ടുമുമ്പുള്ള നിമിഷങ്ങളില്‍
സത്യത്തിന്‍റെ മിന്നലാട്ടം കാണുന്നു. പല്ലിളിച്ച് പിന്നാലെ പാഞ്ഞെത്തുന്ന പിശാചുക്കളെല്ലാം സ്വന്തം നിഴലുകളാണെന്ന സത്യം ബോധ്യപ്പെടുന്നു. അടുത്ത നിമിഷം കൂത്തുമാടത്തിലെ
വിളക്കു കെടുന്നു. നിഴലുകള്‍ വിലക്കിലേക്കു തന്നെ തിരിച്ചുപോകുന്നു..."
" മനുഷ്യന്‍ ഒരു പ്രത്യേകതരം ബാധിര്യം ബാധിച്ചവനാണ്. ധര്‍മത്തിന്‍റെ വിളികേള്‍ക്കില്ല. കാമത്തിന്‍റെ, ലോഭത്തിന്‍റെ, അധര്‍മത്തിന്‍റെ വിളി പെട്ടെന്നു കേള്‍ക്കും.വിളിതന്നെ വേണ്ട, പദവിന്യാസം മതി."
അവകാശികളുടെ ദുരന്തചരിത്രം ഒരു താക്കീതാണ്. " കുരുക്ഷേത്രം ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു. ഓരോ ഭാരതയുദ്ധവും മനുഷ്യമനസ്സിലെ നീചവാസനകളുടെ ബഹിസ്ഫുരണമാണ്‌.ഈ വാസന ബന്ധുക്കളെയും ശത്രുക്കളെയും പോരടിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു. അഥവാ ബന്ധുവാര്?ശത്രുവാര്? എല്ലാ ബന്ധങ്ങളും എട്ടുകാലിവല
കളാണ്.സ്വാര്‍ഥത നടുക്ക് പതിയിരിക്കുന്നു."
വിലാസിനിയുടെ നോവല്‍ പ്രപഞ്ചത്തിലെ തുംഗ ശ്രുംഗമായിരുന്നു 'അവകാശികള്‍'. നീണ്ടൊരു മൌനത്തിനുശേഷം അദ്ദേഹം ഏറ്റവുമൊടുവില്‍ എഴുതിയ നോവല്‍ മരണത്തെക്കുറിച്ചായിരുന്നു - യാത്രാമുഖം - ഈ കൃതിയിലുടനീളം വെള്ള പുതച്ച് വിളക്കിന്‍റെ തലക്കല്‍ ഒരു മനുഷ്യന്‍ നീണ്ടുനിവര്‍ന്നു കിടക്കുന്നു. തറവാടിന്‍റെ ഉമ്മറ ക്കോലായയില്‍ ഇറക്കിക്കിടത്തിയിരിക്കുകയാണ്. ചുറ്റും ബന്ധുജനങ്ങളും നാട്ടുകാരും കൂടിനില്‍ക്കുന്നു. മുറ്റത്തു വന്നും പോയുമിരുന്നവര്‍ പലതും സംസാരിക്കുന്നു. ആ സംസാരം കൊണ്ട് മാത്രമൊരു നോവല്‍. ആള്‍ക്കൂട്ടത്തിന്‍റെ നേര്‍ത്തു നേര്‍ത്ത ആരവം കൊണ്ടൊരു ശില്‍പം. തുടങ്ങുന്നതിങ്ങനെ- "ജീവിച്ചിരിക്കുന്നവര്‍ മരിച്ചവരില്‍ നിന്ന് പിന്തിരിയട്ടെ. ശേഷക്രിയ മംഗളമായി നടക്കട്ടെ. തദനന്തരം മരിച്ചവരെപ്പറ്റി ചിന്തിക്കാതെ നാം മുന്നോട്ടുപോവുക. ആടിപ്പാടി ചിരിച്ചുല്ലസിക്കാനായി നീണ്ട ജീവിതം ചെലവഴിക്കുക..." യാത്രാമുഖം ഒടുങ്ങന്നതിങ്ങനെ- " മനസ്സ് മരിച്ചുകഴിഞ്ഞിട്ടും ശരീരം ജീവിച്ചുകൊണ്ടിരിക്കുകയെന്നത് വല്ലാത്ത ദുര്യോഗമാണ്‌.അതാണ്‌ സാക്ഷാല്‍ നരകം"

ജീവിതത്തില്‍ ഏകാന്തതയെ സ്നേഹിച്ച വിലാസിനി, സാഹിത്യത്തിലും ഏകാന്തതയെ സ്വയംവരിച്ചു. വിലാസിനിയുടെ കഥാപാത്രങ്ങളും ഏകാന്തതയെ അഭയമായി സ്വീകരിച്ചു. ഇണങ്ങാത്ത കണ്ണികളിലെയും അവകാശികളിലെയും വനയാതയുടെ ഏകാന്തസൌന്ദര്യം നമ്മുടെ വായനയെ ധ്യാനാത്മകമായ ഒരു തലത്തിലേക്ക് നയിക്കും. കാടകത്തിന്‍റെ ഗഹനത ലോഹനാദമുയര്‍ത്തുന്ന ഈ കൃതികളുടെ ജൈവാംശം നമുക്ക് ഇനിയൊരിക്കല്‍ വായിക്കാം.


‎'മനുഷ്യപ്രകൃതിയുടെ നാനാര്‍ഥം 'വിലാസിനിയെക്കുറിച്ച് ഞാനെഴുതുന്ന പുസ്തകമാണ്. പ്രസക്തമായ ഏതാനും ഭാഗങ്ങള്‍ ഇവിടെ പ്രസിദ്ധീകരിച്ചതില്‍ അവസാന അദ്ധ്യായം കൂടി കാണുക. 'കാല'ത്തെ കടന്നു പോകുമ്പോഴും 'ദേശ'ത്തെ പകര്‍ന്നു പോകുമ്പോഴും മനുഷ്യജീവിതത്തെ വേരോടെ ഇളക്കിമറിച്ച കൊടുംകാറ്റുകളിലൂടെ അദ്ദേഹം സഞ്ചരിച്ചു. വൈക്കം മുഹമ്മദ്‌ബഷീറും ഓ.വി വിജയനും കാലത്തെ മുകര്‍ന്ന രീതിയില്‍നിന്ന് വ്യത്യസ്തമാണത്. ഖസാക്കെന്ന സ്ഥലരാശിയില്‍ തറഞ്ഞുപോയ 'സമയകാലം' അളന്നളന്നു പോകുന്ന വായനക്കാരന്‍ കാലത്തിന്‍റെ ഏകാന്ത തടവ്‌ അനുഭവിക്കുന്നു. തന്ടുവാളങ്ങളിലൂടെ താളംകൊട്ടി പോവുന്ന തീവണ്ടിയും, കരിമ്പനകളുടെ തുറസ്സില്‍ കാറ്റ് പിടിക്കുമ്പോള്‍ ഉയരുന്ന ശബ്ദവും, ഉച്ചവെയിലിന്‍റെ മൃഗതൃഷ്ണകള്‍ മേഞ്ഞുനടന്ന ചെതലിമലയും മന്ദാരത്തിന്‍റെ കൂട് വിട്ടു കൂടുമാറുന്ന ജന്മങ്ങളും വിജയന്‍റെ പ്രതിഭയില്‍ അപാരമായ സാന്ത്വനത്തോടെയാണ് നാം വായിച്ചറിഞ്ഞത്.
കാലത്തെ ആറ്റിക്കുറുക്കി സ്ഥലരാശിയുടെ കൈത്തലത്തില്‍ കുന്നിമണി പോലെ എടുത്തുവെക്കുകയാണ് വിജയന്‍. അരയാല്‍വിത്തില്‍ ഉറങ്ങിക്കിടന്ന മഹാവൃക്ഷം പോലെ 'ഊര്‍ധ്വമൂല'മായി അതവിടെ സാന്ദ്രമായി നിന്നു. ഖസാക്കെന്ന ലഘുനോവല്‍ അനന്തകാലത്തിന്‍റെ പ്രതീതിയായി നമ്മോടൊപ്പം സഞ്ചരിച്ചു.
എന്നാല്‍ കാലത്തെ വിലാസിനി നേരിട്ടത് ഓര്‍മകളുടെ വിഹായസ്സിലാണ്.വാക്കുകളും ഓര്‍മകളും ഇടകലര്‍ന്ന താളുകളിലൂടെ കുത്തുംകോമയും ഖണ്ഡികയും അധ്യായവുമില്ലാതെ നിമിഷങ്ങളെ നീര്‍ക്കുമിള പോലെ ഊതിയൂതി വായനാനുഭവത്തെ കലയുടെ രസതന്ത്രമാക്കുന്ന രീതിയാണ് അദ്ദേഹം പിന്തുടര്‍ന്നത്‌. മനുഷ്യപ്രക്രുതിയെ വിലാസിനി തൊട്ടറിഞ്ഞത് മനസ്സിലൂടെയാണ്. നാം മനസ്സ് കൊണ്ടാണ് കാണുന്നത്, മനസ്സ് കൊണ്ടാണ് കേള്‍ക്കുന്നതും.ആഗ്രഹം, നിശ്ചയം, സംശയം, ശ്രദ്ധ,അശ്രദ്ധ ,സ്ഥൈര്യം,
ലജ്ജ, ബുദ്ധി, ഭയം..ഒക്കെയും മനസ്സാണ്. എട്ടില്‍ ഏഴംശം മനസ്സിന്‍റെ ആഴത്തില്‍ മുങ്ങിക്കിടക്കുന്ന പ്രതിഭാസമാണ് മനുഷ്യജീവിതം. വിലാസിനിയുടെ കഥാപാത്രങ്ങള്‍ സ്വയം തിരിച്ചറിയുന്നത്‌ മനസ്സിന്‍റെ കണ്ണാടിയിലാണ്.അവര്‍ പരസ്പരം പരഭാഗശോഭ നല്‍കി വായനക്കാരന്‍റെ മുമ്പില്‍ മറകളില്ലാതെ വന്നുനിന്നു. ജീവിതത്തിന്‍റെ സൂര്യശോഭയില്‍ അവര്‍ സ്വയം കണ്ടെത്തുകയും സ്വയംനിര്‍ണയം നടത്തുകയും ചെയ്തു.വിലാസിനിയുടെ കഥാപാത്രങ്ങളില്‍ 'ഉമ' ഉറച്ച തീരുമാനമെടുക്കുമ്പോള്‍, പണിക്കര്‍ തന്‍റെ കൈത്തെറ്റുകളില്‍ നിന്ന്‌ മോചിതനാകുന്നു. ശശിയും ബിന്ദുവും വിനുവും രാജേശ്വരിയും നിലനില്‍പ്പിന്‍റെ 'choice 'സ്വയം സ്വീകരിച്ചവരാണ്. ഇവരില്‍ പലര്‍ക്കും തങ്ങള്‍ ഏകാകികളാണെന്ന ബോധ്യമുണ്ട്. 'എനിക്ക് സ്നേഹിക്കാനറിയില്ല, ഞാന്‍ തിരസ്കരിക്കപ്പെട്ടിരിക്കുന്നു' എന്നാണവരുടെ വേദന. ഇവരിലാര്‍ക്കും തന്നെ സാഫല്യംവരിച്ച പ്രണയമില്ല, പുരുഷപാത്രങ്ങളൊക്കെ വാചാലമായി സ്നേഹിക്കുന്നവരാണെങ്കിലും.എല്ലാകൃതികളിലും പരസ്പരം ഏറ്റുമുട്ടുന്നത് രണ്ടോ മൂന്നോ കഥാപാത്രങ്ങളാണ്.
ഈ ഏറ്റുമുട്ടല്‍ സ്നേഹത്തിന്‍റെയാണ്.അഥവാ ഒരിക്കലും സഫലമാകാത്ത പ്രണയത്തിന്‍റെ. ഒരന്തരമുള്ളത് 'അവകാശികളില്‍' മാത്രമാണ്. ജീവിതമെന്ന കടംകഥയുടെ പൊരുള്‍ തേടിയ കൃഷ്ണനുണ്ണിയും വിരഹത്തിന്‍റെ വനപര്‍വ്വംകടന്ന രാജിയും പരസ്പരം ഒന്നാവുമെന്ന പ്രത്യാശ നോവലവസാനിക്കുമ്പോള്‍ സ്വാന്തനമാവുന്നു. കപ്പല്‍ച്ചേതം വന്ന നാവികര്‍ തുറമുഖമണയുമ്പോലെ....
മനുഷ്യപ്രകൃതിയുടെ ദുരൂഹമായ ആഴങ്ങളാണ് വിലാസിനി തേടിയത്.കവാബത്തയുടെ 'സഹശയനം'(ജപ്പാനീസ്) സാദിഖ് ഹിദായത്തിന്‍റെ 'കുരുടന്‍ മൂങ്ങ'(പേര്‍ഷ്യന്‍)
ഹുവാന്‍ റുള്‍ഫോയുടെ 'പെഡ്രോപരാമ'(സ്പാനിഷ്‌)എന്നീ കൃതികളുടെ പരിഭാഷ നിര്‍വഹിക്കാന്‍ വിലാസിനിയെ പ്രേരിപ്പിച്ചത് എന്താവാം? ജീവന്‍റെ കാമനയും
രതിയം മൃതിയും വൈഷയികോത്സവമാകുന്ന ഈ അനന്യ രചനകള്‍ തന്നെ കണ്ടെത്താന്‍ വിലാസിനിക്ക്‌ പ്രേരകമായി വര്‍ത്തിച്ചിരിക്കാം.മരിച്ചിട്ടും മരിക്കാത്ത മനുഷ്യരുടെ
വിചിത്രമായ കഥകളാണ് ഈ പരിഭാഷകളില്‍ നാം കാണുക. അയഥാര്‍ഥമായൊരു ലോകത്തില്‍ സ്നേഹിച്ചു തീരാത്തവരുടെ വശ്യസൌന്ദര്യം വിലാസിനിയുടെ കൃതികളില്‍
തുടിച്ചുനിന്നു.സമൂഹ ജീവിതത്തിന്‍റെ വൃഥാസ്ഥൂലമായ ചിത്രീകരണം അദേഹത്തിന്‍റെ എഴുത്തില്‍ ഒരിക്കലും കടന്നുവന്നില്ല. ധാര്‍മികവും സാന്മാര്‍ഗികവുമായ പാഠങ്ങള്‍ നല്‍കി ഈ ലോകം നന്നാക്കിക്കളയാം എന്നൊരിക്കലും അദ്ദേഹം വ്യാമോഹിച്ചില്ല. എന്തിന്, തന്‍റെ കഥാപാത്രങ്ങളുടെ ജീവിതത്തിലേക്ക് ഈ നോവലിസ്റ്റ് ഒരിക്കല്‍ പോലും അനാവശ്യമായി കടന്നുവന്നില്ല. തന്‍റെ 'കാഴ്ച'ക്കും (vision ) 'ദര്‍ശന'ത്തിനും (Intuition ) സ്പര്‍ശക്ഷമമായ രൂപം നല്‍കുന്നതിലൂടെ അനുഭവങ്ങളെ നേരിട്ടുള്‍ക്കൊള്ളാന്‍ വായനക്കാരനെ ക്ഷണിക്കുകമാത്രമാണ് അദ്ദേഹം ചെയ്തത്.
ജീവിതത്തിനും മരണത്തിനും ഇടക്കുള്ള കൊടുങ്കാറ്റിനെ ഏറ്റുവാങ്ങുക എന്നത് മനുഷ്യനെ സ്നേഹിക്കുന്ന എല്ലാ വലിയ എഴുത്തുകാരുടെയും വിധിയും നിയോഗവുമാണല്ലോ.

( മനുഷ്യപ്രകൃതിയുടെ നാനാര്‍ഥം - ഇവിടെ പൂര്‍ണമാകുന്നു.)
- sethumadhavan machad

Monday, September 26, 2011

DOORDARSHAN-TVM

തിരുവനന്തപുരം ദൂരദര്‍ശന്‍കേന്ദ്രം തുടങ്ങുന്നത് 1985 ജനുവരി ഒന്നിന്. പോയവര്‍ഷം രജതജൂബിലിയായിരുന്നു. തിരിഞ്ഞു നോക്കുമ്പോള്‍ അഭിമാനിക്കാനും നിരാശപ്പെടാനും ഏറെയുണ്ട്. തുടക്കത്തില്‍ ഏതൊരു കേന്ദ്ര ഗവ.സ്ഥാപനത്തെയും പോലെ പരിമിത സൌകര്യങ്ങള്‍ മാത്രം. എന്നാല്‍ ഊര്‍ജസ്വലതയോടെ പ്രവര്‍ത്തിച്ച ഒട്ടേറെ പ്രതിഭകള്‍ ഇവിടെ ഉണ്ടായിരുന്നുവെന്നത്‌ വസ്തുത. രാജ്യത്തെ ആദ്യത്തെ കളര്‍സ്റ്റുഡിയോകളിലൊന്നായിരുന്നു തിരുവനന്തപുരം കേന്ദ്രം. സാമാന്യം വലിയ സ്റ്റുഡിയോഫ്ലോറുകള്‍. നടപ്പ് രീതിയനുസരിച്ച് പശ്ചാത്തലദൃശ്യങ്ങള്‍ ഒരുക്കിയിരുന്ന കാലം. ദൂരദര്‍ശന്‍റെ സ്ഥാപക ഡയരക്ടര്‍ ശ്രീ കെ.കുഞ്ഞികൃഷ്ണന്‍ ആയിരുന്നു. എഴുത്തുകാരന്‍ കൂടിയായ അദ്ദേഹം ദൂരദര്‍ശന്‍റെ ആദ്യകാലം രൂപപ്പെടുത്തുന്നതില്‍ ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്‌. മലയാളത്തിലെ പ്രമുഖരായ എഴുത്തുകാരും സാഹിത്യ കലാസാംസ്കാരിക രംഗത്തെ ഒട്ടേറെ
വ്യക്തികളും ഇക്കഴിഞ്ഞ രണ്ടു വ്യാഴവട്ടത്തിനിടയില്‍ ദൂരദര്‍ശന്‍ പരിപാടികളില്‍ അണിചേര്‍ന്നു. തകഴി, ബഷീര്‍, ഓ വി വിജയന്‍, ആനന്ദ്, എം ടി,  ടി. പദ്മനാഭന്‍, മാധവിക്കുട്ടി, നോവലിസ്റ്റ് വിലാസിനി, കെ. സുരേന്ദ്രന്‍, മലയാറ്റൂര്‍, പൊന്‍കുന്നം വര്‍ക്കി, കോവിലന്‍, കാക്കനാടന്‍, കുഞ്ഞബ്ദുള്ള, ആര്‍ടിസ്റ്റ് നമ്പൂതിരി, ദേവന്‍, സുകുമാര്‍ അഴീക്കോട് , എം കൃഷ്ണന്‍ നായര്‍, വി കെ എന്‍,  ഗുരു നിത്യചൈതന്യയതി, ഞെരളത്ത് രാമപൊതുവാള്‍,  മാണിമാധവ ചാക്ക്യാര്‍, കണ്ണന്‍ പെരുവണ്ണാന്‍ ,കലാമണ്ഡലം കൃഷ്ണന്‍ നായര്‍ തുടങ്ങി എത്രയോ പ്രതിഭകളുടെ അഭിമുഖങ്ങളും കലാവതരണങ്ങളും ദൂരദര്‍ശനോടൊപ്പം ചരിത്രത്തിന്‍റെ ഭാഗമായി. പത്തുവര്‍ഷത്തിനു ശേഷം നിലവില്‍ വന്ന ഏഷ്യാനെറ്റ് , സൂര്യ തുടങ്ങിയ സ്വകാര്യ ചാനലുകളുടെ വരവിനുംമുമ്പേ സംപ്രേഷണ ചരിത്രത്തിന്‍റെ ഭാഗമായ ഒരിടംനേടാന്‍ ദൂരദര്‍ശന് കഴിഞ്ഞു.

കൈരളീവിലാസം ലോഡ്ജ് ആയിരുന്നു ആദ്യത്തെ ടെലിഫിലിം. ശ്രീ നെടുമുടിവേണുവും വാര്‍ത്താവതാരകന്‍ ശശികുമാറും മറ്റും ഒത്തുചേര്‍ന്ന സംരംഭം. പ്രേക്ഷകര്‍ സന്തോഷത്തോടെ സ്വീകരിച്ച ഒരു ചിത്രമായിരുന്നു അത്. ടി എന്‍ ഗോപിനാഥന്‍ നായരുടെ 'വൈതരണി' ആദ്യത്തെ സീരിയലും. കേരളയീയരുടെ സ്വീകരണ മുറിയിലേക്ക് ഒരു പുതുപുത്തന്‍ സംസ്കാരം വലതുകാല്‍ വെച്ച് കേറുകയായിരുന്നു.ആകാശവാണി മാത്രം നിലനിന്നൊരു കാലം. ഡല്‍ഹിയില്‍ അരങ്ങേറിയ  ഏഷ്യാഡ് കായികമാമാങ്കമാണ്
ദൂരദര്‍ശന്‍ സംപ്രേഷണത്തിനു വഴിതുറന്നത്. മലയാള സിനിമയെക്കുറിച്ചുള്ള പാതിസങ്കല്പങ്ങളുമായി പുതിയൊരു ദൃശ്യസംസ്കാരം മേനെഞ്ഞെടുക്കാനുള്ള അശ്രാന്ത പരിശ്രമത്തിലായിരുന്നു ദൂരദര്‍ശനിലെ ആദ്യ തലമുറ. തെറ്റിയും തിരുത്തിയും ഒരു ദശാബ്ദം കടന്നുപോയി. സര്‍ക്കാര്‍ സ്ഥാപനത്തിന്‍റെ എല്ലാ പരിമിതികളും ഉള്‍ക്കൊണ്ടു തന്നെയാണ് ഞങ്ങള്‍ ആദ്യകാലം നിറവേറ്റിയത്. ബൈജുചന്ദ്രന്‍, ശ്യാമപ്രസാദ്, ജി .സാജന്‍, എം എ ദിലീപ് , ജോണ്‍ സാമുവല്‍, അന്‍വര്‍, കെ വേണു, ആര്‍ എസ അയ്യര്‍ ,സുശീല വിജയരാഘവന്‍, ശ്രീകുമാര്‍ കക്കാട്, ആനന്ദവര്‍മ, ജയരാജന്‍, ജോതിഷ് കുമാര്‍, പി ആര്‍ ശാരദ ,ലതാമണി, കെ ആര്‍ ബീന, പി കെ വേണുഗോപാല്‍, ശിവാനന്ദന്‍, കെ ജയകുമാര്‍,
എം എന്‍ ഉണ്ണി, കെ എസ് രാജശേഖരന്‍, ജീ ആര്‍.കണ്ണന്‍, സി  ആര്‍  ഹരികുമാര്‍, രാജേന്ദ്രന്‍, ഡി രാജന്‍, രാജാറാം, ഷീബ, രഞ്ജിത്ത് രവി, സേതു... തുടങ്ങി നല്ലൊരു ടീം വര്‍ക്ക്  തിരുവനന്തപുരം കേന്ദ്രത്തിന്‍റെ ആദ്യകാലം രൂപപ്പെടുത്തുവാന്‍ നിയോഗിക്കപ്പെട്ടവരായിരുന്നു. അഴകപ്പന്‍, ചന്ദ്രശേഖര്‍, മോഹനകൃഷ്ണ,സി എന്‍ പിള്ള ,ശിവരാജന്‍, രാമന്‍,
ശങ്കര്‍, പതി, ഹെന്‍ട്രി, ബിജേഷ്, സെന്തില്‍, ജോനാതന്‍, തങ്കരാജ്, നമ്പീശന്‍, തുടങ്ങിയ ഒന്നാന്തരം ക്യാമറ ടീം, ഉമാമഹേശരി, രവി, പ്രസാദ്, ശിവ, അഷറഫ്, മധു തുടങ്ങിയ വീഡിയോ എഡിറ്റര്‍മാര്‍. മികവുറ്റ സാങ്കേതിക വിദഗ്ധര്‍ .( മുഴുവന്‍ പേരുകളും ചേര്‍ത്തിട്ടില്ല) രമേശ്‌, ബാബു ടി, ജോഫി, രമേശ്‌ കുമാര്‍, പ്രേമ, സുമ, ലീല, മാത്യു ഇരാളി ഹരിഹര ദാസ്,രാധാകൃഷ്ണ പിള്ള, തുടങ്ങി നല്ലൊരു സംഘം റെക്കോര്‍ഡിംഗ് നിര്‍വഹിച്ചു. വത്സന്‍, രഞ്ജിത്ത്, ഭദ്രന്‍, എന്നിങ്ങനെ ആദ്യകാല ഗ്രാഫിക്സ് ടീമും എല്ലാം ഒത്തു ചേര്‍ന്ന്‌ ദൂരദര്‍ശന്‍റെ ആദ്യനാളുകള്‍ സചേതനമാക്കി.
കണ്ണനും ഹേമലതയും ആദ്യത്തെ വാര്‍ത്താവായനക്കാര്‍. ഇന്ദുവും കലാദേവിയും ശ്രീകലയും എന്‍ സി നാരായണനും ആദ്യകാല അവതാരകരും. ശ്രീകണ്ടന്‍ നായര്‍ ,സന്തോഷ്‌,
രാജേശ്വരി മോഹന്‍, ബാലകൃഷ്ണന്‍,മഞ്ജുള എന്നിവരായിരുന്നു അന്നത്തെ വാര്‍ത്തകള്‍ മലയാളികള്‍ക്ക് മുമ്പിലെത്തിച്ചത്. കൃഷ്ണന്‍ നായര്‍, ജോസഫ്‌, എം പി രാധാകൃഷ്ണന്‍, കേശവന്‍ നമ്പൂതിരി, എന്നിവര്‍ അക്കാലത്തെ ന്യൂസ്‌ എഡിറ്റര്‍മാര്‍. ടി ചാമിയാര്‍, ബൈജുചന്ദ്രന്‍, അന്‍വര്‍, മോഹനന്‍  എന്നീ ന്യൂസ്‌ പ്രൊഡ്യൂ സര്‍മാര്‍ അന്നത്തെ വാര്‍ത്താമുറിയെ സജീവമാക്കി നിറുത്തി. ജോണ്‍ ഉലഹന്നാന്‍ വാര്‍ത്താ റിപ്പോര്‍ട്ടിങ്ങില്‍ തിളങ്ങിയ കാലം.

പ്രേക്ഷകരുടെ മനംകവര്‍ന്ന ഏറെ ടെലിവിഷന്‍ ചിത്രങ്ങള്‍ ആദ്യംമുതലേ തിരുവനന്തപുരം കേന്ദ്രത്തില്‍നിന്നും സംപ്രേഷണം ചെയ്തിട്ടുണ്ട്. ശ്യാമപ്രസാദിന്‍റെ എല്ലാ ചിത്രങ്ങളും കേരളത്തിലെ പ്രേക്ഷകര്‍ അഭിമാനപൂര്‍വം വിലയിരുത്തി. വേനലില്‍ ഒരൊഴിവ് എന്ന മാധവിക്കുട്ടിയുടെ കഥയാണ്‌ ശ്യാമിന്‍റെ ആദ്യചിത്രം. വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ 'പൂവമ്പഴവും' 'വിശ്വ വിഖ്യാതമായ മൂക്കും' ശ്യാം സംവിധാനം നിര്‍വഹിച്ചത് സിനിമാലോകം ശ്രദ്ധിച്ചു. 'ഉയിര്‍ത്തെഴുന്നേല്‍പ്പ്' ആണ് ശ്യാമിന്‍റെ മികച്ച ടെലി വിഷന്‍ സംരഭമായി വിലയിരുത്തപ്പെട്ടത്. അഴകപ്പനെപ്പോലൊരു മികച്ച ക്യാമറാമാനെ ദൂരദര്‍ശനില്‍ നിന്നുതന്നെ കണ്ടെത്തിയതും പില്‍ക്കാല സിനിമകളുടെ പിറവിക്കു കാരണമായി. ബൈജുചന്ദ്രന്‍ ഒരുക്കിയ ഡോകുമെന്‍ററികള്‍ പരക്കെ ശ്രദ്ധിക്കപ്പെട്ടവയാണ്. ആര്‍ടിസ്റ്റ് നമ്പൂതിരി ( വരയുടെ ലോകം) അടൂരിന്‍റെ സര്‍ഗപ്രപഞ്ചം, നിണച്ചാ-
ലോഴുകിയ നാള്‍വഴികള്‍' എന്നിവ ജനശ്രദ്ധ നേടിയവയാണ്. ജി സാജന്‍റെ 'നാട്ടിന്‍പുറം' എന്ന കാര്‍ഷികപംക്തി കേരളത്തനിമയുടെ നേര്‍ക്കാഴ്ചകളായിരുന്നു. നാളികേരത്തി ന്‍റെ നാട്ടില്‍ തുടങ്ങിയ കാര്‍ഷിക പരമ്പരകള്‍  കേരള നാട്ടിന്‍പുറങ്ങള്‍ സന്തോഷത്തോടെ ഉറ്റുനോക്കി. ജോണ്‍സാമുവല്‍ ചുക്കാന്‍ പിടിച്ച  കായികരംഗവും, പ്രതികരണവും  മലയാളികള്‍ വീക്ഷിച്ചു. എസ് വേണു ഒരുക്കിയ ആരോഗ്യപരിപാടികളും ആര്‍ എസ് അയ്യര്‍ നിര്‍വഹിച്ച സാഹിത്യരംഗവും ഇവിടെ ഓര്‍മ്മിക്കുന്നു.
സോപാന സംഗീതത്തെക്കുറിച്ചും, കേരളീയ ചുമര്‍ച്ചിത്രകലാ പാരമ്പര്യത്തെക്കുറിച്ചും, ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, ഗുരു നിത്യചൈതന്യ യതി, വിലാസിനി, വി കെ എന്‍,
എം ടി.,  ടി.പദ്മനാഭന്‍  കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാള്‍, കേളപ്പജി, മാധവിക്കുട്ടി, ഡോ.പി കെ വാരിയര്‍, എന്നീ പ്രതിഭകളെ അടയാളപ്പെടുത്തിയ സേതുവിന്‍റെ
പ്രൊഫൈലുകളും വൈലോപ്പിള്ളി, കോട്ടക്കല്‍ ശിവരാമന്‍ എന്നിവരെപ്പറ്റി ശ്രീകുമാര്‍ കക്കാട് നിവഹിച്ച ടെലിവിഷന്‍ ചിത്രങ്ങളും അന്നത്തെ പ്രേക്ഷകര്‍ ഓര്‍ക്കുന്നു.
ശ്രീ സി കെ തോമസ്‌, ദിലീപ് .ശിവാന്ദന്‍, ജയകുമാര്‍, ലതാമണി എന്നിവരുടെ മികച്ച പരിപാടികളും അക്കാലം ഓര്‍മയില്‍ സൂക്ഷിക്കുന്നു.
പി ആര്‍ ശാരദയുടെ 'വിവാദ പര്‍വവും, കെ ആനന്ദവര്‍മയുടെ സംഗീതആല്‍ബങ്ങളും അന്ന് പരക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കര്‍ണാടകസംഗീതലോകത്തെ ഏറ്റവും കികച്ച പ്രതിഭകളുടെ മികവുറ്റ സംഗീതസദിരുകള്‍ ആനന്ദ വര്‍മ കുടപ്പനക്കുന്നിലെത്തിച്ചു. ബാലമുരളിയും, ഷെയ്ഖ് ചിന്നമൌലാനയും, ഉസ്താദ് ബിസ്മില്ലാ ഖാനും, സക്കീര്‍ ഹുസ്സൈനും ,എം എസ് ഗോപാലകൃഷ്ണനും ,ടി എന്‍ കൃഷ്ണനും ഇവിടെയെത്തി മണിക്കൂറുകള്‍ ചിലവഴിച്ചു. ദൂരദര്‍ശന്‍റെ  'ഓഡിയോ- വീഡിയോ' ആല്‍ബങ്ങള്‍ ഇന്നും സമ്പന്നം തന്നെ. ബുധനാഴ്ച്ചകളിലെ 'ചിത്രഗീതവും' വാരാന്ത്യത്തിലെ ചലച്ചിത്രവും കാത്തു കാത്തിരുന്ന ഒരു കാലം ഓര്‍മയില്‍ വരുന്നില്ലേ?
ചരിത്രത്തിന്‍റെ നാള്‍വഴികളില്‍ രേഖപ്പെടുത്തപ്പെട്ട സാമൂഹ്യ സാംസ്കാരിക പ്രതിഭകളുടെ അഭിമുഖങ്ങളുടെ അമൂല്യശേഖരം എന്നും ദൂരദര്‍ശന്‍റെ കൈമുതലാണ്. മുഖ്യ മന്ത്രിമാരായിരുന്ന ശ്രീ ഇ.എം എസ്. നമ്പൂതിരിപ്പാട്‌, കെ കരുണാകരന്‍, ഇ  കെ നായനാര്‍, പി കെ വി, വി എസ്.അച്യുതാനന്ദന്‍  തുടങ്ങിയ ആദ്യകാല തലമുറയുടെ അപൂര്‍വചിത്രങ്ങള്‍ ഇന്നും ദൂരദര്‍ശന്‍ ആര്‍കൈവില്‍ സൂക്ഷിച്ചിരിക്കുന്നു. തകഴി,  ബഷീര്‍ ,പൊന്‍കുന്നം വര്‍ക്കി, ബാലാമണിയമ്മ, ഓ വി വിജയന്‍,മാണി മാധവ ചാക്ക്യാര്‍  എന്നീ അപൂര്‍വ മുഖാമുഖങ്ങള്‍ ഡി.ഡി ക്ക് മാത്രം സ്വന്തം.

ദൃശ്യഭാഷയുടെ വ്യാകരണം രൂപപ്പെടുത്താന്‍ ദൂരദര്‍ശന്‍ നേതൃത്വം വഹിച്ചു എന്നത് വസ്തുതയാണ്. എങ്ങനെയല്ല ടെലിവിഷന്‍ ഭാഷ  രൂപം കൊള്ളേണ്ടത്‌ എന്ന് പില്ക്കാല ചാനലുകള്‍ക്ക് ദിശാസൂചകമാവാന്‍ കഴിഞ്ഞുവെന്നതും  നേട്ടമായി വിലയിരുത്തപ്പെടേണ്ടതാണല്ലോ.
ഇത് ദൂരദര്‍ശന്‍റെ വിശദ ചരിത്രമല്ല. ഒരു തിരിഞ്ഞുനോട്ടം. പരിമിതികള്‍ക്കുള്ളില്‍ നിന്നു പ്രവര്‍ത്തിച്ച ഒരു പറ്റം സര്‍ക്കാര്‍ ജീവനക്കാരുടെയും അപൂര്‍വ്വം സര്‍ഗപ്രതിഭ കളുടെയും കഴിഞ്ഞകാലം. എല്ലാ പോരായ്മകള്‍ക്കിടയിലും ഞങ്ങള്‍ അഭിമാനത്തോടെ പറയുന്നൊരു കാര്യം- ഒരിക്കലും സെന്‍സേഷനുകള്‍ സുഷ്ടിച്ച് സമൂഹത്തെ ഇളക്കിമറിക്കാന്‍ ഈ സ്ഥാപനം ശ്രമിച്ചിട്ടില്ല. സംഗീതവും, നൃത്തവും, കലയും സാഹിത്യവും ,സ്ത്രീയും പുരുഷനും, കുട്ടികളും വയോധികരും ഒരുമിച്ചിരുന്നു കാണാനുള്ള
സാമൂഹ്യപ്രതിബദ്ധത നിറഞ്ഞ പരിപാടികളാണ് എക്കാലവും ഡി ഡി കാഴ്ചവെച്ചത്. ഇന്നും, 'വാര്‍ത്തയെന്നാല്‍ ദൂരദര്‍ശന്‍' തന്നെ എന്ന് തലമുതിര്‍ന്നവര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ അനല്‍പ്പമായ ചാരിതാര്‍ഥ്യം അനുഭവപ്പെടാറുണ്ട്. അങ്ങനെ കേരളചരിത്രത്തില്‍, ലോകത്തെ ഏറ്റവും ശക്തമായ ദൃശ്യമാദ്ധ്യമങ്ങളിലൊന്നിന്‍റെ ആദ്യകാലം രൂപപ്പെടുത്തുവാന്‍ നിയോഗം ലഭിച്ചവരുടെ കൂട്ടത്തിലൊരാളാവാന്‍ കഴിഞ്ഞുവെന്നത് സന്തോഷത്തോടെ രേഖപ്പെടുത്തുകയാണ്. 

-sethumadhavan machad

Wednesday, September 7, 2011

Padmanaabhomara prabhu ( last part)

തിരുവിതാംകൂര്‍ ചരിത്രത്തിന്‍റെ അവസാനപാദത്തിലേക്കു പ്രവേശിക്കാം. നടേ സൂചിപ്പിച്ചതുപോലെ ചരിത്രത്തിന്‍റെ താളുകളില്‍ രക്തക്കറ ചാര്‍ത്തിയ വീരമാര്‍ത്താണ്ടവര്‍മ
അയല്‍നാടുകള്‍ വെട്ടിപ്പിടിക്കാനായി നടത്തിയ ജൈത്രയാത്രയില്‍ നിരപരാധികളായ അസംഖ്യം മനുഷ്യരെ കൊന്നൊടുക്കി എന്നത് വസ്തുത മാത്രമാണ്. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മുടങ്ങാതെ നടത്തിയിരുന്ന മുറജപവും, ഹിരണ്യഗര്‍ഭവും, ലക്ഷദീപവും തുലാപുരുഷദാനവുമൊക്കെ തീരാദുരന്തങ്ങളുടെ പാപക്കറ കഴുകിക്കളയാന്‍ മഹാരാജാവ് ചെയ്ത പ്രായശ്ചിത്തം മാത്രമാണ്. താന്‍ വെട്ടിപ്പിടിച്ച ഭൂപ്രദേശങ്ങള്‍ ഒന്നൊന്നായി കുലദൈവമായ ശ്രീപത്മനാഭന് അടിയറ വെച്ച്,  'ശ്രീപത്മനാഭദാസ വഞ്ചിപാല മാര്‍ത്താണ്ടവര്‍മ കുലശേഖരപ്പെരുമാള്‍' എന്ന തിരുനാമത്തില്‍ അദ്ദേഹം ചരിത്രത്തിന്‍റെ ഭാഗമായി. ഇത് രാജതന്ത്രത്തിന്‍റെ ഇരുതലമൂര്‍ച്ചയുള്ള 'ക്രിയ' മാത്രമായിരുന്നു. ജനതയുടെ അജ്ഞതയെ ചൂഷണംചെയ്ത് തന്‍റെ ആജ്ഞാനുവര്‍ത്തികളാക്കാന്‍ അദ്ദേഹം നടത്തിയ ഗൂഡതന്ത്രം. അങ്ങനെ ആധുനിക തിരുവിതാംകൂറിന്‍റെ ശില്പിയായി ചരിത്രം
അദ്ദേഹത്തെ വാഴ്ത്തി. ( തിരുവിതാംകൂര്‍ സ്റ്റേറ്റ് മാനുവല്‍.)

കഴിഞ്ഞ നൂറ്റാണ്ടുവരെ എഴുപതിലധികം രാജകൊട്ടാരങ്ങള്‍ തിരുവിതാംകൂറില്‍ ഉണ്ടായിരുന്നതായി രേഖകള്‍ പറയുന്നു. തോവാള മുതല്‍ പീരുമേട്‌ വരെ അത് പരന്നു കിടക്കുന്നു. അനന്തപുരിയില്‍ കോട്ടക്കകത്ത് കൊട്ടാരങ്ങളുടെ ഒരു ശ്രുംഖല തന്നെയുണ്ട്‌. അനന്തപുരം കൊട്ടാരവും, കുതിരമാളികയും, രംഗവിലാസവും,സുന്ദരവിലാസവും പ്രൌഡിയോടെ ഇന്നും നില്‍ക്കുന്നു. സ്വാതിതിരുനാളിന്‍റെ കാലം കലയുടെ വസന്തമായിരുന്നുവല്ലോ. മാളികയും മുഖപ്പും  ഇടനാഴികളും അകത്തളങ്ങളും രാജപ്രൌഡിയുടെ
ധാരാളിത്തത്തോടെ നിലനിന്നു.സ്വാതിയുടെ പ്രശസ്തമായ സംഗീതകൃതികളില്‍ പലതും രചിക്കപ്പെട്ടത്‌ ശില്പസൌന്ദര്യമുള്ള അംബാരിമുഖപ്പില്‍ വെച്ചാണത്രേ. തഞ്ചാവൂരിലെ
ശില്പികളാണ് കുതിരമാളിക പൂര്‍ത്തിയാക്കിയത്. സ്ഥലവിസ്തൃതിയില്‍ അഭിരമിക്കുന്ന 'രംഗവിലാസം' സ്വാതിതിരുനാള്‍ പണികഴിപ്പിച്ചതാണ്‌. ( ഇന്നത്തെ ആര്‍ട്ട് ഗ്യാലറി )
കൃഷ്ണവിലാസം, ശ്രീമൂലം തിരുനാളിന്‍റെ സ്വകാര്യവസതിയായിരുന്നു. ദിവാന്മാര്‍ അന്തിയുറങ്ങിയ 'പത്മവിലാസം' ഇന്ന് ടെക്സ്റ്റ്‌ബുക്ക്‌ ഓഫീസാണ്. ദിവാന്‍മാര്‍ താമസിച്ച
'ഭക്തി വിലാസം' ഇന്നത്തെ ആകാശവാണി നിലയം. വര്‍ണവിളക്കുകളും, ശരറാന്തലുകളും നിലക്കണ്ണാടികളും ദാരുശില്പങ്ങളും എണ്ണച്ചായാ ചിത്രങ്ങളും കൊണ്ട് അഴകാര്‍ന്ന
സുന്ദരവിലാസം ഇന്നും കമനീയമായി നില്‍ക്കുന്നു.

സമചതുരാകൃതിയിലുള്ള 'കിഴക്കേ കോട്ടയും' അഗ്രഹാരങ്ങളും പാളയം 'കണ്ണിമാറാ' മാര്‍ക്കറ്റും, വി ജെ റ്റി .ഹാളും, വെട്ടിമുറിച്ച കോട്ടയും മറ്റും ഇന്നും കാലത്തെ മുകര്‍ന്നു നില്‍ക്കുന്നത് കാണാം. അമ്മവീടുകളും, വഞ്ചീശസ്തുതികളും ശ്രീപത്മനാഭന്‍റെ 'ചക്രവും' കഴിഞ്ഞ തലമുറയുടെ ഓര്‍മ്മകള്‍ മാത്രമായി. ക്ഷേത്രപ്രവേശന വിളംബരവും
നിവര്‍ത്തന പ്രക്ഷോഭവും എല്ലാം ചരിത്രം കാതോര്‍ത്ത അപൂര്‍വമുഹൂര്‍ത്തങ്ങള്‍. വിദ്യാഭ്യാസരംഗം സ്വാതിയുടെ കാലംതൊട്ടേ പുഷ്കലമായി. 'സര്‍വകലാശാല' എന്ന സങ്കല്‍പ്പത്തിന് സര്‍ സി പി. വലിയ സംഭാവന ചെയതു. ക്രിസ്ത്യന്‍ മിഷനറിമാരും, മുസ്ലീം മതപണ്ഡിതരും ഈ നഗരത്തിന്‍റെ സര്‍വതോമുഖമായ പുരോഗതിക്ക് വലിയ സംഭാവന ചെയതു എന്നത് ചരിത്രം രേഖപ്പെടുത്തും. ഈ മണ്ണില്‍ പടപൊരുതി ജീവന്‍ ബലിയര്‍പ്പിച്ച വേലുത്തമ്പി ദളവയും, ഇരവിക്കുട്ടിപ്പിള്ളയും, രാജാ കേശവദാസനും,
വക്കം അബ്ദുല്‍ഖാദരും, മാര്‍ഗ്രിഗോരിയസ്, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, പട്ടംതാണുപിള്ള എന്നിവരും കേരളചരിത്രം മറക്കാത്ത പേരുകളാണ്. ഋഷിവര്യന്മാരായ
ചട്ടമ്പിസ്വാമികളും, തൈക്കാട് അയ്യാഗുരുവും, ശ്രീനാരായണ ഗുരുവും , അവശജന
വിഭാഗങ്ങങ്ങളുടെ ഉന്നമനത്തിനായി ജീവിച്ച അയ്യങ്കാളിയും , പണ്ഡിറ്റ് കറുപ്പനും തിരുവിതാംകൂര്‍ ചരിത്രത്തിന്‍റെ വഴിവിളക്കുകളായി നില്‍ക്കുന്നു.

ചരിത്രം ഉറങ്ങിയും ഉണര്‍ന്നും നാള്‍വഴിയില്‍ നിറഞ്ഞുകത്തുന്ന വിളക്കുമരങ്ങളായി നിലനിന്ന ഒരു കാലം.
എ.ശ്രീധര മേനോന്‍, പ്രൊ.മഹേശ്വരന്‍ നായര്‍, പത്മനാഭ മേനോന്‍, പട്ടം ജി രാമചന്ദ്രന്‍ നായര്‍ എന്നീ ഗവേഷണകുതുകികള്‍ പകര്‍ന്ന അറിവും വെളിച്ചവും ഞാന്‍ ഇവിടെ നന്ദിയോടെ സ്മരിക്കുന്നു. തിരുവിതാംകൂറിന്‍റെ ആയിരം വര്‍ഷങ്ങള്‍ നീണ്ട മഹിതപാരമ്പര്യത്തിന്‍റെ അരംശം മാത്രമേ ഈ ഓര്‍മച്ചിത്രങ്ങളില്‍ പങ്കുവെക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.
ഇവിടെ വീണുമരിച്ച അറിയപ്പെടാത്ത മനുഷ്യമുഖങ്ങള്‍ എത്രയോകാണും. കാലം നീക്കിവെച്ച അറിവുകള്‍ മാത്രമേ എന്‍റെ പരിമിതവൃത്തത്തില്‍ പ്രകാശിതമായിട്ടുള്ളൂ.
പറയപ്പെടാതെ പോകുന്നതാണല്ലോ യഥാര്‍ഥചരിത്രം. അറിഞ്ഞതില്‍ പാതി പറയാതെ പോയിരിക്കാം. എന്നാല്‍ പറഞ്ഞതില്‍ ഒരു കതിര്‍ പോലും പതിരായിപ്പോകാതിരിക്കാന്‍
ഞാന്‍ ശ്രമിച്ചിട്ടുണ്ട്. തിരുവിതാംകൂറിന്‍റെ ചിത്രം ഇവിടെ പൂര്‍ത്തിയാവുന്നു. ചരിത്രം ഒരു തുടര്‍പ്രക്രിയ. നമ്മള്‍ കാഴ്ചക്കാരനും 'കാഴ്ച' യുമാകുന്നു. നന്ദി.




- sethumadhavan machad

 


Monday, September 5, 2011

Padmanaabhomara prabhu 6

ഇനി  തിരുവിതാംകൂര്‍ ചരിത്രം തമസ്കരിച്ച 'എട്ടരയോഗത്തെ' പരിചയപ്പെടാം. ശ്രീപത്മനാഭക്ഷേത്രത്തിലെ ദൈനംദിനഭരണമുള്‍പ്പടെ തന്ത്രപ്രധാനമായ നയതീരുമാനങ്ങള്‍ നിര്‍വഹിച്ചിരുന്നത് എട്ടരയോഗമാണ്. രാജാധികാരത്തെപ്പോലും ചോദ്യംചെയ്യാന്‍ ശക്തിയുണ്ടായിരുന്ന്നു യോഗത്തിന്. മഹാരാജാവിന് നിയമമനുസരിച്ച് ക്ഷേത്രഭരണത്തില്‍
ഇടപെടാനുള്ള അധികാരം ഇല്ലായിരുന്നു. മാര്‍ത്താണ്ടവര്‍മയുടെ കാലംവരെ ഈ സംഘര്‍ഷം നിലനിന്നു.സത്യത്തില്‍ പദ്മനാഭസ്വാമി ക്ഷേത്രം സ്ഥാപിച്ചത് തിരുവിതാംകൂര്‍ രാജ കുടുംബമല്ല. അതുകൊണ്ടു തന്നെ മഹാരാജാവിന്‍റെ അതിക്രമങ്ങളില്‍ നിന്ന് ക്ഷേത്രത്തെ സംരക്ഷിക്കാനുള്ള ധാര്‍മികവും നൈതികവുമായ ബാധ്യത എട്ടരയോഗത്തിനായിരുന്നു.
ആദിത്യവര്‍മയുടെ ഭരണകാലത്ത് ക്ഷേത്രഭരണത്തിന് വിഘ്നം നേരിടുകയും വര്‍ഷങ്ങളോളം നിത്യപൂജയില്ലാതെ പൂട്ടിയിടേണ്ടിവരികയും ചെയ്തു. വേണാട്ടു കുടുംബത്തിലേക്ക് കൊച്ചിയില്‍നിന്ന് ആദിത്യവര്‍മയെ
ദത്തെടുത്തത് പൂര്‍വാചാരങ്ങളുടെ നഗ്നമായ ലംഘനമാണെന്നതിന്‍റെ പേരിലാണ് എട്ടരയോഗം പ്രതിഷേധമുയര്‍ത്തിയത്.
കൊല്ലവര്‍ഷം 848 - 853 വരെ മഹാക്ഷേത്രത്തിന്‍റെ ശ്രീകോവില്‍ അടഞ്ഞുകിടന്നു. എട്ടരയോഗത്തിനു മുന്‍പില്‍ വേണാട്ടരചന്‍ അസ്തപ്രജ്ഞനാണെന്ന് തെളിയിക്കുന്നു ഈ സംഭവം. ശ്രീപത്മനാഭന് വരദാനമായി കിട്ടിയ ഭൂമി എട്ടരയോഗം, എട്ട് അധികാരകേന്ദ്രങ്ങളായി വിഭജിച്ചു. (മഹാരാജാവിനു 'അരയോഗം' മാത്രമേ നല്‍കിയുള്ളൂ.) ക്ഷേത്രംവക
നിലങ്ങളും വസ്തുവകകളും യോഗത്തിന്‍റെ പൂര്‍ണ നിയന്ത്രണത്തിലായിരുന്നു. ഈ കാരണം കൊണ്ടുതന്നെ യോഗവും രാജാവും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിക്കുകയും രാജാക്കന്മാര്‍ കുതിരപ്പട്ടാളത്തെയും കാലാള്‍പ്പടയെയും ഉപയോഗിച്ച് എട്ടരയോഗത്തെ അമര്‍ച്ചചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു പോന്നു.
മാര്‍ത്താണ്ടവര്‍മ രാജ്യഭാരം ഏറ്റെടുത്തതോടെ നിര്‍ദോഷികളായ
എട്ടുവീട്ടില്‍ മാടമ്പിമാരെ അടിച്ചമര്‍ത്താനുള്ള ശ്രമം ആരംഭിച്ചു. രാമയ്യന്‍ദളവ തുടങ്ങിയ കുതന്ത്രശാലികളായ
അനുയായികളുടെ ഒത്താശയോടെ അദ്ദേഹം കരുക്കള്‍ നീക്കി. മാത്രമല്ല , ബ്രിട്ടീഷ്  ഈസ്റ്റ്‌- ഇന്ത്യ കമ്പനിയുടെയും ഹൈദരാബാദ് നിസാമിന്‍റെയും സഹായത്തോടെ, സൈന്യത്തെ വരുത്തി എട്ടുവീട്ടില്‍പിള്ളമാരെ നേരിട്ടു. ദേശസ്നേഹികളായിരുന്ന എട്ടുവീട്ടില്‍ പിള്ളമാരെ കൊന്നൊടുക്കി രാജവിസ്തൃതി വര്‍ദ്ധിപ്പിച്ച മഹാരാജാവിന്‍റെ വീരശൂര പരാക്രമം
സത്യത്തില്‍ കേരളചരിത്രത്തിലെ ഇരുണ്ട അധ്യായങ്ങളിലൊന്നാണ്. രാജഭക്തരായ സി വി രാമന്‍ പിള്ളയും, മഹാകവി ഉള്ളൂരുമൊക്കെ സത്യത്തിന്‍റെ മുഖം ഹിരണ്‍മയ പാത്രം
കൊണ്ടു മൂടാന്‍ ശ്രമിച്ചവരാണ്.( ഉമാകേരളവും- മാര്‍ത്താണ്ടവര്‍മയും) മാര്‍ത്താണ്ടവര്‍മ എന്ന വിഖ്യാതകൃതി മഹാരാജാവിന്‍റെ ശിരസ്സിനുചാര്‍ത്തി കൊടുത്ത പ്രഭാവലയം
അത്രയേറെയാണ്. കേരളത്തിലെ രാഷ്ട്രീയവ്യവസ്ഥക്കേറ്റ ആദ്യത്തെ പ്രഹരം. അതോടെ നാടുവാഴിത്തത്തില്‍ അധിഷ്ടിതമായ രാഷ്ട്രീയനീതി തകര്‍ന്നുതരിപ്പണമായി. എട്ടുവീട്ടില്‍ പിള്ളമാരുടെ വസ്തുവകകള്‍ കണ്ടുകെട്ടി, അവരെ പൈശാചികമായി കൊലചെയ്തു. കുടുംബാംഗങ്ങളെ (സ്ത്രീകളും കുട്ടികളുമുള്‍പ്പടെ) തെരുവീഥികളില്‍ വലിച്ചിഴച്ചു, തുറകളില്‍ വിറ്റഴിച്ചു. അവരുടെ വസതികള്‍ ഇടിച്ചുനിരത്തി 'കുളം തോണ്ടി'.

ഇരുനൂറു സംവത്സരങ്ങള്‍ക്കു മുമ്പ് മഹാരാജാവിന്‍റെ പരമാധികാരത്തിനു വിധേയമായി, ജനാധിപത്യ തത്വങ്ങള്‍ മുറികെപ്പിടിച്ച ആത്മാഭിമാനവും പൌരുഷവുമുള്ള ഒരു സംഘം പുരുഷകേസരികളെ വക വരുത്താന്‍ ബ്രിട്ടീഷ് സഹായത്തിന് ഇരന്ന നടപടി കേരളചരിത്രത്തിലെ കളങ്കവും , വഞ്ചിനാട്ടിലെ വേണാട്ടരചന്മാരുടെ സല്‍പ്പേരിന് തീരാത്ത നാണക്കേടുമാണ്.

( ഡോഎന്‍ ആര്‍. ഗോപിനാഥപിള്ള, ശൂരനാട് കുഞ്ഞന്‍ പിള്ള, ഇളംകുളം, പട്ടം. ജി രാമചന്ദ്രന്‍ നായര്‍  തുടങ്ങിയ ഗവേഷകരെല്ലാം ഈ സത്യം മറയില്ലാതെ രേഖപ്പെടുത്തിയിട്ടുണ്ട്.) 



- Sethumadhavan machad

Sunday, September 4, 2011

Padmanaabhomara prabhu

ഭാരതത്തിലെ അതിപുരാതനമായ വൈഷ്ണവ ക്ഷേത്രങ്ങളില്‍ ഒന്നാണ് ശ്രീപത്മനാഭസ്വാമിക്ഷേത്രം. എ.ഡി 900 ത്തില്‍ എഴുതപ്പെട്ട 'നമ്മാള്‍വാരുടെ' വൈഷ്ണവ കീര്‍ത്തനങ്ങളില്‍
ശ്രീപത്മനാഭനെ കീര്‍ത്തിക്കുന്നു. മതിലകം ഗ്രന്ഥവരിയില്‍ തുളു സംന്യാസിയായ ദിവാകരമുനിയാണ് ക്ഷേത്രനിര്‍മാണത്തിന് തുടക്കംകുറിച്ചത് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. വലതുകൈ ചിന്മുദ്രയോടു കൂടി അനന്തതല്പതിനു സമീപം തൂക്കിയിട്ടിരിക്കുന്ന രൂപത്തിലാണ് ശില്പത്തിന്‍റെ പ്രതിഷ്ഠ. തൊട്ടുതാഴെ ഒരു ശിവലിംഗ പ്രതിഷ്ഠയും.
പദ്മ 'നാഭിയില്‍' നിന്നും പുറപ്പെടുന്ന താമരയില്‍ ചതുര്‍മുഖനായ ബ്രഹ്മാവ്. അതിനുപിന്നില്‍ ഋഷിമാരുടെ ശിലാരൂപങ്ങള്‍. ശ്രീപദ്മനാഭന്‍റെ തൊട്ടരികെ ലക്ഷ്മീദേവിയും
ഭൂമീദേവിയും.ഒറ്റക്കല്ലിലുള്ള മുഖമണ്ഡപം. ഏകദേശം മൂന്നു ഹെക്ടറോളംവരുന്ന വിസ്തൃതിയിലാണ് ക്ഷേത്രസമുച്ചയം. മധ്യഭാഗത്തായി വിമാനാകൃതിയിലുള്ള ശ്രീകോവില്‍.
തന്ത്രാഗമ വിധിപ്രകാരമുള്ള ഗര്‍ഭഗൃഹവും മണ്ഡപങ്ങളും. എഴുനിലകളുള്ള കരിങ്കല്‍ ഗോപുരം കാലം കൊത്തിയെടുത്ത കവിതപോലെ നൂറ്റാണ്ടുകളെ തഴുകി തലയെടുപ്പോടെ നിന്നു. ശ്രീപത്മനാഭന്‍റെ തിരുവുടല്‍ നേപ്പാളിലെ ഗന്ടകീ നദിയില്‍നിന്നും ശേഖരിച്ചു കൊണ്ടുവന്ന പന്തീരായിരത്തെട്ടു സാളഗ്രാമങ്ങള്‍ അടുക്കിവെച്ച് മനോഹരമായി കല്പന ചെയ്തു. അഷ്ടബന്ധമിട്ടു 'കടുശര്‍ക്കരയോഗത്താല്‍' മിനുക്കിയെടുത്തു അതില്‍ ജീവനെ ആവാഹനം ചെയ്ത് പ്രതിഷ്ഠ നിര്‍വഹിച്ചു.

തിരുമല കല്ലുമലയില്‍ നിന്ന്‌ ആനവണ്ടിയിലാണ് മതിലകത്തെ നിര്‍മാണാവശ്യങ്ങള്‍ക്കുള്ള
പടുകൂറ്റന്‍ ഒറ്റക്കല്ലുകള്‍ കൊണ്ടുവന്നത്. മാര്‍ത്താണ്ടവര്‍മയുടെ ആജ്ഞപ്രകാരം
ആനവണ്ടിയുടെ സുഗമമായ യാത്രക്ക് വേണ്ടി കിള്ളിയാറിന്‍റെ ഗതിതന്നെ മാറ്റിവിട്ടു എന്ന് ചരിത്രം. ( രാമപുരത്തു വാര്യരുടെ കുചേലവൃത്തം വഞ്ചിപ്പാട്ടില്‍ മാര്‍ത്താണ്ട വര്‍മയുടെ ആജ്ഞാശക്തിയെക്കുറിച്ചു പ്രതിപാദിക്കുന്നു) പതിമൂന്നാം നൂറ്റാണ്ടിന്‍റെ അന്ത്യപാദത്തില്‍ ശ്രീ ആദിത്യവര്‍മയാണ് ക്ഷേത്രത്തിന്‍റെ സമഗ്രമായ അഴിച്ചുപണി നടത്തിയത്. ഗോശാല, ദീപികാഗൃഹം, കൃഷ്ണാലയം എന്നിവ അഴിച്ചുപണിതു എന്ന് 'മതിലകം രേഖ.' മധുരമീനാക്ഷിക്ഷേത്ര ഗോപുരമാതൃകയില്‍ ചോള ശൈലിയിലാണ് ഇവിടത്തെയും ഗോപുര നിര്‍മിതി. മാര്‍ത്താണ്ടവര്‍മയുടെയും രാജാകേശവദാസന്‍റെയും കല്പനാവൈഭവമാണ് ക്ഷേത്രഗോപുരത്തിന്‍റെ അന്യൂന സൌന്ദര്യം. തഞ്ചാവൂര്‍ മാതൃകയില്‍ നൂറടിയോളം ഉയരത്തില്‍ ഏഴുനിലയില്‍ ഏഴു കിളിവാതിലുകളോടും ഏഴു സ്വര്‍ണ താഴികക്കുടങ്ങളോടും കൂടി
കൃഷ്ണശിലയിലാണ് ഗോപുരം പണിതീര്‍ത്തത്.
മധുര, തൃശ്ശിനാപ്പള്ളി, തിരുനെല്‍വേലി എന്നിവിടങ്ങളില്‍നിന്ന്‌ കൊണ്ടുവന്ന നാലായിരം കല്ലാശാരിമാരും ആറായിരം കൂലിപ്പണിക്കാരും നൂറോളം ആനകളും മാസങ്ങളോളം
അഹോരാത്രം പരിശ്രമം ചെയ്താണ് നാമിന്നുകാണുന്ന ഗോപുരവും ശ്രീബലിപ്പുരയും പൂര്‍ത്തിയാക്കിയത്. സ്വര്‍ണക്കൊടിമരത്തിനാവശ്യമായ 27 കോല്‍ നീളമുള്ള തേക്കുമരം
ജലമാര്‍ഗം പൊന്മനയാറുവഴി പട്ടണത്തുറയില്‍ക്കൂടി ശംഖുമുഖത്ത് എത്തിച്ചു. അവിടെനിന്ന്‌ ചുമന്ന് ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി വിധിയാംവണ്ണം സ്ഥാപിക്കുകയും ചെയ്തു.
അക്കാലം ക്ഷേത്രസങ്കേതം പണ്ഡിതസദസ്സുകളും സംഗീത സദിരുകളും കൊണ്ട് മുഖരിതമായി. നവരാത്രി മഹോത്സവവും മറ്റും ഇന്നും തുടര്‍ന്നുപോരുന്നു. സ്വാതിതിരുനാളിന്‍റെ 
സംഗീതകൃതികളില്‍ ക്ഷേത്രത്തിലെ ലക്ഷദീപം, ആറാട്ട്‌ എന്നിവയെക്കുറിച്ച് കാവ്യാത്മകമായി അടയാളപ്പെടുത്തി. ശ്രീപദ്മനാഭസ്വാമിക്ഷേത്രം ചരിത്രത്തിന്‍റെ അക്ഷയഖനി തന്നെയാണെന്ന് പുരാരേഖകള്‍ മറിച്ചുനോക്കിയാല്‍ വ്യക്തമാവും. തിരുവട്ടാര്‍ ആദികേശവ ക്ഷേത്രത്തിലേക്ക് പദ്മനാഭപുരം കൊട്ടാരത്തില്‍നിന്ന്‌ പുറപ്പെടുന്ന ഒരു തുരങ്കം ഉള്ളതു പോലെ,  ഇവിടെയും നിലവിലുള്ളതായി പറയപ്പെടുന്നു. ക്ഷേത്രത്തില്‍നിന്ന്‌ ശംഖുമുഖത്തെക്ക് ഒരു തുരങ്കം ഉണ്ടെന്നുതന്നെയാണ് പഴമക്കാര്‍ പറയുന്നത്. ക്ഷേത്രത്തിനടിയിലുള്ള ഭദ്രമായ കല്ലറകളെക്കുറിച്ചും മതിലകംരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. ലോകമഹായുദ്ധകാലത്ത് ക്ഷാമം നേരിട്ടപ്പോള്‍ സര്‍ സി പി.രാമസ്വാമി അയ്യര്‍
കല്ലറകള്‍ തുറന്നതായും സ്വര്‍ണനാണയങ്ങള്‍ ആവശ്യത്തിനെടുത്ത് ദുരിതാശ്വാസത്തിനായി വിനിയോഗിച്ചതായും രേഖകള്‍ പറയുന്നു. 1931 ല്‍ ശ്രീചിത്തിര തിരുനാള്‍ മഹാരാജാവ് ഭണ്ടാരം തുറക്കാന്‍ കല്പന പുറപ്പെടുവിച്ചുവത്രേ.എന്നാല്‍ അവശേഷിക്കുന്ന 'ഒരറ' അന്നും തുറക്കപ്പെട്ടില്ല.
കാലപ്പഴക്കം കൊണ്ട് മാഞ്ഞുപോയ ശ്രീകോവില്‍ ചുമരിലെ ചുവര്‍ചിത്രങ്ങള്‍ ശ്രീ ചിത്തിരതിരുനാളിന്‍റെ  നിര്‍ദേശപ്രകാരം പുനരാലേഖനം ചെയ്തു. മമ്മിയൂര്‍ കൃഷ്ണന്‍കുട്ടിനായരും, കരുമാംപറമ്പില്‍ അച്യുതന്‍ നായരും ചുമരെഴുത്തിനു നേതൃത്വം നല്‍കി. കീഴ്നിലയിലും ഉത്തരം, കഴുക്കോല്‍, ചെമ്പലക എന്നിവിടങ്ങളിലും ചിത്രമെഴുതിച്ചു.
സ്യാനന്ദൂരപുരാണത്തില്‍ നഗരിയിലെ തീര്‍ഥങ്ങളെപ്പറ്റിയുള്ള വിശദവിവരണമുണ്ട്. പദ്മതീര്‍ഥം, അഗസ്ത്യ തീര്‍ഥം, വരാഹ തീര്‍ഥം, ചക്രതീര്‍ഥം, സപ്തര്‍ഷി തീര്‍ഥം എന്നിങ്ങനെ. വരുണതീര്‍ഥം, രുദ്രതീര്‍ഥം, സോമതീര്‍ഥം,  ഈശാനതീര്‍ഥം, ശംഖുതീര്‍ഥം ഇങ്ങനെ പോകുന്നു പഴയകാലത്തെ ജലതീര്‍ഥങ്ങളുടെ പട്ടിക. ശംഖതീര്‍ഥത്തില്‍ നിന്നാണത്രേ 'ശംഖുമുഖം' എന്ന പേര്‍ വന്നത്.
( എന്നിട്ടും ചരിത്രമുറങ്ങുന്നില്ല.. .. )

  -sethumadhavan machad