small is beautiful

small is beautiful
Ajantha musings

Tuesday, May 31, 2011

Legend of Khaskh - A carttoon strip ( m k menon)

Astrophysics or the branch of astronomy concerned with the physical and chemical properties of celestial bodies was Khasak Ravi's research project, it excited poetic imagination in Malayalam literature. The fact that he chose to be, in ...a strange twist of mental imbalance, a bare foot teacher in interior Palakkad intrigued the philo...sophical significance of the protagonist. Vilasini, author of 4000 page magnum opus, termed Khasak as a loosely held collection of stories, but a generation fell passionately in love with it. Khasak was a common factor then in forming literary alliances. Dr M Leelavathi derided it, so also a dozen other Vijayan contemporaries who gave silent treatment for decades. Such a disciplined lot, they waited until Vijayan died to utter platitudes profusely.

" ഇതൊരു സൌരയൂഥമാണ്, ഈ ഖസാക്ക് . സ്വന്തമായ ഭ്രമണപഥമില്ലാത്ത ധൂമകേതു മാത്രമായിരുന്നു രവി. ഇറങ്ങിച്ചെല്ലുകയാനെന്നറിയാതെ നിര്‍ദോഷിയായ ആ പഥികന്‍ .നിസ്സഹായതയില്‍ അഭയം തേടി .ആവശ്യപ്പെടാനൊന്നുമില്ല.അര്‍പ്പിക്കാനുമില്ല ഒന്നും . അലയുന്നു അന്തര്‍ധാനമില്ലാതെ, ഉണരുന്നു ഉറക്കമില്ലാതെ". ( കെ പി നിര്‍മല്‍കുമാര്‍)


കാലവര്‍ഷത്തിന്‍റെ വെളുത്ത മഴ വരവായി. വേനല്‍ ഒഴിഞ്ഞ് ഇടവപ്പാതി തുള്ളുമ്പോഴാണ് ഞാന്‍ ഗൃഹാതുരമാവുന്നത്. അപ്പോള്‍ നമ്മുടെ ആത്മാവ് തൊട്ടറിഞ്ഞ പുസ്തകങ്ങള്‍
വീണ്ടും വായനക്കെടുക്കും. ഈ മഴക്കാലം ഖസാക്കില്‍ നിന്നാവട്ടെ.
ഖസാക്കിനു ലഭിച്ച അനുകൂല പ്രതികൂല പ്രതികരണങ്ങള്‍ മലയാളത്തില്‍ മറ്റൊരു കൃതിക്കും ഉണ്ടായിട്ടില്ല.
പഴയ തലമുറയില്‍ കെ പി ശങ്കരനും പുതിയ നിരൂപകരില്‍ ഇ.വി രാമകൃഷ്ണനും ഖസാക്കിനെ വ്യത്യസ്ത രീതികളില്‍ വിലയിരുത്തി. എന്‍ എസ്. മാധവന്‍റെ 'ഖസാക്കിലെ സമ്പദ് വ്യവസ്ഥ' വിമര്‍ശനത്തിനു പുതിയൊരു ദിശയേകി. കോവിലന്‍ (കാലം പ്രയാണം ), സച്ചിദാനന്ദന്‍ ( മൃതിയുടെ ഊഷരച്ഛായകള്‍), വി രാജകൃഷ്ണന്‍( രോഗത്തിന്‍റെ പൂക്കള്‍ ),ആഷാമേനോന്‍ ( ഖാസാക്കിന്‍റെ സംഗീതം), ടി ആര്‍ ( പാപബോധത്തിന്‍റെ പുണ്യധാര) മേതില്‍ രാധാകൃഷ്ണന്‍ (ഖസാക്കിലൂടെ ) എസ്. സുധീഷ്‌ (ആസ്ടോ ഫിസിക്സും ഉപനിഷത്തും ) കെ പി നിര്‍മല്‍കുമാര്‍ ( നോവലിന്‍റെ പുതിയ മുഖം) എന്നിവ ശ്രദ്ധേയമായ നിരൂപണങ്ങള്‍ . എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ഇ .വി രാമകൃഷ്ണന്‍റെ ' അക്ഷരവും ആധുനികതയും'. ഖസാക്ക് അനുഭവത്തിന്‍റെ വശ്യസംവേദനമായിരുന്നു ആ നിരൂപണം.
ഖസാക്കിനുണ്ടായ ഏറ്റവും മികച്ച പ്രതിപക്ഷ വിമര്‍ശനം ശ്രീ.എം. കെ മേനോന്‍ ( വിലാസിനി) എഴുതിയ ' ഒരു കാര്‍ട്ടൂണ്‍ നോവല്‍' ആണ്. അന്നും ഇന്നും അതിനേക്കാള്‍ സമചിത്തതയാര്‍ന്ന ഒരു എതിരെഴുത്ത് ഞാന്‍ കണ്ടിട്ടില്ല. 1968 ല്‍ ആണ് ഖസാക്ക് മാതൃഭൂമിയില്‍ വരുന്നത്. 1969 ല്‍ പുസ്തകരൂപത്തിലും. ഭാഷയുടെ അന്യൂനമായ കാവ്യസൌന്ദര്യം. മലയാള ഭാവുകത്വത്തിന്‍റെ മാറുന്ന മുഖം. 1974 ലാണ് കായിക്കര രാജുവിന്‍റെ 'ശലാക' യില്‍ എം. കെ മേനോന്‍ എഴുതിയ നിരൂപണം പ്രത്യക്ഷപ്പെടുന്നത്. പില്‍ക്കാലത്ത് അന്നത്തെ 'മലയാള നാട് ' വാരികയില്‍ (1977 ) ഈ ലേഖനം പുന:പ്രസിദ്ധീകരിക്കുകയും തുടര്‍ലക്കങ്ങളില്‍ മികവുറ്റ സംവാദമാവുകയും ചെയ്തു. ശ്രീ ഒ.വി വിജയന്‍ മനസാ അംഗീകരിക്കുകയും, വായിച്ച് ഉള്ളില്‍ വേദന തോന്നി എന്ന് വിലാസിനിയുടെ വിമര്‍ശനത്തെപ്പറ്റി പില്‍ക്കാലത്ത്‌ രേഖപ്പെടുത്തുകയും ചെയ്തു. വിജയന്‍, വിയോജിക്കുമ്പോഴും മനസാ അംഗീകരിച്ച ശ്രീ എം കെ മേനോന്‍റെ " ഖസാക്കിന്‍റെ ഇതിഹാസം - ഒരു കാര്‍ട്ടൂണ്‍ നോവല്‍ " നമുക്കൊന്ന് വായിച്ചുനോക്കാം.
പുതിയ തലമുറയിലെ വായനക്കാര്‍ക്ക് അന്തസ്സുള്ള മലയാളവിമര്‍ശനമെന്തെന്ന് പരിചയപ്പെടുത്തുക മാത്രമാണ് ലക്‌ഷ്യം എന്നുകൂടി പറയട്ടെ.

ഖസാക്കിന്‍റെ ഇതിഹാസം - ഒരു കാര്‍ട്ടൂണ്‍ നോവല്‍  ( എം.കെ മേനോന്‍)

ആധുനിക മലയാള നോവല്‍സാഹിത്യത്തെ സ്പര്‍ശിക്കുന്നവരെല്ലാം മറക്കാതെ സ്മരിക്കുന്ന ഒരു കൃതിയാണ് ഒ.വി വിജയന്‍റെ ഖസാക്കിന്‍റെ ഇതിഹാസം. ഇത്രയേറെ നിരൂപണമാകര്‍ഷിച്ചിട്ടുള്ള കൃതികള്‍ ചുരുങ്ങും. ഇത്രയേറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള മറ്റൊരു നോവലുണ്ടോ എന്നും സംശയമാണ്.
'ഖസാക്ക്' മഹത്തായ കൃതിയാണെന്നു വിശ്വസിക്കുന്നവരില്‍ ചിലര്‍ അതിനെ മലയാളത്തിലെ ആദ്യത്തെ 'existential ' നോവലായി എണ്ണുന്നു. ഒരു പാലക്കാടന്‍ ഗ്രാമത്തിന്‍റെ
ചിത്രം വരച്ചതിലും രാവുത്തന്‍മാരുടെ ജീവിതം പകര്‍ത്തിയതിലുമാണ് മറ്റു ചിലര്‍ മേന്മ കാണുന്നത്. ഇനിയും ചിലര്‍ക്കാകട്ടെ ,ഖസാക്ക് ഒരാധുനിക മിത്താണ്. വിജയന്‍റെ കൃതിയെ എതിര്‍ക്കുന്നവര്‍ക്കും അവരുടേതായ ധാരണകളും ന്യായങ്ങളുമുണ്ട്. അത് ജീവിതത്തെ നിഷേധിക്കുന്നു. മനുഷ്യന്‍ എന്ന മനോഹരസങ്കല്പത്തെ അവഹേളിക്കുന്നു, അസാന്മാര്‍ഗികത്ത്വത്തെ താലോലിക്കുന്നു... അങ്ങനെയങ്ങനെ. ആനയെക്കണ്ട കുരുടന്‍മാരുടെ കഥയാണ്‌ ഓര്‍മ വരുന്നത്. പക്ഷെ അതിവിടെ യോജിക്കില്ല കാരണം, ഇവിടെ ആനയേ ഇല്ല, ആനയുടെ ഒരു ഹാസ്യമാതൃക മാത്രമാണുള്ളത്.

എന്നുവച്ചാല്‍, ഖസാക്ക് ഒരു പരിഹാസകൃതിയാണ്. 'സ്ട്രിപ് കാര്‍ട്ടൂണ്‍ നോവല്‍' എന്നു വിളിക്കാവുന്ന ഒന്ന്.

സ്ട്രിപ് കാര്‍ട്ടൂണുകളുടെ ലോകത്തിലെ മുടിചൂടാമന്നനാണ്‌ അല്‍കാപ് (Alcapp). അദ്ദേഹത്തിന്‍റെ ലില്‍ അബ്നര്‍ (Lil Abner ) എന്ന ഹാസ്യചിത്രപരമ്പര ഇന്ത്യയടക്കം ലോകത്തിലെ പല നാടുകളിലും പ്രസിദ്ധീകരിക്കപ്പെട്ടതാണ്. ഡോഗ്പാച്ച് ( Dogpatch) എന്ന മലമൂടന്‍ ഗ്രാമത്തിന്‍റെയും അവിടത്തെ വിചിത്രജനങ്ങളുടെയും കഥകളാണ് അല്‍ കാപ് പറയുന്നത്.
അമേരിക്കന്‍ ജീവിതത്തിന്‍റെ 'മറുപുറം' മറ നീക്കിക്കാണിക്കാന്‍ വേണ്ടി അദ്ദേഹം സൃഷ്ടിച്ച ഗ്രാമത്തിന്‍റെ മലനാടന്‍ കീശപ്പതിപ്പാണ് വിജയന്‍റെ ഖസാക്കെന്നു പറഞ്ഞാല്‍ തീരെ തെറ്റാവില്ല. അത്രയേറെ സൌന്ദര്യം രണ്ടിനുമുണ്ടെന്നു പറയുമ്പോള്‍ ഒന്ന് മറ്റൊന്നിന്‍റെ പൂര്‍ണ അനുകരണമാണെന്ന വിവക്ഷയില്ല.തനിക്കടുത്തറിയാവുന്ന ഒരു കുഗ്രാമത്തിന്‍റെ ചരിത്രം തന്നെയാണ് വിജയന്‍ എഴുതുന്നത്‌. എങ്കിലും ഹാസ്യചിത്രകാരനെന്ന നിലയില്‍ 'ലില്‍അബ്നര്‍' പരമ്പരയുമായി അടുത്തു പരിചയമുണ്ടെന്നു കരുതേണ്ട വിജയന്‍ ഉപയോഗിക്കുന്ന മഷി അല്‍ കാപ്പിന്‍റെതു തന്നെയാണെന്ന് ഒരു സ്ട്രിപ് കാര്‍ട്ടൂണിന്‍റെ എല്ലാ സ്വഭാവവിശേഷങ്ങളും 'ഖസാക്കിന്‍റെ ഇതിഹാസത്തിനു' മുണ്ട്. വരകള്‍ക്കു പകരം വാക്കുകളാണെന്ന വ്യത്യാസമേയുള്ളൂ. ഈ വാസ്തവം ശ്രദ്ധിക്കാത്തവരാണ്, അല്ലെങ്കില്‍ അല്‍ കാപിനെപ്പറ്റി അറിയാത്തവരാണ്, വിജയനെ വിലയിരുത്താന്‍ കാഫ്ക യെയും ഔസ്പെന്‍സ്തിനെയും മറ്റും കൂട്ടുപിടിക്കുന്നത്‌.

ജീവിതത്തിലെ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാണിച്ച് ചിരിപ്പിക്കുകയും ചിരിയിലൂടെ ചിന്തിപ്പിക്കുകയുമാണ് 'കാര്‍ട്ടൂണു'കളുടെ മാര്‍ഗവും ലക്ഷ്യവും. വിജയന്‍ പിന്‍ തുടരുന്നതും മറ്റൊരു വഴിയല്ല. 'ഖസാക്കില്‍' ആദ്യന്തം തുളുമ്പിനില്‍ക്കുന്ന ഒന്നാണ് പരിഹാസം. പുസ്തകത്തിന്‍റെ പേരില്‍പ്പോലും അതു ദൃശ്യമാണ്. ഖസാക്കുകാരുടെ കഥയെ
ഇതിഹാസമെന്നു വിളിക്കാന്‍ ഒരു പരിഹാസിക്കേ കഴിയൂ.

'ഖസാക്കിലെ' സംഭവങ്ങളില്‍,അവയുടെ ചിത്രണത്തില്‍,അതിനുപയോഗിക്കുന്ന ശൈലിയില്‍,സംഭാഷണത്തില്‍ -എങ്ങും കാണാം ഹാസ്യത്തിന്‍റെ നീല ഞെരമ്പോട്ടം.
സ്വാമിനിയുടെ കാവിമുണ്ട്‌ മാറിയുടുത്തെത്തുന്ന രവിയെക്കണ്ട് കാപ്പിപ്പീടികക്കാരന്‍ ഭക്തിനമ്രനാവുന്നേടത്താരംഭിക്കുന്നു ചിരി. തേവാരത്തു ശിവരാമന്‍നായരുടെ ഞാറ്റു പുരയിലെത്തുമ്പോള്‍, അവിടെ ഹിറ്റ്‌ ലറുടെയും ഗാന്ധിജിയുടെയും ഹനുമല്‍പാദരുടെയും, ചിത്രങ്ങള്‍ സഹവര്‍ത്തിത്വം പാലിക്കുന്നതു കാണുമ്പോള്‍ , ചുണ്ടുകള്‍ വീണ്ടും വിരിയുന്നു. രവിയുടെ പുസ്തകശേഖരത്തില്‍ ഭഗവദ്ഗീതയും പ്രിന്‍സ് തിരുവാങ്കുളവും റില്‍ക്കെയും മുട്ടത്തുവര്‍ക്കിയും തോളുരുമ്മി യിരിക്കുമ്പോഴാവട്ടെ, കാര്‍ട്ടൂണിലെ ഒരു ' സ്ട്രിപ്' പൂര്‍ത്തിയാവുകയും ചെയ്യുന്നു. തുടര്‍ന്നുവരുന്ന ഓരോ അധ്യായത്തിന്‍റെയും കഥ ഇതുതന്നെയാണ്.

അള്ളാപ്പിച്ച മൊല്ലാക്ക ' പഴുതുകളടക്കാന്‍വേണ്ടി' കുഞ്ഞമിനയെക്കൊണ്ട് മാരിയമ്മനെ പിടിച്ചു ആണയിടുവിക്കുന്നത്, 'തിന്ന തീന്‍പണ്ടങ്ങള്‍ എരിയിക്കുന്ന' ബീഡിപ്പരസ്യങ്ങള്‍, പഴയ ജര്‍മ്മന്‍ പത്രം വായിക്കാനറിയാത്ത രവിയുടെ വിദ്യാഭ്യാസയോഗ്യത ചോദ്യം ചെയ്യപ്പെടുന്നത് , ശിവരാമന്‍ നായരുടെ ഹരജിയിലെ ' ഫോര്‍ വിച്ച് ആക്ട്‌ ഓഫ് കൈന്ട്നെസ്സ് ഈസ്‌ മൈ ബൌണ്ടന്‍... ഡ്യൂട്ടി എവര്‍ പ്രേ ' എന്ന ഉഗ്രന്‍പ്രയോഗം - എണ്ണിപ്പെറുക്കി പറയുകയാണെങ്കില്‍ കുറെയേറെയുണ്ട് . വിജയനെ കാമുവോ കാഫ്കയോ മറ്റോ ആയി അവരോധിക്കണമെന്നു നിര്‍ബന്ധമുള്ളവര്‍ ഒരു പക്ഷെ , ഇവക്കൊക്കെ ദാര്‍ശനിക വ്യാഖ്യാനങ്ങള്‍ കണ്ടെത്തിയേക്കാം. അപ്പുക്കിളി എന്ന കഥാപാത്രത്തി ന്‍റെ തലയില്‍ അരിച്ചു നടക്കുന്ന പേനുകളില്‍പ്പോലും ദാര്‍ശനികത്വം കണ്ടെത്തിയ മഹാരഥന്മാരുണ്ടല്ലോ. അവരുടെ നര്‍മബോധത്തില്‍ നമുക്ക് സഹതപിക്കുക.

പരിഹാസമാണ് ആദ്യന്തമുള്ള രസം എന്നതുകൊണ്ടുമാത്രമല്ല 'ഖസാക്കിന്‍റെ ഇതിഹാസത്തെ' കാര്‍ട്ടൂണ്‍ നോവലെന്നു വിശേഷിപ്പിച്ചത്‌. മൂര്‍ച്ചയുള്ള പരിഹാസം കൊണ്ടുമാത്രം ജീവിക്കുന്ന സാധാരണ നോവലുകളുമുണ്ട് മലയാളത്തില്‍. ഇന്ദുലേഖ അതിനുദാഹരണമാണ്. 'ഖസാക്ക്' പരിഹാസത്തിന്‍റെ
കാര്യത്തില്‍ മാത്രമല്ല ഏറെക്കുറെ എല്ലാ അംശങ്ങളിലും കാര്‍ട്ടൂണ്കളെയാണ് പിന്തുടരുന്നത്. നോവലെന്ന നിലയില്‍ അതിന്‍റെ ദൌര്‍ബല്യവും മറ്റൊന്നുമല്ല.
കാര്‍ട്ടൂണ്‌കളുടെ ഒരു പ്രത്യേകത അവയ്ക്ക് പരിനിഷ്ഠമായ ഒരു ' തീമോ' ( Theme ) സുഘടിതമായ കഥയോ ഉണ്ടാവില്ലെന്നുള്ളതാണ്. ദിനപത്രങ്ങളുടെ താളുകളിലൂടെ നീണ്ടുനീണ്ടു പോകുമ്പോള്‍ അതൊന്നുമൊരാവശ്യമല്ല. ചിലപ്പോള്‍ ഭാരമാവുകയും ചെയ്യും. കേന്ദ്രമായി രണ്ടോ മൂന്നോ കഥാപാത്രങ്ങള്‍ ,
അവരെ ചുറ്റിപ്പറ്റി കുറെചില്ലറ പാത്രങ്ങള്‍ ,അവരുടെ കഥകള്‍ മാറിമാറിപ്പറയുക അങ്ങനെ ഒരുപാഖ്യാനമാല രചിക്കുക - ഇതാണ് കാര്ട്ടൂണ്കളുടെ
സമ്പ്രദായം. ലില്‍ അബ്നര്‍ ഉള്‍ക്കൊള്ളുന്ന 'യോക്കും' (yokum ) കുടുംബത്തെ കേന്ദ്രീകരിച്ച്‌, ഡോഗ്പാച്ചിലെ ഇതരകുടുംബങ്ങളുടെയും അവിടെ വരുന്നവരുടെയും പോകുന്നവരുടെയും ഒക്കെ കഥകള്‍ കൊളുത്തിക്കൊളുത്തി നീണ്ട ചങ്ങല പണിയുകയാണ് അല്‍ ക്കാപ്‌ ചെയ്യുന്നത്. വിജയനും ആ
മാര്‍ഗമാണ് സ്വീകരിച്ചിട്ടുള്ളത്. ' ഖസാക്കിന്‍റെ ഇതിഹാസം' മുഖ്യകഥാപാത്രമായ രവിയുടെ ചരിത്രമല്ല , ആ ചരിത്രം അതിലെ പല ഉപാഖ്യാനങ്ങളില്‍ ഒന്നുമാത്രമാണ്. രവിയെ മാപ്പുസാക്ഷിയാക്കി തേവാരത്തു ശിവരാമന്‍നായര്‍ മുതല്‍ കുട്ടാടന്‍ പൂശാരിവരെ പലരുടെയും കഥകള്‍ മാറി മാറി പറയുകയാണ്‌ നോവലിസ്റ്റ്‌. അവയ്ക്ക് തമ്മില്‍ത്തമ്മിലോ രവിയുടെ കഥയുമായിട്ടോ വളരെ ലോലമായ ബന്ധമേയുള്ളൂ. അവയില്‍ ചില ഉപാഖ്യാനങ്ങള്‍ നീക്കം ചെയ്താലോ , അവയോടു ചില ഉപാഖ്യാനങ്ങള്‍ ഏച്ചുകെട്ടിയാലോ നോവലിന്‍റെ രൂപത്തിന് വിശേഷിച്ചൊരു വ്യത്യാസവും വരില്ല. അത്ര ശിഥിലമാണത്. നോവലിന് കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു കഥ വേണമെന്നല്ല ഉദ്ദേശിക്കുന്നത്. കഥ വാസ്തവത്തില്‍ അപ്രധാനമാണ്. ഇവിടെ ആക്ഷേപം കഥകള്‍ കുറെ കൂടുതലായി , അവയെ ബന്ധിച്ചു നിര്‍ത്തുന്ന ഒരു ' തീ' മോ ജീവിത വീക്ഷണമോ ഇല്ല എന്നുള്ളതാണ്. " അങ്ങനെ സാല
ഭന്ജികമാര്‍ കഥ പറഞ്ഞു " എന്ന മുഖവുരയോടു കൂടിയോ അതല്ലാതെയോ കുറെ നുറുങ്ങു കഥകള്‍ എഴുതിവെക്കുന്നത് നോവലിന്‍റെ സമ്പ്രദായമല്ല . കാര്‍ ട്ടൂനുകള്‍ക്ക് അത്രയൊക്കെ മതിതാനും.

ഇതിവൃത്തഘടനയിലെന്നപോലെ പാത്രരചനയിലും കാര്‍ത്ടൂനിസ്ടിന്‍റെ രീതിയാണ് വിജയന്‍ അവലംബിക്കുന്നത്. നാലോ അഞ്ചോ വര കൊണ്ട് കാര്ട്ടൂണിസ്റ്റ് ഒരാളെ വരക്കുന്നത് പോലെ ഏതാനും വാക്കുകള്‍കൊണ്ട് പാത്രസൃഷ്ടി കഴിക്കുന്നു വിജയന്‍. " മൈമുനയെ കെട്ടുമ്പോള്‍ മുങ്ങാംകോഴിക്ക് അമ്പതു വയസ്സാണ്. അറുപതേ തോന്നിച്ചിരുന്നുള്ളൂവെന്നു കുപ്പുവച്ചനാണ് പറഞ്ഞത്." എന്നമട്ടില...്‍. രൂപങ്ങള്‍ക്ക്‌ വ്യക്തിത്വം നല്‍കാന്‍ ചില അവയവങ്ങള്‍ മുഴുപ്പിക്കുകയോ മറ്റു ചിലവ വികലപ്പെടുത്തുകയോ പതിവുണ്ട്, കാര്‍ട്ടൂണിസ്ടുകള്‍.നൈജാമലിയുടെ നീണ്ടു സ്ത്രൈണമായ ചുണ്ടുകളെയും മൈമുനയുടെ കയ്യിലെ നീലഞരമ്പിനെയും കൂടെക്കൂടെ എടുത്തു പറയുന്ന വിജയനും അതുതന്നെ ചെയ്യുന്നു. കൂടാതെ കാര്‍ട്ടൂണിസ്ടുകളെപ്പോലെത്തന്നെ പാത്രങ്ങള്‍ക്ക് ഉടുപ്പിലും നടപ്പിലും സംഭാഷണത്തിലും ചില പ്രത്യേകതകളും കല്‍പ്പിക്കുന്നു. വ്യക്തികളെന്നതിനേക്കാള്‍ ടൈപ്പുകളായ ഈ പാത്രങ്ങള്‍ ഇ.എം.ഫോസ്ടറുടെ ഭാഷയില്‍ പറഞ്ഞാല്‍ തീരെ 'പരന്നവ' (Flat ) ആണ്. പരന്ന കഥാപാത്രങ്ങളെ മറ്റു നോവലിസ്റ്റുകളും രചിക്കാറില്ലെന്നല്ല. പക്ഷെ , അവര്‍ക്ക് അവരുടേതായ വ്യക്തിത്വം നല്‍കുന്ന വിശദാംശങ്ങളും , ഒരതിര്‍ത്തിവരെയെങ്കിലും മാനസികജീവിതവും കല്‍പ്പിച്ചു കൊടുക്കാന്‍ ശ്രമിക്കാറുണ്ട്. വിജയന്‍ അതിനു മുതിരുന്നില്ല. അദ്ദേഹത്തിന്‍റെ മിക്ക പാത്രങ്ങള്‍ക്കും മാനസികജീവിതമില്ല, കഥകളെ ഉള്ളു . ഒരള്ളാപിച്ചാമൊല്ലാക്കയോ മറ്റോ ആണ് അപവാദം .എന്നിരുന്നാലും വിജയന്‍റെ കഥാപാത്രങ്ങള്‍ 'മനസ്സില്‍ തങ്ങി നില്‍ക്കുന്നില്ലേ' എന്ന് ചോദിക്കുന്നവരുണ്ടാകാം. ഉത്തരം 'ഉവ്വ്' എന്നുതന്നെയായാലും പാത്ര രചന വിജയമാണെന്നര്‍ഥമില്ല. തൊലിപ്പുറമേയുള്ള ചില പ്രത്യേകതകള്‍ മതി അനുവാചകന്‍റെ മനസ്സില്‍ തങ്ങിനില്‍ക്കാന്‍. വൈത്തിപ്പട്ടരുടെ (ശാരദ) സര്‍പ്പദൃഷ്ടി പോലെ. പ്രത്യുത, വിജയിച്ച കഥാപാത്രങ്ങള്‍ , വികാസം പ്രാപിക്കുന്ന വ്യക്തിത്വമുള്ളവര്‍, നമ്മുടെ ഹൃദയത്തിന്‍റെ അഗാധതകളില്‍ സ്ഥലംപിടിക്കുകയും അനുഭൂതിമണ്ഡലത്തെ വികസ്വരവും
സമ്പന്നവും ധന്യവുമാക്കുകയും ചെയ്യുന്നു.

ഒരേ ഒരു കാര്യത്തില്‍ മാത്രമാണ് വിജയന്‍ അല്‍കാപ്പിന്‍റെ മാര്‍ഗത്തില്‍നിന്നു വ്യതിചലിച്ചിരിക്കുന്നത്‌. അല്‍കാപ്പിന്‍റെ കാര്‍ട്ടൂണുകള്‍ മൂര്‍ച്ചയുള്ള സാമൂഹ്യവിമര്‍ശന മുള്‍ക്കൊള്ളുന്നു.അദ്ദേഹത്തിന്‍റെ തൂലിക സ്വന്തമായ ഒരു ലകഷ്യബോധത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. 'ഖസാക്കിന്‍റെ ഇതിഹാസത്തില്‍ ' അങ്ങനെയൊരു സമീപനമില്ല.

ഇവിടെയാണ്‌ നമുക്ക് രവി എന്ന കഥാപാത്രത്തെ സ്പര്‍ശിക്കുകയും അയാളുടെ ഖസാക്ക് വാസത്തിന്‍റെ പൊരുളാരായുകയും വേണ്ടിവരുന്നത്. ഈ കൃത്യത്തിനു മുതിര്‍ന്നിട്ടുള്ളവരില്‍ ഭൂരിപക്ഷവും രവിയില്‍ ദാര്‍ശനികസ്വഭാവമുള്ള ഒരു കഥാപാത്രത്തെ കാണുന്നു. എന്നാല്‍ വിശദാംശങ്ങളിലേക്ക് കടക്കുമ്പോള്‍ അവര്‍ വഴിപിരിയുന്നു.
ചിലര്‍ക്ക് രവി കാമു മോഡലിലുള്ള 'അന്യനോ' 'അപരിചിതനോ' ആണ്. മറ്റുചിലര്‍ക്ക് ജീവിതം മടുത്ത അവധൂതനാണ്. ഈ അഭിപ്രായങ്ങളൊക്കെ എഴെന്നെള്ളിക്കുന്നവര്‍ 'മിത്ത്', ' കാലചക്രം ', ' പുനര്‍ജന്മം' എന്നിങ്ങനെ ചില വാക്കുകള്‍ കൊണ്ട് ചെപ്പിടിവിദ്യ കാണിച്ച് വായനക്കാരെ ഭ്രമിപ്പിക്കുന്നു. രവിയെ അപഗ്രഥിക്കാന്‍ അവര്‍ മെനക്കെടാറില്ല. അപഗ്രഥിച്ച് ഗ്രന്ഥത്തിന്‍റെ 'അഖണ്ടസൌന്ദര്യം' നശിപ്പിക്കരുത് എന്ന് വാദിക്കുന്നവര്‍ പോലുമുണ്ട് .

വാസ്തവമെന്താണ്? ദു:ഖിതനും അസ്വസ്ഥനുമായ രവി പ്രാകൃതമായ ഖസാക്കിലെത്തുന്നു. അവിടെ ജീവിക്കുന്നു, ഒടുവില്‍ തിരിച്ചുപോകുന്നു. വിജയന്‍റെ ശൈലി കടംവാങ്ങിയാല്‍, പഥികന്‍ ഖസാക്കിലേക്ക് ഒരു തീര്‍ഥയാത്ര നടത്തി മടങ്ങിപ്പോകുന്നു. ഇത്തരം തീര്‍ഥയാത്രകള്‍ സാഹിത്യത്തില്‍ പുത്തരിയല്ല. ജോസഫ്‌ കോണ്‍റാഡിന്‍റെ ' ഇരുട്ടി ന്‍റെ ഹൃദയം'( The Heart of darkness ) ...അവയില്‍ പ്രസിദ്ധമായ ഒന്നാണ്. ഗ്രഹാംഗ്രീനിന്‍റെ ചില നോവലുകളും ചൂണ്ടിക്കാണിക്കാം.എന്നാല്‍ പ്രകൃതത്തില്‍ ഏറ്റവും ശ്രദ്ധേയമായത് പി.എച്. ന്യൂബൈ( P H Newby ) എഴുതിയ 'അന്തര്‍ഭാഗത്തേക്കൊരു യാത്ര' ( A journey in to Interior ) ആണ്. പശ്ചാത്തലം ഖസാക്ക് പോലെ, പ്രാകൃതമായ
'രസുകാ', ജനങ്ങള്‍ രാവുത്തന്‍മാരെക്കാള്‍ ദരിദ്രരും അപരിഷ്കൃതരുമായ മുസ്ലീങ്ങള്‍. സുല്‍ത്താനും പഴയ കൊട്ടാരങ്ങളും ഇടിഞ്ഞ പള്ളികളും 'രസുക'ക്ക് ദൈന്യതയുടെ പരിവേഷം നല്‍കുന്നു.ചെതലിമലയുടെ സ്ഥാനത്തു പരന്നുകിടക്കുന്ന മരുഭൂമിയാണ്. രോഗിയും ഭാര്യയുടെ മരണംമൂലം ദു:ഖിതനുമായ വിന്‍റര്‍ എന്നാ കമ്പനി ഉദ്യോഗസ്ഥന്‍ 'രസുക'യില്‍ വരുന്നതും ജീവിക്കുന്നതും തിരിച്ചുപോകുന്നതുമാണ് നോവലിന്‍റെ ഇതിവൃത്തം.'രസുക'യിലെ താമസത്തിനിടയില്‍ വിന്‍റര്‍ മരുഭൂമിയിലെക്കൊരു യാത്ര നടത്തുന്നുണ്ട്. കേട്ടുകേള്‍വി മാത്രമുള്ള റൈഡര്‍ എന്ന മനുഷ്യനെ തിരഞ്ഞുപിടിക്കാന്‍വേണ്ടി. ശ്രമം വിഫലമെങ്കിലും വിന്‍റര്‍ 'രസുകയില്‍' നിന്ന് തിരിച്ചുപോകുന്നത് പുതിയൊരു മനുഷ്യനായിട്ടാണ്. പുനര്‍ജന്‍മം സിദ്ധിച്ചവനെപ്പോലെ. കോണ്‍റാഡിന്‍റെയും ന്യൂബൈയുടെയും കൃതികളിലെ 'യാത്ര'കള്‍ കേവലം യാത്രകളല്ല. മനുഷ്യന്‍ സ്വന്തം
ആത്മാവിന്‍റെ അഗാധതകളിലേക്ക് നടത്തുന്ന തീര്‍ഥയാത്രകളാണ്. വെളിച്ചം തേടി ഇരുട്ടിന്‍റെയും ശൂന്യതയുടെയും അപാരതയിലേക്കുള്ള പ്രയാണവും പ്രത്യാഗമാനവുമാണ്.
നിരൂപകരുടെ ശൈലിയില്‍ 'പ്രതീകാത്മക യാത്ര' ( Symbolic Journey ). അതുകൊണ്ടാണ് പ്രസ്തുത കൃതികള്‍ക്ക് ദാര്‍ശനികസ്വഭാവം സിദ്ധിക്കുന്നത്.

'അന്തര്‍ഭാഗത്തെക്കൊരു യാത്ര' യും' ഖസാക്കിന്‍റെ ഇതിഹാസവും' തമ്മില്‍ ഇതിവൃത്തത്തിന്‍റെ രൂപരേഖയില്‍ സാദൃശ്യമുണ്ടെങ്കിലും വിജയന്‍റെ കൃതി ദാര്‍ശനിക സ്വഭാവമുള്ളതല്ല. കാരണം, ഖസാക്കുയാത്ര രവിയെ ഒരു തരത്തിലും സ്പര്‍ശിച്ചിട്ടുള്ളതായി കാണുന്നില്ല. മറ്റുപല താവലന്ഗലിലുമെന്ന പോലെ അവിടെയും അയാള്‍ ജീവിച്ചു എന്നുമാത്രം. താളില്‍ പൊതിഞ്ഞ വസ്ത്രം വെള്ളത്തില്‍ മുക്കിയെടുത്ത കണക്ക്, ഖസാക്കിലെക്കു വരുന്ന രവി വന്നപോലെ തിരിച്ചുപോവുകയാണ്. വാസ്തവത്തില്‍ തിരിച്ചു പോവുകയല്ല, തിരിച്ചു പോകാന്‍ നിര്‍ബന്ധിതനാവുകയാണ്.

രവി കര്‍മബന്ധത്തെക്കുറിച്ചും ജീവിതത്തിന്‍റെ അര്‍ഥശൂന്യതയെക്കുറിച്ചുമൊക്കെ കൂടെക്കൂടെ ചിന്തിക്കുന്നുണ്ട്. ചിന്തയില്‍ ചിലപ്പോള്‍ കാമുവിന്‍റെയും പലപ്പോഴും ആഴം കുറഞ്ഞ വേദാന്തത്തിന്‍റെയും ശബ്ദം കേള്‍ക്കാം.പക്ഷെ സൂക്ഷിച്ചുനോക്കിയാല്‍ മനസ്സിലാവും രവിയുടെ ദു:ഖം അസ്തിത്വത്തിന്‍റെ ദു:ഖമല്ലെന്ന്. അഗമ്യഗമനം (Incest )എന്ന പാപത്തെക്കുറിച്ചുള്ള ബോധത്തില്‍ നിന്ന് ജനിക്കുന്നതാണത്‌. രവി ഒളിച്ചോടുന്നത് ജീവിതത്തില്‍ നിന്നല്ല, ലോകത്തില്‍ നിന്നുമല്ല. സ്വന്തം ദൌര്‍ബല്യങ്ങളുടെ അനന്തരഫലങ്ങളില്‍ നിന്നുമാത്രമാണ്. പാപഭീതിയെന്ന കാറ്റിന്‍റെ മുമ്പില്‍ പറക്കുന്ന കരിയിലയാണയാള്‍. പറക്കുന്നതിനിടയില്‍ കാശിയിലും പ്രയാഗയിലും ബോധാനന്ദന്‍റെ ആശ്രമത്തിലുംവെച്ച് പറ്റി പ്പിടിച്ച സിന്ദൂരപ്പൊടികള്‍ മാത്രമാണ് രവിയുടെ തത്വചിന്തയില്‍ വാസ്തവത്തിലുള്ളത്. അസ്തിത്വത്തിന്‍റെ പ്രശ്നമുണര്‍ത്തുന്ന അന്വേഷണമോ അന്വേഷണത്വരയോ അതിലില്ല.
ദാര്‍ശനിക സ്വഭാവമുള്ള ഒരു പാത്രത്തെ രചിക്കാനാണ് വിജയന്‍ ശ്രമിച്ചിട്ടുള്ളതെങ്കില്‍ അതിലദ്ദേഹം പരാജയപ്പെട്ടിരിക്കുന്നു. അതിലുംഭേദം താനൊരു വീക്ഷണവും ഉദ്ദേശിച്ചിട്ടില്ലെന്ന ഗ്രന്ഥകര്‍ത്താവിന്‍റെ മൊഴി സ്വീകരിക്കുകയാണ്. അല്പംകൂടി സൂക്ഷിച്ചുനോക്കിയാല്‍ മറ്റൊരു രസം കാണാം. രവിയുടെ രചനയിലും വിജയന്‍റെ പരിഹാസം
മുന്‍കൈയ്യെടുത്തിരിക്കുന്നത്. വ്യഭിചരിക്കാന്‍ മടിക്കാത്ത 'ഒരദ്വൈത'ത്തിന്‍റെ ഓര്‍മയില്‍ നിന്ന് ആരഭിക്കുന്ന 'ഇതിഹാസ'ത്തിലെ തത്വചിന്ത ചെന്നവസാനിക്കുന്നത് പേനിന്‍റെയും
എട്ടുകാലിയുടെയുമൊക്കെ പുനര്‍ജന്മ പ്രശ്നത്തിലാണ്. രണ്ടിനും സാകഷ്യംവഹിക്കുന്ന രവി ജീവിതം എന്ന പ്രഹേളികയുടെ മുമ്പില്‍ പകച്ചു നില്‍ക്കുന്ന ഒരവധൂതനല്ല. അവധൂതത്വം പരിഷ്കാരമായി കൊണ്ടുനടക്കുന്ന,സ്വന്തം ദൌര്‍ബല്യങ്ങള്‍ക്കും ഭോഗാസക്തിക്കും തത്വചിന്തയിലൂടെ സാധൂകരണം തേടുന്ന പുതിയ തലമുറയുടെ ഹാസ്യ രൂപമാണ്. വിജയന്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ലെങ്കില്‍ത്തന്നെയും അദ്ദേഹത്തിലെ ഹാസ്യചിത്രകാരന്‍ രവിക്കു നല്‍കിയ രൂപം അതായിപ്പോയി. നോവലിന്‍റെ അവസാന ഘട്ടത്തിലൊരിടത്തു കുടിച്ചും വ്യഭിചരിച്ചും മടുപ്പുവന്ന രവി പനങ്കാട്ടില്‍ എണീറ്റ്‌ നിന്ന് ഉച്ചത്തില്‍ വാങ്കു വിളിച്ചശേഷം. ' കലുഷമായ പരിഹാസ'ത്തില്‍ ഉറക്കെ പൊട്ടി ച്ചിരിക്കുന്നുണ്ട്. ആ ചിരിയാണ് കൃതിയിലുടനീളം മുഴങ്ങി ക്കേള്‍ക്കുന്നത്.

പിന്നെ ഈ കൃതിയെങ്ങനെ അത്യാധുനികവും ദാര്‍ശനികവുമൊക്കെയായി തെറ്റിദ്ധരിക്കപ്പെട്ടു എന്നു ചോദിച്ചാല്‍, പല കാരണങ്ങളിലൊന്ന് വിജയന്‍റെ ശൈലിയും അതിലെ ചില പദ പ്രയോഗങ്ങളുമാണ്‌. പുനര്‍ജ്ജന്മം, ജന്മാന്തരം, വഴിയമ്പലം, ദശാസന്ധി തുടങ്ങിയ വാക്കുകള്‍ പുസ്തകത്തിലുടനീളം കാണാം. അവ പലപ്പോഴും തികഞ്ഞ പരിഹാസത്തിലാണ് ഉപയോഗിചിട്ടുള്ളതെന്ന സത്യം പലരും മനസ്സിലാക്കുന്നില്ല.

ചുരുക്കത്തില്‍ ആദ്യമേ പറഞ്ഞതുപോലെ ,'ഖസാക്കിന്‍റെ ഇതിഹാസം' ഭാവത്തിലുമതെ, രൂപത്തിലുമതെ ഒരു കാര്‍ട്ടൂണ്‍ നോവലാണ്‌. ആ നിലയില്‍ ശ്രദ്ധേയവുമാണ്. നിശിതമായ പരിഹാസമാണതിന്‍റെ ശക്തി. ആ പരിഹാസത്തിന്‍റെ പുറകില്‍ നിയതമായ ഒരു ലക്ഷ്യബോധമില്ലെന്നുള്ളതാണ് അതിന്‍റെ ദൌര്‍ബല്യം. പിന്നെ, ആരോ അഭിപ്രായപ്പെട്ടതു പോലെ, ' ബാല്യകാലസഖി'ക്കു ശേഷം മലയാളത്തില്‍ ആവിര്‍ഭവിച്ച ഏറ്റവും പ്രധാനപ്പെട്ട നോവലാണോ 'ഖസാക്കിന്‍റെ ഇതിഹാസം' എന്നു ചോദിച്ചാല്‍ അതിനൊരു മറുപടിയേ ഉള്ളൂ- മൈക്കലാന്ജലോവിനു ശേഷം ലോകം കണ്ട ഏറ്റവും വലിയ കലാകാരന്‍ അല്‍കാപ്പ് ആണെങ്കില്‍ , അതെ.      ( 1974 )



( sethumadhavan machad)


Friday, May 27, 2011

Haikku of kikaku

ഗുരു നിത്യ ഒരിക്കല്‍ പറഞ്ഞു , സെന്‍ മൌന മന്ദഹാസം മാത്രമാണ്. ഒരന്വേഷി ശ്രീബുദ്ധന് അര്‍പിച്ച പൂ കൈയിലെടുത്ത് അദ്ദേഹം അതിനുനേരെ നോക്കി നിശബ്ദം മന്ദഹസിച്ചു. ബുദ്ധവദനത്തില്‍ പൊഴിഞ്ഞ പുഞ്ചിരി കണ്ട് ധര്‍മകശ്യപന്‍ എന്ന ശിഷ്യന്‍ തന്‍റെ ഹൃദയത്തിലെക്കത് ഏറ്റുവാങ്ങി. സെന്നിന്‍റെ ആത്മാവ് വാക്കുകള്‍ക്കുമപ്പുറം വിടര്‍ന്നു നിന്നു. ഒരു ജ്ഞാനസൂത്രത്തി...ലും സെന്‍ പ്രതിഫലിച്ചില്ല. ഉച്ചരിക്കപ്പെട്ട വാക്കുകള്‍ക്കപ്പുറം സെന്‍ പുഞ്ചിരി തൂകി. അന്വേഷിയുടെ ആന്തരികതയെ, സംവേദന ശൂന്യതയെ, സര്‍ഗ നിമിഷങ്ങളുടെ ചെറുകണങ്ങളെ സെന്‍ നമുക്കായി തുറന്നിട്ടു. സൌന്ദര്യത്തോടൊപ്പം ഉള്ളിലുള്ള വൈരൂപ്യത്തെയും അത് പുറത്തെടുത്തു. ഒരുവന് താന്‍ ആരെന്നും ആരല്ലെന്നും വെളിപ്പെടുത്തുകയായിരുന്നു സെന്‍. സെന്നില്‍ ദൈവം പ്രത്യക്ഷപ്പെടുന്നില്ല. ആരാധനയില്ല. ജനനവും മരണവുമില്ല .മരണാനന്തര ജീവിതവുമില്ല. സ്വര്‍ഗ്ഗവും നരകവുമില്ല. എന്തെന്നാല്‍ സെന്‍ ജീവിതത്തിന്‍റെ കവിത മാത്രമാണ്. ധ്യാനത്തിന്‍റെ മാത്രയാണത്. ധ്യാനമാവട്ടെ ജീവന്‍റെ സംഗീതവും. പുരാതനമായ ഒരു നീരൊഴുക്കിന്‍റെ അടിയില്‍ തണുപ്പത്ത് അറിയപ്പെടാതെ കിടന്ന വെള്ളാരങ്കല്ല് പോലെ സെന്‍ ഇക്കാലമത്രയും നമ്മുടെ കാലത്തെയും ജീവിതത്തെയും കാത്തുകിടന്നു. ഒരു സെന്‍കഥ വായിച്ചു നോക്കാം. സെന്‍ ഗുരുവിനോട് ശിഷ്യന്‍ ചോദിച്ചു.' സെന്നിന്‍റെ രഹസ്യമെന്താണ്?' ഗുരു പറഞ്ഞു : എനിക്ക് നിങ്ങളില്‍ നിന്ന് ഒന്നും ധരിക്കാനില്ല. നിങ്ങളില്‍ നിന്ന് ഒന്നും ഒളിച്ചുവെക്കാനുമില്ല. ശിഷ്യന്‍ വിനയത്തോടെ പറഞ്ഞു.' ഇപ്പോഴും എനിക്കൊന്നും മനസ്സിലായില്ല.' ഗുരു പറഞ്ഞു. ഈ കുന്നിന്‍റെ പിന്നാമ്പുറങ്ങളിലൂടെ നമുക്കൊന്ന് നടന്നുവരാം. നിബിഡമായ മരങ്ങള്‍ക്കും പറന്നുപോകുന്ന പക്ഷികള്‍ക്കും അരികിലൂടെ അവര്‍ പതുക്കെ നടന്നുപോയി. കുറച്ചു നടന്നപ്പോള്‍ ഗുരു തരളിതനായി നിന്നു. " ഹായ് കാട്ടുമുല്ലയുടെ സുഗന്ധം...നിനക്കുമത് അനുഭവപ്പെടുന്നില്ലേ? " ശിഷ്യന്‍ തെല്ലിട പരിമളത്തില്‍ ലയിച്ചങ്ങനെ കണ്ണുമടച്ചു നിന്നു. " സുഹൃത്തെ നിങ്ങളില്‍ നിന്ന് ഞാനൊന്നും ഒളിച്ചുവെച്ചിട്ടില്ല" എന്നു പറഞ്ഞുകൊണ്ട് ഗുരു മന്ദം നടന്നകന്നു. സെന്‍ കഥയുടെ മൌന മന്ദഹാസം ഒളിതൂകിയ ഹൈക്കുവിലേക്ക് നമുക്ക് നടന്നുചെല്ലാം.



The full autumn moon
on this strw mat
pine tree shadow


ശരത്കാല പൌര്‍ണമി
പൈന്‍മര ച്ഛായയിലീ-
പുല്‍പ്പായയില്‍ ....



This wooden gate
shuts me out for the night
winter moon

ഹേമന്തരാവിലെ ചന്ദ്രികയില്‍
ഈ  പടിവാതിലെന്നെ
കൊട്ടിയടച്ചു പുറത്താക്കുന്നു . ( കികാകു)

-sethumadhavan machad


Saturday, May 7, 2011

k on a r k .2.

കൊണാര്‍ക്കിലെ ശില്‍പകല മനുഷ്യസൌന്ദര്യത്തിന്‍റെ ഉദാത്തവും സമൂര്‍ത്തവുമായ കാഴ്ചയാണ്. കല ലാവണ്യത്തിന്‍റെ ആവിഷ്കാരം എന്ന നിലയില്‍ത്തന്നെയാണ് ഭാരതീയ ശില്പചാതുരി കൊണാര്‍ക്കിലും പ്രകടമാകുന്നത്. കലയുടെ സൌന്ദര്യാസ്വാദനം പലപ്പോഴും നൂറ്റാണ്ടുകള്‍ക്കു ശേഷമാണ് കലാവിമര്‍ശനം തിരിച്ചറിയുന്നത്‌. ഖജുരാഹോയിലെയും കൊണാര്‍ക്കിലെയും രതിശില്പങ്ങള്‍ കലാബാഹ്യമ...ായ നിരൂപണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. കൊണാര്‍ക്ക് വന്ധ്യതയുടെ മഹാഗോപുരമെന്നു വിമര്‍ശിച്ചവരുണ്ട്. കലയുടെ അപചയമെന്നു മുദ്രവെച്ചവരുമുണ്ട്. ഒരു മഹാസംസ്കൃതിയുടെ ക്ഷയമെന്നു വിധിച്ചവരും കുറവല്ല. തരുണമായ ശരീരത്തിന്‍റെ ഉത്സവമാണ് കൊണാര്‍ക്കിലെ ശിലാകാവ്യങ്ങളില്‍ ഏറെയും. പ്രണയപാരമ്യത്തിന് ആധ്യാത്മികമായ സഹജാവസ്ഥ നല്‍കുന്നത് ഭാരതീയകലയുടെ സാക്ഷാത്കാരമാണെന്ന് കലാനിരൂപകനായ
ശ്രീ ആനന്ദകുമാരസ്വാമി രേഖപ്പെടുത്തി. ഇരുവരും ആലിംഗനത്തില്‍ ഒന്നായിനില്‍ക്കുന്ന ആത്മവിസ്മൃതി സഹജമായ പ്രേമമാണെന്നും, വെറും സഹഭാവമെന്നതിലുപരി അന്യോന്യ വിലയനത്തിന്‍റെ ഐകരൂപ്യമാണെന്നുമുള്ള അദ്ദേഹത്തിന്‍റെ വീക്ഷണത്തോടാണ് ഞാന്‍ യോജിക്കുന്നത്. ബീജഗണിതത്തിലെ സമവാക്യം പോലെയാണത്. പദങ്ങളല്ല
ഒന്ന് എന്നതിലെത്തുന്ന ലളിതസമവാക്യം. കലയുടെ സൌമ്യമായ സാക്ഷാത്കാരം എന്ന നിലയിലാണ് കൊണാര്‍ക്കിലെ രതിനിര്‍വേദം ഞാന്‍ വായിക്കുന്നത്.

ജന്‍മോഹന എന്ന് ഒറീസയില്‍ പറയുന്ന ശ്രീകോവിലിനു മുന്നില്‍ കല്‍മണ്ടപത്തിന്‍റെ മുഖശ്രീയായി ഒരാവരണചിഹ്നം പോലെ നിലകൊള്ളുന്ന രതിശില്പങ്ങള്‍ ലാസ്യ പൂര്‍ണവും പ്രണയാര്‍ദ്രവുമാണ്. ചോദനകള്‍ ദിവ്യമാണെന്നും കലയുടെ സാക്ഷാത്കാരം തേടിയുള്ള താന്ത്രികസാധനയാണെന്നും സ്ഥപതികള്‍ കരുതി. ഇണയെപ്പിരിഞ്ഞു നീണ്ട പന്ത്രണ്ടു വര്‍ഷം ശില്പകാവ്യത്തില്‍ സ്വയം നിറവേറിയ ശില്പികളുടെ ഉറഞ്ഞുപോയ രതിയുടെയും കാമനകളുടെയും ആവിഷ്കാരം. സാമീപ്യവും സായൂജ്യവും ഉളിപ്പാടുകളുടെ സംയോഗകലയില്‍ നൃത്തംവെക്കുന്നത് നമ്മുടെ ഉള്‍ക്കണ്ണില്‍ തെല്ലിട മിന്നിമറയും. ഒരു തീര്‍ഥാടനത്തിന്‍റെ സ്നാനഘട്ടമല്ല കൊണാര്‍ക്ക്. ചിത്രോത്പലയും കുശ ഭദ്രയും ചന്ദ്രഭാഗയും ഒഴുകിയ ഒറീസയുടെ കൃഷിയിടങ്ങളില്‍ ഏഴു നൂറ്റാണ്ടുകളെ പിന്നിട്ട് കൊണാര്‍ക്കിന്നും ശിരസ്സുയര്‍ത്തി നില്‍ക്കുന്നു. നാഗരികത പരിക്കേല്‍പ്പിക്കാത്ത കാടകത്തിലെ ജ്യോതിസ്സായി നിന്നു ഈ സൂര്യക്ഷേത്രം.

ഉടലിന്‍റെ വശ്യസൌന്ദര്യം കാമകലയുടെ ശിലാമയവടിവുകളില്‍ നാട്യശാസ്ത്രത്തിലെന്നപോലെ മുദ്രിതമായിരിക്കുന്നു. ജീവരതിയുടെ അഭിനിവേശങ്ങളും കാമനയുടെ ആസക്തികളും ലയംകൊള്ളുന്നത്‌ വാസ്തുകലാ വിദ്യാര്‍ഥികള്‍ മാത്രമല്ല പുറംലോകത്ത് നിന്നെത്തിയ പ്രയാണികളും കലാസ്വാദകരും ഒരുപോലെ ഉള്‍ക്കൊണ്ടു. ദക്ഷിണേന്ത്യയിലെ ചോള പല്ലവശൈലികളുടെ ഒരപൂര്‍വസംയോഗം കൊണാര്‍ക്കിലെ ശില്‍പികള്‍ സ്വാംശീകരിച്ചുവെന്നു വേണം കരുതാന്‍. ഒഡീസിയുടെ കാല്‍ച്ചിലങ്കകള്‍ സൂര്യക്ഷേത്രത്തിന്‍റെ തണുപ്പാര്‍ന്ന ശിലാതളിമത്തില്‍ ആനന്ദനടനമാടി.

പോക്കുവെയില്‍ സുവര്‍ണനിറം ചാര്‍ത്തിയ കൊണാര്‍ക്കിന്‍റെ ശിരസ്സില്‍ സാഗരോര്‍മികള്‍ സമ്മാനിച്ച അലയൊലി പ്രതിധ്വനിച്ചു.ചന്ദ്രഭാഗാനദിയുടെ സംഗമസ്ഥാനത്ത്‌ രൂപം കൊണ്ട പഴയ തുറമുഖനഗരം ഇന്ന് ചരിത്രവിദ്യാര്‍ഥികളുടെയും കലാസ്വാദകരുടെയും വിശ്രമകേന്ദ്രം മാത്രം.പക്ഷെ കൊണാര്‍ക്കിന്‍റെ വിജനത എനിക്ക് അതീവഹൃദ്യമായാണ്
അനുഭവപ്പെട്ടത്. പതിറ്റടി താണ് ഇരുളിലമര്‍ന്ന കൊണാര്‍ക്കിലെ ത്രിസന്ധ്യ ലാസ്യഭംഗിയാര്‍ന്നു. എവിടെനിന്നോ ഒരു ചിലങ്ക കിലുങ്ങിയോ? കേളുചരണ്‍ മഹാപത്ര? സോണാല്‍ മാന്‍സിംഗ്? അതുമല്ല .. മാല്പയില്‍ അന്ധര്‍ധാനം ചെയ്ത പ്രോതിമ? അഥവാ... പുരാതന നഗരിയെ നൃത്തച്ചുവടുകള്‍ കൊണ്ട് ഉന്‍മാദിയാക്കിയ ദേവഗാന്ധാരികള്‍? ജീവരതിയുടെ ഉത്സവം നാദകലയുടെ സ്നാനത്താല്‍ ഓര്‍മകളില്‍ താളമിടുന്നു.കരണങ്ങളും ചുവടുകളും മഹാനാദത്തിലമര്‍ന്നു ജീവോര്‍ജത്തിന്‍റെ സാന്ദ്രിമയില്‍ ഒഴുകിനടന്നു.

നൂറ്റിയെട്ട് നൃത്തശില്പങ്ങളും എണ്‍പത്തിനാല് രതിശില്പങ്ങളും കൊണാര്‍ക്കിനെ ലാവണ്യപൂര്‍ണമാക്കുന്നു. കാലവും കലയും കാമവും തേജോരൂപമായി കൊണാര്‍ക്കിനെ
മുകര്‍ന്നു. ഇണയെ പ്പിരിഞ്ഞു ജീവിച്ച ശില്പികളുടെ കണ്ണീര്‍ ചന്ദ്രഭാഗയില്‍ ഒഴുകിപ്പോയിരിക്കാം. തോര്‍ന്നുപോയ മിഴികളിലെ വിശ്രാന്തിയാവാം ശിലകളില്‍ പ്രതിഫലിച്ചത്.
കാലത്തിന്‍റെ രഥചക്രങ്ങളില്‍ കൊണാര്‍ക്ക് ചരിത്രത്തിന്‍റെ ഉദയവും അസ്തമയവും കണ്ടുനില്‍ക്കുന്നു. നൂറ്റാണ്ടുകളുടെ സ്പന്ദനമായി ഒരു ശിലാകാവ്യം. ഒരു ഗ്രഹണത്തിനും തമസ്കരിക്കാനാവാത്ത വജ്രകാന്തിയാണ് കൊണാര്‍ക്ക്.
- sethumadhavan machad

Friday, May 6, 2011

Konark. 1.

ചന്ദ്രഭാഗയുടെ സംഗമബിന്ദുവില്‍ അര്‍ക്കകോണ്‍ എന്നര്‍ഥമുള്ള സൂര്യക്ഷേത്രം. കൊണാര്‍ക്ക് . വിജനമായ കാലത്തിന്‍റെ തിരസ്കരണിയിലമര്‍ന്ന ഒരു കൃഷ്ണശില. നിലച്ചു പോയ ഘടികാരത്തില്‍ വിലയംകൊണ്ട പ്രാര്‍ഥന. കൊണാര്‍ക്കില്‍ പ്രതിഷ്ഠയും പ്രാര്‍ഥനയുമില്ല. കോണുകളില്‍ പതിക്കുന്ന സൂര്യരശ്മികളുടെ ജ്വാലാമുഖികള്‍ ഈ ശിലാഗോപുരത്തെ എന്നും ഉദയാസ്തമയങ്ങളാല്‍ അര്‍ച്ചന ചെയ്തു. പൂര്‍ത്തീകരിക്കപ്പെടാതെ പോയ, അനേകം ശില്പികളുടെയും സ്ഥപതിമാരുടെയും കാലത്തിലുറഞ്ഞു പോയ സ്വപ്നങ്ങളുടെ പ്രാകാരം. സമുദ്രതീരത്തെ ഈ സൂര്യരഥത്തിന് മുഖമണ്ഡപവും, ഗര്‍ഭഗൃഹവുമില്ല. ഏഴ് കുതിരകളെ പൂട്ടിയ രഥം അമരക്കാരനായ അരുണന്‍ തെളിക്കുന്നില്ല. സംജ്ഞയും ച്ഛായയും തേജോമയകാന്തിയില്‍ സൂര്യനൊപ്പം ഉപവിഷ്ടരായിരിക്കുന്നതും കണ്ടില്ല. എന്നാല്‍ ഭൂമിയിലെ വിസ്മയമായ സൂര്യക്ഷേത്രം പന്ത്രണ്ടു വര്‍ഷം ഉറ്റവരെയും ഉടയവരെയും പിരിഞ്ഞുജീവിച്ച ശില്പികളുടെ ഉളിശബ്ദങ്ങളാല്‍ മുദ്രിതമായൊരു മഹാമൌനത്തിന്‍റെ സാക്ഷ്യമാണ്. കൊണാര്‍ക്കിലെ ഓരോ ശിലക്കു മുമ്പിലും വിസ്മയഭരിതനാകുന്ന സഞ്ചാരി കാലത്തിലൂടെയും ചരിത്രത്തിലൂടെയും പുറകോട്ടു നടന്നുപോകുന്നു.

സഞ്ചാരിയുടെ ഭൂപടത്തില്‍ ഒറീസ വെറുമൊരു സംസ്ഥാനം മാത്രമാകുന്നില്ല. തലസ്ഥാനനഗരിയായ ഭുവനേശ്വര്‍ സമ്പന്നമായൊരു ഗതകാലം നമുക്ക് സമ്മാനിക്കുന്നു. ഹിന്ദു  രാജ വംശങ്ങളുടെ ഉദയം മുതല്‍ അസ്തമയം വരെയുള്ള ശിഷ്ടസ്മൃതികള്‍ നഗരാവാശിഷ്ടങ്ങളില്‍ നമുക്ക് വായിച്ചെടുക്കാം. ഉത്തുംഗമായ ശില്പഗോപുരങ്ങള്‍ ഈ നഗരിയെ വാസ്തുകലയുടെ സ്വപ്നഭൂമികയാക്കുന്നു. ഭാരതീയ ശില്പകലയില്‍ കലിംഗശൈലിക്ക് സവിശേഷമായൊരു മാതൃകയുണ്ട്‌. ഏഴാം നൂറ്റാണ്ടില്‍ ശൈവാരാധന പ്രബലമാക്കിയ കലിംഗശൈലിയാണ് ഈ മഹദ്പ്രാകാരങ്ങളുടെ സുവര്‍ണ ഗോപുരങ്ങള്‍ പണിതീര്‍ത്തത്. ചേദിവംശജനായ നരസിംഹന്‍ പുരി നഗരത്തിന്‍റെ സമ്പത്തുപയോഗിച്ച് പന്ത്രണ്ടു വര്‍ഷം കൊണ്ട് ആയിരത്തി ഇരുനൂറു ശില്പികളെക്കൊണ്ട് പകല്‍ മുഴുവനും പണിചെയ്യിച്ചാണ് കൊണാര്‍ക്കിലെ സൂര്യക്ഷേത്രം നിര്‍മ്മിച്ചത്‌ .

പന്ത്രണ്ടുരാശികളെ പ്രതിനിധാനം ചെയ്യുന്ന കൊണാര്‍ക്കിന്‍റെ പന്ത്രണ്ട് രഥചക്രങ്ങള്‍ ചാക്രികകാലത്തിന്‍റെ അനശ്വരഭാവന പോലെ നിലകൊണ്ടു. ഭുവനേശ്വറില്‍നിന്ന് നാല്പതു കിലോമീറ്റര്‍ അകലെയുള്ള കൊണാര്‍ക്കിലേക്ക് വിജനമായ ഗ്രാമീണപാതകളാണ്. ചിലപ്പോഴൊക്കെ വനാതിര്‍ത്തിയിലൂടെ നാംകടന്നുപോകും. ഇടക്കെപ്പോഴോ ചിത്രോത്പലയും ചന്ദ്രഭാഗയും ഒഴുകുന്നത്‌ നാം അറിയാതെ പോവില്ല. ഈ നദികള്‍ സമുദ്രവുമായി സംഗമിക്കുന്നു. കടലിലേക്ക്‌ മിഴിതുറക്കുന്ന ജ്യോതി കണക്കെ കൊണാര്‍ക്ക്‌ ദൃശ്യമാവുന്നു. നിശ്ചലകാലത്തെ സമയരഥ്യയിലൂടെ കുളമ്പടിവെച്ച് ചലനമുളവാക്കുന്ന കൊണാര്‍ക്കിലെ തേരുരുള്‍, ശില്പികളുടെ ഉളിപ്പാടുകളില്‍ നിന്നുണര്‍ന്ന ഊര്‍ജത്തിന്‍റെ
താളവും നടനവുമാണ്. സൂര്യരഥത്തിന്‍റെ ഏഴു കല്‍ക്കുതിരകളും നിസ്സാരമായ അംഗഭംഗവുമായി ഇന്നും കുതിച്ചുനിക്കുന്നു. സഹസ്രാബ്ദങ്ങള്‍ കഴിഞ്ഞിട്ടും തുരുമ്പെടുക്കാത്ത
അരുണധ്വജവും കല്‍മണ്ഡപത്തിലെ രതിശില്പങ്ങളും അസുലഭഭംഗിയുടെ അന്യൂനമാതൃകയായി നിലനില്‍ക്കുന്നു. മൂന്നുമീറ്റര്‍ ഉയരമുള്ളതും യാമങ്ങളുടെ പ്രതീകമായ എട്ടു കലകളോടു കൂടിയതുമായ രഥചക്രങ്ങള്‍ നിശ്ചലകാലത്തെ ഓര്‍മിപ്പിക്കും. ശ്രീകോവിലിന്‍റെ പുറംഭിത്തികളില്‍ തെക്കും പടിഞ്ഞാറും വടക്കുമുള്ള വാതില്‍സ്ഥാനങ്ങളില്‍ കൊത്തിവെച്ചിട്ടുള്ള സൂര്യവിഗ്രഹങ്ങള്‍ അനന്തകാലത്തിന്‍റെ മായാത്ത മുദ്രകളായി പരിലസിച്ചു. ഉദയ മധ്യാഹ്ന അസ്തമയ സൂര്യന്‍റെ പ്രതീകങ്ങളായ ഈ സൂര്യവിഗ്രഹങ്ങള്‍
തേജോമയ സൌന്ദര്യത്തോടെ കാണപ്പെട്ടു. ഏതാണ്ട് അറുപത്തെട്ടു മീറ്റര്‍ ഉയരമുള്ള സൂര്യക്ഷേത്രത്തിന്‍റ കല്‍പടവുകള്‍ കയറിയെത്തുമ്പോള്‍ , പ്രതിഷ്ഠ നഷ്ടപ്പെട്ട ശ്രീലകവാതില്‍
നമുക്ക് മുന്നില്‍ ഗഹനമായൊരു മൌനമാവുന്നു. ആരതിയില്ല. അര്‍ച്ചനയും പ്രസാദവുമില്ല. എന്നാല്‍ കാലത്തെ വെല്ലുന്ന ശില്പഗോപുരത്തിന്‍റെ ശിലാകാവ്യം  , അതിനുപിന്നിലെ
വിയര്‍പ്പിന്‍റെ ഉളിയൊച്ചകള്‍, നൃത്തരാവിന്‍റെ ചിലങ്കകള്‍ , ചന്ദ്രഭാഗയില്‍ പ്രതിഫലിച്ച സ്വപ്നത്തിന്‍റെ നിലാനുറുങ്ങുകള്‍ എല്ലാമെല്ലാം നാദഭരിതമായൊരു ഉണര്‍ച്ചയിലേക്ക്
നമ്മെ കൂട്ടിക്കൊണ്ടു പോകും .

sethumadhavan machad

Konark. 1.

ചന്ദ്രഭാഗയുടെ സംഗമബിന്ദുവില്‍ അര്‍ക്കകോണ്‍ എന്നര്‍ഥമുള്ള സൂര്യക്ഷേത്രം. കൊണാര്‍ക്ക് . വിജനമായ കാലത്തിന്‍റെ തിരസ്കരണിയിലമര്‍ന്ന ഒരു കൃഷ്ണശില. നിലച്ചു പോയ ഘടികാരത്തില്‍ വിലയംകൊണ്ട പ്രാര്‍ഥന. കൊണാര്‍ക്കില്‍ പ്രതിഷ്ഠയും പ്രാര്‍ഥനയുമില്ല. കോണുകളില്‍ പതിക്കുന്ന സൂര്യരശ്മികളുടെ ജ്വാലാമുഖികള്‍ ഈ ശിലാഗോപുരത്തെ എന്നും ഉദയാസ്തമയങ്ങളാല്‍ അര്‍ച്ചന ചെയ്തു. പൂര്‍ത്തീകരിക്കപ്പെടാതെ പോയ, അനേകം ശില്പികളുടെയും സ്ഥപതിമാരുടെയും കാലത്തിലുറഞ്ഞു പോയ സ്വപ്നങ്ങളുടെ പ്രാകാരം. സമുദ്രതീരത്തെ ഈ സൂര്യരഥത്തിന് മുഖമണ്ഡപവും, ഗര്‍ഭഗൃഹവുമില്ല. ഏഴ് കുതിരകളെ പൂട്ടിയ രഥം അമരക്കാരനായ അരുണന്‍ തെളിക്കുന്നില്ല. സംജ്ഞയും ച്ഛായയും തേജോമയകാന്തിയില്‍ സൂര്യനൊപ്പം ഉപവിഷ്ടരായിരിക്കുന്നതും കണ്ടില്ല. എന്നാല്‍ ഭൂമിയിലെ വിസ്മയമായ സൂര്യക്ഷേത്രം പന്ത്രണ്ടു വര്‍ഷം ഉറ്റവരെയും ഉടയവരെയും പിരിഞ്ഞുജീവിച്ച ശില്പികളുടെ ഉളിശബ്ദങ്ങളാല്‍ മുദ്രിതമായൊരു മഹാമൌനത്തിന്‍റെ സാക്ഷ്യമാണ്. കൊണാര്‍ക്കിലെ ഓരോ ശിലക്കു മുമ്പിലും വിസ്മയഭരിതനാകുന്ന സഞ്ചാരി കാലത്തിലൂടെയും ചരിത്രത്തിലൂടെയും പുറകോട്ടു നടന്നുപോകുന്നു.

സഞ്ചാരിയുടെ ഭൂപടത്തില്‍ ഒറീസ വെറുമൊരു സംസ്ഥാനം മാത്രമാകുന്നില്ല. തലസ്ഥാനനഗരിയായ ഭുവനേശ്വര്‍ സമ്പന്നമായൊരു ഗതകാലം നമുക്ക് സമ്മാനിക്കുന്നു. ഹിന്ദു  രാജ വംശങ്ങളുടെ ഉദയം മുതല്‍ അസ്തമയം വരെയുള്ള ശിഷ്ടസ്മൃതികള്‍ നഗരാവാശിഷ്ടങ്ങളില്‍ നമുക്ക് വായിച്ചെടുക്കാം. ഉത്തുംഗമായ ശില്പഗോപുരങ്ങള്‍ ഈ നഗരിയെ വാസ്തുകലയുടെ സ്വപ്നഭൂമികയാക്കുന്നു. ഭാരതീയ ശില്പകലയില്‍ കലിംഗശൈലിക്ക് സവിശേഷമായൊരു മാതൃകയുണ്ട്‌. ഏഴാം നൂറ്റാണ്ടില്‍ ശൈവാരാധന പ്രബലമാക്കിയ കലിംഗശൈലിയാണ് ഈ മഹദ്പ്രാകാരങ്ങളുടെ സുവര്‍ണ ഗോപുരങ്ങള്‍ പണിതീര്‍ത്തത്. ചേദിവംശജനായ നരസിംഹന്‍ പുരി നഗരത്തിന്‍റെ സമ്പത്തുപയോഗിച്ച് പന്ത്രണ്ടു വര്‍ഷം കൊണ്ട് ആയിരത്തി ഇരുനൂറു ശില്പികളെക്കൊണ്ട് പകല്‍ മുഴുവനും പണിചെയ്യിച്ചാണ് കൊണാര്‍ക്കിലെ സൂര്യക്ഷേത്രം നിര്‍മ്മിച്ചത്‌ .

പന്ത്രണ്ടുരാശികളെ പ്രതിനിധാനം ചെയ്യുന്ന കൊണാര്‍ക്കിന്‍റെ പന്ത്രണ്ട് രഥചക്രങ്ങള്‍ ചാക്രികകാലത്തിന്‍റെ അനശ്വരഭാവന പോലെ നിലകൊണ്ടു. ഭുവനേശ്വറില്‍നിന്ന് നാല്പതു കിലോമീറ്റര്‍ അകലെയുള്ള കൊണാര്‍ക്കിലേക്ക് വിജനമായ ഗ്രാമീണപാതകളാണ്. ചിലപ്പോഴൊക്കെ വനാതിര്‍ത്തിയിലൂടെ നാംകടന്നുപോകും. ഇടക്കെപ്പോഴോ ചിത്രോത്പലയും ചന്ദ്രഭാഗയും ഒഴുകുന്നത്‌ നാം അറിയാതെ പോവില്ല. ഈ നദികള്‍ സമുദ്രവുമായി സംഗമിക്കുന്നു. കടലിലേക്ക്‌ മിഴിതുറക്കുന്ന ജ്യോതി കണക്കെ കൊണാര്‍ക്ക്‌ ദൃശ്യമാവുന്നു. നിശ്ചലകാലത്തെ സമയരഥ്യയിലൂടെ കുളമ്പടിവെച്ച് ചലനമുളവാക്കുന്ന കൊണാര്‍ക്കിലെ തേരുരുള്‍, ശില്പികളുടെ ഉളിപ്പാടുകളില്‍ നിന്നുണര്‍ന്ന ഊര്‍ജത്തിന്‍റെ
താളവും നടനവുമാണ്. സൂര്യരഥത്തിന്‍റെ ഏഴു കല്‍ക്കുതിരകളും നിസ്സാരമായ അംഗഭംഗവുമായി ഇന്നും കുതിച്ചുനിക്കുന്നു. സഹസ്രാബ്ദങ്ങള്‍ കഴിഞ്ഞിട്ടും തുരുമ്പെടുക്കാത്ത
അരുണധ്വജവും കല്‍മണ്ഡപത്തിലെ രതിശില്പങ്ങളും അസുലഭഭംഗിയുടെ അന്യൂനമാതൃകയായി നിലനില്‍ക്കുന്നു. മൂന്നുമീറ്റര്‍ ഉയരമുള്ളതും യാമങ്ങളുടെ പ്രതീകമായ എട്ടു കലകളോടു കൂടിയതുമായ രഥചക്രങ്ങള്‍ നിശ്ചലകാലത്തെ ഓര്‍മിപ്പിക്കും. ശ്രീകോവിലിന്‍റെ പുറംഭിത്തികളില്‍ തെക്കും പടിഞ്ഞാറും വടക്കുമുള്ള വാതില്‍സ്ഥാനങ്ങളില്‍ കൊത്തിവെച്ചിട്ടുള്ള സൂര്യവിഗ്രഹങ്ങള്‍ അനന്തകാലത്തിന്‍റെ മായാത്ത മുദ്രകളായി പരിലസിച്ചു. ഉദയ മധ്യാഹ്ന അസ്തമയ സൂര്യന്‍റെ പ്രതീകങ്ങളായ ഈ സൂര്യവിഗ്രഹങ്ങള്‍
തേജോമയ സൌന്ദര്യത്തോടെ കാണപ്പെട്ടു. ഏതാണ്ട് അറുപത്തെട്ടു മീറ്റര്‍ ഉയരമുള്ള സൂര്യക്ഷേത്രത്തിന്‍റ കല്‍പടവുകള്‍ കയറിയെത്തുമ്പോള്‍ , പ്രതിഷ്ഠ നഷ്ടപ്പെട്ട ശ്രീലകവാതില്‍
നമുക്ക് മുന്നില്‍ ഗഹനമായൊരു മൌനമാവുന്നു. ആരതിയില്ല. അര്‍ച്ചനയും പ്രസാദവുമില്ല. എന്നാല്‍ കാലത്തെ വെല്ലുന്ന ശില്പഗോപുരത്തിന്‍റെ ശിലകാവ്യം , അതിനുപിന്നിലെ
വിയര്‍പ്പിന്‍റെ ഉളിയൊച്ചകള്‍, നൃത്തരാവിന്‍റെ ചിലങ്കകള്‍ , ചന്ദ്രഭാഗയില്‍ പ്രതിഫലിച്ച സ്വപ്നത്തിന്‍റെ നിലാനുറുങ്ങുകള്‍ എല്ലാമെല്ലാം നാദഭരിതമായൊരു ഉണര്‍ച്ചയിലേക്ക്
നമ്മെ കൂട്ടിക്കൊണ്ടു പോകും .

sethumadhavan machad

Konark. 1.

ചന്ദ്രഭാഗയുടെ സംഗമബിന്ദുവില്‍ അര്‍ക്കകോണ്‍ എന്നര്‍ഥമുള്ള സൂര്യക്ഷേത്രം. കൊണാര്‍ക്ക് . വിജനമായ കാലത്തിന്‍റെ തിരസ്കരണിയിലമര്‍ന്ന ഒരു കൃഷ്ണശില.  നിലച്ചു പോയ ഘടികാരത്തില്‍ വിലയംകൊണ്ട പ്രാര്‍ഥന. കൊണാര്‍ക്കില്‍ പ്രതിഷ്ഠയും പ്രാര്‍ഥനയുമില്ല. കോണുകളില്‍ പതിക്കുന്ന സൂര്യരശ്മികളുടെ ജ്വാലാമുഖികള്‍ ഈ  ശിലാ  ഗോപുരത്തെ എന്നും ഉദയാസ്തമയങ്ങളില്‍ അര്‍ച്ചന ചെയ്തു. പൂര്‍ത്തീകരിക്കപ്പെടാതെ പോയ,  അനേകം ശില്പികളുടെയും സ്ഥപതിമാരുടെയും കാലത്തിലുറഞ്ഞു പോയ സ്വപ്നങ്ങളുടെ പ്രാകാരം. സമുദ്രതീരത്തെ ഈ സൂര്യരഥത്തിന് മുഖമണ്ഡപവും, ഗര്‍ഭഗൃഹവുമില്ല. ഏഴ് കുതിരകളെ പൂട്ടിയ രഥം അമരക്കാരനായ അരുണന്‍ തെളിക്കുന്നില്ല. സംജ്ഞയും ച്ഛായയും തേജോമയകാന്തിയില്‍ സൂര്യനൊപ്പം ഉപവിഷ്ടരായിരിക്കുന്നതും കണ്ടില്ല. എന്നാല്‍ ഭൂമിയിലെ വിസ്മയമായ സൂര്യക്ഷേത്രം പന്ത്രണ്ടു വര്ഷം ഉറ്റവരെയും ഉടയവരെയും പിരിഞ്ഞുജീവിച്ച ശിപികളുടെ ഉളിശബ്ദങ്ങളാല്‍ മുദ്രിതമായൊരു മഹാമൌനത്തിന്‍റെ സാക്ഷ്യമാണ്. കൊണാര്‍ക്കിലെ ഓരോ ശിലക്കു മുമ്പിലും വിസ്മയഭരിതനാകുന്ന സഞ്ചാരി കാലത്തിലൂടെയും ചരിത്രത്തിലൂടെയും പുറകോട്ടു നടന്നുപോകുന്നു.

സഞ്ചാരിയുടെ ഭൂപടത്തില്‍ ഒറീസ വെറുമൊരു സംസ്ഥാനം മാത്രമാകുന്നില്ല. തലസ്ഥാനനഗരിയായ ഭുവനേശ്വര്‍ സമ്പന്നമായൊരു ഗതകാലം നമുക്ക് സമ്മാനിക്കുന്നു. ഹിന്ദു രാജ വംശങ്ങളുടെ ഉദയം മുതല്‍ അസ്തമയം വരെയുള്ള ശിഷ്ടസ്മൃതികള്‍ നഗരാവാശിഷ്ടങ്ങളില്‍ നമുക്ക് വായിച്ചെടുക്കാം. ഉത്തുംഗമായ ശില്പഗോപുരങ്ങള്‍ ഈ നഗരിയെ വാസ്തുകലയുടെ സ്വപ്നഭൂമികയാക്കുന്നു. ഭാരതീയ ശില്പകലയില്‍ കലിംഗശൈലിക്ക് സവിശേഷമായൊരു മാതൃകയുണ്ട്‌. ഏഴാം നൂറ്റാണ്ടില്‍ ശൈവാരാധന പ്രബലമാക്കിയ കലിംഗ ശൈലിയാണ് ഈ മഹദ്പ്രാകാരങ്ങളുടെ സുവര്‍ണ ഗോപുരങ്ങള്‍ പണിതീര്‍ത്തത്. ചേദിവംശജനായ നരസിംഹന്‍ പുരി നഗരത്തിന്‍റെ സമ്പത്തുപയോഗിച്ച് പന്ത്രണ്ടു വര്‍ഷം കൊണ്ട് ആയിരത്തി ഇരുനൂറു ശില്പികളെക്കൊണ്ട് പകല്‍ മുഴുവനും പണിചെയ്യിച്ചാണ് കൊണാര്‍ക്കിലെ സൂര്യക്ഷേത്രം നിര്‍മ്മിച്ചത്‌ .

പന്ത്രണ്ടുരാശികളെ പ്രതിനിധാനം ചെയ്യുന്ന കൊണാര്‍ക്കിന്‍റെ പന്ത്രണ്ട് രഥചക്രങ്ങള്‍ ചാക്രികകാലത്തിന്‍റെ അനശ്വരഭാവന പോലെ നിലകൊണ്ടു. ഭുവനേശ്വറില്‍നിന്ന് നാല്പതു കിലോമീറ്റര്‍ അകലെയുള്ള കൊണാര്‍ക്കിലേക്ക് വിജനമായ ഗ്രാമീണപാതകളാണ്. ചിലപ്പോഴൊക്കെ വനാതിര്‍ത്തിയിലൂടെ നാംകടന്നുപോകും. ഇടക്കെപ്പോഴോ ചിത്രോത്പലയും ചന്ദ്രഭാഗയും ഒഴുകുന്നത്‌ നാം അറിയാതെ പോവില്ല. ഈ നദികള്‍ സമുദ്രവുമായി സംഗമിക്കുന്നു. കടലിലേക്ക്‌ മിഴിതുറക്കുന്ന ജ്യോതി കണക്കെ കൊണാര്‍ക്ക്‌ ദൃശ്യമാവുന്നു. നിശ്ചലകാലത്തെ സമയരഥ്യയിലൂടെ കുളമ്പടിവെച്ച് ചലനമുളവാക്കുന്ന കൊണാര്‍ക്കിലെ തേരുരുള്‍, ശില്പികളുടെ ഉളിപ്പാടുകളില്‍ നിന്നുണര്‍ന്ന ഊര്‍ജത്തിന്‍റെ
താളവും നടനവുമാണ്. സൂര്യരഥത്തിന്‍റെ ഏഴു കല്‍ക്കുതിരകളും നിസ്സാരമായ അംഗഭംഗവുമായി ഇന്നും കുതിച്ചുനിക്കുന്നു. സഹസ്രാബ്ദങ്ങള്‍ കഴിഞ്ഞിട്ടും തുരുമ്പെടുക്കാത്ത
അരുണധ്വജവും കല്‍മണ്ഡപത്തിലെ രതിശില്പങ്ങളും അസുലഭഭംഗിയുടെ അന്യൂനമാതൃകയായി നില്‍ക്കുന്നു. മൂന്നുമീറ്റര്‍ ഉയരമുള്ളതും യാമങ്ങളുടെ പ്രതീകമായ എട്ടു കലകളോടു കൂടിയതുമായ രഥചക്രങ്ങള്‍ നിശ്ചലകാലത്തെ ഓര്‍മിപ്പിക്കും. ശ്രീകോവിലിന്‍റെ പുറംഭിത്തികളില്‍ തെക്കും പടിഞ്ഞാറും വടക്കുമുള്ള വാതില്‍സ്ഥാനങ്ങളില്‍ കൊത്തിവെച്ചിട്ടുള്ള സൂര്യവിഗ്രഹങ്ങള്‍ അനന്തകാലത്തിന്‍റെ മായാത്ത മുദ്രകളായി പരിലസിച്ചു. ഉദയ മധ്യാഹ്ന അസ്തമയ സൂര്യന്‍റെ പ്രതീകങ്ങളായ ഈ സൂര്യവിഗ്രഹങ്ങള്‍
തേജോമയ സൌന്ദര്യത്തോടെ കാണപ്പെട്ടു. ഏതാണ്ട് അറുപത്തെട്ടു മീറ്റര്‍ ഉയരമുള്ള സൂര്യക്ഷേത്രത്തിന്‍റ കല്‍പടവുകള്‍ കയറിയെത്തുമ്പോള്‍ , പ്രതിഷ്ഠ നഷ്ടപ്പെട്ട ശ്രീലകവാതില്‍
നമുക്ക് മുന്നില്‍ ഗഹനവുമായ മൌനമാവുന്നു. ആരതിയില്ല. അര്‍ച്ചനയും പ്രസാദവുവില്ല. എന്നാല്‍ കാലത്തെ വെല്ലുന്ന ശില്പഗോപുരത്തിന്‍റെ ശിലകാവ്യം , അതിനുപിന്നിലെ
വിയര്‍പ്പിന്‍റെ ഉളിയൊച്ചകള്‍, നൃത്തരാവിന്‍റെ ചിലങ്കകള്‍ , ചന്ദ്രഭാഗയില്‍ പ്രതിഫലിച്ച സ്വപ്നത്തിന്‍റെ നിലാനുറുങ്ങുകള്‍  എല്ലാമെല്ലാം നാദഭരിതമായൊരു ഉണര്‍ച്ചയിലേക്ക്
നമ്മെ കൂട്ടിക്കൊണ്ടു പോകും .

-sethumadhavan machad