small is beautiful

small is beautiful
Ajantha musings

Sunday, August 28, 2011

Padmanaabhomara prabhu 3

അങ്ങനെ എ ഡി. 9-നൂറ്റാണ്ടു മുതല്‍ തിരുവനന്തപുരം കേരളത്തിലെ പ്രമുഖ സാംസ്കാരിക നഗരമായി രൂപാന്തരപ്പെട്ടു കഴിഞ്ഞിരുന്നു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന സാംസ്കാരിക കേന്ദ്രമായിരുന്നു. ക്ഷേത്രത്തോടനുബന്ധിച്ചുള്ള കാന്തളൂര്‍ശാല മികവുറ്റ വേദപഠന വിദ്യാശാലയുമായിരുന്നു. ആദ്യത്തെ വേണാട് രാജാവായിരുന്ന വീരകേരളവര്‍മയുടെ ആസ്ഥാനം നാഞ്ചിനാട്ടിലെ തിരുവിതാംകോട്ടുള്ള കേരളപുരമായിരുന്നു. ആദ്യകാല വേണാട്ടു രാജാക്കന്മാര്‍ കേരളപുരം, തിരുവിതാംകോട്, ഇരണിയല്‍, തിരുവട്ടാര്‍, അരുമന, എന്നീ സ്ഥലങ്ങള്‍ ആസ്ഥാനമാക്കിയിരുന്നു. ക്രി.വ 1550 മുതല്‍ 1790 വരെ തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ഭരണ കേന്ദ്രമായിരുന്നു  കല്‍ക്കുളം കോയിക്കല്‍ കൊട്ടാരം. മാര്‍ത്താണ്ടവര്‍മ ശ്രീപത്മനാഭന് രാജ്യം അടിയറവെച്ച് 'പത്മനാഭദാസനാ'യതു മുതല്‍ കല്‍ക്കുളത്തിന് 'പത്മനാഭപുരം' എന്ന് പേര് സിദ്ധിച്ചു. മാര്‍ത്താണ്ടവര്‍മ പഴയ കോട്ടകൊത്തളങ്ങള്‍ പുതുക്കിപ്പണിയിച്ചു, പഴയ കോയിക്കല്‍ കൊട്ടാരത്തിന് 'പത്മനാഭപുരം കൊട്ടാരം' എന്ന് നാമകരണവും ചെയ്തു. കൊ.വ 925  മിഥുനം 28 ന് കൊട്ടാരം ശ്രീപദ്മനാഭന് സമര്‍പ്പിച്ച്‌ ശ്രീപത്മനാഭദാസനായിത്തീര്‍ന്നു. എന്നാല്‍ ഈ വാദഗതിയെ എതിര്‍ക്കുന്ന ചരിത്രകാരന്മാരുമുണ്ട്‌. തൃപ്പടി ദാനം എന്ന രാജ്യസമര്‍പ്പണവും ഭദ്രദീപവും മുറജപവും മറ്റും അതിനും മുന്‍പേ നിലനിന്നിരുന്നുവത്രേ. വേണാടിന് ചേരദേശം എന്ന പേരിനുപുറമേ ശ്രീവാഴുംകോട് , വഞ്ചി ഭൂമി, തൃപ്പാപ്പൂര്‍ സ്വരൂപം എന്നെല്ലാം പേരുണ്ടായിരുന്നു. കേരവൃക്ഷങ്ങള്‍ തിങ്ങി നിറഞ്ഞിരുന്നതിനാല്‍ 'കേരളം' എന്നും ആഴിയും മലയും പരിലാളിച്ച നാടിനെ 'മലയാളനാട്' എന്നും വിളിച്ചുപോന്നു. ചേരവംശ രാജധാനി തിരുവഞ്ചിക്കുളമായതുകൊണ്ട് 'വഞ്ചിനാട്' എന്ന പേരും പ്രാബല്യത്തില്‍ വന്നു. ക്രമേണ ചേരരാജാക്കന്മാരുടെ ആധിപത്യം അവസാനിക്കുകയും പ്രജാവല്‍സലരായ ഭരണാധികാരികളുടെ കാലം തുടങ്ങുകയുംചെയ്തു. ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടുന്ന ഒരാളിനെ 'രക്ഷാപുരുഷനായി' വാഴിക്കുകയും കാലാവധി കഴിയുമ്പോള്‍ ആ സ്ഥാനത്തേക്ക് മറ്റൊരാളെ അവരോധിക്കുകയും ചെയ്യുന്ന ജനായത്തരീതി നടപ്പില്‍വന്നു. പക്ഷെ അതിന് പ്രഭുവാഴ്ചയോടാണ്
സാദൃശ്യമുണ്ടായിരുന്നത്. വഞ്ചിനാട്ടിലെ പെരുമാക്കന്മാര്‍ക്ക് 'വഞ്ചി പാലകന്മാര്‍' എന്നാണല്ലോ പേര് ?
ഗുണ്ടര്‍ട്ടിന്‍റെ മലയാളം നിഘണ്ടുവില്‍ 'വഞ്ചി' എന്ന പദത്തിന് പുരാതന ചേരരാജാക്കന്‍മാരുടെ തലസ്ഥാനം എന്നുതന്നെയാണ് അര്‍ഥം കൊടുത്തിരിക്കുന്നത്. ശ്രീപത്മനാഭ ക്ഷേത്രത്തില്‍ നിന്നകലെയല്ലാതെ വലിയശാല ക്ഷേത്രത്തിനു സമീപമായി പ്രവര്‍ത്തിച്ചിരുന്ന കാന്തളൂര്‍ വിദ്യാപീഠം ക്രി. വ 9 ല്‍ ത്തന്നെ ഖ്യാതിയാര്‍ജിച്ചിരുന്നു.ആയ് രാജാക്കന്മാരുടെ കലാശാലകള്‍ക്കെല്ലാം മാതൃകാസ്ഥാനം കാന്തളൂര്‍ശാലയായിരുന്നു. വ്യാകരണം, സാംഖ്യം, വൈശേഷികം, മീമാംസ, നൈയ്യാമാകം, ലോകായതം എന്നിവയ്ക്ക് പുറമേ ചിത്രമെഴുത്ത്‌, സംഗീതം,വാദ്യം, നാടകം, നൃത്തം, നാട്യം ,മന്ത്രം, യോഗശാസ്ത്രം, ധാതുപാഠം,ഗാരുഡം,ജ്യോതിഷം, രസായനം, കവിത, ച്ഛന്ദസ്സ് , ഊര്‍ജതന്ത്രം, ഇന്ദ്രജാലം എന്നിവയും കാന്തളൂര്‍ശാലയില്‍ പഠനവിഷയങ്ങളായിരുന്നു. ധനുര്‍വേദത്തിലെ അസിപ്രവേശം, ധനപ്രവേശം, ബാഹുയുദ്ധം എന്നിവയും ഇവിടെ അഭ്യസിപ്പിച്ചിരുന്നു.   പന്ത്രണ്ടാം ശതകത്തില്‍ എഴുതപ്പെട്ട സംസ്കൃതകൃതി  'കുവലയമാല' യില്‍ കാന്തളൂര്‍ശാലയെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്. കേരളചരിത ഗവേഷണത്തിന്‍റെ ആധികാരികരേഖ
യാണ് 'കുവലയമാല'.പ്രഭാസൂരി എന്ന ജൈനസംന്യാസി സംക്ഷേപിച്ച ഈ കൃതിയില്‍ തിരുവനന്തപുരത്തിന്‍റെ അന്നത്തെ പേര് 'വിജയപുരി' എന്നായിരുന്നുവെന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്.പത്മനാഭ ക്ഷേത്രത്തിന്‍റെ വടക്ക് കിഴക്കായുണ്ടായിരുന്ന ഒരങ്ങാടിയുടെ വര്‍ണനയും അതിലുണ്ട്. (ചാല മാര്‍ക്കറ്റായിരിക്കാം) പത്മനാഭസ്വാമി
ക്ഷേത്രവും, കൊട്ടാരക്കെട്ടുകളും കൊട്ടവാതിലുകളുമുള്‍പ്പടെ ഐശ്വര്യമായി പ്രശോഭിച്ച അനന്തപുരിവര്‍ണനത്തില്‍ ഇന്നത്തെ ശ്രീകണ്ടേശ്വരവും ശ്രീവരാഹവും പരാമര്‍ശിക്ക പ്പെടുന്നു.

ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആദ്യത്തെ വേണാട്ടരചന്‍ അയ്യനടികള്‍ തിരുവടികള്‍ ആണ്. തുടര്‍ന്ന് അധികാരത്തില്‍വന്ന രവിവര്‍മ കുലശേഖരന്‍ 'സംഗ്രാമധീരന്‍' എന്ന് ഭാരതം മുഴുവന്‍ പുകള്‍പെറ്റ രാജാവായിരുന്നു. ചരിത്രത്തെ അനശ്വരമാക്കിയ രവിവര്‍മയുടെ കാലം , നാഞ്ചിനാടും, ഇരണിയലും പത്മനാഭപുരവും ഭരണ സിരാകേന്ദ്രങ്ങളായി മാറി. സഹൃദയനായ രവിവര്‍മ കുലശേഖരന്‍റെ അനശ്വരകൃതിയാണ് 'പ്രദ്യുമ്നോദയം' എന്ന സംസ്കൃത നാടകം. പത്മനാഭക്ഷേത്രത്തിലെ  ആറാട്ടു ല്സവത്തിന് ഈ നാടകം അരങ്ങെരിയിരുന്നുവത്രേ.കേരളത്തിന്‌ പുറത്തും രാജ്യാതിര്‍ത്തി വികസിപ്പിച്ച അദ്ദേഹം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഒരു 'സ്വര്‍ണക്കോപ്പറ'
തിരുമുല്‍ക്കാഴ്ചയായി നടയ്ക്കു വെച്ചിട്ടുണ്ട്. കവികളെയും കലാകാരന്മാരെയും അതിരുവിട്ടു ബഹുമാനിച്ച അദ്ദേഹം 'ദക്ഷിണ ഭോജന്‍' എന്ന കീര്‍ത്തിമുദ്രയും നേടി ചരിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു.

-sethumadhavan machad

Saturday, August 27, 2011

Padmanaabhomara prabhu

 പ്രാചീന കേരളചരിത്ര രചന മുഖ്യമായും ഗ്രീക്ക്- റോമന്‍ ചരിത്രകാരന്മാരുടെ വിവരണങ്ങളും അശോക ചക്രവര്‍ത്തിയുടെ ലിഖിതങ്ങളുമാണ് ആധികാരിക രേഖകളായി സ്വീകരിച്ചത്. മേഗസ്തനിസ് എഴുതിയ യാത്രാവിവരണങ്ങളും സ്ട്രാബോയുടെ ഭൂമിശാസ്ത്രവും, പ്ലിനിയുടെ പ്രകൃതിചരിത്രവും കാവ്യാത്മകമായ സംഘകാല രചനകളും കേരളചരിത്രരചനക്ക് സഹായകമായി. മധുര കേന്ദ്രമാക്കി ചേര-ചോള രാജാക്കന്മാര്‍ നടത്തിയ വിദ്വല്‍ സദസ്സിനെയാണ് 'സംഘം' എന്ന് വിളിച്ചിരുന്നത്‌. ചേര ചോള പാണ്ഡ്യ രാജവംശങ്ങളില്‍ ഏറ്റവും പുരാതനം ചേരരാജവംശമായിരുന്നുവത്രേ. ചേരരാജ്യത്തി ന്‍റെ വിസ്തൃതി ഏതാണ്ട് 80 കാതം ( 400 മൈല്‍) ആയിരുന്നു. മലകള്‍ നിറഞ്ഞ പ്രദേശമായതുകൊണ്ട് 'ചേരല്‍' എന്ന പേര് ലഭിച്ചുവെന്നും, പിന്നീടത്‌ കേരളമെന്ന് കേള്‍വിപ്പെട്ടുവെന്നും 'അകനാനൂറ്' പറയുന്നു. 'പുറനാനൂറില്‍' രാജാക്കന്മാരുടെ വിശദമായ ചരിത്രം ആഖ്യാനം ചെയ്തിട്ടുണ്ട്. ചേരവംശ- ജര്‍ക്കിടയില്‍ യോദ്ധാക്കളും ഗായകരും കവികളും ഉണ്ടായിരുന്നു. 'പെരുമാള്‍ തിരുമൊഴി' എഴുതിയ കുലശേഖര ആഴ്വാരുടെ കാലം ചരിത്രത്തിലെ സുവര്‍ണദശയായിരുന്നു. തെക്കന്‍കേരളത്തിലെ നാഞ്ചിനാട് മുതല്‍ കൊടുങ്ങല്ലൂര്‍വരെ വ്യാപിച്ചുകിടന്ന പെരുമാള്‍ ഭരണപ്രദേശത്തെ ഏറ്റവും പ്രഗദ്ഭ നായ രാജാവും അദ്ദേഹമായിരുന്നു. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ പൂര്‍വികനായി അറിയപ്പെടുന്ന കുലശേഖര ആഴ്വാര്‍ പ്രസിദ്ധകൃതികളായ
'മുകുന്ദമാലയുടെയും'  'സുഭദ്രാ ധനഞ്ജയ'ത്തിന്‍റെയും കര്‍ത്താവായിരുന്നു. ദക്ഷിണഭാരതത്തിലെ വൈഷ്ണവധാരക്ക് തുടക്കമിട്ടത് ഒന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കുലശേഖര ആഴ്വാര്‍ ആണെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. രാമായണകഥ ആഖ്യാനംചെയ്യുന്ന ഏറ്റവും പഴയ തമിഴ്കൃതി ചേരവംശത്തിന്‍റെ
നിലവിളക്കായി കരുതപ്പെടുന്ന അദ്ദേഹത്തിന്‍റെ 'പെരുമാള്‍ തിരുമൊഴി' യാണ്.
വാഴപ്പള്ളി ശാസനമനുസരിച്ച്, ശങ്കരാചാര്യരുടെ സമകാലീനനായ രാജശേഖരനാണ് കുലശേഖര ആഴ്വാരുടെ അനന്തരാവകാശി. പിന്നീട് സ്ഥാണു രവി വര്‍മന്‍ അധികാരത്തിലെത്തി. തുടര്‍ന്ന് രാമവര്‍മ, ഇന്ദുക്കോതവര്‍മ, ഭാസ്കര രവിവര്‍മ തുടങ്ങിയവരും ചേരസാമ്രാജ്യം വാണു. എന്നാല്‍ രാജരാജ ചോള ന്‍റെ ഭരണകാലത്ത് വിഴിഞ്ഞവും കാന്തളൂര്‍ശാലയും ആക്രമിക്കപ്പെടുകയും നാഞ്ചിനാട്‌ ചോളസാമ്രാജ്യത്തിനു കീഴടങ്ങുകയും ചെയ്തു. ചോള രാജാക്കന്മാരുടെ അധീനതയില്‍ ചേരരാജവംശം ശിഥിലമാവുകയും അരാജകത്വം നടമാടിയ ആ കാലം നാട്ടുമാടമ്പിമാര്‍ അങ്ങിങ്ങു തലപൊക്കുകയും അവര്‍, തന്നിഷ്ടപ്രകാരം സ്വയംഭരണം ഏറ്റെടുക്കുകയും ചെയ്തുവെന്ന് കരുതപ്പെടുന്നു. ഏതായാലും ചേര-ചോള യുദ്ധം ഏറെ നാള്‍ നിലനിന്നുവെന്നാണ് ശാസനങ്ങളും ചെപ്പേടുകളും രേഖപ്പെടുത്തിയത്.
ഒന്‍പതാം നൂറ്റാണ്ടോടെയാണ്‌ മലയാളം ഒരു പ്രത്യേക ഭാഷയായി രൂപപ്പെടുന്നത്. കൊല്ലവര്‍ഷം അഞ്ചാം ശതകംവരെ പ്രാചീനഘട്ടവും, തുഞ്ചത്തെ ഴുത്തച്ച്ചന്‍റെ  കാലംവരെ മധ്യകാലവും തുടര്‍ന്ന് കേരളവര്‍മയുഗം വരെ ആധുനികകാലവുമായി എണ്ണപ്പെടുന്നു. പന്ത്രണ്ടിനും പതിനഞ്ചിനുമിടക്കുള്ള  കാലം മണിപ്രവാളത്തിന്‍റെ സുവര്‍ണദശയായിരുന്നു.

തിരുവനന്തപുരം രാജധാനിയാവുന്നത് കൊല്ലവര്‍ഷം 970 ലാണ്. തിരുവനന്തപുരത്തിന് വടക്ക് കൊല്ലം ആസ്ഥാനമായിരുന്ന ചെറുരാജ്യമാണ് 'വേണാട്' എന്നറിയപ്പെട്ടത്. വേണാടിന്‍റെ അതിര്‍ത്തി പലപ്പോഴും മാറിയും മറിഞ്ഞും നിലനിന്നു. അന്ന് 18 പ്രദേശങ്ങള്‍ ഉള്‍ക്കൊണ്ട സ്ഥലമായിരുന്നു 'കേരളം'.
വേണാടിന് വഞ്ചിനാടെന്നും പേരുണ്ടായിരുന്നു എന്ന് മഹാകവി ഉള്ളൂര്‍ എഴുതിയിട്ടുണ്ട്. ചേരചക്രവര്‍ത്തിമാരുടെ ബന്ധുക്കളും പ്രതിനിധികളുമായി കേരളത്തിന്‍റെ ദക്ഷിണഭാഗം പരിപാലിച്ചു പോന്നതുകൊണ്ട് തിരുവിതാംകൂര്‍ രാജവംശം തങ്ങളുടെ രാജധാനിയായ തിരുവനന്തപുരത്തിനെ 'വഞ്ചി നാടെന്നും' വിളിച്ചുപോന്നു. അങ്ങനെ തിരുവിതാംകൂറിന്‍റെ മൂലസ്ഥാനം വേണാടെന്നു കേള്‍വിപ്പെട്ടു. ആയ് വംശത്തിലെ നാടുവാഴിയെന്നാണ് വേണാടിന് അവര്‍ അര്‍ഥം കല്‍പിച്ചത്‌. തിരുവിതാംകൂര്‍ മഹാരാജാക്കന്മാരെ അവരുടെ ജീവിതസംശുദ്ധി കൊണ്ട് ' തിരുവടികള്‍' എന്നും രാജ്യത്തെ, വാനവ നാട് അഥവാ 'വേണാട്'  എന്നും വിളിച്ചുപോന്നു.
വേണാട്ടു രാജക്കാന്മാര്‍ക്ക് 'കേരള വര്‍മ' എന്നും 'ചേരമാന്‍ പെരുമാള്‍' എന്നും 'സംഗ്രാമധീരന്‍' എന്നും 'മാര്‍ത്താണ്ട വര്‍മന്‍' എന്നും ബിരുദങ്ങള്‍ ഉണ്ടായിരുന്നതായി ചരിത്രകാരന്‍ ശ്രീ കെ പി.പദ്മനാഭമേനോന്‍ രേഖപ്പെടുത്തുന്നു. സമ്പദ്സമൃദ്ധിയുടെ നാട് എന്ന അര്‍ഥത്തില്‍ 'ശ്രീ വാഴുംകോട്‌' അഥവാ 'തിരുവിതാംകോട് ' എന്നും കാലാന്തരത്തില്‍ 'തിരുവിതാംകൂര്‍' എന്നും ഈ നാടിനെ വിളിച്ചുപോന്നുവെന്ന് പഴമക്കാര്‍ പറയുന്നു. അന്ന് വേണാടിന്‍റെ ആസ്ഥാനം 'കല്‍ക്കുളം'  'തിരുവാങ്കോട്' എന്നൊക്കെ പേരുള്ള നാഞ്ചിനാട്ടിലെ 
'പദ്മനാഭപുരം' ആയിരുന്നു.

സി വി രാമന്‍പിള്ളയുടെ 'രാമരാജ ബഹദൂറില്‍' ശ്രീ മഹാബലിവനം എന്ന അനന്തന്‍കാടിന്‍റെ  വടക്കു പടിഞ്ഞാറുള്ള ഒരു ഉപവനമായിരുന്നു തിരുവനന്തപുരം എന്ന് പറയുന്നുണ്ട്. പില്‍ക്കാലത്ത് പാശ്ചാത്യരുമായുണ്ടായ സഖ്യം, തിരുവിതാംകൂറിലെ സേനാനായക സ്ഥാനങ്ങളില്‍ പടുകൂറ്റന്‍
ബംഗ്ലാവുകള്‍ നിര്‍മിക്കപ്പെടുവാന്‍ നിമിത്തമായി.
കൊല്ലവര്‍ഷത്തിന്‍റെ സമുദ്ധാരകന്‍ എന്നറിയപ്പെടുന്ന ഉദയ മാര്‍ത്താണ്ടവര്‍മയാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൂജാക്രമങ്ങള്‍ ചിട്ടപ്പെടുത്തിയത് എന്ന് പറയപ്പെടുന്നു. സൂര്യന്‍റെ ഗതിക്രമം അളന്ന് ചിങ്ങമാസം ഒന്നാംതിയതി മുതല്‍ ഒരു പുതിയവര്‍ഷം നിശ്ചയിച്ച് അതിനെ കൊല്ല വര്‍ഷം എന്ന് നാമകരണം ചെയ്തു. കേരളത്തിലെ മുഴുവന്‍ ജനങ്ങളും അതിനെ അംഗീകരിക്കുകയും ചെയ്തു. ഉത്തരഹിന്ദുസ്ഥാനം  'ആര്യാവര്‍ത്തമെന്നും ' ദക്ഷിണ ഭാഗം 'ദ്രാവിഡാവര്‍ത്തമെന്നും' പില്‍ക്കാലത്ത്‌ അറിയപ്പെട്ടു.

( sethumadhavan machad)

Friday, August 26, 2011

Padmanabho maraprabhu

ചരിത്രം അതിന്‍റെ ഇരുള്‍മൂടിയ ഗുഹാന്തര്‍ഭാഗത്തു ‌നിന്ന് നിധിയായി ഉയര്‍ന്നുവരുന്ന കാലം, സത്യാന്വേഷകരില്‍ വിസ്മയമുണര്‍ത്തും.നെല്ലും പതിരും വേര്‍തിരിച്ചറിയാന്‍ പോയകാലത്തിന്‍റെ താളുകളിലൂടെ സഞ്ചരിക്കണം. അദ്ഭുതത്തിന്‍റെ നിധികളാണ് ചരിത്രംപിന്നിട്ട നാള്‍വഴികള്‍. തിരുവനന്തപുരത്തിന് ആയിരം വര്‍ഷത്തിന്‍റെ പാരമ്പര്യ-
മുണ്ടെന്ന് എത്ര പേര്‍ക്കറിയാം? സംഘകാലത്തെ ആള്‍വാര്‍മാര്‍ ഈ നഗരിയെ കീര്‍ത്തിച്ചു പാടിയിട്ടുണ്ട്. പ്രാചീന നഗരമായ അനന്തപുരി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നീ പട്ടണങ്ങളെക്കാള്‍ എത്രയോ പഴക്കമേറിയതാണ്. കൊല്‍ക്കത്തയ്ക്ക് 310 കൊല്ലത്തെ ചരിത്രമേയുള്ളൂ. ചാനര്‍ക്ക് എന്ന ഇംഗ്ലീഷ് വ്യാപാരി ബംഗാള്‍ നവാബില്‍നിന്ന്  ഏതാനും ഗ്രാമങ്ങള്‍ വിലക്കുവാങ്ങി 1690 ലാണ് കച്ചവടം തുടങ്ങിയത്. 1668 ലാണ് ചാള്‍സ് രണ്ടാമന്‍ മീന്‍പിടുത്തക്കാരുടെ ഗ്രാമമായിരുന്ന മുംബായിയെ പത്തുപവന്‍ പാട്ടത്തിന് ഈസ്റ്റ്‌- ഇന്ത്യ കമ്പനിയെ ഏല്പിച്ചത്. ഫ്രാന്‍സിസ് ഡേ എന്ന ഇംഗ്ലീഷ് വ്യാപാരി മദിരാശി കടലോരത്ത് കച്ചവടം തുടങ്ങിയത് 1639 ലും.  ശ്രീ.സി.എസ് ശ്രീനിവാസാചാരി എന്ന പ്രശസ്തനായ ചരിത്രകരനാണ് ചെന്നൈ പട്ടണത്തിന്‍റെ ഇതിഹാസമെഴുതിയത്. കൊല്‍ക്കത്തയുടെ ചരിത്രം രേഖപ്പെടുത്തിയതാകട്ടെ മലയാളിയായ  ശ്രീ പി ടി നായരും.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട 'സ്യാനന്ദൂരപുരാണം' ആയിരംവര്‍ഷം പിന്നിട്ട തിരുവനന്തപുരത്തിന്‍റെ കഥ പറയുന്നു. സംഘകാലകൃതികളില്‍ വിവരിക്കുന്ന സമ്പന്ന ചരിത്രങ്ങള്‍ക്ക്‌ വിശദമായ വ്യാഖ്യാനം രൂപപ്പെടാന്‍ പിന്നെയും കാലമെടുത്തു. മതിലകം ഗ്രന്ഥവരിയും സംഘസാഹിത്യവും പാടിപ്പുകഴ്ത്തിയ അനന്തപുരചരിത്രം നമ്മില്‍ അദ്ഭുതാദരമുണര്‍ത്തും. ഡോ എ ജി മേനോന്‍, ശ്രീ നരസിംഹന്‍ തമ്പി, ശൂരനാട്ട് കുഞ്ഞന്‍പിള്ള, പ്രിന്‍സെസ്സ് ഗൌരിലക്ഷ്മി ഭായ് എന്നിവരും ആദരണീയനായ ശ്രീ പട്ടം ജി രാമചന്ദ്രന്‍ നായരും തിരുവനന്തപുരത്തിന്‍റെ ചരിത്രം സത്യസന്ധമായി രേഖപ്പെടുത്തി. അതില്‍ ഭാവനയും അത്യുക്തികളും ഉണ്ടാവാം. ദേശചരിത്രം കാലത്തെ അടയാളപ്പെടുത്തുന്നത് ഗവേഷണവും ഭാവനയും രസാവഹമായി കലര്‍ത്തിയാണല്ലോ.

തിരുവനന്തപുരം നീണ്ടകാലം ഐശ്വര്യപൂര്‍ണമായ ഒരു രാജധാനിയായിരുന്നു എന്നതാണ് ശ്രദ്ധേയമായ വസ്തുത. രാജധാനി എന്നുമാത്രമല്ല, നളന്ദ - തക്ഷശില മാതൃകയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു പാഠശാല ഇവിടെ നിലനിന്നിരുന്നു. മുംബൈ, കൊല്‍ക്കത്ത എന്നീ നഗരങ്ങളെപ്പോലെ വ്യാപാരികളുടെയും സാര്‍ഥവാഹകരുടെയും വര്‍ത്തക പ്രമാണികളുടെയും പട്ടണമായിരുന്നില്ല. കാന്തളൂര്‍ശാല എന്ന വേദപഠന കേന്ദ്രം ഈ നഗരിയെ സമുന്നതമായ സാംസ്കാരിക തീര്‍ഥാടന കേന്ദ്രമാക്കി. കലോപാസകന്‍മാരും പ്രജാ വത്സലന്‍മാരുമായ അനേകം രാജാക്കന്മാര്‍ അര്‍പണബുദ്ധിയോടെ നിര്‍മിച്ച മനോഹരസൌധങ്ങളാല്‍ അലങ്കരിക്കപ്പെട്ട ഈ നഗരി സംഗീതസാഹിത്യങ്ങളുടെ തീര്‍ഥഘട്ടമായി പരിലസിച്ചു. ജയ്പൂര്‍, ആഗ്ര തുടങ്ങിയ ഉത്തരേന്ത്യന്‍ നഗരങ്ങളിലെ രമ്യഹര്‍മ്യങ്ങളെ അപേക്ഷിച്ച് ലളിതവും, അനാര്‍ഭാടവുമായിരുന്നു തിരുവിതാംകൂറിലെ മണിമന്ദിരങ്ങള്‍.

തിരുവനനതപുരം കോട്ടക്കകത്തെ കുതിരമാളിക, രംഗവിലാസം, കൃഷ്ണവിലാസം, അനന്തവിലാസം എന്നീ മാളികകള്‍ അതിന്‍റെ നിര്‍മിതിയിലെ ലാളിത്യം കൊണ്ടും ശില്പ വിധാനത്തിലെ പ്രൌഡി കൊണ്ടും ഇന്നും മനോഹരമായി നില്‍ക്കുന്നു. പില്‍ക്കാലത്ത്‌ ആംഗലേയ കവി കോള്‍റിജ്  എഴുതിയ 'കുബ്ലാഖാന്‍' എന്ന കാവ്യത്തിലൂടെ ഈ നഗരിയിലെ മോഹനസൌധങ്ങളുടെ കഥ നമ്മള്‍ വായിച്ചറിഞ്ഞു. വീതിയേറിയ വരാന്തകളും പൊക്കമുള്ള മേല്‍ക്കൂരകളും രാജമന്ദിരങ്ങളെ കൊളോണിയല്‍ പ്രൌഡിയോടെ
നിലനിര്‍ത്തി.

മദിരാശിയില്‍നിന്നു വന്ന ചെഷോംഎന്ന വാസ്തുശില്പിയാണ് മനോഹരമായ തിരുവനന്തപുരം മ്യൂസിയം രൂപകല്‍പന ചെയ്തത്. രാജവീഥിയുടെ കാഴ്ചക്ക് സൌമ്യമായ സൌന്ദര്യം നല്‍കുന്ന ആ സൌധം ദക്ഷിണേന്ത്യയിലെത്തന്നെ മികവാര്‍ന്ന ശില്പമാണ്. 1860 ല്‍ ആയില്യംതിരുനാളാണ് ഇന്നത്തെ സെക്രട്ടേറിയറ്റിനു ഉചിതസ്ഥാനം നിര്‍ണയിച്ച്
പാശ്ചാത്യമായ  റൊമാനോ-ഡച്ച് ശില്പ തന്ത്രത്തെ ആധാരമാക്കി വിശാലമായ മന്ദിരം പണിതീര്‍ത്തത്. തിരുവിതാംകൂറിലെ ചീഫ് എഞ്ചിനീയറായിരുന്ന W .C .ബാര്‍ട്ടന്‍ ആണ് സെക്രട്ടെരിയറ്റ് മന്ദിരത്തിന്‍റെ ശില്പി. രാജവീഥിയുടെ സൌന്ദര്യത്തിനു മാറ്റ്കൂട്ടിയ യൂണിവേര്‍സിറ്റി കോളേജുമന്ദിരം രൂപകല്പന  ചെയ്തത് ശ്രീ എ എച്ച്  ജേക്കബ് എന്ന ശില്പിയാണ്. മലയാളത്തിലെ കവികള്‍ വാഴ്ത്തിയ ചാരുതര ഹര്‍മ്യങ്ങളും ചന്ദ്രശാലകളും ആയില്യംതിരുനാള്‍, വിശാഖം തിരുനാള്‍, ശ്രീമൂലം തിരുനാള്‍ എന്നീ സഹൃദയ കലാരസികരായ ഭരണാധികാരികളുടെ കാലം അടയാളപ്പെടുത്തിയ മായാത്ത മുദ്രകളാണ്. സ്വാതിതിരുനാളിന്‍റെ കാലം, സംഗീതവും സാഹിത്യവും ചിറകടിച്ച അപൂര്‍വ വേളകളായിരുന്നു. ചരിത്രം ഈ നഗരിയെ സംസ്കൃതിയുടെ അനന്തസ്ഥലിയാക്കി നിറുത്തി. മഹിതവും പുഷ്കലവുമായ ഒരു കാലം ഇവിടെ യോഗനിദ്രയിലെന്ന പോലെ പള്ളിയുറങ്ങുന്നു.

കാലം കൊത്തിവെച്ച മുദ്രകളും, ചിലപ്പോഴൊക്കെ തമസ്കരിച്ച സത്യങ്ങളും നമുക്ക് വായിച്ചറിയാം. ആയിരം വര്‍ഷത്തിന്‍റെ കഥ പറയുന്ന അനന്തപുരി, ആയിരം നാവുള്ള അനന്തന്‍റെ ശയ്യയില്‍ മന്ദസ്മിതം കൊള്ളുന്ന പെരുമാളിന്‍റെ കഥ കൂടിയാണല്ലോ. വരുംദിവസങ്ങളില്‍ നമുക്കത് വായിച്ചുനോക്കാം.     

- sethumadhavan machad

Friday, August 19, 2011

HAIKU POEMS

Remove Post
ഇടവേളയ്ക്കു ശേഷം 'ഹൈക്കു' വീണ്ടും നമുക്ക് മുന്‍പില്‍.



ജപ്പാനില്‍ ഷീന്‍കാന്‍ എന്ന് പേരായ ഒരു ധ്യാനഗുരുവുണ്ടായിരുന്നു. അദ്ദേഹം നീണ്ടകാലം ടെന്ടായി മതവും ധ്യാനവും ശീലിച്ചതിനു ശേഷം പതിമൂന്നു വര്‍ഷം മൌന സാധനകള്‍ അനുഷ്ഠിച്ചു ബോധിസത്വനായി. തിരികെ ജപ്പാനിലെത്തിയപ്പോള്‍ ഷീന്‍കാന്‍ സര്‍വാദരാണീയനായി തീര്‍ന്നു. അദ്ദേഹത്തെ നേരില്‍ കണ്ട് സംശയനിവൃത്തി വരുത്തുവാന്‍ പലരും ആഗ്രഹിച്ചെങ്കിലും വളരെ അപൂര്‍വമായി മാത്രമേ ...അദ്ദേഹം സന്ദര്‍ശകരെ അനുവദിച്ചിരുന്നുള്ളൂ. ഒരു ദിവസം ഒരു വായോവൃദ്ധന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച് ഇപ്രകാരം ചോദിച്ചു : ' ഞാന്‍ എന്‍റെ കുട്ടിക്കാലത്ത് ടെന്ടായി മതം പഠിച്ചു. പുല്ലിനും മരങ്ങള്‍ക്കും ബോധോദയം ഉണ്ടാകുമെന്ന് മനസ്സിലാക്കി. അതെപ്രകാരമെന്നു എത്ര ആലോചിച്ചിട്ടും ഇത് വരെ എനിക്ക് മനസ്സിലായില്ല. അങ്ങ് അതിന്‍റെ രഹസ്യം എനിക്ക് പറഞ്ഞു തരുമോ? '

അത് കേട്ടിട്ട് ഷീന്‍കാന്‍ പറഞ്ഞു. " പുല്ലിന്‍റെയും മരത്തിന്‍റെയും കാര്യം അവിടെയിരിക്കട്ടെ. നിങ്ങള്ക്ക് എപ്രകാരം ബോധോദയം ലഭിക്കുമെന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? അതിനുള്ള മാര്‍ഗം കണ്ടുപിടിച്ചോ? "

വൃദ്ധന്‍ പറഞ്ഞു " ഇല്ല അതിനെപ്പറ്റി ഇതുവരെ ഞാന്‍ ഓര്‍ത്തതേയില്ല.

ഷീന്‍കാന്‍ അരുളിച്ചെയ്തു : " എന്നാല്‍ കേട്ടോളൂ , അടിയന്തിരമായി താങ്കള്‍ അന്വേഷികേണ്ടത് സ്വന്തം ബോധത്തെപ്പറ്റിയാണ്‌. അതറിഞ്ഞാല്‍ എല്ലാം അറിഞ്ഞതിനു സമമാണ്.
ഇല്ലെങ്കില്‍ ഒന്നും അറിഞ്ഞില്ലെന്നു പറയാം..

നമുക്ക് ബാഷോവിന്‍റെ ഹൈക്കുവിലേക്ക് തിരിച്ചുവരാം.


where's the moon?

as the temple bell is --

sunk in the sea



The moon about to appear,

all present tonight

with their hands on their knees.



Now I see her face,

the old woman, abandoned,

the moon her only companion



A cuckoo cries,

and through a thicket of bamboo

the late moon shines



This bright harvest moon

keeps me walking all night long

around the little pond



the moon:

I wandered around the pond

all night long


താരകേശ്വരാ എവിടെ നീ?

കണ്ടീലയോ

രത്നഗര്‍ഭ വിഴുങ്ങുമീ ചേങ്ങില !

§



കാണാപ്പുറം നഭോദീപം

വിരിയും ഈ രാത്രിയില്‍

കരംകൂപ്പി വേണം നാം എകാഗ്രം !



അങ്ങനെ ഞാനവളെ കണ്ടു

പരിത്യക്ത , വൃദ്ധ

കൂട്ടിനൊരാള്‍ മാത്രം - ചാന്ദ്രമുഖം



മുളകീറി വരുന്നൂ

മധുസ്വരമേ നിന്‍ കരച്ചില്‍

കണ്നുചിമ്മുന്നൂ ചന്ദ്രന്‍

...







ഇനി ഞാന്‍ നടക്കാവൂ

തോട്ടിന്‍ കരയില്‍-

കൂട്ടിനൊരാള്‍ മന്ദകാന്തി



Sony Jose Velukkaran ചന്ദ്രന്‍ പറഞ്ഞത് :

നിന്നെത്തേടിയലഞ്ഞേന്‍

നീലനിശീഥം വീഥിയില്‍

...





നമ്മുടെ അമ്പലമണിയെപ്പോല്‍

ആഴക്കടലില്‍ മുങ്ങിയമര്‍ന്നുവോ? ( SONI JOSE VELOOKKARAN )i





.

ഇതാ, ചന്ദ്രനുദിക്കാറായ്‌.

ഈ രാവിലിതാ, കാത്തിരിപ്പാണേവരും ;

മുട്ടിന്മേല്‍ കയ്യൂന്നി.



ആ മുഖം കാണാമെനിക്കിപ്പോള്‍ ;

വൃദ്ധയവള്‍ ; പരിത്യക്തയും-

സോമബിംബം മാത്രമാവള്‍ക്കു കൂട്ടിനായ്.



കോകില കളനാദം,

മുളംചില്ലികള്‍ക്കിടയിലൂടെ

ദശമിദിനച്ചന്ദ്രികയുടെ തിരനോട്ടം.

...

നിറഞ്ഞുതെളിയുമീ ശ്രാവണചന്ദ്രിക;

ആനന്ദചിത്തന്‍ ഞാന്‍; രാവു നീളെ

നടപ്പാണീ ചെറുപൊയ്കക്കു ചുറ്റുമായ്‌.





പൂര്‍ണ ചന്ദ്രന്‍;

അലസം നടക്കുന്നീ തടാകവരമ്പില്‍ ഞാന്‍ ;

രാവേറെയായെങ്കിലും. ( VR Raman)



I begin each day

with breakfast greens and tea

and morning glories



in flat sunset light

a butterfly wandering down

the city street



a man that eats his meal

amidst morning glories

that's what I am



over the long road

the flower-bringer follows

plentiful moonlight





ഓരോ ദിനവും തുടങ്ങന്നു

ഞാനെന്‍ ഹരിതാഭമാം

പ്രാതല്‍ച്ചായ തന്‍

മഹിമകള്‍ക്കൊപ്പം.





പരന്നൊഴുകും സായാഹ്നശോഭയിലീ

നഗരവീഥിയില്‍

വിതുമ്പിപ്പ റക്കുന്നൊരു

ചിത്രശലഭം





വിഭാത നന്മകള്‍ക്കൊപ്പം

നുകരുന്നു ഞാനെന്‍

പ്രാതലിങ്ങനെ





ഒഴുകിപ്പരക്കുമീ നിലാവിന്‍

ദീര്‍ഘവീഥിയെ

പിന്തുടരുന്നീ പൂക്കാരന്‍ ( സേതു മേനോന്‍)



പുലര്‍ച്ചപ്രസന്നതകളും

ഹരിതവും ചായയും ചേര്‍ന്ന പ്രാതലും

എന്‍റെ പ്രഭാതം തുടങ്ങുന്നതിങ്ങനെ



പരക്കെയോരന്തിവെട്ടം

നഗരവീഥിയിലൊരു

ശലഭമലയുന്നു



പ്രഭാതലാവന്യത്തില്‍

ആഹാരം തീര്‍ക്കുന്നോരാള്‍

ഞാന്‍

നീണ്ട വഴിയില്‍ഒരൊറ്റ പൂക്കാരന്‍



പിറകേനിറയെ നിലാവും

നിറയെ നിലാവും ( ശ്രീജിത്ത് വി ടി നന്ദകുമാര്‍ )
 
compiled by  Sethumadhavan Machad

Saturday, August 13, 2011

machad memories

ഉച്ചവെയിലിന്‍റെ സ്ഫടികം തിളങ്ങിനിന്ന വേനല്‍പ്പാടങ്ങള്‍താണ്ടി എടുപ്പുകുതിരകള്‍ നിറമാലയായിവരുന്ന ഓര്‍മച്ചിത്രമാണ് മച്ചാട് എന്ന എന്‍റെ ദേശം .
ഒരു ദേശത്തെ എഴുതിയ ' പൊരിവെയില്‍ പൂനിലാവ്‌' എന്ന പുസ്തകം ഓര്‍മകളിലെ കുട്ടിക്കാലം എനിക്ക് തിരിച്ചുതന്നു. അഡ്വ.എം പി ശ്രീകൃഷ്ണന്‍ അടയാളപ്പെടുത്തിയ ദേശം സ്ഥലകാലങ്ങളുടെ യുക്തിസഹവും, എന്നാല്‍ ഭാവനാപൂര്‍ണവുമായ ആലേഖനമാണ്. സ്ഥലനാമചരിത്രം രേഖപ്പെടുത്തുന്ന കൃതികള്‍ മലയാളത്തില്‍ കുറവാണ്. ശ്രീ വേലായുധന്‍ പണിക്കശ്ശേരിയും,വി.വി.കെ വാലത്തുമൊക്കെ ആ വഴിയെ സഞ്ചരിച്ച് എഴുതിയത് ഓര്‍മ്മിക്കുന്നു.
തകഴിയുടെയും എസ കെ പൊറ്റെക്കാട്ടി ന്‍റെയും എം.ടിയുടെയും നോവലുകള്‍ കേരളത്തിലെ ദേശകാലങ്ങളെ അടയാളപ്പെടുത്തി. കുറച്ചുകാലം മുമ്പ് കൊടുങ്ങല്ലൂരിനെപറ്റിയും നന്നായി ഒരുക്കിയ ഒരു ഡയരക്ടറി വായിച്ചതോര്‍ക്കുന്നു.
മച്ചാട് എന്ന് കേള്‍ക്കുമ്പോള്‍ തിരുവാണിക്കാവും വേനല്‍പ്പാടങ്ങളിലൂടെ എഴുന്നെള്ളിവരുന്ന വര്‍ണക്കുതിരകളുമാണ് ഓര്‍മയില്‍വരുന്നത്. എന്നാല്‍ മച്ചാട്ടുവേല മാത്രമല്ല, ദേശപ്പാനയും കെട്ടുനിറയും, വിളക്കുകാഴ്ചയും ഓണവും തിരുവാതിരയും മഞ്ഞും നിലാവും എല്ലാമെല്ലാം ചേതോഹരമായി ഈ പുസ്തകത്തില്‍ വിരുന്നുവരുന്നു. മണലിത്ര, കരുമത്ര, വിരുപ്പാക്ക, കുളപ്പുരമംഗലം, തെക്കുംകര, വാഴാനി, പുന്നംപറമ്പ് എന്നീ തുരുത്തുകളുടെ സമാഹാരമായ മച്ചാട്. അതിവിസ്തൃതമായ പാടശേഖരങ്ങള്‍. മച്ചാടിനെ പുണര്‍ന്നുകിടന്ന കാടും മലയും, അവിടെ ഉദ്ഭവിച്ച വെള്ളച്ചാട്ടങ്ങള്‍ ,വാഴാനി അണക്കെട്ട്, കൃഷിഭൂമികള്‍, കൃഷീവലന്മാരായ മനുഷ്യജീവികള്‍, സ്നേഹംകൊണ്ടും അധ്വാനം കൊണ്ടും എളിയ ജീവിതംനയിച്ച തലമുറകള്‍ എല്ലാം ഒന്നൊന്നായി ഓര്‍ത്തെടുക്കുന്നു ലേഖകന്‍.
' കല്യാണി കളവാണി' തുടങ്ങിയ തിരുവാതിരപ്പാട്ടുകളുടെ കര്‍ത്താവായ വിദ്വാന്‍ മച്ചാട്ടിളയത് ( അദേഹം ശക്തന്‍തമ്പുരാന്‍റെ ആസ്ഥാനജ്യോതിഷിയും കവിയുമായിരുന്നു), ഇളയതിന്‍റെ പൌത്രിയായിരുന്നു നോവലിസ്റ്റ് വിലാസിനിയുടെ അമ്മ. ശ്രീ. എം കെ മേനോന്‍, ഹൈക്കോടതി ജഡ്ജിയായിരുന്ന എം പി മേനോന്‍, വം രാമചന്ദ്രന്‍, ആര്‍ എം മനക്കലാത്ത്, പച്ചമലയാള പ്രസ്ഥാനത്തിലെ പ്രമുഖനായിരുന്ന ശ്രീ ഒടുവില്‍ കുഞ്ഞിക്കൃഷ്ണമേനോന്‍, സംവിധായകരായ പി എന്‍ മേനോന്‍, ഭരതന്‍, അതുല്യനടന്‍മാരായ ഒടുവില്‍ ഉണ്ണികൃഷ്ണന്‍, അബുബക്കര്‍, അഭിനേത്രിയും ഗായികയുമായ ശ്രീമതി വാസന്തി, കൊമ്പ് കലാകാരനായ
അപ്പുനായര്‍ തുടങ്ങി ഇവിടെ ജനിച്ചുവളര്‍ന്നു പേരുംപെരുമയും നേടിയ മഹദ് വ്യക്തികള്‍ ..ഓര്‍മകളുടെ നിറമാലയാണ് ഈ കൊച്ചുപുസ്തകം.


ഓരോ ദേശത്തിനും ഓരോ ഭാഷ. വാക്ക് വരുന്ന വഴി , ശീലം മാറുന്ന രീതിശാസ്ത്രം എല്ലാം ഒരു ഗവേഷകനെപ്പോലെ തിരഞ്ഞുകണ്ടെത്തുന്നു ഗ്രന്ഥകാരനായ ശ്രീകൃഷ്ണന്‍. ഈ താളുകളില്‍ പകിടകളിയുടെ ആരവം, കുതിരകളിയുടെ പെരുമ,  ഞാറ്റുപാട്ടിന്‍റെ ഈണം, ഏഴരവെളുപ്പിന്‍റെ തുയിലുണര്‍ത്ത്, തുടിയുടെ ശബ്ദം, നിന്നുപെയ്യുന്ന ഞാറ്റുവേലകള്‍, കൃഷിപ്പാട്ടുകള്‍, കവുങ്ങിന്‍തോപ്പുകളെ ആടിയുലച്ചുകൊണ്ട് ചുരമിറങ്ങിവന്ന ആതിരക്കാറ്റിന്‍റെ ചൂളം, തേക്ക്       പാട്ടും നന്തുണിയും, വൃശ്ചികം മുങ്ങിനിവര്‍ന്ന ഉടുക്കൊലിയും എല്ലാം നമുക്ക് ഇന്ദ്രിയാനുഭവമായി വരുന്നു.
നോക്കെത്താദൂരത്തോളം നീണ്ടു നിവര്‍ന്നുകിടന്ന വേനല്‍പ്പാടങ്ങളുടെ, കൊയ്ത്തിനു പാകമായ സ്വര്‍ണനിറംകലര്‍ന്ന നെല്ക്കതിരുകളുടെ സൌന്ദര്യം, ലോകം മുഴുവന്‍ സഞ്ചരിച്ചിട്ടും താനിതുവരെ കണ്ട ഏത് ദൃശ്യത്തെക്കാളും മനോഹരമായിരുന്നു അതെന്ന് നോവലിസ്റ്റ് വിലാസിനി രേഖപ്പെടുത്തിയിട്ടുണ്ട്.
വിലാസിനിയുടെ ഊഞ്ഞാല്‍ , നിറമുള്ള നിഴലുകള്‍, ഇണങ്ങാത്ത കണ്ണികള്‍, ചുണ്ടെലി, തുടക്കം, അവകാശികള്‍ തുടങ്ങിയ എല്ലാ നോവലുകളും മച്ചാട് എന്ന ദേശത്തെ ചിത്രത്തിലെന്നപോലെ പ്രതിഫലിപ്പിക്കുന്നു. മുലപ്പാലിന്‍റെ മണമുള്ള വിലാസിനിയുടെ ഭാഷ മച്ചാടെന്ന ഈ ഗ്രാമത്തിന്‍റെ സംഭാവനയാണ്.
എന്‍റെ ഗ്രാമത്തെ അടയാളപ്പെടുത്തിയ ഈ പുസ്തകം 'മലയാളനാടിന്‍റെ' സജീവസാന്നിധ്യമായ ശ്രീ ജയശങ്കര്‍ വട്ടെക്കാട്ടാണ് അയച്ചുതന്നത്. അദ്ദേഹത്തിന് നന്ദി പറയുന്നത് ശരിയല്ലല്ലോ. കേരളചരിത്രത്തിന്‍റെ സംസ്കാരഭൂപടത്തില്‍ ദേശചരിത്രത്തിനു വലിയ പങ്കാണുള്ളതെന്ന്  ഈ പുസ്തകം സാക്ഷ്യ പ്പെടുത്തുന്നു. 



- sethumadhavan machad