small is beautiful

small is beautiful
Ajantha musings

Thursday, June 23, 2011

Ellora the frozen music in stone - 3-

എല്ലോറയിലെ ഗുഹാക്ഷേത്രങ്ങളുടെ മേല്‍ത്തട്ടുകളും ചുമരും വര്‍ണാലംകൃതവും സ്വാഭാവിക സവിശേഷതകളാല്‍ സമ്പന്നവുമായിരുന്നു. ഹിമവെണ്മയാര്‍ന്ന മാര്‍ബിള്‍ ക്കല്ലുകള്‍ പാകിയ ഗുഹാന്തര്‍ഭാഗങ്ങള്‍ ശില്പികളുടെ ഉളിപ്പാടുകള്‍ തീര്‍ത്ത ജീവസുറ്റ ശില്പങ്ങളാല്‍ ശ്രദ്ധേയങ്ങളുമായിരുന്നു. പലതിനും ഗ്രീക്ക് ശില്പങ്ങളെ ഓര്‍മിപ്പിക്കും വിധം സമാനതയും മിഴിവും ഉണ്ടായിരുന്നു. ഗോഥിക് ശൈലിയുടെ പ്രഭാവം അവയെ ചരിത്രാതീതമായൊരു ഗരിമയിലേക്ക് ജിജ്ഞാസുവായ കാഴ്ചക്കാരനെ ആനയിക്കാന്‍ പര്യാപ്തവുമായിരുന്നു. ശില്‍പങ്ങളുടെ നില, വടിവ്, മുദ്രകളുടെയും കരണങ്ങളുടെയും സമമിതി ,കണ്ണുകളുടെ തിളക്കം, സജീവമായ ചലനാത്മകത, സഹജമായ ലയാത്മകത എന്നിങ്ങനെ സര്‍ഗവൈഭവം തുടിക്കുന്ന മുദ്രകളാല്‍ കാലതീതമായൊരു ചൈതന്യം എല്ലോറക്കുണ്ടായിരുന്നു. മുഗള്‍രാജവംശം ഡക്കാന്‍സമതലം ആക്രമിക്കുന്ന കാലം 'രംഗ് മഹല്‍' എന്ന പേരിലറിയപ്പെട്ട
എല്ലോറ ആക്രമണത്തെ തുടര്‍ന്ന് നഷ്ടപ്രതാപങ്ങളുടെ തിരസ്കരണിയില്‍ അമര്‍ന്നുപോയി. ചരിത്രാന്വേഷിയായ സഞ്ചാരിയുടെ വ്യഥ, പില്‍ക്കാലത്ത്‌ എല്ലോറയെ ലോക പൈതൃകത്തിലേക്ക് UNESCO ഏറ്റെടുക്കുംവരെ നിലനിന്നു.

നിറങ്ങളുടെയും പ്രകാശത്തിന്‍റെയും സംയോജനം സാധ്യമാക്കുന്ന അപൂര്‍വഭംഗിയുള്ള കാഴ്ച ശിലയില്‍ കൊത്തിയെടുത്തത് എത്ര സമ്മോഹനമായാണ്
എല്ലോറയുടെ പ്രാകാരചുറ്റില്‍ ദൃശ്യമാകുന്നതെന്നോ? ധനുര്‍ധാരികളായ പുരുഷന്മാര്‍ ശത്രുവിനുനേരെ തൊടുത്തുവിടുന്ന ശരമാരിയുടെ ആവേഗം ശില്‍പികള്‍ കല്‍ത്തളിമങ്ങളില്‍ ചലനാത്മകമായി വിന്യസിച്ചിട്ടുള്ളത് ചിത്രശില്പ വിദ്യാര്‍ഥികള്‍ക്ക് അദ്ഭുതം പകരും. ഗംഗ യമുനാസരസ്വതി  നദികളെ പ്രവാഹഗതിയോടെ കോണുകളില്‍ ആലേഖനം ചെയ്തിട്ടുള്ളതും ആമ്പലുംതാമരയും വൃക്ഷലതാദികളും വള്ളിക്കുടിലുകളും ഇലച്ചാര്‍ത്തുകളും അഭിഷേകതീര്‍ഥങ്ങളും പ്രണാളികയും മറ്റും അനായാസമായഒഴുക്കോടെയാണ് ശില്പികളുടെ കൈവിരലുകള്‍ സാക്ഷാത്ക്കരിചിട്ടുള്ളതും നാം കാണാതെ പോവില്ല. . ഒരോട്ടപ്രദക്ഷിണം കൊണ്ട് നിങ്ങള്‍ക്ക് എല്ലോറയെ പൂര്‍ണമായി അറിയാനാവില്ല. കാണാനും കേള്‍ക്കാനും അറിയാനും നമുക്ക് സ്വയമൊരു ശിക്ഷണം വേണം, ജിജ്ഞാസയുടെ അന്തര്‍ദൃഷ്ടിയും സംവേദനത്തിന്‍റെ അന്ത: ശ്രോത്രവും എന്നുതന്നെ പറയട്ടെ.

സമകോണുകളും ദീര്‍ഘചതുരങ്ങളും ചതുര്‍ഭുജങ്ങളും വര്‍ത്തുളഭംഗികളും ക്ഷേത്രങ്ങള്‍ക്ക് മാത്രമല്ല, പില്‍ക്കാലത്തുണ്ടായ ബുദ്ധജൈന വിഹാരങ്ങള്‍ക്കുപോലും എല്ലോറ യിലെ ശില്‍പികള്‍ നല്‍കി. നളന്ദയിലേയും തക്ഷശിലയിലെയും വിദ്യാകേന്ദ്രങ്ങളെ ഓര്‍മിപ്പിക്കുന്ന മാതൃകയിലുള്ള ഗാലറികളാണ് ബുദ്ധചൈത്യങ്ങളില്‍ നിര്‍മിച്ചിരിക്കുന്നത്.
പടുകൂറ്റന്‍ എടുപ്പുകള്‍ താങ്ങിനിറുത്തുന്നത് കല്ലില്‍പണിത അനേകം സ്തംഭങ്ങളാണ്.ഈ തൂണുകളുടെ നിര്‍മിതി ഈജിപ്തിലെ ശില്പശൈലിയെ, അഥവാ ഗ്രീക്ക് വാസ്തു ശൈലിയെ ഓര്‍മിപ്പിക്കുംവിധമാണ്. ( ഇപ്പറഞ്ഞവ ചിത്രങ്ങളില്‍മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ ) സഭകളും തളങ്ങളും, അപൂര്‍വ വിധാനങ്ങളും പാഠശാലകളും ബഹുനിലകളില്‍
പണിതീര്‍ത്തിട്ടുള്ളത് അന്നത്തെ ബുദ്ധജൈന വിദ്യാകേന്ദ്രങ്ങളുടെ മഹത്വം വിളിച്ചോതുന്നവയാണ്.
ഈ യാത്രകള്‍ നമ്മിലേക്കുതന്നെയുള്ള മടക്കയാത്രകളാണ്. പൌരാണികമഹത്വങ്ങളുടെ സൌന്ദര്യാംശം എന്നും എന്‍റെ ഇഷ്ടവിഷയമായിരുന്നു. ചരിത്രം കുളമ്പടിയൊച്ചയോടെ
ഓടിത്തീര്‍ത്ത കാലം ഞാന്‍ നോക്കിക്കാണുന്നത് രാജാക്കന്‍മാരുടെ മൃഗയാവിനോദങ്ങളിലല്ല. കാലം, പിന്നിട്ടവഴികളില്‍  ബാക്കിവെച്ച സംസ്കാരത്തിന്‍റെ കൈമുദ്രകളിലാണ്.
അജന്തയും എല്ലോറയും കൊണാര്‍ക്കും സാത്വികവും രാജസവുമായ രസമുകുളങ്ങളെ ഉണര്‍ത്താനാണ് നിമിത്തമായത് എന്നുഞാന്‍ തിരിച്ചറിയുന്നു. പുരാതനസൌന്ദര്യത്തിന്‍റെ
പ്രാര്‍ഥന വാക്കുകളില്‍ പുനര്‍ജനികൊള്ളുന്നത്‌ ഒരു നിയോഗമെന്നപോലെ ഹൃദയത്തില്‍ ഞാനേറ്റുവാങ്ങുന്നു. നന്ദി.

1 comment:

  1. എനിക്ക് കാണാനും ക്യാമറയില്‍ പകര്‍ത്താനും വളരെയധികം ആഗ്രഹമുള്ള സ്ഥലങ്ങളില്‍ ഒന്ന്...
    എന്നെങ്കിലും അത് സാധിക്കുമെന്ന് കരുതുന്നു.
    ഈ അറിവ് പങ്കുവെച്ചതിനു നന്ദി!

    ReplyDelete