small is beautiful

small is beautiful
Ajantha musings

Monday, June 20, 2011

Ellora the frozen music in stone


അജന്തയും എല്ലോറയും എന്നെ ആകര്‍ഷിച്ചത് താളത്തിലും ലാസ്യത്തിലുമാണ്. കലയുടെ സൌന്ദര്യമെന്ന നിലയിലാണ് വാസ്തുവിദ്യയുടെ ഉദാത്തതയെ ഞാന്‍ സമീപിച്ചതും. ഒരു മുന്നൊരുക്കവുമില്ലാത്ത യാത്ര. അജന്തയിലും എല്ലോറയിലും വെറുമൊരു സഞ്ചാരിയുടെ മുന്‍വിധികളില്ലാത്ത കാഴ്ചയാണ് ഞാന്‍ ഭാവനചെയ്തത്. ഭാരതീയകലയുടെ ലാവണ്യത്തെക്കുറിച്ചുള്ള ബോധമല്ലാതെ മറ്റൊന്നും ഞാന്‍ കൂടെക്കൊണ്ടുപോയില്ല. ഓരോ യാത്രയും നിശബ്ദമായ ഭാവാന്തരത്തിന്‍റെ വായനയാണെന്ന് പിന്നീട് ഞാനറിഞ്ഞു.
എല്ലോറയില്‍ രണ്ടുതവണ സന്ദര്‍ശിക്കാന്‍ ഇടവന്നു. കൃത്യമായ ഒരിടവേള ഈ യാത്രകള്‍ക്ക് ഉണ്ടായിരുന്നു. ആദ്യയാത്ര 1989 ല്‍.  ഔറംഗാബാദില്‍ തങ്ങി, അപരാഹ്ന ശോഭയാര്‍ന്ന ഒരൊഴിവുദിവസം എല്ലോറയെന്ന അദ്ഭുതമെന്‍റെ മുമ്പിലെത്തി. അതൊരു സ്വപ്നം പോലെയായിരുന്നു. മുന്‍വിധികളൊന്നുമില്ലായിരുന്നതു കൊണ്ടാവണം എല്ലോറയിലെ കൈലാസം അദ്ഭുതത്തിന്‍റെ ഒരു ചിമിഴു തുറന്നു. തിങ്കള്‍ക്കല ശിരസ്സില്‍ചൂടിയ നടരാജനെ വന്ദിക്കാനൊരു ശ്രീകോവില്‍ എല്ലോറയിലെ കൈലാസം കരുതി വെച്ചില്ല. കാലാന്തരത്തില്‍ തകര്‍ന്നുവീണതോ മുഗള്‍കാലഘട്ടത്തില്‍ തച്ചുടച്ചതോ ആയ പ്രാകാരശീര്‍ഷങ്ങളും മുഖമണ്ഡപങ്ങളും ശില്പകലാചാതുരിയുടെ അനവദ്യകാന്തിക്കു
തെല്ലു മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. എന്നിട്ടും മൂവന്തിയുടെ സുവര്‍ണസൌന്ദര്യം എല്ലോറയിലെ കൈലാസത്തിനു മീതെ ചാമരം വീശിനിന്നു.
പുരാതന ഭാരതീയവാസ്തുകലയുടെയും ഗുഹാശില്പശൈലിയുടേയും എടുപ്പുകളായി നിന്ന എല്ലോറയിലെ പ്രാകാരങ്ങള്‍ സൈന്ധവ സംസ്കാരത്തിന്‍റെ സുവര്‍ണദശയില്‍ നിര്‍മിക്കപ്പെട്ടതാണ്.ഫലഭൂയിഷ്ടമായ ഡെക്കാന്‍സമതലത്തിന്‍റെ ദക്ഷിണപദം കയ്യാളിയിരുന്ന രാഷ്ട്രകൂടവംശത്തിലെ രാജഭരണത്തിന്‍റെ സൌഭഗകലയാണ്‌ എല്ലോറ. കിഴുക്കാം തൂക്കായികിടന്ന അഗ്നിശൈല പ്രദേശമാണ് കൈലാസത്തിന് രൂപം നല്‍കിയത്. ദ്രാവിഡ പല്ലവ ചാലൂക്യ ശൈലികള്‍ ഇഴചേര്‍ന്ന ശില്പകലാചാതുരി എല്ലോറയുടെ രചനയില്‍
പ്രകടമാണ്. ഹിന്ദു ബുദ്ധ ജൈന ദര്‍ശനങ്ങളുടെ പ്രതിഫലനം പാറക്കെട്ടുകളില്‍ വിരിഞ്ഞ ഗുഹാവാസ്തുവിദ്യയില്‍ നമുക്ക് വായിച്ചെടുക്കാം.
ഭീമാകാരമായ ഒരു പാറയുടെ പുറംപാളി മൂന്നായി പൊഴിച്ച് ശില്പവിന്യാസം നിറവേറ്റിയതാണ് നാമിന്നു കാണുന്ന എല്ലോറയിലെ കൈലാസം. Majic Mountain എന്നറിയപ്പെടുന്ന എല്ലോറ കൈലാസനാഥക്ഷേത്രം എ.ഡി ഏഴാം നൂറ്റാണ്ടില്‍ ഔറംഗാബാദ് ഭരിച്ചിരുന്ന രാഷ്ട്രകൂട രാജവംശത്തിലെ കൃഷ്ണന്‍ ഒന്നാമന്‍ പണിതീര്‍ത്തതാണത്രേ.
പ്രധാന ഗോപുരത്തിന്‍റെ പ്രദക്ഷിണവഴിയില്‍ പതിനെട്ടുമീറ്റര്‍ ഉയരത്തില്‍ സ്ഥാപിച്ചിട്ടുള്ള രണ്ടു കല്‍ത്തൂണുകള്‍ കാണാം. കൈലാസത്തിന്‍റെ പ്രധാനകവാടം തുറക്കുമ്പോള്‍ ദൃശ്യമാകുന്ന ഈ സ്ഥാണുക്കളും ഇരുവശങ്ങളിലായി കരിങ്കല്ലില്‍ വിടര്‍ന്നുനിന്ന തലയെടുപ്പുള്ള ഗജവീരന്‍മാരും അകത്തളത്തിലെ ശില്പമഹിമക്കു മകുടംചാര്‍ത്തി. പില്‍ക്കാലത്ത്‌ ശത്രുരാജാക്കന്മാരുടെ ഹിംസയില്‍ തകര്‍ന്ന ശിലകളുടെ കൂട്ടത്തില്‍ നഷ്ടപ്പെട്ട തുമ്പിക്കൈകളുമായി ശിലയിലുറഞ്ഞുനിന്ന ആനകള്‍ സഞ്ചാരികളുടെയും ചരിത്രാന്വേഷികളുടെയും വേദനയായി.
എല്ലോറയുടെ മുഖമണ്ഡപത്തിലും പ്രാകാരശീര്‍ഷത്തിലും ത്രിസന്ധ്യ വിളക്കുവെച്ചു. അര്‍ദ്ധവൃത്തത്തില്‍ അപ്രദിക്ഷിണമായി നടന്നു നീങ്ങുമ്പോള്‍ എല്ലോറയുടെ ശിലകളില്‍
ഉളിപ്പാട് തീര്‍ത്ത ശില്പികളെ മനസ്സാ ധ്യാനിച്ചു.ആനന്ദകുമരസ്വാമി പറഞ്ഞല്ലോ, " എല്ലാ വാസ്തുവിദ്യയും അതിനെ എന്താക്കിത്തീര്‍ക്കുന്നുവോ അതാണ്‌. വെളുപ്പുനിറമോ
ചാരനിറമോ കലര്‍ന്ന കല്ലാണതെന്നു നിങ്ങള്‍ കരുതിയോ? അതോ കമാനങ്ങളിലെയും പ്രാസാദങ്ങളിലെയും ചിഹ്നങ്ങള്‍? ഈ കൃഷ്ണശിലകളിലുണര്‍ന്ന സംഗീതം ഇതാ നമുക്കൊപ്പം വളരെ അടുത്ത്, എന്നാല്‍ എത്രയോ അകലെ...."
(അവസാനിക്കുന്നില്ല)
സേതുമാധവന്‍ മച്ചാട്