small is beautiful

small is beautiful
Ajantha musings

Saturday, August 13, 2011

machad memories

ഉച്ചവെയിലിന്‍റെ സ്ഫടികം തിളങ്ങിനിന്ന വേനല്‍പ്പാടങ്ങള്‍താണ്ടി എടുപ്പുകുതിരകള്‍ നിറമാലയായിവരുന്ന ഓര്‍മച്ചിത്രമാണ് മച്ചാട് എന്ന എന്‍റെ ദേശം .
ഒരു ദേശത്തെ എഴുതിയ ' പൊരിവെയില്‍ പൂനിലാവ്‌' എന്ന പുസ്തകം ഓര്‍മകളിലെ കുട്ടിക്കാലം എനിക്ക് തിരിച്ചുതന്നു. അഡ്വ.എം പി ശ്രീകൃഷ്ണന്‍ അടയാളപ്പെടുത്തിയ ദേശം സ്ഥലകാലങ്ങളുടെ യുക്തിസഹവും, എന്നാല്‍ ഭാവനാപൂര്‍ണവുമായ ആലേഖനമാണ്. സ്ഥലനാമചരിത്രം രേഖപ്പെടുത്തുന്ന കൃതികള്‍ മലയാളത്തില്‍ കുറവാണ്. ശ്രീ വേലായുധന്‍ പണിക്കശ്ശേരിയും,വി.വി.കെ വാലത്തുമൊക്കെ ആ വഴിയെ സഞ്ചരിച്ച് എഴുതിയത് ഓര്‍മ്മിക്കുന്നു.
തകഴിയുടെയും എസ കെ പൊറ്റെക്കാട്ടി ന്‍റെയും എം.ടിയുടെയും നോവലുകള്‍ കേരളത്തിലെ ദേശകാലങ്ങളെ അടയാളപ്പെടുത്തി. കുറച്ചുകാലം മുമ്പ് കൊടുങ്ങല്ലൂരിനെപറ്റിയും നന്നായി ഒരുക്കിയ ഒരു ഡയരക്ടറി വായിച്ചതോര്‍ക്കുന്നു.
മച്ചാട് എന്ന് കേള്‍ക്കുമ്പോള്‍ തിരുവാണിക്കാവും വേനല്‍പ്പാടങ്ങളിലൂടെ എഴുന്നെള്ളിവരുന്ന വര്‍ണക്കുതിരകളുമാണ് ഓര്‍മയില്‍വരുന്നത്. എന്നാല്‍ മച്ചാട്ടുവേല മാത്രമല്ല, ദേശപ്പാനയും കെട്ടുനിറയും, വിളക്കുകാഴ്ചയും ഓണവും തിരുവാതിരയും മഞ്ഞും നിലാവും എല്ലാമെല്ലാം ചേതോഹരമായി ഈ പുസ്തകത്തില്‍ വിരുന്നുവരുന്നു. മണലിത്ര, കരുമത്ര, വിരുപ്പാക്ക, കുളപ്പുരമംഗലം, തെക്കുംകര, വാഴാനി, പുന്നംപറമ്പ് എന്നീ തുരുത്തുകളുടെ സമാഹാരമായ മച്ചാട്. അതിവിസ്തൃതമായ പാടശേഖരങ്ങള്‍. മച്ചാടിനെ പുണര്‍ന്നുകിടന്ന കാടും മലയും, അവിടെ ഉദ്ഭവിച്ച വെള്ളച്ചാട്ടങ്ങള്‍ ,വാഴാനി അണക്കെട്ട്, കൃഷിഭൂമികള്‍, കൃഷീവലന്മാരായ മനുഷ്യജീവികള്‍, സ്നേഹംകൊണ്ടും അധ്വാനം കൊണ്ടും എളിയ ജീവിതംനയിച്ച തലമുറകള്‍ എല്ലാം ഒന്നൊന്നായി ഓര്‍ത്തെടുക്കുന്നു ലേഖകന്‍.
' കല്യാണി കളവാണി' തുടങ്ങിയ തിരുവാതിരപ്പാട്ടുകളുടെ കര്‍ത്താവായ വിദ്വാന്‍ മച്ചാട്ടിളയത് ( അദേഹം ശക്തന്‍തമ്പുരാന്‍റെ ആസ്ഥാനജ്യോതിഷിയും കവിയുമായിരുന്നു), ഇളയതിന്‍റെ പൌത്രിയായിരുന്നു നോവലിസ്റ്റ് വിലാസിനിയുടെ അമ്മ. ശ്രീ. എം കെ മേനോന്‍, ഹൈക്കോടതി ജഡ്ജിയായിരുന്ന എം പി മേനോന്‍, വം രാമചന്ദ്രന്‍, ആര്‍ എം മനക്കലാത്ത്, പച്ചമലയാള പ്രസ്ഥാനത്തിലെ പ്രമുഖനായിരുന്ന ശ്രീ ഒടുവില്‍ കുഞ്ഞിക്കൃഷ്ണമേനോന്‍, സംവിധായകരായ പി എന്‍ മേനോന്‍, ഭരതന്‍, അതുല്യനടന്‍മാരായ ഒടുവില്‍ ഉണ്ണികൃഷ്ണന്‍, അബുബക്കര്‍, അഭിനേത്രിയും ഗായികയുമായ ശ്രീമതി വാസന്തി, കൊമ്പ് കലാകാരനായ
അപ്പുനായര്‍ തുടങ്ങി ഇവിടെ ജനിച്ചുവളര്‍ന്നു പേരുംപെരുമയും നേടിയ മഹദ് വ്യക്തികള്‍ ..ഓര്‍മകളുടെ നിറമാലയാണ് ഈ കൊച്ചുപുസ്തകം.


ഓരോ ദേശത്തിനും ഓരോ ഭാഷ. വാക്ക് വരുന്ന വഴി , ശീലം മാറുന്ന രീതിശാസ്ത്രം എല്ലാം ഒരു ഗവേഷകനെപ്പോലെ തിരഞ്ഞുകണ്ടെത്തുന്നു ഗ്രന്ഥകാരനായ ശ്രീകൃഷ്ണന്‍. ഈ താളുകളില്‍ പകിടകളിയുടെ ആരവം, കുതിരകളിയുടെ പെരുമ,  ഞാറ്റുപാട്ടിന്‍റെ ഈണം, ഏഴരവെളുപ്പിന്‍റെ തുയിലുണര്‍ത്ത്, തുടിയുടെ ശബ്ദം, നിന്നുപെയ്യുന്ന ഞാറ്റുവേലകള്‍, കൃഷിപ്പാട്ടുകള്‍, കവുങ്ങിന്‍തോപ്പുകളെ ആടിയുലച്ചുകൊണ്ട് ചുരമിറങ്ങിവന്ന ആതിരക്കാറ്റിന്‍റെ ചൂളം, തേക്ക്       പാട്ടും നന്തുണിയും, വൃശ്ചികം മുങ്ങിനിവര്‍ന്ന ഉടുക്കൊലിയും എല്ലാം നമുക്ക് ഇന്ദ്രിയാനുഭവമായി വരുന്നു.
നോക്കെത്താദൂരത്തോളം നീണ്ടു നിവര്‍ന്നുകിടന്ന വേനല്‍പ്പാടങ്ങളുടെ, കൊയ്ത്തിനു പാകമായ സ്വര്‍ണനിറംകലര്‍ന്ന നെല്ക്കതിരുകളുടെ സൌന്ദര്യം, ലോകം മുഴുവന്‍ സഞ്ചരിച്ചിട്ടും താനിതുവരെ കണ്ട ഏത് ദൃശ്യത്തെക്കാളും മനോഹരമായിരുന്നു അതെന്ന് നോവലിസ്റ്റ് വിലാസിനി രേഖപ്പെടുത്തിയിട്ടുണ്ട്.
വിലാസിനിയുടെ ഊഞ്ഞാല്‍ , നിറമുള്ള നിഴലുകള്‍, ഇണങ്ങാത്ത കണ്ണികള്‍, ചുണ്ടെലി, തുടക്കം, അവകാശികള്‍ തുടങ്ങിയ എല്ലാ നോവലുകളും മച്ചാട് എന്ന ദേശത്തെ ചിത്രത്തിലെന്നപോലെ പ്രതിഫലിപ്പിക്കുന്നു. മുലപ്പാലിന്‍റെ മണമുള്ള വിലാസിനിയുടെ ഭാഷ മച്ചാടെന്ന ഈ ഗ്രാമത്തിന്‍റെ സംഭാവനയാണ്.
എന്‍റെ ഗ്രാമത്തെ അടയാളപ്പെടുത്തിയ ഈ പുസ്തകം 'മലയാളനാടിന്‍റെ' സജീവസാന്നിധ്യമായ ശ്രീ ജയശങ്കര്‍ വട്ടെക്കാട്ടാണ് അയച്ചുതന്നത്. അദ്ദേഹത്തിന് നന്ദി പറയുന്നത് ശരിയല്ലല്ലോ. കേരളചരിത്രത്തിന്‍റെ സംസ്കാരഭൂപടത്തില്‍ ദേശചരിത്രത്തിനു വലിയ പങ്കാണുള്ളതെന്ന്  ഈ പുസ്തകം സാക്ഷ്യ പ്പെടുത്തുന്നു. 



- sethumadhavan machad

1 comment:

  1. മച്ചാടിന്റെ ചരിത്രത്തെ പറ്റി അന്വേഷിച്ച് നടന്ന എനിക്ക് തെക്കുംകര വായനശാലയിലെ എന്റെ സുഹൃത്തുക്കളാണ് ഈ പുസ്തകത്തെക്കുറിച്ച് എനിക്ക് പറഞ്ഞുതന്നത്. മച്ചാടിന്റെ ചരിത്രപ്പെരുമയെപറ്റിയും മാമാങ്കത്തിന്റെ ചരിത്ര പ്രധാന്യ്ത്തെപറ്റിയും വാഴാനി ഡാമിന്റെ നിർമ്മാണകാലത്തെ പറ്റിയും മച്ചാട് സ്കൂളിനെ പറ്റിയും ഇത്ര്യധികം വിസ്തരിച്ചുള്ള ഒരു പുസ്തകം മച്ചാടിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല..
    മച്ചാട്ടുകാർ ഏവരും വായിച്ച് മനസ്സിലാക്കേണ്ട പുസ്തകമാണിത്…
    സേതുമേനോൻ ജി…മനോഹരമായി എഴുതി…നമ്മുടെ ദേശപ്പെരുമയെ പറ്റി ..നമ്മുടെ സ്വന്തം എഴുത്തുകാരെ പറ്റി…സർവ്വോപരി നമ്മുടെ മാമാങ്കത്തെ പറ്റി…ഇനിയും പ്രതീക്ഷിക്കട്ടേ….

    ReplyDelete