small is beautiful

small is beautiful
Ajantha musings

Saturday, August 27, 2011

Padmanaabhomara prabhu

 പ്രാചീന കേരളചരിത്ര രചന മുഖ്യമായും ഗ്രീക്ക്- റോമന്‍ ചരിത്രകാരന്മാരുടെ വിവരണങ്ങളും അശോക ചക്രവര്‍ത്തിയുടെ ലിഖിതങ്ങളുമാണ് ആധികാരിക രേഖകളായി സ്വീകരിച്ചത്. മേഗസ്തനിസ് എഴുതിയ യാത്രാവിവരണങ്ങളും സ്ട്രാബോയുടെ ഭൂമിശാസ്ത്രവും, പ്ലിനിയുടെ പ്രകൃതിചരിത്രവും കാവ്യാത്മകമായ സംഘകാല രചനകളും കേരളചരിത്രരചനക്ക് സഹായകമായി. മധുര കേന്ദ്രമാക്കി ചേര-ചോള രാജാക്കന്മാര്‍ നടത്തിയ വിദ്വല്‍ സദസ്സിനെയാണ് 'സംഘം' എന്ന് വിളിച്ചിരുന്നത്‌. ചേര ചോള പാണ്ഡ്യ രാജവംശങ്ങളില്‍ ഏറ്റവും പുരാതനം ചേരരാജവംശമായിരുന്നുവത്രേ. ചേരരാജ്യത്തി ന്‍റെ വിസ്തൃതി ഏതാണ്ട് 80 കാതം ( 400 മൈല്‍) ആയിരുന്നു. മലകള്‍ നിറഞ്ഞ പ്രദേശമായതുകൊണ്ട് 'ചേരല്‍' എന്ന പേര് ലഭിച്ചുവെന്നും, പിന്നീടത്‌ കേരളമെന്ന് കേള്‍വിപ്പെട്ടുവെന്നും 'അകനാനൂറ്' പറയുന്നു. 'പുറനാനൂറില്‍' രാജാക്കന്മാരുടെ വിശദമായ ചരിത്രം ആഖ്യാനം ചെയ്തിട്ടുണ്ട്. ചേരവംശ- ജര്‍ക്കിടയില്‍ യോദ്ധാക്കളും ഗായകരും കവികളും ഉണ്ടായിരുന്നു. 'പെരുമാള്‍ തിരുമൊഴി' എഴുതിയ കുലശേഖര ആഴ്വാരുടെ കാലം ചരിത്രത്തിലെ സുവര്‍ണദശയായിരുന്നു. തെക്കന്‍കേരളത്തിലെ നാഞ്ചിനാട് മുതല്‍ കൊടുങ്ങല്ലൂര്‍വരെ വ്യാപിച്ചുകിടന്ന പെരുമാള്‍ ഭരണപ്രദേശത്തെ ഏറ്റവും പ്രഗദ്ഭ നായ രാജാവും അദ്ദേഹമായിരുന്നു. തിരുവിതാംകൂര്‍ രാജാക്കന്മാരുടെ പൂര്‍വികനായി അറിയപ്പെടുന്ന കുലശേഖര ആഴ്വാര്‍ പ്രസിദ്ധകൃതികളായ
'മുകുന്ദമാലയുടെയും'  'സുഭദ്രാ ധനഞ്ജയ'ത്തിന്‍റെയും കര്‍ത്താവായിരുന്നു. ദക്ഷിണഭാരതത്തിലെ വൈഷ്ണവധാരക്ക് തുടക്കമിട്ടത് ഒന്‍പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കുലശേഖര ആഴ്വാര്‍ ആണെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. രാമായണകഥ ആഖ്യാനംചെയ്യുന്ന ഏറ്റവും പഴയ തമിഴ്കൃതി ചേരവംശത്തിന്‍റെ
നിലവിളക്കായി കരുതപ്പെടുന്ന അദ്ദേഹത്തിന്‍റെ 'പെരുമാള്‍ തിരുമൊഴി' യാണ്.
വാഴപ്പള്ളി ശാസനമനുസരിച്ച്, ശങ്കരാചാര്യരുടെ സമകാലീനനായ രാജശേഖരനാണ് കുലശേഖര ആഴ്വാരുടെ അനന്തരാവകാശി. പിന്നീട് സ്ഥാണു രവി വര്‍മന്‍ അധികാരത്തിലെത്തി. തുടര്‍ന്ന് രാമവര്‍മ, ഇന്ദുക്കോതവര്‍മ, ഭാസ്കര രവിവര്‍മ തുടങ്ങിയവരും ചേരസാമ്രാജ്യം വാണു. എന്നാല്‍ രാജരാജ ചോള ന്‍റെ ഭരണകാലത്ത് വിഴിഞ്ഞവും കാന്തളൂര്‍ശാലയും ആക്രമിക്കപ്പെടുകയും നാഞ്ചിനാട്‌ ചോളസാമ്രാജ്യത്തിനു കീഴടങ്ങുകയും ചെയ്തു. ചോള രാജാക്കന്മാരുടെ അധീനതയില്‍ ചേരരാജവംശം ശിഥിലമാവുകയും അരാജകത്വം നടമാടിയ ആ കാലം നാട്ടുമാടമ്പിമാര്‍ അങ്ങിങ്ങു തലപൊക്കുകയും അവര്‍, തന്നിഷ്ടപ്രകാരം സ്വയംഭരണം ഏറ്റെടുക്കുകയും ചെയ്തുവെന്ന് കരുതപ്പെടുന്നു. ഏതായാലും ചേര-ചോള യുദ്ധം ഏറെ നാള്‍ നിലനിന്നുവെന്നാണ് ശാസനങ്ങളും ചെപ്പേടുകളും രേഖപ്പെടുത്തിയത്.
ഒന്‍പതാം നൂറ്റാണ്ടോടെയാണ്‌ മലയാളം ഒരു പ്രത്യേക ഭാഷയായി രൂപപ്പെടുന്നത്. കൊല്ലവര്‍ഷം അഞ്ചാം ശതകംവരെ പ്രാചീനഘട്ടവും, തുഞ്ചത്തെ ഴുത്തച്ച്ചന്‍റെ  കാലംവരെ മധ്യകാലവും തുടര്‍ന്ന് കേരളവര്‍മയുഗം വരെ ആധുനികകാലവുമായി എണ്ണപ്പെടുന്നു. പന്ത്രണ്ടിനും പതിനഞ്ചിനുമിടക്കുള്ള  കാലം മണിപ്രവാളത്തിന്‍റെ സുവര്‍ണദശയായിരുന്നു.

തിരുവനന്തപുരം രാജധാനിയാവുന്നത് കൊല്ലവര്‍ഷം 970 ലാണ്. തിരുവനന്തപുരത്തിന് വടക്ക് കൊല്ലം ആസ്ഥാനമായിരുന്ന ചെറുരാജ്യമാണ് 'വേണാട്' എന്നറിയപ്പെട്ടത്. വേണാടിന്‍റെ അതിര്‍ത്തി പലപ്പോഴും മാറിയും മറിഞ്ഞും നിലനിന്നു. അന്ന് 18 പ്രദേശങ്ങള്‍ ഉള്‍ക്കൊണ്ട സ്ഥലമായിരുന്നു 'കേരളം'.
വേണാടിന് വഞ്ചിനാടെന്നും പേരുണ്ടായിരുന്നു എന്ന് മഹാകവി ഉള്ളൂര്‍ എഴുതിയിട്ടുണ്ട്. ചേരചക്രവര്‍ത്തിമാരുടെ ബന്ധുക്കളും പ്രതിനിധികളുമായി കേരളത്തിന്‍റെ ദക്ഷിണഭാഗം പരിപാലിച്ചു പോന്നതുകൊണ്ട് തിരുവിതാംകൂര്‍ രാജവംശം തങ്ങളുടെ രാജധാനിയായ തിരുവനന്തപുരത്തിനെ 'വഞ്ചി നാടെന്നും' വിളിച്ചുപോന്നു. അങ്ങനെ തിരുവിതാംകൂറിന്‍റെ മൂലസ്ഥാനം വേണാടെന്നു കേള്‍വിപ്പെട്ടു. ആയ് വംശത്തിലെ നാടുവാഴിയെന്നാണ് വേണാടിന് അവര്‍ അര്‍ഥം കല്‍പിച്ചത്‌. തിരുവിതാംകൂര്‍ മഹാരാജാക്കന്മാരെ അവരുടെ ജീവിതസംശുദ്ധി കൊണ്ട് ' തിരുവടികള്‍' എന്നും രാജ്യത്തെ, വാനവ നാട് അഥവാ 'വേണാട്'  എന്നും വിളിച്ചുപോന്നു.
വേണാട്ടു രാജക്കാന്മാര്‍ക്ക് 'കേരള വര്‍മ' എന്നും 'ചേരമാന്‍ പെരുമാള്‍' എന്നും 'സംഗ്രാമധീരന്‍' എന്നും 'മാര്‍ത്താണ്ട വര്‍മന്‍' എന്നും ബിരുദങ്ങള്‍ ഉണ്ടായിരുന്നതായി ചരിത്രകാരന്‍ ശ്രീ കെ പി.പദ്മനാഭമേനോന്‍ രേഖപ്പെടുത്തുന്നു. സമ്പദ്സമൃദ്ധിയുടെ നാട് എന്ന അര്‍ഥത്തില്‍ 'ശ്രീ വാഴുംകോട്‌' അഥവാ 'തിരുവിതാംകോട് ' എന്നും കാലാന്തരത്തില്‍ 'തിരുവിതാംകൂര്‍' എന്നും ഈ നാടിനെ വിളിച്ചുപോന്നുവെന്ന് പഴമക്കാര്‍ പറയുന്നു. അന്ന് വേണാടിന്‍റെ ആസ്ഥാനം 'കല്‍ക്കുളം'  'തിരുവാങ്കോട്' എന്നൊക്കെ പേരുള്ള നാഞ്ചിനാട്ടിലെ 
'പദ്മനാഭപുരം' ആയിരുന്നു.

സി വി രാമന്‍പിള്ളയുടെ 'രാമരാജ ബഹദൂറില്‍' ശ്രീ മഹാബലിവനം എന്ന അനന്തന്‍കാടിന്‍റെ  വടക്കു പടിഞ്ഞാറുള്ള ഒരു ഉപവനമായിരുന്നു തിരുവനന്തപുരം എന്ന് പറയുന്നുണ്ട്. പില്‍ക്കാലത്ത് പാശ്ചാത്യരുമായുണ്ടായ സഖ്യം, തിരുവിതാംകൂറിലെ സേനാനായക സ്ഥാനങ്ങളില്‍ പടുകൂറ്റന്‍
ബംഗ്ലാവുകള്‍ നിര്‍മിക്കപ്പെടുവാന്‍ നിമിത്തമായി.
കൊല്ലവര്‍ഷത്തിന്‍റെ സമുദ്ധാരകന്‍ എന്നറിയപ്പെടുന്ന ഉദയ മാര്‍ത്താണ്ടവര്‍മയാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൂജാക്രമങ്ങള്‍ ചിട്ടപ്പെടുത്തിയത് എന്ന് പറയപ്പെടുന്നു. സൂര്യന്‍റെ ഗതിക്രമം അളന്ന് ചിങ്ങമാസം ഒന്നാംതിയതി മുതല്‍ ഒരു പുതിയവര്‍ഷം നിശ്ചയിച്ച് അതിനെ കൊല്ല വര്‍ഷം എന്ന് നാമകരണം ചെയ്തു. കേരളത്തിലെ മുഴുവന്‍ ജനങ്ങളും അതിനെ അംഗീകരിക്കുകയും ചെയ്തു. ഉത്തരഹിന്ദുസ്ഥാനം  'ആര്യാവര്‍ത്തമെന്നും ' ദക്ഷിണ ഭാഗം 'ദ്രാവിഡാവര്‍ത്തമെന്നും' പില്‍ക്കാലത്ത്‌ അറിയപ്പെട്ടു.

( sethumadhavan machad)

No comments:

Post a Comment