small is beautiful

small is beautiful
Ajantha musings

Friday, August 26, 2011

Padmanabho maraprabhu

ചരിത്രം അതിന്‍റെ ഇരുള്‍മൂടിയ ഗുഹാന്തര്‍ഭാഗത്തു ‌നിന്ന് നിധിയായി ഉയര്‍ന്നുവരുന്ന കാലം, സത്യാന്വേഷകരില്‍ വിസ്മയമുണര്‍ത്തും.നെല്ലും പതിരും വേര്‍തിരിച്ചറിയാന്‍ പോയകാലത്തിന്‍റെ താളുകളിലൂടെ സഞ്ചരിക്കണം. അദ്ഭുതത്തിന്‍റെ നിധികളാണ് ചരിത്രംപിന്നിട്ട നാള്‍വഴികള്‍. തിരുവനന്തപുരത്തിന് ആയിരം വര്‍ഷത്തിന്‍റെ പാരമ്പര്യ-
മുണ്ടെന്ന് എത്ര പേര്‍ക്കറിയാം? സംഘകാലത്തെ ആള്‍വാര്‍മാര്‍ ഈ നഗരിയെ കീര്‍ത്തിച്ചു പാടിയിട്ടുണ്ട്. പ്രാചീന നഗരമായ അനന്തപുരി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നീ പട്ടണങ്ങളെക്കാള്‍ എത്രയോ പഴക്കമേറിയതാണ്. കൊല്‍ക്കത്തയ്ക്ക് 310 കൊല്ലത്തെ ചരിത്രമേയുള്ളൂ. ചാനര്‍ക്ക് എന്ന ഇംഗ്ലീഷ് വ്യാപാരി ബംഗാള്‍ നവാബില്‍നിന്ന്  ഏതാനും ഗ്രാമങ്ങള്‍ വിലക്കുവാങ്ങി 1690 ലാണ് കച്ചവടം തുടങ്ങിയത്. 1668 ലാണ് ചാള്‍സ് രണ്ടാമന്‍ മീന്‍പിടുത്തക്കാരുടെ ഗ്രാമമായിരുന്ന മുംബായിയെ പത്തുപവന്‍ പാട്ടത്തിന് ഈസ്റ്റ്‌- ഇന്ത്യ കമ്പനിയെ ഏല്പിച്ചത്. ഫ്രാന്‍സിസ് ഡേ എന്ന ഇംഗ്ലീഷ് വ്യാപാരി മദിരാശി കടലോരത്ത് കച്ചവടം തുടങ്ങിയത് 1639 ലും.  ശ്രീ.സി.എസ് ശ്രീനിവാസാചാരി എന്ന പ്രശസ്തനായ ചരിത്രകരനാണ് ചെന്നൈ പട്ടണത്തിന്‍റെ ഇതിഹാസമെഴുതിയത്. കൊല്‍ക്കത്തയുടെ ചരിത്രം രേഖപ്പെടുത്തിയതാകട്ടെ മലയാളിയായ  ശ്രീ പി ടി നായരും.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട 'സ്യാനന്ദൂരപുരാണം' ആയിരംവര്‍ഷം പിന്നിട്ട തിരുവനന്തപുരത്തിന്‍റെ കഥ പറയുന്നു. സംഘകാലകൃതികളില്‍ വിവരിക്കുന്ന സമ്പന്ന ചരിത്രങ്ങള്‍ക്ക്‌ വിശദമായ വ്യാഖ്യാനം രൂപപ്പെടാന്‍ പിന്നെയും കാലമെടുത്തു. മതിലകം ഗ്രന്ഥവരിയും സംഘസാഹിത്യവും പാടിപ്പുകഴ്ത്തിയ അനന്തപുരചരിത്രം നമ്മില്‍ അദ്ഭുതാദരമുണര്‍ത്തും. ഡോ എ ജി മേനോന്‍, ശ്രീ നരസിംഹന്‍ തമ്പി, ശൂരനാട്ട് കുഞ്ഞന്‍പിള്ള, പ്രിന്‍സെസ്സ് ഗൌരിലക്ഷ്മി ഭായ് എന്നിവരും ആദരണീയനായ ശ്രീ പട്ടം ജി രാമചന്ദ്രന്‍ നായരും തിരുവനന്തപുരത്തിന്‍റെ ചരിത്രം സത്യസന്ധമായി രേഖപ്പെടുത്തി. അതില്‍ ഭാവനയും അത്യുക്തികളും ഉണ്ടാവാം. ദേശചരിത്രം കാലത്തെ അടയാളപ്പെടുത്തുന്നത് ഗവേഷണവും ഭാവനയും രസാവഹമായി കലര്‍ത്തിയാണല്ലോ.

തിരുവനന്തപുരം നീണ്ടകാലം ഐശ്വര്യപൂര്‍ണമായ ഒരു രാജധാനിയായിരുന്നു എന്നതാണ് ശ്രദ്ധേയമായ വസ്തുത. രാജധാനി എന്നുമാത്രമല്ല, നളന്ദ - തക്ഷശില മാതൃകയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു പാഠശാല ഇവിടെ നിലനിന്നിരുന്നു. മുംബൈ, കൊല്‍ക്കത്ത എന്നീ നഗരങ്ങളെപ്പോലെ വ്യാപാരികളുടെയും സാര്‍ഥവാഹകരുടെയും വര്‍ത്തക പ്രമാണികളുടെയും പട്ടണമായിരുന്നില്ല. കാന്തളൂര്‍ശാല എന്ന വേദപഠന കേന്ദ്രം ഈ നഗരിയെ സമുന്നതമായ സാംസ്കാരിക തീര്‍ഥാടന കേന്ദ്രമാക്കി. കലോപാസകന്‍മാരും പ്രജാ വത്സലന്‍മാരുമായ അനേകം രാജാക്കന്മാര്‍ അര്‍പണബുദ്ധിയോടെ നിര്‍മിച്ച മനോഹരസൌധങ്ങളാല്‍ അലങ്കരിക്കപ്പെട്ട ഈ നഗരി സംഗീതസാഹിത്യങ്ങളുടെ തീര്‍ഥഘട്ടമായി പരിലസിച്ചു. ജയ്പൂര്‍, ആഗ്ര തുടങ്ങിയ ഉത്തരേന്ത്യന്‍ നഗരങ്ങളിലെ രമ്യഹര്‍മ്യങ്ങളെ അപേക്ഷിച്ച് ലളിതവും, അനാര്‍ഭാടവുമായിരുന്നു തിരുവിതാംകൂറിലെ മണിമന്ദിരങ്ങള്‍.

തിരുവനനതപുരം കോട്ടക്കകത്തെ കുതിരമാളിക, രംഗവിലാസം, കൃഷ്ണവിലാസം, അനന്തവിലാസം എന്നീ മാളികകള്‍ അതിന്‍റെ നിര്‍മിതിയിലെ ലാളിത്യം കൊണ്ടും ശില്പ വിധാനത്തിലെ പ്രൌഡി കൊണ്ടും ഇന്നും മനോഹരമായി നില്‍ക്കുന്നു. പില്‍ക്കാലത്ത്‌ ആംഗലേയ കവി കോള്‍റിജ്  എഴുതിയ 'കുബ്ലാഖാന്‍' എന്ന കാവ്യത്തിലൂടെ ഈ നഗരിയിലെ മോഹനസൌധങ്ങളുടെ കഥ നമ്മള്‍ വായിച്ചറിഞ്ഞു. വീതിയേറിയ വരാന്തകളും പൊക്കമുള്ള മേല്‍ക്കൂരകളും രാജമന്ദിരങ്ങളെ കൊളോണിയല്‍ പ്രൌഡിയോടെ
നിലനിര്‍ത്തി.

മദിരാശിയില്‍നിന്നു വന്ന ചെഷോംഎന്ന വാസ്തുശില്പിയാണ് മനോഹരമായ തിരുവനന്തപുരം മ്യൂസിയം രൂപകല്‍പന ചെയ്തത്. രാജവീഥിയുടെ കാഴ്ചക്ക് സൌമ്യമായ സൌന്ദര്യം നല്‍കുന്ന ആ സൌധം ദക്ഷിണേന്ത്യയിലെത്തന്നെ മികവാര്‍ന്ന ശില്പമാണ്. 1860 ല്‍ ആയില്യംതിരുനാളാണ് ഇന്നത്തെ സെക്രട്ടേറിയറ്റിനു ഉചിതസ്ഥാനം നിര്‍ണയിച്ച്
പാശ്ചാത്യമായ  റൊമാനോ-ഡച്ച് ശില്പ തന്ത്രത്തെ ആധാരമാക്കി വിശാലമായ മന്ദിരം പണിതീര്‍ത്തത്. തിരുവിതാംകൂറിലെ ചീഫ് എഞ്ചിനീയറായിരുന്ന W .C .ബാര്‍ട്ടന്‍ ആണ് സെക്രട്ടെരിയറ്റ് മന്ദിരത്തിന്‍റെ ശില്പി. രാജവീഥിയുടെ സൌന്ദര്യത്തിനു മാറ്റ്കൂട്ടിയ യൂണിവേര്‍സിറ്റി കോളേജുമന്ദിരം രൂപകല്പന  ചെയ്തത് ശ്രീ എ എച്ച്  ജേക്കബ് എന്ന ശില്പിയാണ്. മലയാളത്തിലെ കവികള്‍ വാഴ്ത്തിയ ചാരുതര ഹര്‍മ്യങ്ങളും ചന്ദ്രശാലകളും ആയില്യംതിരുനാള്‍, വിശാഖം തിരുനാള്‍, ശ്രീമൂലം തിരുനാള്‍ എന്നീ സഹൃദയ കലാരസികരായ ഭരണാധികാരികളുടെ കാലം അടയാളപ്പെടുത്തിയ മായാത്ത മുദ്രകളാണ്. സ്വാതിതിരുനാളിന്‍റെ കാലം, സംഗീതവും സാഹിത്യവും ചിറകടിച്ച അപൂര്‍വ വേളകളായിരുന്നു. ചരിത്രം ഈ നഗരിയെ സംസ്കൃതിയുടെ അനന്തസ്ഥലിയാക്കി നിറുത്തി. മഹിതവും പുഷ്കലവുമായ ഒരു കാലം ഇവിടെ യോഗനിദ്രയിലെന്ന പോലെ പള്ളിയുറങ്ങുന്നു.

കാലം കൊത്തിവെച്ച മുദ്രകളും, ചിലപ്പോഴൊക്കെ തമസ്കരിച്ച സത്യങ്ങളും നമുക്ക് വായിച്ചറിയാം. ആയിരം വര്‍ഷത്തിന്‍റെ കഥ പറയുന്ന അനന്തപുരി, ആയിരം നാവുള്ള അനന്തന്‍റെ ശയ്യയില്‍ മന്ദസ്മിതം കൊള്ളുന്ന പെരുമാളിന്‍റെ കഥ കൂടിയാണല്ലോ. വരുംദിവസങ്ങളില്‍ നമുക്കത് വായിച്ചുനോക്കാം.     

- sethumadhavan machad

No comments:

Post a Comment