small is beautiful

small is beautiful
Ajantha musings

Saturday, April 30, 2011

maulinnong -musings

മൌലിന്യോംഗ്, ഇപ്പോഴും ഓര്‍മയിലെ നിത്യഹരിതം.
ഇന്ത്യയുടെ വടക്ക്- കിഴക്കന്‍ മേഖല ജൈവവൈവിധ്യത്തിന്‍റെയും ഹരിതഭംഗികളുടെയും നിലവറ. മേഘാലയയുടെ അതിര്‍ത്തി ഗ്രാമങ്ങള്‍ വൃത്തിയുടെയും പരിശുദ്ധിയുടെയും മികവുറ്റ മാതൃക. നിങ്ങള്‍ക്കറിയാമോ , ഏഷ്യയിലെ ഏറ്റ...വും മികച്ച പരിസ്ഥിതി സൌഹൃദ ഗ്രാമം മേഘാലയിലുള്ള മൌലിന്യോംഗ് എന്ന കൊച്ചു പ്രദേശമാണെന്ന്. ഷില്ലോങ്ങില്‍ നിന്ന് ഏകദേശം 80 കി.മീ അകലെ , ബംഗ്ലാദേശിന്‍റെ അതിര്‍ത്തിയിലാണ് ഈ മനോഹാരിത. ഒരു വാന്‍ഗോഗ് ചിത്രം പോലെ സുന്ദരം.
ആകപ്പാടെ നൂറില്‍ താഴെ വീടുകള്‍. മരക്കുടിലുകള്‍ എന്ന് പറയുന്നതാവും ശരി. തൂണുകളില്‍ കെട്ടിയുയര്‍ത്തി പണിത കുടിലുകള്‍, മേല്‍ക്കൂരയിലെ പുകയോടുകള്‍ , വളപ്പിലെ നാനാജാതി ഫലവൃക്ഷങ്ങള്‍ ,പൂന്തോപ്പുകള്‍ , ഉയരങ്ങളില്‍ നിന്ന് മുളം കുഴലിലൂടെ ഒഴുകി എത്തുന്ന ശുദ്ധജലം, സദാ ഉല്‍സാഹഭരിതരായ ഗ്രാമീണര്‍ .. ആകപ്പാടെ ഒരു ഉള്‍നാടന്‍ കേരളീയ ഗ്രാമത്തിന്‍റെ പ്രതീതി. പക്ഷെ പ്രതീതി മാത്രം. കാരണം, വൃത്തിയുടെയും വെടുപ്പിന്‍റെയും കാര്യത്തില്‍ തികച്ചും വ്യത്യസ്തമാണിവിടം.
വീടുകള്‍ തമ്മില്‍ അതിരുകളില്ല. വീടും പരിസരവും എല്ലായ്പ്പോഴും കമനീയം. ഒരില വീണാല്‍ ഉടനെ പെറുക്കി മാറ്റുന്ന കുട്ടികള്‍. ഇടവ ഴികളും , നാട്ടുപാതകള്‍ പോലും എപ്പോഴും തൂത്തുവാരുന്ന സ്ത്രീകള്‍. പ്ലാസ്റ്റിക് എന്നൊരു വസ്തു മഷിയിട്ടു നോക്കിയാലും കാണില്ല. വഴിയോരങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ചൂരല്‍ക്കൊട്ടകള്‍ സന്ദര്‍ശകര്‍ക്ക് അവരുടെ പാഴ്വസ്തുക്കള്‍ നിക്ഷേപിക്കാനുള്ളതാണ്. ചുറുചുറു ക്കോടെ പണിയെടുക്കുന്ന പുരുഷന്മാരും, എളിമയോടെ പെരുമാറുന്ന കുട്ടികളും ആദ്യംമുതല്‍ തന്നെ നമ്മുടെ മനം കവരും. പള്ളിക്കൂടങ്ങള്‍, കുട്ടികളുടെ കളിചിരി ശബ്ദങ്ങള്‍ ,അധ്യാപകരുടെ വിനീതമായ പെരുമാറ്റം എല്ലാം നമ്മെ വല്ലാതെ ആകര്‍ഷിക്കും. പപ്പായ, മുന്തിരി , ഓറഞ്ച്, പൈന്‍ആപ്പിള്‍, മറ്റു സമൃദ്ധമായ ഫലവര്‍ഗങ്ങള്‍ ....തികച്ചും ലളിതമായ ജീവിതം. ആര്‍ഭാടങ്ങളില്ല. പുകവലി,മദ്യപാനം എല്ലാം വര്‍ജ്യം. ആഴ്ചച്ചന്തകള്‍ ഒഴികെ മറ്റു കച്ചവട കേന്ദ്രങ്ങളും ഇല്ലെന്നുതന്നെ പറയാം. ചൂരലും മുളയും പുകയിലയും ,പച്ചക്കറി- പഴവര്‍ഗങ്ങളും പ്രധാന വരുമാന മാര്‍ഗങ്ങളാണ്. അവരുടെ ലളിത ജീവിതം കാണുമ്പോള്‍ നമുക്ക് , നമ്മുടെ ആര്‍ഭാടം നിറഞ്ഞ വ്യവഹാരങ്ങളെ ഓര്‍ത്ത്‌ അല്പം കുറ്റബോധം തോന്നാതിരിക്കില്ല. ഞങ്ങള്‍ ഷില്ലോങ്ങില്‍ നിന്ന് വാങ്ങികൊണ്ടുപോയ മധുര പലഹാരങ്ങള്‍ മടിയോടെയാണ് കുട്ടികള്‍ പോലും സ്വീകരിച്ചത്. ഗ്രാമ മുഖ്യന് ഞങ്ങള്‍ കൊടുത്ത എളിയ സംഭാവനക്ക് അദ്ദേഹം രശീത്‌ നല്‍കി നന്ദി രേഖപ്പെടുത്തുകയും സന്ദര്‍ശകപുസ്തകത്തില്‍ അഭിപ്രായം എഴുതി വാങ്ങുകയും ചെയ്തു.
ഗ്രാമീണര്‍ നന്നായി ഇംഗ്ലിഷ് സംസാരിക്കും. മേഘാലയയുടെ ഔദ്യോഗിക ഭാഷയായ ഇംഗ്ലിഷ്, ഉള്‍നാടന്‍ ഗ്രാമാന്തരങ്ങളിലും പ്രയോഗത്തിലുള്ളത് സന്ദകര്‍ശകരെ ആകര്‍ഷിക്കും. ക്രിസ്ത്യന്‍ മിഷനറിമാരുടെ കഴിഞ്ഞ നൂറ്റാണ്ടിലെ അവിശ്രമമായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ സദ്‌ഫലങ്ങളില്‍ ഒന്ന്.
മൌലിന്യോംഗ്- ഇന്നും മധുരിക്കുന്ന ഓര്‍മയായി നില്‍ക്കുന്നു. 'ഏഷ്യന്‍ ട്രാവലര്‍' മാസികയില്‍ ഞാന്‍ ഈ ഗ്രാമത്തെപ്പറ്റി എഴുതിയി രുന്നു. അങ്ങനെ ഒരുപാട് സ്വദേശികളും വിദേശികളുമായ സന്ദര്‍ശകര്‍ അവിടം സന്ദര്‍ശിക്കാനിടയായി എന്ന് അറിഞ്ഞപ്പോള്‍ സന്തോഷം തോന്നി.
മൌലി ന്യോം ഗ്, ഓര്‍മയിലെ നിത്യഹരിതം .

സേതുമാധവന്‍ മച്ചാട് .

No comments:

Post a Comment