small is beautiful

small is beautiful
Ajantha musings

Sunday, March 20, 2011

Himalayas

  • ഓരോരുത്തര്‍ക്കും ഓരോ തരം ദേശാടനം. എന്‍റെ രീതിയാവില്ല നിങ്ങളുടേത്. എഷ്യാ വന്‍കരയുടെ ഉറവ വറ്റാത്ത ജലസ്രോതസ്സാണ് എനിക്ക് ഹിമാലയം. ഒരു ഭൂപ്രകൃതിയില്‍ നിന്ന് മറ്റൊരു ഭൂപ്രകൃതിയിലേക്ക്.. ഒരു ജനതയില്‍ നിന്ന് മറ്റൊരു ജനതയിലേക്ക്‌ കടന്നു പോകുമ്പോള്‍ മനുഷ്യ പ്രകൃതിയുടെ നാനാര്‍ഥങ്ങള്‍ നമ്മള്‍ തിരിച്ചറിയും. കാണാനും കേള്‍ക്കാനും ഉള്‍ക്കൊള്ളാനും ഒര...ാറാമിന്ദ്രിയം നമ്മില്‍ ഉണരുന്നത് തിരിച്ചറിയണം. സഞ്ചാരിയുടെ ആഹ്ലാദം 'തിരിച്ചറിവിന്‍റെ' ഉണര്‍ച്ചയാണ് .സഞ്ചാരിയുടെ പാദങ്ങള്‍ക്ക് കീഴെ പുതിയ തുടിപ്പുകള്‍ ഉണരുന്നത് ദേശാടനത്തിന്‍റെ അറിവുകളില്‍ ഒന്നുമാത്രം. ബ്രഹ്മപുത്ര മുതല്‍ സിന്ധുവരെ നീണ്ടുകിടക്കുന്ന പര്‍വതവും താഴ്വരയുമാണോ ഹിമാലയം? ഋഷികേശ് തൊട്ട് ബദരി വരെ നിര്‍വഹിക്കുന്ന തീര്‍ഥാടനം മാത്രമാണോ ഹിമാലയ യാത്ര? അരുണാചല്‍ പ്രദേശിലെ 'കിബുത്തോ' മുതല്‍ ഭൂട്ടാന്‍, സിക്കിം, നേപ്പാള്‍ ,ഉത്തരാഞ്ചല്‍, ഹിമാചല്‍ പ്രദേശ്‌, ജമ്മു കാശ്മീര്‍ ..ശ്രീനഗറിലെ ശ്രീശങ്കരാ ഹില്‍സിലവസാനിക്കുന്ന ഒരു യാത്ര?
    പ്രാചീനമായ ഭൂതലങ്ങളിലൂടെ കാലവും ദേശവും പകര്‍ന്നു പകര്‍ന്നു പോകുമ്പോള്‍ നാം , മനുഷ്യര്‍ ആവസിക്കുന്ന ലോകത്തിന്‍റെ കാണാ മറയത്തെ അപൂര്‍വ കാഴ്ചകള്‍ എന്തെന്നറിയും. നാം രാപ്പാര്‍ക്കുന്ന ഭൂമിയെ പ്രവര്‍ത്തനക്ഷമമാക്കുന്ന ഊര്‍ജകേന്ദ്രങ്ങള്‍ തൊട്ടറിയും. അനശ്വരതയുടെ വജ്രശ്രുംഖലകള്‍ കണ്ടറിയും. ജൈവവൈവിധ്യത്തിന്‍റെ ത്രസിക്കുന്ന പ്രഭവങ്ങള്‍ നേരില്‍ കാണും. അപ്പോള്‍ ഹിമാലയം എന്നത് ഇന്ത്യയുടെ 'സത്ത' യാണെന്ന് തിരച്ചറിയാനാവും. ഏഴായിരം മീറ്ററിലേറെ ഉയരമുള്ള മഞ്ഞണിഞ്ഞ നാല്പത്തി മൂന്നു കൊടുമുടികള്‍, മൂവായിരത്തിലേറെ ഹിമതടാകങ്ങള്‍ , ചുടു നീരുറവകള്‍, അത്യഗാധമായ താഴ്വരകളും ഗര്‍ത്തങ്ങളും, ഭാവപ്പകര്‍ച്ചയോടെ നമ്മോടൊപ്പം ഒഴു കിപ്പോകുന്ന നദികള്‍, കുല്യകള്‍, അരുവികള്‍, നീര്‍ത്തടങ്ങള്‍, മൂവന്തികളെ നിഗൂഡ സൌന്ദര്യത്തില്‍ പൊതിയുന്ന ദേവദാരുക്കള്‍, കാമാധേനുക്കളായ യാക്കുകള്‍, ചമരി മാനുകള്‍, കസ്തൂരി മൃഗങ്ങള്‍, സാളഗ്രാമങ്ങള്‍, പര്‍വതങ്ങളെ മുകര്‍ന്നു ത്രസിച്ചു പോകുന്ന സൂര്യരശ്മികള്‍, ഹിമശൃംഗങ്ങളെ ആലിംഗനം ചെയ്യുന്ന വനനിലാവുകള്‍, ഔഷധികളുടെ കലവറകള്‍, ജ്വാലാമുഖികളായ വനസ്ഥലികള്‍, ക്ഷേത്രങ്ങള്‍, ആടുമാടുകളെ മേച്ചു ജീവിതം കഴിയുന്ന ഗ്രാമീണര്‍, അവരുടെ വിചിത്രമായ ആചാരങ്ങള്‍, ദായക്രമങ്ങള്‍ ..വറ്റാത്ത അദ്ഭുതങ്ങളുടെ മേച്ചില്‍പ്പുറങ്ങളല്ലേ ഓരോ യാത്രയും?

    ഭാഗീരഥി, യമുന,സിന്ധു ,ബ്രഹ്മപുത്ര ,സരയൂ , ഗണ്ടകീ നദികള്‍ ..ജീവിതത്തിന്‍റെ പൊരുള്‍ തിരഞ്ഞു പവിത്രജലതടാകങ്ങളുടെ തീരത്തിലൂടെ നടന്നുപോയ സത്യകാമന്‍മാരായ മനുഷ്യ വംശങ്ങള്‍..സമസ്തലോകത്തിനും ഹിതം ഭവിക്കട്ടെ എന്ന ദര്‍ശനത്തെ കണ്‍ പാര്‍ത്ത ജ്ഞാനികളായ യാത്രികര്‍ .. കവികള്‍ ..കാശ്മീരവും, ജലന്ധരവും , കേദാരവും കുമാരാചലവും, ഭാവനയുടെ ഋതുഭേദങ്ങള്‍ പീലി വിടര്‍ത്തിയാടിയ സമയതീരങ്ങള്‍..കര്‍ണപ്രയാഗ്, ദേവപ്രയാഗ് ,രുദ്രപ്രയാഗ് .നന്ദപ്രയാഗ്, വിഷ്ണുപ്രയാഗ് തുടങ്ങിയ സ്ഫടിക തടാകങ്ങള്‍, കല്യാണ സൌഗന്ധികങ്ങള്‍ പൂത്തുലഞ്ഞ താഴ്വരകള്‍ ,ശാന്തിയുടെ അപാരതീരങ്ങളായ സൌമ്യവനങ്ങള്‍ .. കാഴ്ചകള്‍ അവസാനിക്കുന്നില്ല. ...
    ബദരിയും കഴിഞ്ഞു തിബറ്റന്‍ അതിര്‍ത്തി പങ്കിടുന്ന മനാ ഗ്രാമം, അവിടെ അളകനന്ദ ചെന്നുചേരുന്ന കേശവപ്രയാഗ, വസുന്ധരാ വെള്ളച്ചാട്ടം ,സ്വര്‍ഗാരോഹിണി.. മനുഷ്യന് ഭൂമി സമ്മാനിക്കുന്ന ഏറ്റവും ഗംഭീരമായ ദൃശ്യവിസ്മയമല്ലേ സത്യത്തില്‍ ഹിമാലയം?
    മൊനാല്‍ പക്ഷികള്‍ നീരാടുന്ന നീലത്തടാകങ്ങളും ദേവസരോവരങ്ങള്‍ക്കരികെ പുഷ്പിച്ചു നില്‍ക്കുന്ന ബ്രഹ്മകമലങ്ങളും നമ്മെ നാമറിയാതെ ഒരു ഭാവാന്തരത്തിലേക്ക് കൊണ്ടു പോകുന്നില്ലേ? ഭൂമിയുടെ പ്രാര്‍ഥനപോലെ ആകാശത്തിലേക്ക് കൈകൂപ്പി നില്‍ക്കുന്ന ഹിമശൃംഗങ്ങള്‍ നമ്മോടു ' ശാന്തി: ' എന്നല്ലാതെ മറ്റെന്താണ് മന്ത്രിക്കുന്നത്? കാഴ്ചക്കാരനും കാഴ്ചയും ഇവിടെ ഒന്നാവുകയല്ലേ ചെയ്യുന്നത്?
  • സേതുമാധവന്‍ മച്ചാട്

Roberto Fano

ലോകമെങ്ങുമുള്ള മര്‍ദ്ദിതന്‍റെ കറുത്ത മാനിഫെസ്റ്റോ എന്ന തല വാചകത്തോടെയാണ് ഡോ.ഫ്രാന്‍സ് ഫാനോയുടെ 'ഭൂമിയിലെ പതിതര്‍' (Wretched of Earth )എന്ന കൃതി പുറത്തുവന്നത്. വിമോചനം സ്വപ്നം കാണുന്നവരും, സ്വാത്രന്ത്യവും സമത്വവും ആഗ്രഹിക്കുന്നവരും നിര്‍ബന്ധമായും ഇത് വായിച്ചിരിക്കണം എന്ന് 1961 ല്‍ സാര്‍ത്രെ ഉറക്കെപ്പറഞ്ഞ പുസ്തകം. അള്‍ജീരിയയുടെ ...വിമോച...ന നായകരില്‍ ഒരാളായ ഫ്രാന്‍സ് ഫാനോ ആവശ്യപ്പെടുന്ന ഏറ്റവും മിതമായ ആവശ്യം മര്‍ദ്ദിതരുടെ മോചനമാണ്.
'ബ്ലാക്ക്‌ സ്കിന്‍, വൈറ്റ് മാസ്ക് ' എന്ന പ്രശസ്ത കൃതിയുടെ കര്‍ത്താവായ ഫാനോ നീഗ്രോ വംശജനെന്ന നിലയിലും മന:ശ്ശാസ്ത്രജ്ഞന്‍ എന്ന നിലയിലും നടത്തുന്ന നിരീക്ഷണങ്ങളാണ് ഈ പുസ്തകം. ഫ്രഞ്ച് -അള്‍ജീരിയന്‍ യുദ്ധത്തില്‍ പങ്കെടുക്കുകയും വിമതര്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തുകൊണ്ട് ഫാനോ,അധികാരികളുടെ കണ്ണിലെ കരടായി മാറി. ആ അനുഭവങ്ങളില്‍ നിന്നാണ് A dying Colonialism പോലുള്ള പുസ്തകങ്ങള്‍ രചിക്കുന്നത്‌. പരിഭാഷയ്ക്ക് എളുപ്പം വഴങ്ങാത്ത വിധം കാവ്യാത്മകവും കലാപോന്മുഖവുമാണ് ഫാനോയുടെ ഈ പുസ്തകം. ഒരലസവായന ആവശ്യപ്പെടും വിധമല്ല ഇതിന്‍റെ ഉള്ളടക്കം.

ഈ പുസ്തകം വായിക്കാന്‍ നിങ്ങള്‍ക്ക് ധൈര്യമുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ അതില്‍ അപരിചിതമായതെന്തോ ഉണ്ടെന്നു ഉറപ്പാണ്. ഇവിടെ ചോദ്യം എറിയുന്നത് മറ്റാരുമല്ല , ജീന്‍ പോള്‍ സാര്‍ത്ര് ആണ്. പുസ്തകം 'ഭൂമിയിലെ പതിതരും'. ഒറ്റവാക്യത്തില്‍ പറഞ്ഞാല്‍ അക്രമത്തിന്‍റെ ( അക്രമോത്സുകതയുടെയും) സൈദ്ധാന്തിക വിശകലനവും ഘോഷവുമാണ് ഈ കൃതി.
ഫ്രാന്‍സിന്‍റെ കോളനിയായിരുന്ന അള്‍ജീരിയയില്‍ 1954 ലാണ് വിമോചന സമരം തുടങ്ങുന്നത്. നീണ്ട എട്ടു വര്ഷം. അള്‍ജീരിയയുടെ വിജയം സാധ്യമായ വിപ്ലവത്തില്‍ എല്ലാതരത്തിലുമുള്ള പോരാട്ടങ്ങളും ജനം നടത്തി. ഫ്രാന്‍സ് സര്‍വ മാര്‍ഗത്തിലുമുള്ള തിരിച്ചടികളും .
ഗറില്ലാ യുദ്ധം, ജനങ്ങള്‍ക്കെതിരെയുള്ള ഭരണകൂട ഭീകരത ,പീഡനം, പരസ്യവും രഹസ്യവുമായ കലാപങ്ങള്‍, പ്രതിവിപ്ലവങ്ങള്‍,മരണം, പലായനം എന്നിങ്ങനെ ഒരു വിപ്ലവത്തില്‍ സാധ്യമായത് എന്തും അള്‍ജീരിയയുടെ പോരാട്ടത്തില്‍ അടങ്ങിയിരുന്നു. കൊളോണിയല്‍ അധിനിവേശത്തിനെതിരെയുള്ള പോരാട്ടത്തില്‍ വര്‍ണവെറിയുടെ പ്രശ്നവും മുഖ്യസ്ഥാനത്തുണ്ടായിരുന്നു. യഥാര്‍ഥ വിപ്ലവ പാഠശാലയില്‍ നേരിട്ടു നിന്നാണ് ഫാനോ വിപ്ലവത്തെപ്പറ്റി പഠിച്ചത്. ലോകമെമ്പാടുമുള്ള മര്‍ദ്ദിതര്‍ക്കായി സമാഹരിച്ചതാണ് ഈ പുസ്തകം.
ഈ പുസ്തകത്തെപ്പറ്റി നിരൂപകനായ കെ.പി.അപ്പന്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. അദ്ദേഹം എഴുതി : ' ഫാനോ ചിന്തിക്കുമ്പോള്‍ അത് പാഠശാല വിഷയമല്ല. അത് വാമൊഴി ചരിത്രത്തിന്‍റെ ലാളിത്യം പോലെ അവതരിക്കുന്നു. എന്നാലത് ജ്വലിക്കുന്നു. മൌലികത കൊണ്ട് വെട്ടിത്തിളങ്ങുന്നു. വിപ്ലവകരമായ അക്രമത്തില്‍ സ്വതന്ത്രമനുഷ്യന്‍ രൂപം കൊള്ളുന്നു എന്ന് ഫാനോ വിശ്വസിച്ചു.അത് സ്വാതന്ത്ര്യവും, അതിനാല്‍ തത്വചിന്താപരവുമാണ്. കലാപം വ്യക്തിയുടെ ബോധത്തെ പിളര്‍ന്നു കടന്നുചെല്ലുന്ന ആശയമാണ്. അതിന്‍റെ വേരുകള്‍ വിമോചനയുദ്ധത്തിലാണ്. ഇക്കാരണത്താല്‍ അക്രമം ചരിത്രപരമാണ്. ഇതെല്ലാം വിപ്ലവകാരിയുടെ ചരിത്രമനസ്സില്‍ നിന്ന് ഫാനോ കണ്ടെത്തിയ ആശയങ്ങളാണ്.'
ഈ പുസ്തകത്തിന്‍റെ വായന ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാവുന്നത് അതിന്‍റെ സമകാലികവും സാര്‍വലൌകികവുമായ പ്രസക്തി കൊണ്ടാണ്.
sethumadhavan machad

Haiku Poems 2


സൈപ്രസ്മരത്തിന്‍റെ ചുവട്ടില്‍ ധ്യാനിച്ചിരുന്ന സെന്‍ ഗുരുവിനോട് ശിഷ്യന്‍ ചോദിച്ചു. ' സൈപ്രസ് മരത്തിന് ബുദ്ധപ്രകൃതിയുണ്ടോ? "
'
ഉണ്ട്'
'
ഇതിനു ബുദ്ധത്വം നേടുവാന്‍ ഇനിയും എത്ര കാലമെടുക്കും?'
"
ആകാശം ഇടിഞ്ഞു വീഴുമ്പോള്‍ "
'
ആകാശം എപ്പോള്‍ ഇടിഞ്ഞു വീഴും?'
.
അദ്ദേഹം പറഞ്ഞു: " സൈപ്രസ് മരം ബുദ്ധത്വം നേടുമ്പോള്‍."
ഗുരു വീണ്ടും ധ്യാന നിരതനായി,

ഇന്നത്തെ ഹൈക്കു ധ്യാനത്തിനായി .....



Like a dead friend putting
a hand on the shoulder
the autumn sun warms

the crescent moon carried
water rings want to come
over here!

The concrete left
in the fire’s wake
a ball bounces

to hold my wife
treading spring noon’s
gravel going home




മരിച്ചു മരവിച്ച ഒരു ചങ്ങാതി
തോളത്തു കൈവെച്ച പോല്‍ ,
ശരത്കാല സൂര്യന്റെ ഊഷ്മളത.(രാമന്‍  വി ആര്‍)


The crescent moon carried
water rings want to come
over here!
ചന്ദ്രലേഖ വീണുകിടന്ന
...
തടാകം
മാടിവിളിക്കുന്നു.( സേതു മേനോന്‍)

Like a dead friend putting
a hand on the shoulder
the autumn sun warms
The crescent moon carried
water rings want to come
over here!
മൃതിയെ പുണര്‍ന്ന ചങ്ങാതി
 തൊട്ടു വിളിക്കുന്നതുപോലെ
 ഊഷ്മളം ഈ ശരത്കാല
 സൂര്യാലിംഗനം

 ജലപ്പരപ്പില്‍
വളയങ്ങളുതിര്‍ക്കും ചന്ദ്ര ബിംബം
വിളിച്ചാല്‍ നിലാവായ്‌
                        അരികിലണയുമെങ്കില്‍ ! ( തോമസ്‌  മേപ്പുള്ളി )   
ഒരു പൂമൊട്ട് വിടരും പോലെ ... ഒരു കുഞ്ഞിക്കാല്‍ മൃദുവായി നമ്മുടെ കവിളില്‍ പതിക്കും പോലെ ...ഒരു ചിത്രശലഭം മധു നുകര്‍ന്ന് പൂം പരാഗവുമായി തത്തി തത്തി നൃത്തംവെക്കും പോലെ...ഹൈക്കു.

The butterfly is perfuming
It's wings in the scent
Of the orchid.

Yes, spring has come
This morning a nameless hill
Is shrouded in mist.

It is deep autumn
My neighbor
The old pond
A frog jumps in
The sound of water.


പൂന്തേനില്‍ ചിറകു നനച്ച്.

സുഗന്ധിയായ ശലഭം

അതേ വസന്തം എത്തി,
...
ഈ പുലരിയില്‍

മഞ്ഞു പുതച്ച് ഒരു

പേരില്ലാക്കുന്ന്

ആഴത്തില്‍ വേരുകള്‍

പടര്‍ത്തി ശരത്ക്കാലം

എനിക്കരികിലെ

പഴയ കുളത്തില്‍

തുടിച്ചു കുളിക്കുന്ന തവള   ( ബിന്ദു ബി മേനോന്‍) 


Yes, spring has come
This morning a nameless hill
Is shrouded in mist.

It is deep autumn
My neighbor
The old pond
A frog jumps in
The sound of water.
ചിറകില്‍ പരാഗത്തിന്‍
സുഗന്ധം പേറുന്നൊരു ശലഭം
നൃത്തം വച്ചു
പറക്കുന്നുന്ടെന്‍ ചുറ്റും

...
വസന്തം സ്വര്‍ണ്ണക്കയ്യാല്‍
അറിയാക്കുന്നില്‍ തോളില്‍
ശുഭ്രമാമൊരു മഞ്ഞിന്‍ തൂവാല-
പുത്യ്ക്കുന്നു

ശരത്തില്‍ മൌനത്തിന്‍റെ
കുമിള പോട്ടിച്ചൊരു
തവള ചാടുന്നുന്ടെന്‍
ജാലകച്ചില്ലിന്‍ ചാരെ
തവളകിലുക്കം !  (ദിലീപ് കുമാര്‍  കെ ജി)
മികവേറും ഒര്ക്കീഡിന്‍ നറുമണത്തെ
അഴകോലും പൂമണിച്ചിറകിലെല്ലാം
പൂശുന്നീ പൂമ്പാറ്റ മോദമോടെ.
സത്യമീ,വസന്തമിങ്ങെത്തിയല്ലോ
ഇന്നിതാ പേരില്ലാ കുന്നണിഞ്ഞു
പുലരിയില്‍ പൂമഞ്ഞിന്നാവരണം
ശരത്കാലം കരുത്തുറ്റതാണ്.
എന്റ്റെ അയലത്ത്
പഴയൊരു പൊയ്ക
ഒരു തവള കുതിക്കുന്നു
വെള്ളത്തിന്റ്റെ ഒച്ച. (സോജന്‍ ജോസഫ്) 

The butterfly is perfuming
It's wings in the scentOf the orchid.
                    It is deep autumn
                    My neighbor



                    The old pond
                    A frog jumps in
                    The sound of water.

പൂമ്പാറ്റ;
ഓര്‍ക്കിഡ് പൂന്തേനും പൂമണവും
ചിറകില്‍ പടര്‍ത്തി
ശരത് ഋതുവിന്റെ ഗഹനത;
അയലത്തെ പൊട്ടക്കുളത്തില്‍
വെള്ളത്തിന്റെ തിരയിളക്കം ; ഒരു തവളച്ചാട്ടവും .(രാമന്‍  വി ആര്‍)

Yes, spring has come
This morning a nameless hill
Is shrouded in mist.


ഇപ്പുലരിയില്‍ വിരിഞ്ഞത് വസന്തം;
ഈ പേരില്ലാക്കുന്നിനു
മഞ്ഞണിയുടെ മൂടുപടം. .(രാമന്‍  വി ആര്‍)

It is deep autumn
My neighbor
The old pond
A frog jumps in
The sound of water.

ഇത് കൊടും ശൈത്യം.
എനിക്കത്ഭുതം; എന്‍ അയല്‍ക്കാരാ.. ;
എങ്ങനെ ജീവിച്ചുപോകുന്ന ?
പൊട്ടക്കുളം;
ചാടിത്തുള്ളീ ഒരു തവള.
വെള്ളത്തിന്റെ കളകളാരവം. .(രാമന്‍  വി ആര്‍)

The butterfly is perfuming
It's wings in the scent
Of the orchid.

ക്കിഡിന്റെ
പരിമളം പൂശുന്നു
പൂമ്പാറ്റയതിന്റെ
ചിറകുകളി.

...(യാത്രയ്ക്കിടയി ബഷോ ഒരു ഭക്ഷണശാലയി കയറിയപ്പോ കടയിലെ യുവതി-അവളുടെ പേരിന്‌ പൂമ്പാറ്റ എന്നാണത്ഥം-ഒരു പട്ടുനാട എടുത്തു കൊടുത്തിട്ട്‌ തന്റെ പേരു വിഷയമാക്കി ഒരു കവിതയെഴുതാ ആവശ്യപ്പെട്ടു.)
പുലരിമഞ്ഞി മുങ്ങി
പേരില്ലാത്തൊരു കുന്നു മായുമ്പോ
വസന്തമായെന്നറിയുന്നു ഞാ.
ശരക്കാലം കനക്കുന്നു-
എന്തു ചെയ്യുകയാണയാ,
എന്നയവക്കത്തുകാര?

(
തനിക്കു വളരെ സമീപസ്ഥമായ ഒരു നിഗൂഢതയെക്കുറിച്ചുള്ള മിസ്റ്റിൿഅനുഭൂതി; അല്ലെങ്കി തന്നെപ്പോലെ ഏകാന്തജീവിതം നയിക്കുന്ന ഒരു മനുഷ്യജീവിയുമായുള്ള താദാത്മ്യം.) (രവികുമാര്‍ വാസുദേവന്‍‌ )

Yes, spring has come
This morning a nameless hill
Is shrouded in mist.

 നനുത്ത മഞ്ഞില്‍ കുളിച്ചു നില്‍ക്കും
പേരറിയാ ചെറുകുന്നിന്‍ മുകളില്‍
മുഖം പൊത്തി,നാണിച്ചു നില്‍ക്കും പൂക്കാലം! ( തോമസ്‌  മേപ്പുള്ളി )   




- Sethumadhavan machad 

Saturday, March 19, 2011

Ajantha Musings

അജന്തയുടെ വിസ്മയദൃശ്യങ്ങള്‍


എഴുതിയത് സേതുമാധവന്‍ മച്ചാട്   
ഞായര്‍, 13 മാര്‍ച്ച് 2011 04:5


യാത്രകളിലൂടെ നാം ജീവിതത്തെ വായിക്കുകയാണ് ചെയ്യുന്നത്.

മൂവന്തിയുടെ ഇരുണ്ട നിഴല്‍ ചേക്കേറിയ കുന്നിന്‍ചരുവില്‍ അമ്പിളിക്കല പോലെ കാണപ്പെട്ട അജന്താഗുഹകള്‍ ആദ്യമായി കാണുമ്പോള്‍ നമ്മില്‍ അദ്ഭുതം പെയ്തിറങ്ങും. അജന്തയിലേക്കുള്ള ആദ്യയാത്ര 1989 ലായിരുന്നു. പൂനയില്‍ നിന്നാണ് യാത്രയുടെ തുടക്കം. ഔറംഗാബാദില്‍ തങ്ങി, അവിടെനിന്നു മഹാരാഷ്ട്രയുടെ വിസ്തൃത സമതലങ്ങളിലൂടെ മണിക്കൂറുകള്‍ നീണ്ട യാത്ര. ഡെക്കാണിലെ കറുത്ത മണ്ണിലൂടെ സൂര്യകാന്തി പൂത്ത മഞ്ഞപ്പാടങ്ങളും, പരുത്തിയുടെ മേഘശകലങ്ങള്‍ വര്‍ഷിച്ച കൃഷിയിടങ്ങളും കടന്നു അജന്തയിലെത്തുമ്പോള്‍ മധ്യാഹ്നസൂര്യന്‍ അജന്തയുടെ കാട്ടരുവിയില്‍ ഉച്ചശോഭയോടെ പ്രതിഫലിച്ചു നിന്നു. കുന്നിന്‍ ചരിവിനു അരഞ്ഞാണംകെട്ടിയ വാഗോരയുടെ ജീവനധാരയില്‍ കാട്ടുകടന്നല്‍ക്കൂട് പോലെ കിടന്ന അജന്താഗുഹകള്‍ വിസ്മയത്തി ന്‍റെ താളിയോല സന്ദര്‍ശകര്‍ക്കായി തുറന്നുവെച്ചു. നിര്‍വാണത്തിനായി തപസ്സിരുന്ന ബുദ്ധഭിക്ഷുക്കളുടെ മൌനം അജന്തയുടെ തണുത്ത ഇടനാഴികളിലൊക്കെയും കൂടുവെച്ചു. ഒരു കാലത്ത് ശരണത്രയവും ശാന്തിമന്ത്രവും പ്രതിധ്വനിച്ച ഗുഹാഭിത്തികള്‍ നിശബ്ദ ശൂന്യതയുടെ വിജനദ്വീപു പോലെ അനാഥമായിനിന്നു. കാലം അസ്തമിച്ചുകിടന്ന അജന്തയുടെ ഗുഹകളിലൂടെ പതുക്കെ നടന്നു നീങ്ങുമ്പോള്‍ ഞാനെന്താണ് ഓര്‍മിച്ചത്‌?

എത്രയോ കലോപാസകര്‍ ഏറെനാള്‍ ഈ കാട്ടരുവിയുടെ തീരത്ത്‌ വീടുംകുടുംബവും ഉപേക്ഷിച്ചവരായി, സ്വയംമറന്നു ഇവിടെ
ജീവിച്ചു. അവര്‍ അടിമകളാവില്ല തീര്‍ച്ച. നിസ്വതയും നിര്‍ന്നിമേഷതയും അവരുടെ ഉള്ളകംനിറഞ്ഞ പ്രശാന്തിയും അജന്തയുടെ ചുമര്‍ചിത്രകലയിലും ശിലാമയവടിവുകളിലും നമ്മള്‍ കണ്ടെത്തും. കുന്നിന്‍ചരിവിലെ ചെമ്മണ്‍നിറത്തിലുള്ള പാറ തുരന്ന് നിര്‍മിച്ച ശില്പങ്ങളും ധ്യാനബുദ്ധന്മാരും സംഘ ധര്‍മ നിര്‍വാണകായങ്ങള്‍ മൌനമായി സംവദിക്കുന്നതായി അനുഭവപ്പെടും.
ഒരു മതസംഹിത പിന്തുടര്‍ന്ന അര്‍ഹതന്‍മാരും ഭിക്ഷുക്കളും വിജനമായ വനഭൂമിയില്‍ എത്രയോ കാലം അധ്യയനവും മനനനിദിധ്യാസങ്ങളുമായി കഴിഞ്ഞുകൂടി. ഈ തപസ്സില്‍ നിന്നാണ് ഭാരതീയചിത്രകല പുനര്‍ജനിച്ചത്. ഈ കാട്ടാറിന്‍റെ തെളിനീരില്‍ നിന്നാണ് ചുമര്‍ചിത്രകല പിറവിയെടുത്തത്.

കയ്യിലെ മണ്‍ചിരാതില്‍ കൊളുത്തിയ ദീപത്തിന്‍റെ മങ്ങിയവെട്ടത്തില്‍ ഞങ്ങളുടെ വഴികാട്ടി ഒരദ്ഭുതം കാണിച്ചുതന്നു. ബുദ്ധ ശിരസ്സിനു ചുറ്റുമായി ഒരര്‍ധവൃത്തം സൃഷ്ടിച്ചുകൊണ്ട് അയാള്‍ മെല്ലെ നടന്നുനീങ്ങി. ബുദ്ധവിഗ്രഹത്തിന്‍റെ പാതി കൂമ്പിയ കണ്ണുകളില്‍ ശ്രദ്ധിക്കാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. ശരിയാണ്. ആ അര്‍ദ്ധവൃത്തം മനുഷ്യഭാവനയുടെ അനുപമസൌന്ദര്യ മായി ഇതള്‍വിടര്‍ത്തുന്നത് ഞങ്ങള്‍ അനുഭവിച്ചു. ധ്യാനലീനമായ ബോധിസത്വന്‍റെ മിഴികളില്‍ കരുണയും വേദനയും സഹനവും മന്ദസ്മിതവും അര്‍ദ്ധനിദ്രയുടെ പേരറിയാഭാവങ്ങളും മാറിമാറി വിരിയുന്നത് കണ്‍നിറയെ നോക്കി നിന്നുപോയി. കളിത്താമരപ്പൂവിലെ ശാന്തി ഉള്ളില്‍ നിറഞ്ഞപ്പോള്‍ ഞാന്‍ ആര്‍.രാമചന്ദ്രന്‍റെ കവിത ഓര്‍ത്തെടുത്തു.


*************************************************


ഇന്ത്യന്‍ചിത്രകലയിലും സ്ഥാപത്യകലയിലും തല്‍പരരായ സഞ്ചാരികള്‍ അജന്തയിലേക്ക് നടത്തുന്ന തീര്‍ഥാടനം സഫലമാവുന്നത് വര്‍ണവ്യാഖ്യാനങ്ങളുടെ പുനര്‍ദര്‍ശനത്തിലാണ്. 2004 ല്‍ ഞങ്ങള്‍ വീണ്ടും അജന്തയും എല്ലോറയും സന്ദര്‍ശിച്ചു. അപ്പോഴേക്കും പുരാവസ്തു ഗവേഷണത്തിനായി അജന്താഗുഹകള്‍ ലോകപൈതൃക സംരക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഗുഹകളിലത്രയും മങ്ങിയ വൈദ്യുതദീപങ്ങള്‍ കണ്‍തുറന്നിരുന്നു. സത്യത്തില്‍ എനിക്ക് വലിയ നിരാശയായി. ഇരുളിലമര്‍ന്ന അജന്താഗുഹകളിലൊന്നില്‍ തിളങ്ങുന്നൊരു മൂക്കുത്തി എന്‍റെ ഓര്‍മയില്‍ മുദ്രിതമായിരുന്നു.

പക്ഷെ രണ്ടാംവരവില്‍ എത്ര ശ്രമിച്ചിട്ടും അത് കണ്ടെത്താനായില്ല. നടനവടിവാര്‍ന്നൊരു നര്‍ത്തകിയുടെ ചുമര്‍ ചിത്രമായിരുന്നു എന്ന് മാത്രമേ ഓര്‍മയിലുള്ളൂ. യൂറോപ്പിലെ നവോത്ഥാന ചിത്രകലയുടെ ആരാധകര്‍, അജന്തയുടെ സൌന്ദര്യ ദര്‍ശനത്തിലൂടെ രേഖാവിന്യാസത്തിന്‍റെ അപൂര്‍വഭംഗി നുകര്‍ന്ന് ഭാരതീയചിത്രകലയില്‍ പുതിയ മാനങ്ങള്‍ തേടി.

ബംഗാള്‍ സ്കൂളിലെ നന്ദലാല്‍ ബോസ്, അബനീന്ദ്രനാഥ ടാഗോര്‍ തുടങ്ങിയ വിശ്രുതചിത്രകാരന്മാര്‍ അജന്തയുടെ നിലീന സൌന്ദര്യത്തിന്‍റെ ആരാധകരായി മാറി. അപൂര്‍ണമായ ഒരെണ്ണമുള്‍പ്പടെ 30 ഗുഹകളാണ് ഉള്ളതെങ്കിലും മികവാര്‍ന്നത്‌ എട്ടെണ്ണം മാത്രം. ചുമര്‍ചിത്രങ്ങളാല്‍ അലംകൃതമായ ആദ്യത്തെയും രണ്ടാമത്തെയും ഗുഹകള്‍ കഴിഞ്ഞാല്‍ പതിനാറാമത്തെയും തൊട്ടടുത്ത ഗുഹയുടെയും മുന്‍പില്‍മാത്രമാണ് ചിത്രകലാധ്യാപകരും സൌന്ദര്യാന്വേഷകരും സമയം ചിലവഴിച്ചത്. ഖനീഭവിച്ച അഗ്നിപര്‍വത ലാവയില്‍ രൂപമെടുത്ത അജന്താകുന്നുകള്‍ തുരന്നു മാറ്റിയാണ് ഓരോ ഗുഹയും പണിതീര്‍ത്തത്.പൂര്‍വനിശ്ചിതമായ ഒരു രൂപരേഖയില്‍ നിന്നാകണം ശില്‍പികള്‍ ഈ ബുദ്ധവിഹാരങ്ങളും സംഘാരാമങ്ങളും നിര്‍മ്മിച്ചത്‌. ബുദ്ധപദം പ്രാപിച്ച ഭിക്ഷുക്കളുടെ അവശിഷ്ടങ്ങള്‍ ഉറങ്ങുന്ന ഈ ചൈത്യങ്ങള്‍ ശില്പഭംഗിയാര്‍ന്ന അനേകം സ്തൂപങ്ങളാല്‍ അലംകൃതമായിരുന്നു.

ഈര്‍പ്പമുളള പ്രതലത്തില്‍ രേഖകള്‍ വിന്യസിക്കുന്ന പാശ്ചാത്യരീതിയിലുള്ള 'ഫ്രെസ്കോ' മാതൃകയില്‍ നിന്നു വിഭിന്നമാണ് അജന്താശൈലി. ഉണങ്ങിയ പ്രതലത്തില്‍ സ്വാഭാവിക നിറങ്ങളിലാണ് ചുമര്‍ചിത്രങ്ങള്‍ ലേഖനം ചെയ്തിട്ടുള്ളത്. കളിമണ്ണും മറ്റു ജൈവപദാര്‍ഥങ്ങളും ഉപയോഗിച്ച് പാറയുടെ പ്രതലം നേര്‍പ്പിച്ചെടുത്തായിരിക്കണം അവര്‍ രചന നിര്‍വഹിച്ചത്.
ജാതക കഥകളില്‍ വിവരിക്കുന്ന ശ്രീബുദ്ധന്‍റെ ദിവ്യചരിതങ്ങളാണ് അജന്തയിലെ ചുമര്‍ചിത്രങ്ങളുടെ പ്രധാന ഇതിവൃത്തം.

ഗുഹയുടെ മച്ചുകളില്‍, വിരിഞ്ഞ വര്‍ണപുഷ്പങ്ങളും ചുറ്റിപ്പിണഞ്ഞുകിടന്ന വള്ളിപ്പടര്‍പ്പുകളും ശലഭങ്ങളും പറവകളും തികഞ്ഞ സൌമ്യതയോടെ അലങ്കരിച്ചുനിന്നു. നീലവര്‍ണത്തിലുള്ള താമരപ്പൂക്കള്‍ അജന്താഗുഹകളുടെ ഇരുണ്ട സൌന്ദര്യത്തിനു മാറ്റുകൂട്ടിയിരുന്നു. ശാക്യമുനിയുടെ ജീവിതവും സന്ദേശവും സഞ്ചാരികളായ യുവഭിക്ഷുക്കളുടെ മനം കവര്‍ന്നു. വിണ്ണിലേക്ക് കുതിക്കുമ്പോഴും മണ്ണില്‍ കാലുറപ്പിക്കുന്ന പോര്‍ക്കുതിരയെ അനുസ്മരിപ്പിക്കുന്നതാണ് അജന്തയുടെ
കലാദര്‍ശനം എന്ന് വിശ്രുത കലാനിരൂപകനായ ശ്രീ.ആനന്ദകുമാരസ്വാമി നിരീക്ഷിച്ചിട്ടുണ്ട്. തൃഷ്ണാനിരാസം ശ്രീബുദ്ധന്‍റെ ജീവിത ദര്‍ശനത്തിന്‍റെ ആധാരശില ആണെങ്കിലും ജീവിതനിഷേധം എന്നത് ബുദ്ധമതം ഒരിക്കലും സ്വീകരിച്ചില്ല. അജന്തയിലെ ചുമര്‍ചിത്രങ്ങളില്‍ രാജാവും രാജ്ഞിയും പ്രഭുവും യോദ്ധാവും യാചകനും സംന്യാസിയും കഥാപാത്രങ്ങളായി വരുന്നുണ്ട്.
ഗ്രാമവും, നഗരവും കുടിലും കൊട്ടാരവും വിഹാരവും തെരുവും പശ്ചാത്തലത്തില്‍ ചിത്രണം ചെയ്തിട്ടുണ്ട്. സക്തിയും വിരക്തിയും ദുഖവും ആനന്ദവും നൈരാശ്യവും താപവും നിസ്സംഗതയും അവരുടെ മനോഭാവങ്ങളാണ്. മനുഷ്യസ്വഭാവത്തി ന്‍റെ അനന്തവൈചിത്ര്യം അജന്താചിത്രങ്ങളുടെ ചലനനിയമമാണെന്ന് കാണാന്‍കഴിയും. അവിടെ ഗന്ധര്‍വന്മാരും അപ്സരസ്സുകളും യക്ഷനുംകിന്നരനും കൈകോര്‍ത്തുനിന്നു. കലയിലെ യാഥതഥ്യത്തെ നിരാകരിക്കാതെ ശൈലീബദ്ധമായ ഒരു താളക്രമം അനുശീലിക്കാന്‍ അജന്താ കലാകാരന്മാര്‍ ശ്രമിച്ചിട്ടുണ്ടെന്ന് തീര്‍ച്ച. നിറങ്ങളില്‍ കാവിയും ചുവപ്പും മഞ്ഞയും ഇളംപച്ചയും മങ്ങിയനിലയില്‍ കാണപ്പെട്ടു. സഹസ്രാബ്ദങ്ങളെ അതിജീവിച്ചും മഷിനീലനിറം ഇന്നും പ്രശാന്തി ചൊരിഞ്ഞു നില്‍ക്കുന്നു.കവിതയെ തരംഗവും വര്‍ണവുമാക്കുന്ന യോഗാത്മകമായ കലാവിദ്യയുടെ പൂര്‍ണതയാണ് അജന്ത.


*************************************************


ജനപദത്താല്‍ തിരസ്കരിക്കപ്പെട്ട അജന്ത , പ്രാചീനകാലത്ത് ഭാരതത്തിന്‍റെ സാംസ്കാരിക കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാര്‍ കണ്ടെത്തുന്നതിനും വളരെ മുന്‍പ്തന്നെ ഏഴെട്ടു നൂറ്റാണ്ടുകളോളം മഹിതമായൊരു ചിന്തയുടെ സന്ദേശവുമായി അജന്ത നിലനിന്നു. ശാതവാഹകന്‍മാരുടെ ഭരണകാലത്ത് , ഗുപ്തസാമ്രാജ്യത്തിന്‍റെ ആസ്ഥാനമായിരുന്ന ഉജ്ജയിനിയിലെക്കൊരു വാണിജ്യപാതയുണ്ടായിരുന്നു. എല്ലോറയും, അജന്തയും ,വാസ്തുകലയുടെ ഉദാത്ത മാതൃകയായിരുന്ന കണ്‍ഹേരിയും(മുംബൈ) കാര്‍ലയും ( നാസിക്) ഈ വാണിജ്യപാതയുടെ ഓരങ്ങളിലായിരുന്നു എന്നത് അജന്തയുടെ ഭൂമിശാസ്ത്രപരമായ പ്രാധാന്യത്തിനു കാരണമായി. ഗുജറാത്തില്‍നിന്ന് ഉജ്ജയിനിയിലേക്കുള്ള വഴിയിലായിരുന്നു പ്രസിദ്ധമായ ബാഗ് ഗുഹാമന്ദിരങ്ങളും നിലനിന്നിരുന്നത്.ഉജ്ജയിനിയിലേക്കും അവിടെനിന്ന് ശ്രാവസ്തി വൈശാലി തുടങ്ങിയ പ്രാചീന നഗരികളിലേക്കും നിരന്തരം സഞ്ചരിച്ചിരുന്ന സാര്‍ഥവാഹകസംഘങ്ങള്‍ അജന്തയിലെത്തി വിശ്രമിച്ചു. ഗുപ്ത രാജാക്കന്‍മാരുടെയും ശാതവാഹകന്‍മാരുടെയും സ്വര്‍ണ, വെള്ളി നാണയങ്ങള്‍ അജന്തയിലെ ബുദ്ധ മന്ദിരങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന്‌ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയതായി രേഖകളുണ്ട്.

ചൈനീസ് സഞ്ചാരിയായ ഹ്യുയാന്‍സാങ്ഗ് ഏഴാം നൂറ്റാണ്ടിലാണ് അജന്തയിലെത്തുന്നത്. എട്ട്, ഒന്‍പത് നൂറ്റാണ്ടുകളിലും പുറംലോകത്തിന് അജന്തയെ അറിയാമായിരുന്നു. നളന്ദയും തക്ഷശിലയും പോലെ , അജന്തയും പ്രാചീനവിദ്യയുടെ സാത്വിക കേന്ദ്രമായിരുന്നു.നളന്ദ സര്‍വകലാശാലയിലെ ദിങ്ങ്നാഗന്‍ അജന്തയില്‍ ഏറെനാള്‍ താമസിച്ചിരുന്നതായി ഹ്യുയാന്‍ സാങ്ഗ് രേഖപ്പെടുത്തിയിട്ടുണ്ട്.
അജന്താശൈലിയുടെ സ്വാധീനം അതിര്‍ത്തി കടന്ന് ശ്രീലങ്കയിലും, അഫ്ഘാനിസ്ഥാനിലും, ചൈനയിലുംചെന്നെത്തിയതായി പറയപ്പെടുന്നു.

അജന്തയിലെ ഗുഹാമന്ദിരങ്ങളെ 'ശൈല ഗൃഹങ്ങള്‍' എന്നാണു ലിഖിതങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മഹായാന -വജ്രയാന തത്വങ്ങളില്‍ ദിവ്യബുദ്ധന്മാരും മാനുഷിക ബുദ്ധന്മാരും ഉണ്ട്. ഏഴാമത്തെ മാനുഷിക ബുദ്ധനാണത്രെ കപിലവസ്തുവിലെ ഗൌതമബുദ്ധന്‍. ഒരല്പം ചരിഞ്ഞുനില്‍ക്കുന്ന രൂപത്തിലാണ് അജന്തയിലെ ബോധിസത്വന്മാര്‍. സൌന്ദര്യത്തിന്‍റെ ഉദാത്തമാതൃകയായിട്ടാണ് ശ്രീബുദ്ധനെ സാത്മീകരിച്ചിരിക്കുന്നത്. അര്‍ദ്ധനിമീലിത നേത്രങ്ങളാല്‍ ഭൂമിയിലേക്ക്‌ കാരുണ്യത്തോടെ അനുഗ്രഹമുദ്ര ചൊരിയുന്ന ബോധിസത്വന്‍റെ വലംകൈയിലെ വിടര്‍ന്ന താമര ഒരു ധ്യാനം പോലെ ഓര്‍മയില്‍ വരുന്നു.

ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത അജന്തയിലെ സ്തൂപങ്ങള്‍ ആരാധനയുടെ സമര്‍പ്പണങ്ങളായി നിലകൊള്ളുന്നു.ബുദ്ധ ശിരസ്സുകളും, പാദങ്ങളും, ധര്‍മചക്രവും ബോധിവൃക്ഷവും ധ്യാനമുദ്രകളും എല്ലാം അസാധാരണമായ സൂക്ഷ്മതയോടെയാണ് ശില്പികളുടെ വിരലുകളില്‍ വിടര്‍ന്നത്. ദക്ഷിണായനകാലത്തും ഉത്തരായനകാലത്തും വെവ്വേറെ ദിശകളില്‍നിന്ന്‌ വീഴുന്ന പ്രഭാതരശ്മികളുടെ കിരണങ്ങളും സായന്തനത്തിന്‍റെ കരസ്പര്‍ശവും അജന്തയിലെ ബുദ്ധ വിഗ്രഹങ്ങളില്‍ ഇടംപാതിയിലും വലംപാതിയിലും വന്നുവീഴും. കരുണവും ആര്‍ദ്രവും ധ്യാനവും നിദ്രയും സ്മിതവും തപവും എല്ലാമെല്ലാം ആ ശിലാനയനങ്ങളില്‍ സാന്ദ്രമുറങ്ങി .

ഈ യാത്ര ഇവിടെ പൂര്‍ണമാകുന്നു. അജന്തയുടെ തണുപ്പാര്‍ന്ന കല്‍ത്തളിമത്തിലൂടെ നടന്നതും ബുദ്ധശിരസ്സുകള്‍ കണ്‍ പാര്‍ത്തതും, ധ്യാനമുദ്രയില്‍ സ്പര്‍ശിച്ചതും, അര്‍ദ്ധനിമീലിത നേത്രങ്ങളില്‍ നോക്കിനോക്കി നിന്നതും, തെല്ലിട ബുദ്ധ വിഗ്രഹത്തിന്‍റെ ചാരെ വിശ്രമിച്ചതും ഈ ചെറിയ ജീവിതത്തിന്‍റെ ഓര്‍മയില്‍ ഞാന്‍ കുറിച്ചുവെക്കുന്നു. നന്ദി.

sethumadhavan machad



Haiku Poems 1

ഹൈക്കു: പുല്‍ക്കൊടിയിലെ ഹിമകണം - 1


എഴുതിയത് സേതുമാധവന്‍ മച്ചാട്   
തിങ്കള്‍, 14 മാര്‍ച്ച് 2011 18:36


ഏകോപനം: സേതുമാധവന്‍ മച്ചാട്

ഭാഗം: ഒന്ന്

നമുക്ക് 'ഹൈക്കു' കവിതകള്‍ പരിചയപ്പെടാം.

ജപ്പാനിലാണ് ഹൈക്കുവിന്‍റെ പിറവി . രണ്ടോ മൂന്നോ വരികളില്‍ ഒരു പ്രപഞ്ചം വിടര്‍ന്നുവരും.
ഓര്‍മയുടെ, സ്വപ്നത്തിന്‍റെ , ഋതുഭേദങ്ങളുടെ, വികാരങ്ങളുടെ പ്രപഞ്ചം.
പുല്‍ക്കൊടിത്തുമ്പിലെ ഹിമകണം ..അതില്‍ പ്രതിഫലിക്കുന്ന സൌരമണ്ഡലം .
ശിശിരവും വര്‍ഷവും ഹേമന്തവും ശരത്കാലഭംഗികളും മൃദുവായി തലോടി കടന്നുപോകുന്ന സൌന്ദര്യ ാനുഭവം .
ബാഷോവില്‍ നിന്ന് തുടങ്ങാം. കവിതയെ ആരാധിക്കുന്ന എല്ലാ സഹൃദയര്‍ക്കും 'ഹൈക്കു'വിന്‍റെ സൌന്ദര്യ നിമിഷങ്ങളിലേക്ക് സ്വാഗതം.

·
" Hear the sweet cuckoo.
Through the big bamboo thicket
The full moon filters" - a Haiku Poem –ബാഷൊ

"കാതോര്‍ക്ക മധുരമീ കുയില്‍നാദം
മുറ്റും മുളംകാട്ടിലൂടെയ -
രിച്ചിറങ്ങും പൌര്‍ണമി .." (ശ്രീജിത്ത് വി ടി നന്ദകുമാര്‍)




‘When I think of it
as my snow, how light it is
on my bamboo hat." (Haiku - Kikaku )


ഇതെന്‍റെ മഞ്ഞെന്നോര്‍ക്കവേ
അതെത്ര സൗമ്യമായിരിപ്പൂയെന്‍
മുളംതൊപ്പിമേല്‍. ( തോമസ്‌ മേപ്പുള്ളി)


Unknown to birds and butterflies
A flower blooms
the autumn sky
കിളികളറിയാതെ
പൂമ്പാറ്റകളറിയാതെ

ശരത്കാലവാനിലൊരു
പൂവിരിഞ്ഞു. (സേതു മേനോന്‍)






മരതകത്താലത്തില്‍ പ്രതിഫലിച്ച ചന്ദ്രബിംബം പോലൊരു ഹൈക്കു കവിത. (ബാഷോ)

Along this road
Goes no one;
This autumn evening

പാതയോരമിതു,
യാത്രികരേതുമില്ലാ സായാഹ്നം.. . ( തോമസ്‌ മേപ്പുള്ളി)
In the garden
the old man dances
behind the butterflies

പൂന്തോപ്പില്‍ ശലഭങ്ങള്‍;
പിറകില്‍ മറഞ്ഞു നില്ക്കും
നര്‍ത്തകന്‍ പടുവൃദ്ധന്‍ .. ( തോമസ്‌ മേപ്പുള്ളി)
'ഹൈക്കു' അനുഭവങ്ങളുടെ സാരവും ഉണ്മയുമാണ്‌. ചിത്രകാരന്‍റെ ചായക്കപ്പിലെ നിറക്കൂട്ട് പോലെ ...
തൂലിക രേഖകളെ വിന്യസിക്കും പോലെ ...നൃത്തംചെയ്യുന്ന വാക്കുകള്‍.

Even a wild boar
with all other things
...Blew in this storm.
കാട്ടുപന്നിയെപ്പോലും,
മറ്റെല്ലാത്തിനും ഒപ്പം
കടപുഴക്കിയെറിഞ്ഞു, ഈ കൊടുങ്കാറ്റ്. (രാമന്‍ വി ആര്‍)




The crescent lights
the misty ground.
Buck wheat flowers.
അഷ്ടമി നിലാവ്..
മഞ്ഞണിഞ്ഞ മണ്ണ്...
ഗോതമ്പിന്‍ പൂക്കള്‍ .... (രാമന്‍ വി ആര്‍)


Bush clover in blossom waves
without spilling
a drop of dew
ഇളകിയാടും ജലപ്പരപ്പില്‍ പുല്‍നാമ്പുകള്‍
പതറാതെ,
ഒരു ഹിമകണം പോലും പൊഴിയാതെ.. (രാമന്‍ വി ആര്‍)




കുന്നുകളിറങ്ങി വരുന്ന മന്ദാനിലനെപ്പോലെ, തടാകത്തില്‍ വീണുകിടന്ന ചാന്ദ്രിമ പോലെ, വിണ്‍ഗംഗയിലെ പ്രകാശപ്രസരം പോലെ ഹൈക്കു.

ഒരു പൂമൊട്ട് വിടരും പോലെ ... ഒരു കുഞ്ഞിക്കാല്‍ മൃദുവായി നമ്മുടെ കവിളില്‍ പതിക്കും പോലെ ...ഒരു ചിത്രശലഭം മധു നുകര്‍ന്ന് പൂം പരാഗവുമായി തത്തി തത്തി നൃത്തംവെക്കും പോലെ...ഹൈക്കു.



The butterfly is perfuming

it's wings in the scent

0f the orchid.

പൂന്തേനില്‍ ചിറകു നനച്ച്

സുഗന്ധിയായ ശലഭം

അതേ വസന്തം എത്തി, (ബിന്ദു ബി മേനോന്‍ )



Yes, spring has come

This morning a nameless hill

Is shrouded in mist.

ഈ പുലരിയില്‍

മഞ്ഞു പുതച്ച് ഒരു

പേരില്ലാക്കുന്ന് (ബിന്ദു ബി മേനോന്‍ )



It is deep autumn

My neighbor

The old pond

A frog jumps in

The sound of water.



ആഴത്തില്‍ വേരുകള്‍

പടര്‍ത്തി ശരത്ക്കാലം

എനിക്കരികിലെ

പഴയ കുളത്തില്‍

തുടിച്ചു കുളിക്കുന്ന തവള

(ബിന്ദു ബി മേനോന്‍)

ചിറകില്‍ പരാഗത്തിന്‍

സുഗന്ധം പേറുന്നൊരു ശലഭം

നൃത്തം വച്ചു

പറക്കുന്നുന്ടെന്‍ ചുറ്റും

...വസന്തം സ്വര്‍ണ്ണക്കയ്യാല്‍

അറിയാക്കുന്നില്‍ തോളില്‍

ശുഭ്രമാമൊരു മഞ്ഞിന്‍ തൂവാല-

പുത്യ്ക്കുന്നു

ശരത്തില്‍ മൌനത്തിന്‍റെ

കുമിള പോട്ടിച്ചൊരു

തവള ചാടുന്നുന്ടെന്‍

ജാലകച്ചില്ലിന്‍ ചാരെ

തവളകിലുക്കം ! (ശ്രീകുമാര്‍ കരിയാട് )





മികവേറും ഒര്ക്കീഡിന്‍ നറുമണത്തെ

അഴകോലും പൂമണിച്ചിറകിലെല്ലാം

പൂശുന്നീ പൂമ്പാറ്റ മോദമോടെ (സോജന്‍ ജോസഫ്‌)

Yes, spring has come

This morning a nameless hill

Is shrouded in mist.



സത്യമീ,വസന്തമിങ്ങെത്തിയല്ലോ

ഇന്നിതാ പേരില്ലാ കുന്നണിഞ്ഞു
പുലരിയില്‍ പൂമഞ്ഞിന്നാവരണം (സോജന്‍ ജോസഫ്‌)



ഇപ്പുലരിയില്‍ വിരിഞ്ഞത് വസന്തം;
ഈ പേരില്ലാക്കുന്നിനു
മഞ്ഞണിയുടെ മൂടുപടം. (വി ആര്‍ രാമന്‍ )

o



ഓർക്കിഡിന്റെ

പരിമളം പൂശുന്നു

പൂമ്പാറ്റയതിന്റെ

ചിറകുകളിൽ. (രവികുമാര്‍ വാസുദേവന്‍‌ )

...(യാത്രയ്ക്കിടയിൽ ബഷോ ഒരു ഭക്ഷണശാലയിൽ കയറിയപ്പോൾ കടയിലെ യുവതി-അവളുടെ പേരിന്‌ പൂമ്പാറ്റ എന്നാണർത്ഥം-ഒരു പട്ടുനാട എടുത്തു കൊടുത്തിട്ട്‌ തന്റെ പേരു വിഷയമാക്കി ഒരു കവിതയെഴുതാൻ ആവശ്യപ്പെട്ടു.)

പുലരിമഞ്ഞിൽ മുങ്ങി

പേരില്ലാത്തൊരു കുന്നു മായുമ്പോൾ

വസന്തമായെന്നറിയുന്നു ഞാൻ.





ശരൽക്കാലം കനക്കുന്നു-

എന്തു ചെയ്യുകയാണയാൾ,

എന്നയൽവക്കത്തുകാരൻ? . (രവികുമാര്‍ വാസുദേവന്‍‌ )

(തനിക്കു വളരെ സമീപസ്ഥമായ ഒരു നിഗൂഢതയെക്കുറിച്ചുള്ള മിസ്റ്റിൿ അനുഭൂതി; അല്ലെങ്കിൽ തന്നെപ്പോലെ ഏകാന്തജീവിതം നയിക്കുന്ന ഒരു മനുഷ്യജീവിയുമായുള്ള താദാത്മ്യം.)

ജാപനീസ് ഹൈക്കു.. പുല്കൊടിയിലെ ഹിമകണം പോലെ.

ബാഹ്യവും ആന്തരികവുമായ സവിശേഷതകള്‍ തൊട്ടറിയാന്‍ ജാപ്പന്‍റെ പുരാതന സംസ്കാരത്തെ ചെറുതായൊന്നു മനസ്സിലാക്കണം. പുരാതന ജാപനീസ്‌ കവിതകള്‍ നീളം കുറഞ്ഞവയാണ്. 31 മാത്രകളുള്ള (syllables) 'താന്‍ക'യും 17 മാത്രകളുള്ള 'ഹൈക്കു'വുമാണ് ജാപനീസ്‌ പാരമ്പര്യത്തിന്‍റെ രണ്ടു വഴികള്‍. മലയാളത്തിലെ ശ്ലോകങ്ങള്‍ പോലെ അഥ...വാ മുക്തകം മട്ടില്‍. നീണ്ട കാവ്യങ്ങള്‍ ജാപനീസ് പാരമ്പര്യത്തില്‍ പൊതുവേ കുറവാണ്.
“പക്ഷികള്‍ക്കും ശലഭങ്ങള്‍ക്കും
അജ്ഞാതമീ പുഷ്പം, ഗ്രീഷ്മാകാശം.." ( ബാഷോ)
ഒരു പൂര്‍ണകവിതയെന്ന തോന്നല്‍ നമുക്കുണ്ടാവുന്നില്ല. ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ വികാരത്തിന്‍റെ ഭാവം (mood ) സൃഷ്ടിക്കുക മാത്രം. കവിത വളരുന്നത്‌ വായനക്കാരന്‍റെ ഹൃടയാകാശത്തില്‍. ഒരു തരം over - refinement ആണ് ഹൈക്കുവിന്‍റെ മാര്‍ഗം. ഒറ്റ വായനയില്‍ പാരസ്പര്യം അനുഭവപ്പെടാത്ത വിരുദ്ധോക്തികളിലൂടെ ഭാവാത്മകമായ വാങ്ങ്മയത്തിലൂടെ സൌന്ദര്യാവിഷ്കാരത്തിന്‍റെ
സ്ഫുലിംഗം ഉണര്‍ത്തുകയാണ് ഹൈക്കു.
"വീണു കിടക്കുമൊരു
ചാന്ദ്രപുഷ്പമുന്മത്തമാക്കുന്നോരീ-
പാതിരാവിന്‍ ശബ്ദം..." (ഷികീ)

"ശരത്കാല പൂര്‍ണചന്ദ്രന്‍
വയ്ക്കോല്‍ തല്പത്തിലെ
ദേവതാരുവിന്‍ നിഴല്‍ പോലെ.." ( കികാകു)

ഈ മൌനത്തില്‍ , നാം പ്രകൃതിയുടെ നിഴലാകുന്നു. മൌനത്തിന്‍റെയും നിശബ്ദ്തയുടെയും ഭാവാന്തരമാണ് ഹൈക്കു കവിതകള്‍.
ഇവ എന്താണ് എന്നതല്ല, നമ്മള്‍ അതിന്‍റെ സാന്ദ്രിമയില്‍ അലിഞ്ഞില്ലാതാകുന്നു എന്നതാണ് ഹൈക്കുവില്‍ സംഭവിക്കുന്നത്‌.

sethumadhavan machad


Drishyam - Screenplay ( Ramettan)

ദൃശ്യം പി ഡി എഫ്‌ പ്രിന്‍റ് ഇ മെയില്‍
എഴുതിയത് സേതുമാധവന്‍ മച്ചാട്   
തിങ്കള്‍, 14 മാര്‍ച്ച് 2011 08:43


ഒരു കഥ തിരക്കഥയായി വികസിക്കുന്നതെങ്ങനെ? മലയാളസിനിമയില്‍ നമ്മുടെ നോവലുകളും കഥകളും ചലച്ചിത്ര ഭാഷയിലേക്ക് ധാരാളമായി പരാവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. തകഴിയുടെ ചെമ്മീന്‍ തൊട്ട് സക്കറിയയുടെ 'ഭാസ്കരപ്പട്ടേലരും ഞാനും' വരെ തിരരൂപമായി. ബഷീറിന്‍റെയും എസ്.കെ .പൊറ്റെക്കാട്ടിന്‍റെയും ജി .വിവേകാനന്ദന്‍, മലയാറ്റൂര്‍, കെ സുരേന്ദ്രന്‍.
എം ടി മുതല്‍ ടി വി കൊച്ചുബാവ, സി വി ബാലകൃഷ്ണന്‍ വരെയും എഴുതിയ ഒരുപാടൊരുപാട് കഥകള്‍ ചലച്ചിത്രഭാഷയായി. ഒരിക്കല്‍ എം ഗോവിന്ദന്‍റെ 'നോക്കു കുത്തി' കടമ്മനിട്ടയും സ്കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ഥികളും ചേര്‍ന്ന് അവതരിപ്പിച്ചു.

നാടകം ജീവന്‍ വെക്കുന്നത് അരങ്ങിലാണ്. അഭിനയത്തിന്‍റെ അനുസ്യൂതി അരങ്ങിന്‍റെ ശക്തിയും ചൈതന്യവുമാണ്. സിനിമയും ടെലിവിഷന്‍ സീരിയലുമൊക്കെ അനേകം സീനുകളുടെ സമാകലനമാണ്. കഥയെ തിരരൂപമാക്കുന്നതില്‍ എം ടി യും പദ്മരാജനും വിജയിച്ചു. ചലച്ചിത്രമെന്ന മാധ്യമത്തിന്‍റെ സാധ്യതകള്‍ പരമാവധി ഉപയോഗിക്കാന്‍ ഇരുവര്‍ക്കുമായി. രഘുനാഥ് പലേരിയും, സി രാധാകൃഷ്ണനും, തുടങ്ങി പാലേരി മാണിക്യത്തിലൂടെ ടി പി രാജീവനും , ഒരേ കടലിലൂടെ കെ ആര്‍. മീരയും തിരക്കഥയുടെ രചന പരീക്ഷിച്ചു.

രാജലക്ഷ്മിയുടെ ആദ്യകഥ 'മകള്‍' തിരക്കഥയായി വികസിപ്പിച്ചുവെന്ന് പറഞ്ഞല്ലോ? പഴയ രീതിയില്‍ ഒരു നീണ്ടകഥയായി മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച കാലത്ത് തന്നെ രാജലക്ഷ്മി ശ്രദ്ധിക്കപ്പെട്ടിരുന്നു. ആകസ്മികമായ അവരുടെ വേര്‍പാട് മലയാളകഥയുടെ വികാസ ചരിത്രത്തിലെ വേദനയായി നിന്നു. പില്‍ക്കാലത്ത്‌ നന്ദനാരും അതേവഴി പിന്തുടര്‍ന്നു. ദൂരദര്‍ശന്‍ മലയാളത്തിലെ ലബ്ധപ്രതിഷ്ഠ നേടിയ കഥകള്‍ ആര്‍കൈവ് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ രാജലക്ഷ്മിയുടെ ആദ്യകഥ തിരഞ്ഞെടുക്കുകയായിരുന്നു. പാരമ്പര്യവഴിയില്‍ കഥപറഞ്ഞ രാജലക്ഷ്മി ബാക്കിവെച്ച മൌനം പൂരിപ്പിക്കാനാണ് ഞാന്‍ ശ്രമിച്ചത്. അവരുടെ മുഴുവന്‍ കഥകളും വായിച്ചതിനുശേഷം മകളുടെ ഘടന ഒന്നുടച്ചുവാര്‍ക്കാന്‍ ശ്രമിക്കുകയാണ് ആദ്യം ചെയ്തത്. മൂലകഥയോട് നീതിപുലര്‍ത്തി വേണമല്ലോ സീനുകള്‍ തരം തിരിക്കാന്‍. വരികള്‍ക്കിടയിലൂടെ വായിച്ചപ്പോള്‍ ആ രഹസ്യമൌനത്തിന്‍റെ ഇഴകള്‍ഓരോന്നായി വീണുകിട്ടി.മൂലകഥയുടെ അനുപാതവും(proportion) സമമിതിയും(symmetry ) ചോര്‍ന്നുപോവാതെ ഓരോ സീനിലും ചോര്‍ന്നുപോവാതെ ഓരോ സീനിലും

സംഭാഷണങ്ങള്‍ വിളക്കുപൊടിയായി കണ്ണി കോര്‍ക്കുകയായിരുന്നു . കഥാസരിതയില്‍ ടി.പദ്മനാഭന്‍റെ ' രാമേട്ടന്‍' എന്ന കഥയാണ്‌ എന്‍റെ സഹപ്രവര്‍ത്തകനും 'രാമേട്ടന്‍ 'ടെലിവിഷന്‍ ചിത്രത്തി ന്‍റെ സംവിധായകനുമായ ശ്രീ ആനന്ദവര്‍മ തിരഞ്ഞെടുത്തത്. ഒരിക്കല്‍ പ്രമുഖ ചലച്ചിത്രകാരനായ ശ്രീ ഷാജി പദ്മനാഭന്‍റെ 'കടല്‍' ചലച്ചിത്രമാക്കാന്‍ ശ്രമിച്ചിരുന്നു. രാമേട്ടന്‍ പദ്മനാഭന്‍റെ ഇതരകഥകള്‍ പോലെ ഒരു കേവലഭാവത്തിന്‍റെ ചായം കൊണ്ട് വികാരാര്‍ദ്രമാക്കിയെടുത്ത ഒരു ഇഴ മാത്രമായിരുന്നു. പക്ഷെ കഥാകാരന്‍ പറയാതെ പറയുന്ന നിശബ്ദ ശബ്ദങ്ങള്‍ കഥാപാത്രങ്ങളുടെ ചലനങ്ങളിലേക്ക്‌ പരാവര്‍ത്തനം ചെയ്യേണ്ടതുണ്ട്. കഥാകാരന്‍ 'അയാള്‍' എന്ന് മാത്രംപറയുന്ന സ്ഥലം നമുക്ക് ഒരു പേരിലൂടെ നിറവേറ്റുകയേ നിര്‍വാഹമുള്ളൂ. അങ്ങനെ ഓരോ കഥാപാത്രത്തിനും പേര് നല്‍കി , ഏറെക്കുറെ കഥാകൃത്തിന്‍റെ സംഭാഷണങ്ങള്‍ പിന്തുടരുകയും , നടേ പറഞ്ഞത്പോലെ അര്‍ദ്ധവിരാമങ്ങളും മൌനങ്ങളും ഭാവനചെയ്തു ഇഴകള്‍ നെയ്തെടുത്ത്‌ സീനുകളില്‍ നിവേശിപ്പിക്കുകയായിരുന്നു.

ഒരിക്കലും മൂലകഥയുടെ ദൃശ്യവ്യാഖ്യാനമായി ചലച്ചിത്രത്തെ നോക്കിക്കാണരുത്‌. രണ്ടും രണ്ടാണ്. തികച്ചും വ്യത്യസ്തമായ രണ്ടു മാധ്യമങ്ങള്‍. കഥയിലെ സ്ഥലവും ചലച്ചിത്രത്തിലെ സ്ഥലവും ഒന്നല്ല. കഥയിലെ കാലവും ചലച്ചിത്രത്തിലെ കാലവും രണ്ടാണ്. കാല ദേശങ്ങളെ നമുക്ക് ഭാവനചെയ്യാം. പുന:സൃഷ്ടിക്കാം. എന്നാല്‍ വായിക്കുന്ന കാലവും, വായനയില്‍ അനുഭവിക്കുന്ന കാലവും ചലച്ചിത്രമെന്ന മറ്റൊരു മാധ്യമത്തിന്‍റെ സ്ഥലകാലവുമായി സമരസ പ്പെടണമെന്നില്ല. നാം വിളക്കുകള്‍ അണച്ച് ഇരുട്ടിലിരുന്ന് നിഴലുംവെളിച്ചവും സമ്മോഹനമാക്കുന്ന ഒരു തിരനാടകം സ്ഥലപരമായി അനുഭവിക്കുകയാണ്. കഥ വായിക്കാത്ത പ്രേക്ഷകനും ചലച്ചിത്രം അനുഭവമാകണം. കഥാകാരന്‍ സൃഷ്ടിച്ച ലോകത്തിന്‍റെ അനുഭവതലം മറ്റൊരു രീതിയില്‍ പ്രേക്ഷകനെ അനുഭവിപ്പിക്കാന്‍ സംവിധായകന് കഴിയണം. അതിനു ആരുറ പ്പുള്ള ഒരു തിരക്കഥ വേണം. ആദിമധ്യാന്തം അനുസ്യൂതിയോടെ പുലര്‍ത്തണം. അനിവാര്യമായ ഘട്ടങ്ങളില്‍ പൂര്‍വനിശ്ചിത മായ ഘടന തകര്‍ക്കേണ്ടി വരും. അത് സംവിധായകന്‍റെ നെയ്ത്തുശാലയില്‍ നിര്‍വഹിക്കേണ്ട പണിയാണ്. തിരക്കഥാ കാരനും സംവിധായകനും ഒരാള്‍ തന്നെയെങ്കില്‍ സമവായം കുറെക്കൂടി എളുപ്പമാവും. ( അടൂരിനെപ്പോലെ )

തിരക്കഥയുടെ വഴികള്‍ വിശദമായി നമുക്ക് മറ്റൊരു ലക്കത്തില്‍ ചര്‍ച്ച ചെയ്യാം.
ഇതോടൊപ്പം 'രാമേട്ടന്‍' ടെലിവിഷന്‍ ചിത്രം ചേര്‍ത്തിട്ടുണ്ട്. ആഖ്യാനകലയില്‍ വേറിട്ടൊരു ലോകം പടുത്തുയര്‍ത്തിയ ടി.പദ്മനാഭന്‍ മലയാളകഥയുടെ ഭൂമികയില്‍ ഒറ്റയാനെപ്പോലെ തലയുയര്‍ത്തി നിക്കുന്നു. വേരുകളില്ലാത്ത 'വെറും മനുഷ്യ ന്‍റെ ' വിഹ്വലതയും , എല്ലാം കൈവിട്ടുപോകുന്നവരുടെ ഉള്ളിലെരിയുന്ന വിഷാദവും വാക്കിന്‍റെ വാസ്തുശില്‍പം കൊണ്ട് നമ്മെ ഈ കഥാകാരന്‍ അനുഭവിപ്പിച്ചു. കാലത്തിന്‍റെ ശിലയില്‍ മാറ്റുരച്ച എഴുത്തിന്‍റെ അപൂര്‍വസൌന്ദര്യമാണ് പദ്മനാഭ ന്‍റെ കഥകള്‍. പ്രകാശംപരത്തുന്ന കഥകളുമായി മലയാളഭാവനയുടെ താഴ്വരയില്‍ തലയുയാര്‍ത്തി നില്‍ക്കുന്ന ഏകാന്ത ഗോപുരം.

- sethumadhavan machad

Drishyam - Screenplay

ദൃശ്യം പി ഡി എഫ്‌ പ്രിന്‍റ് ഇ മെയില്‍
എഴുതിയത് സേതുമാധവന്‍ മച്ചാട്   
ഞായര്‍, 20 ഫെബ്രുവരി 2011 01:37


ഈ ലക്കം 'തിരക്കഥയെ 'പ്പറ്റി യാവട്ടെ. എം ടി യെ വായിച്ചതിനു ശേഷമാണ് 'തിരക്കഥയും' ഒരു സാഹിത്യരൂപമാകാം എന്ന് ബോധ്യമാകുന്നത്‌. അതുനുമുന്‍പ് തിരക്കഥകള്‍ ( screen Plays ) തീരെ വായിച്ചിരുന്നില്ല എന്ന് തന്നെ പറയാം. പക്ഷെ വിശ്വോത്തര സംവിധായകര്‍ ലക്ഷണമൊത്ത തിരരൂപം തയ്യാറാക്കിയതിനു ശേഷമാണ് ലൊക്കേഷന്‍ ഷൂട്ട്‌ തുടങ്ങുന്നത് എന്ന് മനസ്സിലാക്കിയിരുന്നു. നമ്മുടെ സത്യജിത് റേ ഓരോ ഫ്രെയിം പോലും സ്കെച് ചെയ്ത്, തിരനാടകം പൂര്‍ത്തിയാക്കിയിട്ടാണ് ചിത്രലേഖനം നിര്‍വഹിച്ചിരുന്നത്. മലയാളത്തില്‍ ഭരതനും പദ്മരാജനും ഒക്കെ അങ്ങനെത്തന്നെ. 'വൈശാലി'യുടെ ഫ്രേമുകള്‍ ഓരോന്നും രവിവര്‍മ പെയിന്റിംഗ് പോലെ മനോഹരമാണ്. പദ്മരാജനും എം ടി യും അടിസ്ഥാനപരമായി കഥാകാരന്‍മാര്‍ കൂടിയായിരുന്നല്ലോ. അതിന്‍റെ ഭംഗി അവരുടെ തിരക്കഥ കള്‍ക്കും ഉണ്ടായിരുന്നു. ഭംഗി മാത്രമല്ല, നാടകീയത ,പിരിമുറുക്കം, ആദി മധ്യാന്തം ,കഥാഗാത്രത്തിലെ സമമിതി ,എല്ലാം ഒന്നിനൊന്നു മികവുറ്റതായിരുന്നു. എം ടിയുടെ മിക്ക തിരക്കഥകളും നവാഗതര്‍ക്കുള്ള 'കൈപ്പുസ്തകം' ( Hand Book )കൂടിയാണ്.

എന്‍റെ അനുഭവം പറയാം. ടെലിവിഷനില്‍ തിരക്കഥയുടെ പ്രസക്തി സിനിമയില്‍ നിന്നും അല്പം വ്യത്യസ്തമാണ്. ദീര്‍ഘകാലത്തെ തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് സിനിമയുടെ തിരക്കഥ ജനിക്കുന്നത്. ഏറെ സമയവും, ധനവ്യയവും കലാപൂര്‍ണതയും ആവശ്യപ്പെടുന്ന ഒന്നാണ് സിനിമാ വ്യവസായം. കലയും കച്ചവടവും കൈകോര്‍ക്കുന്ന മാധ്യമം. ടെലിവിഷന്‍ ഇരുപത്തിനാല് മണിക്കൂറും സംപ്രേഷണം ചെയ്യപ്പെടുന്ന ,വിവിധ താല്പര്യങ്ങളുള്ള കൊച്ചുസദസ്സുകള്‍ക്കായി ഒരുക്കപ്പെടുന്ന ഒരവിയല്‍ വിരുന്നാണ്. വാര്‍ത്തകളും ഗൌരവ സ്വഭാവമുള്ള വാര്‍ത്താധിഷ്ടിത സംവാദങ്ങളും , അഭിമുഖങ്ങളും സംഗീത നൃത്ത രൂപങ്ങളും അണിനിരക്കുന്ന ,പ്രേക്ഷകന്‍റെ വിരല്‍ത്തുമ്പിലെ റിമോട്ടാണ് അതിന്‍റെ ആയുസ്സ് നിര്‍ണയിക്കുന്നത്. ഈ വ്യത്യാസം മനസ്സിലാക്കാന്‍ വൈകിയതുകൊണ്ടാണ് ആദ്യകാല ടെലിവിഷന്‍ ചിത്രങ്ങള്‍ പരാജയപ്പെട്ടത്.
ദൂരദര്‍ശനില്‍ ഈ മാറ്റം രസാവഹമായി പരീക്ഷിച്ചത് എന്‍റെ സഹപ്രവര്‍ത്തകന്‍ കൂടിയായിരുന്ന ശ്യാമാണ്. ശ്യാമപ്രസാദിന്‍റെ ഒട്ടു മുക്കാല്‍ ടെലിഫിലിമുകളും മിനിസ്ക്രീന്‍ പ്രേക്ഷകന്‍റെ മനസ്സറിഞ്ഞവയാണ്. വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ 'വിശ്വവിഖ്യാതമായ മൂക്ക്' ശ്യാം പരീക്ഷിക്കുമ്പോള്‍ (1988 ) നാമിന്നു കാണുന്ന ആധുനിക സാങ്കേതിക സൌകര്യങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നിട്ടും ഒരു കാര്‍ട്ടൂണ്‍ ചിത്രം ആനിമേറ്റ് ചെയ്ത് നിര്‍മിക്കുന്ന ചാരുതയോടെയാണ് ആ കഥ ടെലി വിഷന്‍ പ്രേക്ഷകരുടെ മുന്പിലെത്തിയത്. നല്ല തിരക്കഥ ഒരു ടെലിവിഷന്‍ ചിത്രത്തിന്‍റെ അസ്ഥിവാരം ഒരുക്കുന്നു.

ഇ.വി ശ്രീധരന്‍റെ '450 രൂപയുടെ കളി' എന്ന കഥ ശ്യാം ആവശ്യപ്പെട്ടപ്പോള്‍ തിരക്കഥ എഴുതിയത് ഞാനാണ് .ഒരു കഥാകാരന്‍റെ മനസ്സെനിക്കുനടെന്നും എനിക്കതിനു കഴിയുമെന്നും ശ്യാം പ്രോത്സാഹിപ്പിച്ചപ്പോള്‍ ഞാനും ഒരു പരീക്ഷണത്തിന് തയ്യാറായി. 'നിറമില്ലാത്ത ചിത്രങ്ങള്‍' എന്ന ആ ടെലിവിഷന്‍ ചിത്രം ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്തു. പിന്നീട് യശ:ശരീരയായ കഥാകാരി രാജലക്ഷ്മിയുടെ ആദ്യകഥ -മകള്‍- ഒരു ടെലിവിഷന്‍ ചിത്രമായി നിര്‍മിക്കാന്‍ തീരുമാനിച്ചപ്പോള്‍ സംവിധായകന്‍ ശ്രീ കണ്ണന്‍ മകളുടെ 'തിരക്കഥ' എഴുതാന്‍ എന്നോടാവശ്യപ്പെട്ടു.
നടേ പറഞ്ഞത് പോലെ 'തിരക്കഥ'യെ ഒരു സാഹിത്യരൂപമായി സമീപിക്കാന്‍ എനിക്ക് വല്ലാത്ത വൈമനസ്യമായിരുന്നു. ഞാന്‍ ആദ്യം ചെയ്തത് എം ടിയുടെ എല്ലാ തിരക്കഥകളും നന്നായി വായിക്കുക എന്നതാണ്. 'നന്നായി' എന്ന് പറഞ്ഞിടത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നല്ല വായന ഒരു സര്‍ഗക്രിയ കൂടിയാണ്. കഥയല്ല വായിക്കുന്നത്, ജീവിതമാണ്. അതേസമയം വെറും ജീവിതമല്ല ജീവിതത്തിന്‍റെ പുനര്‍വായന കൂടിയാണ് തിരക്കഥ എന്ന് എം ടിയെ നന്നായി വായിക്കുമ്പോള്‍ നമുക്ക് ബോധ്യമാകും.
തുടര്‍ന്ന് രാജലക്ഷ്മിയുടെ പ്രസിദ്ധീകൃതമായ മുഴുവന്‍ രചനകളും ഒരിക്കല്‍കൂടി വായിച്ചു. ഒരിക്കല്‍ക്കൂടി എന്ന് പറഞ്ഞത്, അവയെല്ലാം കുട്ടിക്കാലത്തേ ഞാന്‍ വായിച്ചിരുന്നു എന്നതുകൊണ്ടാണ്. ആദ്യവായന നമ്മെ വല്ലാതെ സ്വാധീനിക്കും. നമ്മുടെ കണ്ണുകെട്ടും വിധം. ആകെ വിരലില്‍ എണ്ണാവുന്ന കഥകളാണ് രാജലക്ഷ്മി വിഷാദശ്രുതിയില്‍ നമുക്കായി ബാക്കിവെച്ചത്. 'ഒരു വഴിയും കുറെ നിഴലുകളും', 'ഞാന്‍ എന്ന ഭാവം', എന്നീ രണ്ടു മുഴുവന്‍ നോവലുകള്‍, ' ഉച്ചവെയിലും ഇളം നിലാവും' എന്ന പാതിനോവലും. ഉച്ചവെയില്‍ കടുത്ത മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് പകുതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. 'മകള്‍' ആദ്യകഥ. സത്യത്തില്‍ മകള്‍ , ആദ്യ നോവലിന്‍റെ പ്രാഗ്രൂപമായിരുന്നു. പിന്നെ ഒറ്റപ്പാലം എന്‍ എസ് എസ് കോളേജിലെ 'മിറര്‍' മാസികയില്‍ 'കുമിള' എന്നൊരു കവിതയും Dark Night എന്ന മറ്റൊരു കവിതയും രാജലക്ഷ്മി എഴുതിയതായി കണ്ടെത്തി. ഇത്രയും പറഞ്ഞത് ,തിരകഥ യില്‍ പ്രവേശിക്കുന്നതിന് മുന്‍പുള്ള മുന്നൊരു ക്കമെന്ന നിലയിലാണ്. അങ്ങനെ രാജലക്ഷ്മി എന്നില്‍ നിറഞ്ഞു. സ്വപനത്തില്‍ രാജലക്ഷ്മിടീച്ചര്‍ മകളിലെ സംഭാഷണങ്ങള്‍ പോലും എന്നെ വായിച്ചു കേള്‍പ്പിച്ചു. അങ്ങനെ ഒരു ലഘുനോവലിന്‍റെ വലുപ്പമുള്ള 'മകള്‍' തിരക്കഥയായി എഴുതി. ഒറ്റപ്പാലത്തും ചെര്‍പുളശ്ശേരി യിലുമായി ചിത്രീകരിച്ചു. കണ്ണന്‍ വളരെ നന്നായി സംവിധാനം നിര്‍വഹിച്ച 'മകള്‍' ദേശീയതലത്തില്‍ പുരസ്കാരം നേടി. മുകുന്ദനും ,സോനാ നായരും , ഡോ.അംബിയുമൊക്കെ വളരെ നന്നായി അഭിനയിച്ചു. 'മകള്‍' പൂര്‍ണ പബ്ലിക്കേഷന്‍സ് പുസ്തകമായി പ്രസിദ്ധീകരിച്ചു. അതില്‍ ഞാന്‍ എഴുതിയ 'ദേശം പകര്‍ന്ന്' എന്ന മുന്നുരയിലെ ഏതാനും വരികള്‍ ഇവിടെ പകര്‍ത്തുകയാണ്.

"മകള്‍ പ്രസിദ്ധീകരിച്ചിട്ട് 50 വര്ഷം പൂര്‍ത്തിയാകുന്നു. സ്വാതന്ത്ര്യസമരാനന്തരമുള്ള കേരളീയ ജീവിതത്തിന്‍റെ ഒരു സമൂഹ്യചിത്രം ഇതാ..അരനൂറ്റാണ്ടിനിടയില്‍ കേരളീയ സമൂഹം ഏറെ മാറ്റങ്ങള്‍ക്കു വിധേയമായി. ഭാരതപ്പുഴ ശോഷിക്കുകയും ചിലപ്പോഴെല്ലാം കര കവിയുകയും ചെയ്തുകൊണ്ടിരുന്നു. രാജലക്ഷ്മി വരച്ചു കാണിച്ച ചിത്രങ്ങള്‍ പക്ഷെ ഇന്നും സജീവമായി നില്‍ക്കുന്നു. എഴുത്തില്‍ കുറെ മാറ്റങ്ങളുണ്ടായി എങ്കിലും, കഥാകാരി അന്നുപയോഗിച്ച പദങ്ങളും ഭാഷണങ്ങളുമെല്ലാം ഇന്നും അതേപടി നില്‍ക്കുന്നു. പില്‍ക്കാല ത്തുണ്ടായ കഥകളും സിനിമകളും അവയില്‍ നിന്ന് ഏറെ കടം കൊണ്ടിട്ടുള്ളതായി ശ്രദ്ധിച്ചാല്‍ നമുക്ക് ബോധ്യമാകും. വിസ്മൃതിയെ സ്വയംവരം ചെയ്ത ഒരു കഥാകാരിയുടെ ആദ്യരചന കാലവും ദേശവും പകര്‍ന്ന് മറ്റൊരു രൂപത്തില്‍ വായനക്കാരനെ/ പ്രേക്ഷകനെ തേടിയെത്തുകയാണ്. ഇതില്‍ എന്‍റെതായി ഒന്നുമില്ല എന്ന് എടുത്തുപറയട്ടെ. അശരീരിയായ എഴുത്തുകാരിയുടെ മനസ്സ് വായിച്ചെടുക്കാന്‍ ശ്രമിക്കുക മാത്രമാണ് ഞാന്‍ ചെയ്തിട്ടുള്ളത്. രൂപാന്തരപ്പെട്ട 'മകളുടെ' ശില്പസൌന്ദര്യം ( അതുണ്ടെങ്കില്‍) പൂര്‍ണമായും രാജലക്ഷ്മിയുടെതാണ്. കൈക്കുറ്റപ്പാടാകട്ടെ എന്‍റെതു മാത്രവും. " -

sethumadhavan machad




Drishyam - News making

ദൃശ്യം പി ഡി എഫ്‌ പ്രിന്‍റ് ഇ മെയില്‍
എഴുതിയത് സേതുമാധവന്‍ മച്ചാട്   
ചൊവ്വ, 25 ജനുവരി 2011 13:21


 വാര്‍ത്തക്ക് സൌന്ദര്യമുണ്ടോ? സത്യത്തില്‍ വാര്‍ത്തകള്‍ക്കും സൌന്ദര്യമുണ്ട് എന്നതാണ് വസ്തുത. നല്ല സംവേദനത്തിന് താളവും ശ്രുതിയും സംഗീതവുമൊക്കെയുണ്ട് .അവസാന നിമിഷംവരെ ശ്രോതാക്കളെ /പ്രേക്ഷകരെ പിടിച്ചിരുത്താന്‍ താളാത്മകമായ ഓരോഴുക്ക് വാര്‍ത്തകളുടെ അവതരണത്തില്‍ ആവശ്യം ആവശ്യമാണ്‌. വാര്‍ത്തകളുടെ വിന്യാസത്തിനും ഒരു വ്യാകരണ നിയമമുണ്ട്. ആശയങ്ങള്‍ക്കനുസൃതമായി വാക്യങ്ങള്‍ ശ്രുതിചേര്‍ന്ന് പോവണം. ഓരോ വാര്‍ത്തയും കഴിഞ്ഞ് അടുത്തത്‌ തുടങ്ങുമ്പോള്‍ ചെറിയൊരു (നിമിഷാര്‍ധമായാലും മതി) ഇടവേള നല്ലതാണ്.

കഴിയുന്നിടത്തോളം വര്‍ത്തമാനകാലം (Present Tense ) ഉപയോഗിക്കണം. വാര്‍ത്ത കേള്‍ക്കുന്നവര്‍ക്ക് അവര്‍ സംഭവസ്ഥലത്താണ് എന്ന തോന്നല്‍ ഉണ്ടാക്കാന്‍ കഴിയണം. അപ്പോള്‍ സംഭവിക്കുന്നു എന്ന തോന്നലുണ്ടാക്കാന്‍ വാര്‍ത്തക്ക് കഴിയണം. present tense ഉപയോഗത്തിലൂടെ സംഭവം നടന്നുകൊണ്ടിരിക്കുന്നു എന്ന തോന്നലുണ്ടാക്കാന്‍ കഴിയും. എന്നാല്‍ ഇതൊരു കര്‍ശന നിയമമല്ല. പല സന്ദര്‍ഭങ്ങളിലും ഭൂതകാലവും ഭാവികാലവും ഉപയോഗിക്കേണ്ടി വരും.
"ദക്ഷിണേന്ത്യന്‍ നൃത്തകേന്ദ്രത്തിന്‍റെ തറക്കല്ലിടല്‍ കര്‍മം ഇന്നലെ നടന്നു " എന്നതിലെ 'ഇന്നലെ' ഒഴിവാക്കാവുന്നതേയുള്ളൂ. "ദക്ഷിണേന്ത്യന്‍ നൃത്തകേന്ദ്രത്തിനു തറക്കല്ലിട്ടു "എന്ന് മതി. സാങ്കേതികപദങ്ങളും നിത്യോപയോഗത്തിളില്ലാത്ത വാക്കുകളും മറ്റും ഉപയോഗിക്കുമ്പോള്‍ അവ വ്യക്തമാക്കാന്‍ മറക്കരുത്. ഒരേ വാക്കുകള്‍ ആവര്‍ത്തിച്ച് ക്ലിഷ്ടത വരുത്തുന്നതും നന്നല്ല. സാഹിത്യഭാഷയ്ക്ക്‌ വാര്‍ത്തയില്‍ വലിയ സ്ഥാനമില്ല. ആഘോഷാവസരങ്ങളില്‍ ,' സമൃദ്ധിയുടെ നിറവും പൊലിവുമായി പൊന്നോണം വന്നെത്തി' എന്നോ, ' സ്നേഹത്തിന്‍റെ നാഥന്‍ പിറന്ന ദിവസം , സമാധാനത്തിന്‍റെ സന്ദേശവുമായി ക്രിസ്മസ് വീണ്ടും..' എന്നോ , പരിശുദ്ധ റംസാന്‍ പുണ്യമാസത്തിന്‍റ വരവറിയിച്ചുകൊണ്ട് ആകാശത്ത്‌ പിറ ദൃശ്യമായി 'എന്നോ ലളിതമായി എഴുതാമെന്നല്ലാതെ സാഹിത്യം മേമ്പൊടി ചേര്‍ത്ത് വാര്‍ത്തയെ മോടി പിടിപ്പിക്കാമെന്നു കരുതരുത്.
ചുരുക്കെഴുത്തുകള്‍ ചിലപ്പോള്‍ അബദ്ധം സൃഷ്ടിച്ചേക്കാം. "ലെഫ് ഗവ : എന്നെഴുതിയാല്‍ ലെഫ്റ്റ് ഗവണ്‍മെന്‍റ് എന്നും ലെഫ്ടനന്റ്റ് ഗവര്‍ണര്‍ എന്നും വായിക്കാം. വാര്‍ത്താവതാരകനെ ഇത് ബുദ്ധിമുട്ടിക്കും. UNICEF , NATO ,തുടങ്ങി ചിരപരിചിതമായ വാക്കുകള്‍ അങ്ങനെത്തന്നെ ഉപയോഗിക്കുന്നതില്‍ തെറ്റില്ല.
പത്രങ്ങളിലെപ്പോലെ
ടിവി യില്‍ വാര്‍ത്തക്ക് dateline ഇല്ല. " തിരു :ജനുവരി 26 എന്ന് പറഞ്ഞു വാര്‍ത്ത തുടങ്ങാറില്ല. പകരം, ഈ വിവരങ്ങള്‍ വാര്‍ത്തയില്‍ ചേര്‍ക്കുകയാണ് പതിവ്. വാര്‍ത്ത എവിടെ എപ്പോള്‍ സംഭവിച്ചു എന്ന് വ്യക്തമായി പറയണം. ഉദാ: "ഇന്ന് രാവിലെ തിരുവനന്തപുരത്ത് നടന്നു", " മുംബൈയില്‍ അല്പം മുന്‍പുണ്ടായ "
ശരിയായ punctuation ഇല്ലെങ്കില്‍ പലപ്പോഴും വായനയില്‍ അര്‍ഥം മാറാനിടയുണ്ട് . എന്ത് സംഭവിച്ചു എന്നതിന് മുന്‍പ് എങ്ങനെ സംഭവിച്ചു എന്ന് പറയുന്നത് ,കേള്‍ക്കുന്നവര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കും.
ഉദാ: " കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും കാരണം കല്ലായിപ്പാലം ഒലിച്ചു പോയതിനാല്‍ വടക്കോട്ടുള്ള റയില്‍ ഗതാഗതം പുന: സ്ഥാപിക്കുന്നതിന് ഇനിയും ഒരാഴ്ചകൂടി വേണ്ടിവരുമെന്ന് റെയില്‍വേ അറിയിച്ചു."
അക്കങ്ങളും മറ്റും പറയുമ്പോള്‍ അതീവ ശ്രദ്ധ വേണം. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 155 റണ്‍ എടുത്തുവെന്നത്‌ 160 ആക്കിയേക്കാം എന്ന് കരുതിയാല്‍ വാര്‍ത്തയുടെ വിശ്വാസ്യത നഷ്ടപ്പെടും. വാര്‍ഷിക നാണയപ്പെരുപ്പനിരക്ക് 3 .45 വര്‍ധിച്ചു തുടങ്ങിയ വാര്‍ത്തകളിലും അക്കങ്ങള്‍ കൃത്യമായി എഴുതിയേ തീരൂ. വാര്‍ത്തയെഴുതുമ്പോള്‍ ഒരുപാട് കണക്കുകള്‍ നിരത്തി ശ്രോതാവിനെ കഷ്ടത്തിലാക്കരുത്‌.
അതുപോലെ, മേല്‍പ്പറഞ്ഞ -താഴെപ്പറയുന്ന -യഥാക്രമം തുടങ്ങിയവയുടെ ഉപയോഗവും. തിയതികള്‍ക്ക് പകരം ഇന്നലെ ,മിനിയാന്ന് , നാളെ, മറ്റെന്നാള്‍ ,കഴിഞ്ഞ വെള്ളിയാഴ്ച , അടുത്ത ബുധനാഴ്ച , അടുത്തമാസം പത്താം തിയതി എന്നിങ്ങനെ പറയുന്നതാണ് കേള്‍ക്കാന്‍ സുഖം.
പ്രസംഗങ്ങളും മറ്റും എഴുതുമ്പോള്‍ നാമവും നാമവിശേഷണവും മാറ്റി മാറ്റി എഴുതണം. നാളെ മുതല്‍ ലോഡ് ഷെഡിംഗ് ഇല്ലെന്ന് മുഖ്യമന്ത്രി ശ്രീ.വി എസ്.അച്യുതാനന്ദന്‍ പ്രസ്താവിച്ചു .സംസ്ഥാനം വൈദ്യുത ഉദ്പാദനരംഗത്ത് സ്വയംപര്യാപ്തത കൈവരിച്ചു കഴിഞ്ഞതായി അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്ലായ്പോഴും 'അദ്ദേഹം' മാത്രമായാല്‍ ഒന്ന് രണ്ടു വാചകങ്ങള്‍ കഴിയുമ്പോള്‍ അദ്ദേഹം ആരെന്ന് ശ്രോതാവിനു സംശയമാകും. പേരും സ്ഥാനപ്പേരുമൊക്കെ ആവര്‍ത്തിക്കുന്നതിലൂടെ ഇത് പരിഹരിക്കാം.
വാര്‍ത്ത എവിടെനിന്ന് ലഭിച്ചുവെന്ന് വ്യക്തമായി പറയണം. ആധികാരികതയും ,വിശ്വാസ്യതയും നിലനിറുത്താന്‍ ഇതുപകരിക്കും.
ഉദാ: " വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രസ്താവനയില്‍ അറിയിച്ചു . പി ടി.ഐ .റിപ്പോര്‍ട്ട് ചെയ്യുന്നു. "

ശരിയായ തുടക്കം ഒരു വാര്‍ത്തയുടെ ആത്മാവാണ്. ആദ്യത്തെ ഒന്നോ രണ്ടോ വരികളാണ് ലീഡ്/ ഇന്‍ട്രോ എന്നറിയപ്പെടുന്നത്. ഇതിലൂടെ കേള്‍വിക്കാരനെ കയ്യിലെടുക്കാന്‍ കഴിയണം. ഏറ്റവും പ്രധാനപ്പെട്ട കാര്യമായിരിക്കണം വാര്‍ത്തയുടെ ആദ്യത്തെ വരിയില്‍ കൊടുക്കുന്നത്. ഏറ്റവും കൂടുതല്‍ ശ്രോതാക്കളെ ആകര്ഷിക്കുന്നതായിരിക്കണം തുടക്കത്തിലുള്ളത്. ഉദാ: " സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് മെയ്‌ 10 ന് നടത്താന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു." ശബരിമല പുല്‍മേട്ടിലുണ്ടായ അനിയന്ത്രിതമായ തിക്കിലും തിരക്കിലും പെട്ട് നൂറിലേറെ അയ്യപ്പഭക്തന്മാര്‍ കൊല്ലപ്പെട്ടു. "
എങ്ങനെ, എന്തുകൊണ്ട് ആരൊക്കെ, എന്നീ കാര്യങ്ങള്‍ പിനീടുള്ള വാചകങ്ങളിലുണ്ടാകണം .പ്രധാന വാര്‍ത്തകള്‍ക്ക് തനിയെ ഒരു വാര്‍ത്തയാകാന്‍ കഴിയണം. വാര്‍ത്തകളുടെ തുടക്കത്തിലും ഒടുക്കത്തിലും പ്രധാനവാര്‍ത്തകള്‍ ആവര്‍ത്തിക്കാറുണ്ട്‌ . ഇടയ്ക്കു വെച്ച് വാര്‍ത്ത കേള്‍ക്കാന്‍ തുടങ്ങിയവര്‍ക്കും വാര്‍ത്തകള്‍ മുഴുവന്‍ അറിയാന്‍ ഇത് സഹായകമാകുന്നു.
വാര്‍ത്തകള്‍ക്ക് കൂടുതല്‍ നിറവും, മികവും , വിശ്വാസ്യതയും ആകര്‍ഷകത്വവുമുണ്ടാക്കാന്‍ മികച്ച തല്‍സമയ റിപ്പോര്‍ട്ടുകള്‍ക്ക് കഴിയും. വാര്‍ത്തകള്‍ക്ക് 'പേര്‍സണല്‍ ടച്ച് ' ഉണ്ടാക്കാന്‍ തല്‍സമയ റിപ്പോര്‍ട്ടുകള്‍ ഉപകരിക്കും. വാര്‍ത്തകള്‍ക്ക് ആധികാരികതയും ഉണ്ടാവും. ഉദാ: " ഈ ദുരന്തഭൂമിയിലെ കാഴ്ചകള്‍ വാക്കുകളില്‍ ഒതുക്കാനെനിക്ക് കഴിയുന്നില്ല. മനുഷ്യരും മൃഗങ്ങളും മൃതശരീരങ്ങളും ഇടകലര്‍ന്ന് നിലവിളിക്കുന്ന ദൃശ്യം ആരെയും നടുക്കുന്നതാണ്. തകര്‍ന്നടിഞ്ഞ കേട്ടിടാവശിഷ്ട ങ്ങളില്‍ നിന്ന് മനുഷ്യരെയാണോ ചിതറിപ്പോയ അവയവങ്ങളെയാണോ രക്ഷാപ്രവര്‍ത്തകര്‍ വലിച്ചെടുക്കുന്നതെന്ന് പറയാന്‍ കഴിയുന്നില്ല. "
ഭൂകമ്പബാധിത മേഖലയില്‍ നിന്നുള്ള ഇത്തരമൊരു റിപ്പോര്‍ട്ടിന് സംഭവത്തിന്‍റെ യഥാര്‍ഥ സ്ഥിതി ശ്രോതാക്കളെ മനസ്സിലാക്കാനാവുന്നു.

സമ്മേളനങ്ങളും സെമിനാറുകളും മറ്റും നടക്കുമ്പോള്‍ വിശദാംശങ്ങള്‍ നല്‍കാനും ദൃക്സാക്ഷികളുടെയും അധികാരികളുടെയും മറ്റും അഭിമുഖങ്ങള്‍ ഉള്‍പ്പെടുത്താറുണ്ട്. ഇത്തരം അഭിമുഖങ്ങളും , ക്യാപ്സ്യൂളുകളും വാര്‍ത്തകള്‍ക്ക് സജീവത നല്‍കാറുണ്ട്.

വിശ്വാസ്യതയും വേഗതയും കൃത്യതയുമാണ് ന്യൂസ്‌ റിപ്പോര്‍ട്ടര്‍ക്ക് വേണ്ട അത്യാവശ്യ ഗുണങ്ങള്‍. വാര്‍ത്തകള്‍ സമയത്തിനു കണ്ടെത്താനും ,വേണ്ട രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യാനും കഴിയുന്നതോടൊപ്പം ഓരോ വാര്‍ത്തയും , ഓരോ വരിയും ഓരോ വാക്കും സത്യമാണോ എന്ന് വീണ്ടും വീണ്ടും പരിശോധിക്കാനും ശ്രദ്ധിക്കണം. വിശ്വാസ്യത വാര്‍ത്തയുടെ കൂടെപ്പിറപ്പാണ്. ഉറവിടങ്ങളില്‍ നിന്ന് വാര്‍ത്തയുടെ സത്യാവസ്ഥ പരിശോധിക്കുകയും , പറ്റുമെങ്കില്‍ ഉറവിടം വെളിപ്പെടുത്തുകയും ചെയ്യുന്നത് നല്ലതാണ്.
ഈ ലക്കം ഇവിടെ അവസാനിക്കുന്നു. മറ്റു വാര്‍ത്തകളും വിശേഷങ്ങളുമായി അടുത്ത ലക്കത്തില്‍ കണ്ടുമുട്ടുന്നത് വരെ നന്ദി , നമസ്കാരം.
( വാര്‍ത്താവതരണത്തെ സംബന്ധിച്ച ഈ ലേഖനം തയ്യാറാക്കുന്നതില്‍ എന്നെ സഹായിച്ച ന്യൂസ്‌ എഡിറ്റര്‍ ശ്രീമതി കെ എ.ബീനയോട് സ്നേഹവും കടപ്പാടും .)

sethumadhavan machad
http://www.youtube.com/watch?v=c8W6NOQ6Tf8

Drishyam - News



പോയ വര്‍ഷത്തിലെ വാര്‍ത്താ പ്രാധാന്യമുള്ള സംഭവങ്ങളെ കോര്‍ത്തിണക്കി ഒരു വാര്‍ഷികാവലോകനം എല്ലാ വാര്‍ത്താ മാധ്യമങ്ങളും മത്സരബുദ്ധിയോടെ തയ്യാറാക്കാറുണ്ട്. ദൂരദര്‍ശനും കഴിഞ്ഞ 25 വര്‍ഷമായി ആനുകാലിക ചരിത്രത്തെ മുന്‍നിറുത്തി പ്രാദേശികവും ദേശീയവും ആഗോള തലതിലുമുളള വാര്‍ത്തകളെ ആധാരമാക്കി ഈ വര്‍ഷാന്ത അവലോകനം പതിവായി നടത്താറുണ്ട്‌. ഡിസംബര്‍ 31 വൈകുന്നേരം വരെയുമുള്ള സംഭവവികാസങ്ങള്‍ ഉള്‍പ്പെടുത്താന്‍ ആവുന്നതും ശ്രമിക്കുമെന്നത് ഇതിന്‍റെ എടുത്തു പറയേണ്ട പ്രത്യേകതയാണ്.
ദൃശ്യത്തിന്‍റെ ഈ ലക്കം വാര്‍ത്തയുടെ ഭാഷയെ പരിചയപ്പെടുത്തുന്നു. നമുക്കറിയാം, വാര്‍ത്താ പ്രക്ഷേപണം ( റേഡിയോ) അഥവാ വാര്‍ത്താ സംപ്രേഷണം ( ടെലിവിഷന്‍ ) ദശ ലക്ഷക്കണക്കിനാളുകള്‍ കേള്‍ക്കുകയും കാണുകയും ചെയ്യും. അവരില്‍ സാക്ഷരരും നിരക്ഷരരും ഉണ്ടായിരിക്കും. വിജ്ഞാനം വിളമ്പുന്നതും ,ശ്രോതാക്കളെ / പ്രേക്ഷകരെ പഠി പ്പിക്കുന്നതും മാധ്യമ ദൌത്യമല്ല. എല്ലാവരെയും ഒരു പോലെ കാണുകയും , തൃപ്തികരമായ രീതിയില്‍ സത്യസന്ധമായ വാര്‍ത്തകള്‍ നല്‍കുകയും ചെയ്യുക എന്നതാണ് മാധ്യമങ്ങള്‍ നിര്‍വഹിക്കുന്നത്. തൊട്ടു മുന്നിലിരിക്കുന്ന ഒരാളോട് കാര്യം പറയുന്നതുപോലെ എഴുതുക എന്നതാണ് ആശയ സംവേദനത്തിനുള്ള എളുപ്പവഴി. നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന സംസാരഭാഷ. വാര്‍ത്ത എഴുതാന്‍ ഇത് മതി. നാം അറിഞ്ഞ സംഭവത്തെപ്പറ്റി മറ്റൊരാളോട് പറയുമ്പോള്‍ ഉപയോഗിക്കുന്ന ഭാഷയാണ്‌ ടെലിവിഷന്‍ വാര്‍ത്തകള്‍ക്ക് ചേരുന്ന ഭാഷ. സാഹിത്യ നൈപുണ്യമോ, ഭാഷാ വ്യുത്പത്തിയോ പദസ്വാധീനമോ ഒന്നും വാര്‍ത്ത തയ്യാറാക്കുമ്പോള്‍ ആവശ്യമില്ല.
ഒരു പ്രാവശ്യം കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലാകുന്ന മട്ടിലായിരിക്കണം വാചകങ്ങള്‍. നീണ്ട വാക്യങ്ങളും , സാധാരണ ഉപയോഗത്തിലില്ലാത്ത വാക്കുകളും തീരെ വേണ്ട. വ്യക്തമായ , കൃത്യതയുള്ള ആധികാരികതയുള്ള ലാളിത്യമുള്ള ചെറിയ വാചകങ്ങളാണ് അഭികാമ്യം. നേരെ ചൊവ്വേ കാര്യം പറയുന്ന രീതിയും വേണം. ക്ലിഷ്ടത തീരെ ഉണ്ടാകരുത്. നീണ്ട വാചകങ്ങള്‍ വിരസതയുണ്ടാക്കുന്നതൊപ്പം , അവസാനമെത്തുമ്പോള്‍ ആദ്യം പറഞ്ഞ കാര്യങ്ങള്‍ മറന്നു പോകാനും ഇടയാക്കും. ഒരു പാട് കാര്യങ്ങള്‍ കുറച്ചു വാക്കുകളില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ പറഞ്ഞു മനസ്സിലാക്കാന്‍ കഴിയണം. പത്രത്തിന് സ്ഥലം പോലെയാണ് ടെലിവിഷനില്‍ സമയം. പത്രത്തിന്‍റെ സ്ഥലം കൂട്ടാനാവും. ടെലിവിഷനില്‍ സമയം കൂട്ടാനാവില്ല. 24 മണിക്കൂറിനെ നീട്ടാന്‍ ആര്‍ക്കു കഴിയും? കൃത്യമായി തയ്യാറാക്കപ്പെടുന്ന പ്രോഗ്രാം ഷെഡ്യൂള്‍ തെറ്റിക്കുന്നത് നല്ല രീതിയല്ല. വാര്‍ത്തകള്‍ക്ക് അനുവദിച്ച സമയത്തിനുള്ളില്‍ പരമാവധി വാര്‍ത്തകള്‍ നല്‍കുക - ഇതാണ് ശരിയായ രീതി.
പത്രത്തില്‍ കൊടുക്കുന്നതിനേക്കാള്‍ വളരെ ചുരുക്കിയാണ് ടി.വി യില്‍ വാര്‍ത്തകള്‍ എഴുതാറ്. 250 വാക്കുകള്‍ ഉപയോഗിച്ച് പത്രത്തില്‍ വരുന്ന വാര്‍ത്ത , 25 വാക്കുപയോഗിച്ച് പറയുക. ഈ വാക്കുകള്‍ കൊണ്ട് തന്മയത്വത്തോടെ വാര്‍ത്ത എഴുതാന്‍ വിദഗ്ദ്ധരായ വാര്‍ത്താ ലേഖകര്‍ക്ക് കഴിയും.
വാര്‍ത്തകള്‍ പലയിടത് നിന്നും വരുന്നു. നാടെങ്ങുമുള്ള റിപ്പോര്‍ട്ടര്‍മാരുടെ സ്ടോറികളില്‍ നിന്ന്, വാര്‍ത്താ ഏജന്‍സികളില്‍ നിന്ന് ,മറ്റു രാജ്യങ്ങളിലെ ടി. വി വാര്‍ത്തകളില്‍ നിന്ന് , ഇന്റര്‍ നെറ്റ് പോലുള്ള അത്യാധുനിക സങ്കേതങ്ങള്‍ ,പത്ര സമ്മേളനങ്ങള്‍, ഔദ്യോഗിക വാര്‍ത്ത ക്കുരിപ്പുകള്‍ , പ്രമുഖരുടെ പ്രസ്താവനയില്‍ നിന്ന് , ടെലി ഫോണ്‍ വഴി, ഫാ ക്സിലൂടെ , അങ്ങനെ നിരവധി ഉറവിടങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന്‌ വാക്കുകള്‍ ഓരോ ദിവസവും വാര്‍ത്താമുറിയിലെത്തുന്നു. ഇവയില്‍ നിന്ന് പതിനഞ്ചോ ഇരുപതോ നിമിഷം ശ്രോതാക്കളെ/ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന മികച്ച വാര്‍ത്താ ബുള്ളറ്റിന്‍ ഉണ്ടാക്കിയെടുക്കുക എന്ന ജോലിയാണ് വാര്‍ത്താ ലേഖകര്‍ നിര്‍വഹിക്കുന്നത്.

ടി.വി .വാര്‍ത്തയുടെ ഭാഷ കേള്‍ക്കാനുള്ള ഭാഷയാണെന്ന് പറഞ്ഞല്ലോ. ഓരോ വാക്കും വരിയും ഉറക്കെ പറഞ്ഞു കൊണ്ടെഴുതുക .കേള്‍ക്കാന്‍ സുഖമുള്ളതല്ലെങ്കില്‍ തനിയെ മാറ്റിയെഴുതാന്‍ ഇത് സഹായകമാകും. വാചകങ്ങള്‍ക്ക് ശരിയായ ഘടന നല്‍കാനും , നാവു പിണക്കുന്ന വാക്കുകള്‍ ഒഴിവാക്കാനുമാകും. സാധാരണയായി നാം സംസാരിക്കുന്ന ഭാഷയാണ്‌ ടെലിവിഷനില്‍ വാര്‍ത്തക്ക് നല്ലത്. " സമ്മേളനം സമാരംഭിച്ചു " എന്നതിന് പകരം ' സമ്മേളനം തുടങ്ങി' എന്ന് കേള്‍ക്കുന്നതല്ലേ സുഖം? . വര്‍ഷകാലം ആഗതമായി എന്നതിനേക്കാള്‍ ' മഴക്കാലമെത്തി' എന്ന് പറയുന്നതാണ് ഭേദം. എത്ര പ്രയാസമേറിയ കാര്യവും ലളിതമായി പറയാന്‍ കഴിയണം. ഔദ്യോഗിക ഭാഷയും വേണ്ട. കേള്‍ക്കുന്നവരുടെ മനസ്സില്‍ വാര്‍ത്തയെക്കുറിച്ച് , ആ സംഭവത്തെക്കുറിച്ച് ദൃശ്യാ ബിംബങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്ന തരത്തിലാകണം വാക്കുകള്‍ ഉപയോഗിക്കുന്നത്.

വാര്‍ത്തകളുടെ സഫലമായ ഉപയോഗ സാധ്യതകളെ ക്കുറിച്ച് അടുത്ത ലക്കത്തില്‍ വിശദമാക്കാം.

sethumadhavan machad

Drishyam - International Film Fest- 2010





ദേശത്തിന്‍റെയുംഭാഷകളുടെയും അതിര്‍വരമ്പുകള്‍ ഇല്ലാതാക്കുന്ന സിനിമ, മൌലികമായും മനുഷ്യവികാരങ്ങളുടെ ആവിഷ്കാരമാണ്. അതിര്‍ത്തികളുടെ ആജ്നാപരതക്ക് മുന്‍പില്‍ കീഴടങ്ങേണ്ടി വരുന്ന മനുഷ്യന്‍റെ നിസ്സഹായതയെ ഹൃദയത്തില്‍ ഏറ്റുവാങ്ങുന്ന ചിത്രമാണ് "Northless ". സ്പയിന്‍ സംവിധായകന്‍ പെരെസ്കാനോ , കുടിയേറ്റക്കാരുടെ നിയമങ്ങളെ ആഴത്തില്‍ അപഗ്രഥിക്കാനുള്ള ശ്രമം നടത്തുന്നു ഈ ചിത്രത്തിലുടെ.നിശബ്ദ പ്രണയത്തിന്‍റെയും വിരഹത്തിന്‍റെയും ഒരു ആര്‍ദ്രനദി ഈ സിനിമയുടെ ആഴത്തിലുടെ ഹൃദയങ്ങളെ ഭേദിച്ച് ഒഴുകിപ്പോവുന്നത് നാം കാണുന്നു.

ജാപനീസ് ചിത്രങ്ങളുടെ മനോഹരമായൊരു പാക്കേജ് ഇക്കുറി നമ്മുടെ മുന്‍പിലുണ്ട്. ജപ്പാന്‍ ഒരു പ്രതീകമാണ്‌. അകിരോകുറസോവയടെ ചിത്രങ്ങളിലുടെ നാം അടുത്തറിഞ്ഞ ജപ്പാന്‍ മനോഹരമായൊരു പ്രതീകം. കെഞ്ചി മിസോഗോച്ചി സംവിധാനം ചെയ്ത ' ദി സ്റ്റോറി ഓഫ് ദി ലാസ്റ്റ് ക്രിസാന്തിമം ' യുദ്ധ പൂര്‍വ ജപ്പാനിലെ മികവുറ്റ ചിത്രമാണ്. ദൈസസുകോഇട്ടോയുടെ ' ഓഷോ' ചതുരംഗ കളിക്കാരനായ മുഖ്യകഥാപാത്രത്തിന്റെ മാനസിക സംഘര്‍ഷങ്ങള്‍ പകര്‍ത്തുന്നു. മേളയുടെ മൂന്നാം ദിവസമായ ഇന്ന് തിയറ്ററുകള്‍ തിങ്ങി നിറഞ്ഞു. ഒഴിവു ദിവസത്തിന്‍റെ ആലസ്യത്തിലും ചലച്ചിത്ര മേളയെ ഗൌരവമായി കാണുന്ന ഒരു പക്വസംസ്കാരം കേരളത്തിലെ പ്രേക്ഷകര്‍ക്ക്‌ സ്വന്തം. വിദേശ ഡെലിഗേറ്റുകള്‍ക്ക് കേരളത്തിലെ പ്രേക്ഷകരെപ്പറ്റി വലിയ മതിപ്പാണെന്നത് അഭിമാനാര്‍ഹം തന്നെ.

.
ഈ ചലച്ചിത്രോത്സവത്തിന്‍റെ ആകര്‍ഷണ ങ്ങളില്‍ ഒന്ന് ഫ്ലെമിങ്ഗോ നൃത്തചിത്രങ്ങള്‍. സ്പെയിനില്‍ ജീവിക്കുന്ന ഒരാളില്‍ ഗിത്താറും അരക്കെട്ടുലച്ചുള്ള നൃത്തങ്ങളും ചെലുത്തുന്ന സ്വാധീനം ചെറുതല്ല. പതിനഞ്ചാം നൂറ്റാണ്ട് മുതല്‍ തുടങ്ങുന്ന പാട്ടിന്‍റെയും ആട്...ടത്തിന്‍റെയും ചരിത്രമാണ് ഫ്ലെമിങ്ഗോകളുടെത്. പലായനങ്ങളുടെയും യാത്രകളുടെയും ദൂരങ്ങളെ ഓര്‍മപ്പെടുത്തുന്നതാണ് ഫ്ലെമിങ്ഗോ സംഗീതവും നൃത്തവും. സൌറയുടെ Blood Wedding ,

കാര്‍മെന്‍ , ലവ് ദി മജീഷ്യന്‍ , ഫ്ലെമിങ്ഗോ ഫ്ലെമിങ്ഗോ , ലോല ദി ഫിലിം എന്നെ ചിത്രങ്ങളെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

മലയാള സിനിമ വിഭാഗത്തില്‍ ശ്യാമപ്രസാദിന്‍റെ ' electra ' ഗ്രീക്ക് പുരാണത്തിന്‍റെയും ഫ്രോയ്ഡ് മനശാസ്ത്രത്തിന്‍റെയും വെളിച്ചത്തില്‍ മനുഷ്യ ബന്ധങ്ങളുടെ കഥ പറയുന്നു. പ്രേംലാലിന്‍റെ " ആത്മകഥയില്‍" അന്ധനായ ഒരു യുവാവിന്‍റെ ദുരിതവും , അയാളില്‍ ഉരുത്തിരിയുന്ന പ്രത്യാശയും സാക്ഷാത്കരിക്കുന്നു.

തെരുവുകളിലെ അരക്ഷിതമായ ജീവിതത്തില്‍നിന്നും കണ്ടെടുക്കുന്ന ഒരു അനാഥ പെണ്‍കുട്ടിയുടെ കഥയാണ്‌ എം.ജി.ശശിയുടെ " ജാനകി".

ഡോ.ബിജുവിന്‍റെ ' വീട്ടിലേക്കുള്ള വഴി" തീവ്രവാദത്തിന്‍റെയും സമാധാനം കാംക്ഷിക്കുന്ന കാശ്മീര്‍ ജനതയുടെയും ജീവിതാവസ്ഥകളെ എടുത്തുകാട്ടുന്നു.

ആര്‍. സുകുമാരന്‍ നായരുടെ ' യുഗപുരുഷന്‍' ശ്രീ നാരായണ ഗുരുവിന്‍റെ വിശുദ്ധ ജീവിതകഥയാണ്‌.
ജീവിച്ചിരിക്കുന്ന ഏറ്റവും മഹാനായ ചലച്ചിത്രകാരനാണ് ഹെര്‍സോഗ്. എഴുത്തുകാരനായ നീലന്‍ ഹെര്സോഗിനെപ്പറ്റി എഴുതിയ പുസ്തകം മേളയില്‍ പ്രകാശനം ചെയ്തു. അദ്ദേഹത്തിന്‍റെ സിനിമ , ജീവിതം, ഡോകുമെന്ററി, യാത്ര എന്നിങ്ങനെ സമഗ്രമായ പ്രതിപാദനം ഹെര്സോഗിനെ അറിയാ...ന്‍ ഉപകരിക്കും. ലോക സിനിമയിലെ നിത്യ വിസ്മയമാണ് ജര്‍മ്മന്‍ സംവിധായകന്‍ റെയ്നാര്‍ ഫാസ്ബിന്ദര്‍ . ഒരു പതിറ്റാണ്ടിനിടയില്‍ 42 ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു. കഥ, തിരക്കഥ ,അഭിനയം, സംവിധാനം തുടങ്ങി ക്യാമറയൊഴികെ മറ്റെല്ലാം അദ്ദേഹം കൈകാര്യം ചെയ്തു. Fox and Friends പ്രധാന ചിത്രം. സിനിമയില്‍ സ്വന്തം സ്ഥാനം നേടിയ അദ്ദേഹത്തിന്‍റെ Love is colder than death, മാര്യേജ് ഓഫ് മാരായ ബ്രൌണ്‍ എന്നിവ പ്രധാന ചിത്രങ്ങളാണ്.
ചലച്ചിത്രോത്സവത്തില്‍ . ജൂലിയ സോളമന്‍റെ അര്‍ജെന്റിന ചിത്രമായ The last summer of La Boyitta അതിമനോഹരം. ശൈശവത്തില്‍ നിന്ന് കൌമാരത്തിലേക്ക് കാല്‍ വെക്കുന്ന കുട്ടികളുടെ ലോകം വളരെ സൂക്ഷമതയോടെ ചിത്രീകരിച്ചിരിക്കുന്നു. സ്വച്ഛന്ദമായ
ഗ്രാമാന്തരീക്ഷം , അവിടെ ചുരുള്‍ നിവരുന്ന രഹസ്യാത്മകത എല്ലാം നന്നായി പറയാന്‍ ഈ ചിത്രത്തിന് കഴിഞ്ഞു. ചിലിയില്‍ നിന്നുള്ള Optical Illusions എടുത്തു പറയേണ്ട കലാസൃഷ്ടിയാണ്.
ചലച്ചിത്ര മേളയുടെ മുഖ്യ ആകര്‍ഷണം ലോകസിനിമാ വിഭാഗമാണ്. ധീരമായ പരീക്ഷണങ്ങള്‍ മേളയില്‍ മമുക്ക് പ്രതീക്ഷിക്കാം. ജാന്കിതവാവ ബ്ലോന്‍സ്കി യുടെ " little Rose " അതിമനോഹരം. മേളയുടെ ആദ്യദിനം പ്രേക്ഷകരെ ഈ ചിത്രം നിരാശരാക്കിയില്ല. കാര്‍ലോസ് സോരയുടെ "ക...ാര്‍മെന്‍ " മുന്‍ മേളകളില്‍ പ്രദര്ഷിപ്പിച്ചതാണെങ്കിലും പ്രേക്ഷകര്‍ നിറഞ്ഞ മനസ്സോടെ വീണ്ടും ഏറ്റുവാങ്ങി. ഫാസ് ബിന്ദറുടെ " Love is colder than death " അതുപോലെ സിനിമാ പ്രേമികള്‍ക്ക് കാഴ്ച്ചയുടെ വസന്തമായി. നമ്മുടെ കൊളംബിയന്‍ എഴുത്തുകാരനായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്‍റെ " ലവ് ആന്‍ഡ്‌ അദര്‍ ദേമോന്‍സ്" മാജിക്കല്‍ റിയലിസമായി സ്പാനിഷ് ചിത്രത്തില്‍ പുനര്‍ജനിച്ചു.
ചലച്ചിത്രമേള നാലാം ദിവസം പിന്നിടുമ്പോള്‍ പ്രേക്ഷകരെ കീഴടക്കിക്കൊണ്ട് സര്‍ഗ വസന്തത്തിന്‍റെ അപൂര്‍വ സ്പര്‍ശങ്ങള്‍. കേരള ചരിത്രത്തില്‍ രേഖപ്പെടുത്തിയ ആദ്യത്തെ പ്രമാദമായ കൊലക്കേസിന്‍റെ അറിയാമറകളെ തുറക്കുന്ന ' പാലേരി മാണിക്കം' ജനശ്രദ്ധയിലേക്ക്....... ഈ യഥാര്‍ത്ഥ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ , ഗ്രാമീണ ജീവിതത്തിന്‍റെ ഘടനയെയും , നാടുവാഴി വ്യവസ്ഥയിലെ കാണാ ഹിംസകളെയും അധികാരതിന്‍റെ നാള്വഴികളെയും വെളിച്ചത്തിലേക്ക് കൊണ്ടുവരുന്ന രാഷ്ട്രീയ മാനങ്ങളുള്ള കഥ. ' പാലേരി മാണിക്കം ഒരു പാതിരാക്കൊലപാതകത്തിന്‍റെ കഥ' പ്രേക്ഷകര്‍ കൈനീട്ടി സ്വീകരിച്ചു.
യവന സൌന്ദര്യത്തിന്‍റെ അപൂര്‍വകഥ പറഞ്ഞ ശ്യാമപ്രസാദിന്‍റെ : Electra നിറഞ്ഞ പ്രേക്ഷകസദസ്സ് മനസാ ഏറ്റുവാങ്ങി. അര്‍ജെന്‍ടിനയില്‍ നിന്നെത്തിയ ദിയ നരന്ജയുടെ A day in Orange , അതിന്‍റെ കഥ പറച്ചിലിലെ പുതുമയാല്‍ ശ്രദ്ധേയമായി. മൂന്നു ഭാഷ , മൂന്നു നിറം, മൂന്നു ശബ്ദം, സുന്ദരികളായ മൂന്നു സ്ത്രീകള്‍ . അദൃശ്യമായ ചരടുകളാല്‍ ബന്ധിതരായ അവരുടെ ഭയവും , അഭിലാഷവും, മനുഷ്യ ജീവിതത്തിന്‍റെ സങ്കീര്‍ണ
മുഖങ്ങളെ അനാവരണം ചെയ്യുന്നു. നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിച്ച ' എം.ജീ.ശശിയുടെ ' ജാനകി' തെരുവിലെ അനാഥജന്മങ്ങളുടെ കഥ കരളലിയിക്കും വിധം പറയുന്നു. മേളയുടെ നാലാംദിനം ചലച്ചിത്രഭാഷയുടെ നിരതിശയമായ നിലീന ഭംഗികള്‍ പ്രേക്ഷകര്‍ക്ക്‌ നിവേദിച്ചു.

sethumadhavan machad


Drishyam - On Television Documentary


ഈ ലക്കം ഡോകുമെന്‍ടറിയെ സ്പര്‍ശിച്ചു കൊണ്ടാകട്ടെ. ഡോകുമെന്‍ടറി എന്നാല്‍ രേഖ. രേഖകള്‍ ആധികാരികവും വസ്തുതാ പരവുമാകണം. ഏതു വിഷയവും ഡോകുമെന്ററിയില്‍ സ്വീകരിക്കാം. ചരിത്രപുരുഷന്മാര്‍, കവികള്‍, വിവിധ മണ്ഡലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍,കലാകാരന്മാര്‍, ആരുമാകാം. സാമൂഹ്യ -രാഷ്ട്രീയ ചരിത്രം, സമകാലിക വിഷയങ്ങള്‍ , കാലാവസ്ഥാ വ്യതിയാനം, ആഗോള താപനം, ജീവി വര്‍ഗം, അലങ്കാരസസ്യ കൃഷി , കടല്‍, ഉദ്യാനം, കായികം, ഗണിതം, എന്ന് വേണ്ടാ എന്തും ഏതും ഡോകുമെന്ററിക്ക് വിഷയമാകാം. പക്ഷെ സംവിധാനം ചെയ്യുന്ന രൂപ മാതൃകയ്ക്ക് ആധികാരികത നിര്‍ബ്ബന്ധം. ഇന്ന രീതിയില്‍ വേണമെന്നൊരു നിബന്ധനയൊന്നുമില്ല. പരീക്ഷണങ്ങള്‍ ആകാം. കണ്ടല്‍ക്കാടുകളെ ന്യായീകരിച്ചും കണ്ടല്‍ പാര്‍ക്കിനെ പ്രതിരോധിച്ചും ചിത്രമെടുക്കാം. സ്വവര്‍ഗ രതിയെപ്പറ്റി വിശകലനം നടത്താം. പക്ഷം ചേരരുതെന്ന് മാത്രം. എല്ലാം കാണുന്ന കണ്ണാണ് ക്യാമറ. ദൃശ്യങ്ങള്‍ സ്വയം സംസാരിക്കട്ടെ. വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ ക്രോഡീകരിക്കം. പക്ഷെ സമനില പാലിക്കണം. symmetry അഥവാ സമമിതി എല്ലാ കലാരൂപങ്ങള്‍ക്കുള്ളത് പോലെ ടെലിവിഷന്‍ ചിത്രങ്ങള്‍ക്കും അനിവാര്യമാണ്. ആദിമധ്യാന്തം എന്ന് പറയാറില്ലേ. അത് തന്നെ. എന്നാല്‍ എല്ലാ അലിഖിത നിയമങ്ങള്‍ക്കുമപ്പുറം രൂപഘടന പൊളിച്ചെഴുതാനും ഡോകുമെന്ററി സംവിധായകന് സ്വാതന്ത്ര്യമുണ്ട്.

ദൃശ്യഭാഷ അനന്ത സാധ്യതകളുള്ള ഒന്നാണ്. അത് പരമാവധി ഉപയോഗിക്കാന്‍ കണ്ടറിവും കേട്ടറിവും, ശരിയായ ദിശാബോധവും ആവശ്യമാണ്‌. വര്‍ത്തമാന ജീവിതാവസ്ഥകളും സമകാലിക സമൂഹത്തിന്റെ ജീവനും തുടിപ്പും നേര്‍ക്കാഴ്ചയായി അവതരിപ്പിക്കാനുള്ള ആര്‍ജവം സ്വായത്തമാക്കണം. ഒരു പത്ര പ്രവര്‍ത്തകന്‍റെ പ്രതിബദ്ധതയും നിരീക്ഷണ പാടവവും ഡോകുമെന്ററി സംവിധായകനും അനിവാര്യമാണ്. ഉദാഹരണത്തിന് 'കൊടുങ്ങല്ലൂര്‍ ഭരണി' യെ മുന്‍നിറുത്തി ഒരു ലഘുചിത്രമെടുക്കുന്നു എന്നിരിക്കട്ടെ. ദൃശ്യങ്ങള്‍ സ്വയം സംവദിച്ചു കൊള്ളും. അതിശയോക്തികള്‍ എഴുതിച്ചേര്‍ക്കുന്നത് ഒരു വിഭാഗത്തെ രസിപ്പിക്കുമെങ്കിലും സത്യത്തില്‍ നിന്നും നാം അകന്നു പോവുക തന്നെ ചെയ്യും. ചരിത്രത്തെ അപഗ്രഥിക്കാന്‍ സംവിധായകന്‍ സ്വയം ഒരുമ്പെടരുത്, മറിച്ച് ചരിത്രകാരന്മാരുടെ നിരീക്ഷണങ്ങള്‍ ഉള്‍പ്പെടുത്താം. ശിലായുഗ സംസ്കാരത്തെ ഡോകുമെന്ററി ചെയ്യുമ്പോള്‍ ചരിത്രം നീതിബോധത്തോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. രാജാ രവിവര്‍മയുടെ ചിത്രകല ക്യാമറയില്‍ പകര്‍ത്തുമ്പോള്‍ ആധുനിക ചിത്രകലയുടെ വേരുകള്‍ അന്വേഷിക്കാനുള്ള സ്വാഭാവിക പ്രേരണ ഉണ്ടാകുമെന്ന് പ്രേക്ഷകന്‍ പ്രതീക്ഷിക്കും. ചുമര്‍ചിത്രകലയെ പകര്‍ത്തുമ്പോള്‍ ,അജന്ത കാലഘട്ടം അറിയാനുള്ള വ്യഗ്രത മറച്ചു വെക്കാനാവില്ല. ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ ടെലിവിഷന്‍ ചിത്രമാകുമ്പോള്‍ ദാക്ഷിണാത്യവും ഔത്തരാഹവുമായ സംഗീത ശാസ്ത്രത്തില്‍ ,സംഗീത വിദ്യാര്‍ഥികള്‍ക്ക് താല്പര്യം ജനിക്കും. മല്ലിക സാരാഭായ് ചുവടുകള്‍ വെച്ച് നൃത്തമാടുമ്പോള്‍ ക്ലാസിക്കല്‍ നൃത്തകലയെ മനസ്സിലാക്കാന്‍ പ്രേക്ഷകനില്‍ മോഹമുദിക്കും. കലാമണ്ഡലം ഗോപിയെ ക്യാമറയില്‍ പകര്‍ത്തുമ്പോള്‍ ,നവരസവും കഥകളി മുദ്രകളും അറിയാന്‍ ആര്‍ക്കും തല്പ്പര്യമുണ്ടാവും. ഡോകുമെന്ററി സംവിധായകന്‍ ദൃശ്യ- ശ്രാവ്യങ്ങളില്‍ മാത്രമല്ല ,തിരക്കഥാ രചനയിലും പാടവം നേടുന്നത് നല്ലതാണ്‌.
ഫീച്ചര്‍ ചിത്രങ്ങളെപ്പോലെ ഡോകുമെന്ററി ചിത്രങ്ങളും ഗൌരവത്തോടെ കാണുന്ന പ്രബുദ്ധമായ ഒരു പ്രേക്ഷക സമൂഹം ഇന്ന് നിലവിലുണ്ട്. നമ്മുടെ ചലച്ചിത്ര സംസ്കാരം ഏറെ പക്വമായിരിക്കുന്നു. ഫിലിം ഡിവിഷന്‍ നിര്‍മിച്ചിരുന്ന വാര്‍ത്താചിത്രങ്ങളായിരുന്നു ഒരു കാലത്ത് നമ്മുടെ മാതൃക. അതില്‍ ത്തന്നെ ഉത്തരേന്ത്യന്‍ കവികളെപ്പറ്റിയും ,നര്‍ത്തകര്‍ ,ഗായകര്‍ ,നടന്‍മാര്‍ എന്നിവരെക്കുറിച്ചെല്ലാം മികവുറ്റ ലഘു ചിത്രങ്ങള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. ഡോകുമെന്ററി ചിത്രങ്ങള്‍ക്ക് ഇത്ര വലുപ്പം എന്ന് പ്രത്യേകിച്ചൊരു നിബന്ധനയൊന്നുമില്ല. രണ്ടും മൂന്നും മിനിട്ട് മുതല്‍ ഒന്നും രണ്ടും മണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ള ചിത്രങ്ങളുണ്ട്. ബാലവേലയെപ്പറ്റി ഒരു മണിക്കൂര്‍ നീളമുളള ഒന്നാന്തരമൊരു ഫിലിം - കുട്ടി ജപ്പാനിന്‍ കുളന്തൈകള്‍- നിലവിലുണ്ട്. പൊതുവേ പറഞ്ഞാല്‍ 15 -20 മിനിട്ടാണ് ഡോകുമെന്ററി ചിത്രത്തിന് അനുയോജ്യം എന്നാണു എന്‍റെ അനുഭവം. നാടകീയ മുഹൂര്‍ത്തങ്ങള്‍ അരങ്ങേറുന്ന ഫീച്ചര്‍ ചലച്ചിത്രങ്ങളുടെ സ്വഭാവമല്ലല്ലോ ഡോകുമെന്ററി പൊതുവേ കൈകാര്യം ചെയ്യുന്നത്. എന്നാല്‍ അത്തരം വിഷയങ്ങളും അന്വേഷണാത്മക ചിത്രങ്ങളുടെ ഇതിവൃത്തമാകാറുണ്ട്.

നാഷണല്‍ ജോഗ്രാഫി, അനിമല്‍ പ്ലാനെറ്റ് പോലുള്ള അന്താരാഷ്ട്ര ചാനലുകള്‍ ഡോകുമെന്ററി നിര്‍മാണത്തിന് വര്‍ഷങ്ങള്‍ സമയമെടുക്കാറുണ്ട്‌. പ്രത്യേകിച്ച് സസ്യലതാദികളും പക്ഷി മൃഗാദികളും വന്യജീവി വര്‍ഗങ്ങളും ചിത്രീകരിക്കപ്പെടുമ്പോള്‍ .നീണ്ട ക്ഷമയും ,സഹന ശേഷിയും ,അര്‍പണ ബോധവും കൈമുതലുള്ള മികച്ച സംവിധായകരാണ് അവിടെ ഡോകുമെന്‍ടറി നിര്‍മാണത്തില്‍ ഏര്‍പ്പെടുന്നത്. ആദ്യമേ വ്യക്തമാക്കട്ടെ , ഡോകുമെന്ററി ചിത്രീകരിക്കുന്നത് അവാര്‍ഡിന് അയക്കാനുള്ളതല്ല. പുരസ്കാരങ്ങള്‍ മുന്നില്‍ കണ്ടു കൊണ്ട് ഒരിക്കലും ഒരു ചിത്രമെടുക്കാന്‍ പുറപ്പെടരുത്. തികഞ്ഞ സാമൂഹ്യ പ്രതിബദ്ധതയും ,പക്വതയും സംവിധായകന് അനുപേക്ഷണീയം. ഡോകുമെന്ററികള്‍ വൈവിധ്യമാര്‍ന്ന ഒരു ദൃശ്യപ്രപഞ്ചമാണ്‌. ഫേസ് ബുക്കില്‍ പലപ്പോഴും 'ഡോകുമെന്ററി ഫെസ്റ്റിവല്‍' ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. എന്തൊരു വൈവിധ്യവും വൈചിത്ര്യവുമാണെന്നോ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ക്ക്‌. ആരും കടന്നുചെല്ലാന്‍ ഇടയില്ലാത്ത എത്രയോ മേഘലകള്‍ നമുക്ക് ചുറ്റു മുണ്ടെന്നോ. ചേരികളിലെ ജീവിതം, ആദിവാസികളുടെ ലോകം, നാട്ടിടവഴികള്‍, പൂമ്പാറ്റകളുടെ ജീവിത ചക്രം ,കുട്ടനാടന്‍ കാര്‍ഷിക മേഘല, പൊക്കാളി കൃഷി , വരയാടുകളുടെ ,കശാപ്പുശാലകളുടെ, ബീഡി ത്തൊഴിലാളികളുടെ ,പുല്‍മേടുകളുടെ ,ഗുഹാചിത്രങ്ങളുടെ , ഗോത്രവര്‍ഗക്കാരുടെ ,പുറം പോക്കുകളില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടവരുടെ, ഇങ്ങനെ എത്രയോ വിഷയങ്ങള്‍ പല പല വീക്ഷണ കോണുകളില്‍ നിന്ന് നമുക്ക് പരീക്ഷിക്കാവുന്നതാണ്.

ഈ ലക്കത്തില്‍ ചേര്‍ത്തിരിക്കുന്ന ലഘുചിത്രം കേരളത്തിലെ പോര്‍ച്ചുഗീസ് ചരിത്രമാണ്. കൊച്ചിയില്‍ വരാപ്പുഴ തുരുത്തിലെ പോര്‍ച്ചുഗീസ് അവശേഷിപ്പുകള്‍ അന്വേഷിക്കുന്ന ഒരു ഡോകുമെന്ററി. ഇതില്‍ ഞാന്‍ കമന്ററി ( ദൃശ്യ വിവരണം) ചേര്‍ത്തിട്ടില്ല. പശ്ചാത്തല സംഗീതം ഒഴിവാക്കി. നിങ്ങള്‍ ഒരു അഭിമുഖം കാണുന്നു. അത്രമാത്രം.പക്ഷെ കണ്ടു കഴിയുമ്പോള്‍ കേരളത്തിലെ ആംഗ്ലോ -ഇന്ത്യന്‍ ജീവിതത്തിന്റെ ഒരു ഏകദേശ രൂപം നിങ്ങള്‍ക്കു ലഭിക്കും. ഡോകുമെന്ററി നിര്‍മാണത്തിന്റെ ഒരു മാതൃക. ഇതര രൂപങ്ങളും മാതൃകയും നമുക്ക് പിന്നീടൊരിക്കല്‍ പരിചയപ്പെടാം.

Island of Harmony ( console da Harmonia ) എന്ന ഈ ചിത്രത്തിന്റെ ക്യാമറ -ബിജേഷ് , അഭിമുഖം -എലിസബത്ത് എബ്രഹാം , ശബ്ദ ലേഖനം -പ്രേം, എഡിറ്റിംഗ് -സുധീര്‍ ,ഗ്രാഫിക്സ് -വത്സന്‍ , സംവിധാനം -സേതു മേനോന്‍ , ഒരു ദൂരദര്‍ശന്‍ ചിത്രം (2008 ).

Part 1
http://www.youtube.com/watch?v=VOttwjejSzA