small is beautiful

small is beautiful
Ajantha musings

Friday, May 27, 2011

Haikku of kikaku

ഗുരു നിത്യ ഒരിക്കല്‍ പറഞ്ഞു , സെന്‍ മൌന മന്ദഹാസം മാത്രമാണ്. ഒരന്വേഷി ശ്രീബുദ്ധന് അര്‍പിച്ച പൂ കൈയിലെടുത്ത് അദ്ദേഹം അതിനുനേരെ നോക്കി നിശബ്ദം മന്ദഹസിച്ചു. ബുദ്ധവദനത്തില്‍ പൊഴിഞ്ഞ പുഞ്ചിരി കണ്ട് ധര്‍മകശ്യപന്‍ എന്ന ശിഷ്യന്‍ തന്‍റെ ഹൃദയത്തിലെക്കത് ഏറ്റുവാങ്ങി. സെന്നിന്‍റെ ആത്മാവ് വാക്കുകള്‍ക്കുമപ്പുറം വിടര്‍ന്നു നിന്നു. ഒരു ജ്ഞാനസൂത്രത്തി...ലും സെന്‍ പ്രതിഫലിച്ചില്ല. ഉച്ചരിക്കപ്പെട്ട വാക്കുകള്‍ക്കപ്പുറം സെന്‍ പുഞ്ചിരി തൂകി. അന്വേഷിയുടെ ആന്തരികതയെ, സംവേദന ശൂന്യതയെ, സര്‍ഗ നിമിഷങ്ങളുടെ ചെറുകണങ്ങളെ സെന്‍ നമുക്കായി തുറന്നിട്ടു. സൌന്ദര്യത്തോടൊപ്പം ഉള്ളിലുള്ള വൈരൂപ്യത്തെയും അത് പുറത്തെടുത്തു. ഒരുവന് താന്‍ ആരെന്നും ആരല്ലെന്നും വെളിപ്പെടുത്തുകയായിരുന്നു സെന്‍. സെന്നില്‍ ദൈവം പ്രത്യക്ഷപ്പെടുന്നില്ല. ആരാധനയില്ല. ജനനവും മരണവുമില്ല .മരണാനന്തര ജീവിതവുമില്ല. സ്വര്‍ഗ്ഗവും നരകവുമില്ല. എന്തെന്നാല്‍ സെന്‍ ജീവിതത്തിന്‍റെ കവിത മാത്രമാണ്. ധ്യാനത്തിന്‍റെ മാത്രയാണത്. ധ്യാനമാവട്ടെ ജീവന്‍റെ സംഗീതവും. പുരാതനമായ ഒരു നീരൊഴുക്കിന്‍റെ അടിയില്‍ തണുപ്പത്ത് അറിയപ്പെടാതെ കിടന്ന വെള്ളാരങ്കല്ല് പോലെ സെന്‍ ഇക്കാലമത്രയും നമ്മുടെ കാലത്തെയും ജീവിതത്തെയും കാത്തുകിടന്നു. ഒരു സെന്‍കഥ വായിച്ചു നോക്കാം. സെന്‍ ഗുരുവിനോട് ശിഷ്യന്‍ ചോദിച്ചു.' സെന്നിന്‍റെ രഹസ്യമെന്താണ്?' ഗുരു പറഞ്ഞു : എനിക്ക് നിങ്ങളില്‍ നിന്ന് ഒന്നും ധരിക്കാനില്ല. നിങ്ങളില്‍ നിന്ന് ഒന്നും ഒളിച്ചുവെക്കാനുമില്ല. ശിഷ്യന്‍ വിനയത്തോടെ പറഞ്ഞു.' ഇപ്പോഴും എനിക്കൊന്നും മനസ്സിലായില്ല.' ഗുരു പറഞ്ഞു. ഈ കുന്നിന്‍റെ പിന്നാമ്പുറങ്ങളിലൂടെ നമുക്കൊന്ന് നടന്നുവരാം. നിബിഡമായ മരങ്ങള്‍ക്കും പറന്നുപോകുന്ന പക്ഷികള്‍ക്കും അരികിലൂടെ അവര്‍ പതുക്കെ നടന്നുപോയി. കുറച്ചു നടന്നപ്പോള്‍ ഗുരു തരളിതനായി നിന്നു. " ഹായ് കാട്ടുമുല്ലയുടെ സുഗന്ധം...നിനക്കുമത് അനുഭവപ്പെടുന്നില്ലേ? " ശിഷ്യന്‍ തെല്ലിട പരിമളത്തില്‍ ലയിച്ചങ്ങനെ കണ്ണുമടച്ചു നിന്നു. " സുഹൃത്തെ നിങ്ങളില്‍ നിന്ന് ഞാനൊന്നും ഒളിച്ചുവെച്ചിട്ടില്ല" എന്നു പറഞ്ഞുകൊണ്ട് ഗുരു മന്ദം നടന്നകന്നു. സെന്‍ കഥയുടെ മൌന മന്ദഹാസം ഒളിതൂകിയ ഹൈക്കുവിലേക്ക് നമുക്ക് നടന്നുചെല്ലാം.



The full autumn moon
on this strw mat
pine tree shadow


ശരത്കാല പൌര്‍ണമി
പൈന്‍മര ച്ഛായയിലീ-
പുല്‍പ്പായയില്‍ ....



This wooden gate
shuts me out for the night
winter moon

ഹേമന്തരാവിലെ ചന്ദ്രികയില്‍
ഈ  പടിവാതിലെന്നെ
കൊട്ടിയടച്ചു പുറത്താക്കുന്നു . ( കികാകു)

-sethumadhavan machad


No comments:

Post a Comment