small is beautiful

small is beautiful
Ajantha musings

Saturday, May 7, 2011

k on a r k .2.

കൊണാര്‍ക്കിലെ ശില്‍പകല മനുഷ്യസൌന്ദര്യത്തിന്‍റെ ഉദാത്തവും സമൂര്‍ത്തവുമായ കാഴ്ചയാണ്. കല ലാവണ്യത്തിന്‍റെ ആവിഷ്കാരം എന്ന നിലയില്‍ത്തന്നെയാണ് ഭാരതീയ ശില്പചാതുരി കൊണാര്‍ക്കിലും പ്രകടമാകുന്നത്. കലയുടെ സൌന്ദര്യാസ്വാദനം പലപ്പോഴും നൂറ്റാണ്ടുകള്‍ക്കു ശേഷമാണ് കലാവിമര്‍ശനം തിരിച്ചറിയുന്നത്‌. ഖജുരാഹോയിലെയും കൊണാര്‍ക്കിലെയും രതിശില്പങ്ങള്‍ കലാബാഹ്യമ...ായ നിരൂപണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. കൊണാര്‍ക്ക് വന്ധ്യതയുടെ മഹാഗോപുരമെന്നു വിമര്‍ശിച്ചവരുണ്ട്. കലയുടെ അപചയമെന്നു മുദ്രവെച്ചവരുമുണ്ട്. ഒരു മഹാസംസ്കൃതിയുടെ ക്ഷയമെന്നു വിധിച്ചവരും കുറവല്ല. തരുണമായ ശരീരത്തിന്‍റെ ഉത്സവമാണ് കൊണാര്‍ക്കിലെ ശിലാകാവ്യങ്ങളില്‍ ഏറെയും. പ്രണയപാരമ്യത്തിന് ആധ്യാത്മികമായ സഹജാവസ്ഥ നല്‍കുന്നത് ഭാരതീയകലയുടെ സാക്ഷാത്കാരമാണെന്ന് കലാനിരൂപകനായ
ശ്രീ ആനന്ദകുമാരസ്വാമി രേഖപ്പെടുത്തി. ഇരുവരും ആലിംഗനത്തില്‍ ഒന്നായിനില്‍ക്കുന്ന ആത്മവിസ്മൃതി സഹജമായ പ്രേമമാണെന്നും, വെറും സഹഭാവമെന്നതിലുപരി അന്യോന്യ വിലയനത്തിന്‍റെ ഐകരൂപ്യമാണെന്നുമുള്ള അദ്ദേഹത്തിന്‍റെ വീക്ഷണത്തോടാണ് ഞാന്‍ യോജിക്കുന്നത്. ബീജഗണിതത്തിലെ സമവാക്യം പോലെയാണത്. പദങ്ങളല്ല
ഒന്ന് എന്നതിലെത്തുന്ന ലളിതസമവാക്യം. കലയുടെ സൌമ്യമായ സാക്ഷാത്കാരം എന്ന നിലയിലാണ് കൊണാര്‍ക്കിലെ രതിനിര്‍വേദം ഞാന്‍ വായിക്കുന്നത്.

ജന്‍മോഹന എന്ന് ഒറീസയില്‍ പറയുന്ന ശ്രീകോവിലിനു മുന്നില്‍ കല്‍മണ്ടപത്തിന്‍റെ മുഖശ്രീയായി ഒരാവരണചിഹ്നം പോലെ നിലകൊള്ളുന്ന രതിശില്പങ്ങള്‍ ലാസ്യ പൂര്‍ണവും പ്രണയാര്‍ദ്രവുമാണ്. ചോദനകള്‍ ദിവ്യമാണെന്നും കലയുടെ സാക്ഷാത്കാരം തേടിയുള്ള താന്ത്രികസാധനയാണെന്നും സ്ഥപതികള്‍ കരുതി. ഇണയെപ്പിരിഞ്ഞു നീണ്ട പന്ത്രണ്ടു വര്‍ഷം ശില്പകാവ്യത്തില്‍ സ്വയം നിറവേറിയ ശില്പികളുടെ ഉറഞ്ഞുപോയ രതിയുടെയും കാമനകളുടെയും ആവിഷ്കാരം. സാമീപ്യവും സായൂജ്യവും ഉളിപ്പാടുകളുടെ സംയോഗകലയില്‍ നൃത്തംവെക്കുന്നത് നമ്മുടെ ഉള്‍ക്കണ്ണില്‍ തെല്ലിട മിന്നിമറയും. ഒരു തീര്‍ഥാടനത്തിന്‍റെ സ്നാനഘട്ടമല്ല കൊണാര്‍ക്ക്. ചിത്രോത്പലയും കുശ ഭദ്രയും ചന്ദ്രഭാഗയും ഒഴുകിയ ഒറീസയുടെ കൃഷിയിടങ്ങളില്‍ ഏഴു നൂറ്റാണ്ടുകളെ പിന്നിട്ട് കൊണാര്‍ക്കിന്നും ശിരസ്സുയര്‍ത്തി നില്‍ക്കുന്നു. നാഗരികത പരിക്കേല്‍പ്പിക്കാത്ത കാടകത്തിലെ ജ്യോതിസ്സായി നിന്നു ഈ സൂര്യക്ഷേത്രം.

ഉടലിന്‍റെ വശ്യസൌന്ദര്യം കാമകലയുടെ ശിലാമയവടിവുകളില്‍ നാട്യശാസ്ത്രത്തിലെന്നപോലെ മുദ്രിതമായിരിക്കുന്നു. ജീവരതിയുടെ അഭിനിവേശങ്ങളും കാമനയുടെ ആസക്തികളും ലയംകൊള്ളുന്നത്‌ വാസ്തുകലാ വിദ്യാര്‍ഥികള്‍ മാത്രമല്ല പുറംലോകത്ത് നിന്നെത്തിയ പ്രയാണികളും കലാസ്വാദകരും ഒരുപോലെ ഉള്‍ക്കൊണ്ടു. ദക്ഷിണേന്ത്യയിലെ ചോള പല്ലവശൈലികളുടെ ഒരപൂര്‍വസംയോഗം കൊണാര്‍ക്കിലെ ശില്‍പികള്‍ സ്വാംശീകരിച്ചുവെന്നു വേണം കരുതാന്‍. ഒഡീസിയുടെ കാല്‍ച്ചിലങ്കകള്‍ സൂര്യക്ഷേത്രത്തിന്‍റെ തണുപ്പാര്‍ന്ന ശിലാതളിമത്തില്‍ ആനന്ദനടനമാടി.

പോക്കുവെയില്‍ സുവര്‍ണനിറം ചാര്‍ത്തിയ കൊണാര്‍ക്കിന്‍റെ ശിരസ്സില്‍ സാഗരോര്‍മികള്‍ സമ്മാനിച്ച അലയൊലി പ്രതിധ്വനിച്ചു.ചന്ദ്രഭാഗാനദിയുടെ സംഗമസ്ഥാനത്ത്‌ രൂപം കൊണ്ട പഴയ തുറമുഖനഗരം ഇന്ന് ചരിത്രവിദ്യാര്‍ഥികളുടെയും കലാസ്വാദകരുടെയും വിശ്രമകേന്ദ്രം മാത്രം.പക്ഷെ കൊണാര്‍ക്കിന്‍റെ വിജനത എനിക്ക് അതീവഹൃദ്യമായാണ്
അനുഭവപ്പെട്ടത്. പതിറ്റടി താണ് ഇരുളിലമര്‍ന്ന കൊണാര്‍ക്കിലെ ത്രിസന്ധ്യ ലാസ്യഭംഗിയാര്‍ന്നു. എവിടെനിന്നോ ഒരു ചിലങ്ക കിലുങ്ങിയോ? കേളുചരണ്‍ മഹാപത്ര? സോണാല്‍ മാന്‍സിംഗ്? അതുമല്ല .. മാല്പയില്‍ അന്ധര്‍ധാനം ചെയ്ത പ്രോതിമ? അഥവാ... പുരാതന നഗരിയെ നൃത്തച്ചുവടുകള്‍ കൊണ്ട് ഉന്‍മാദിയാക്കിയ ദേവഗാന്ധാരികള്‍? ജീവരതിയുടെ ഉത്സവം നാദകലയുടെ സ്നാനത്താല്‍ ഓര്‍മകളില്‍ താളമിടുന്നു.കരണങ്ങളും ചുവടുകളും മഹാനാദത്തിലമര്‍ന്നു ജീവോര്‍ജത്തിന്‍റെ സാന്ദ്രിമയില്‍ ഒഴുകിനടന്നു.

നൂറ്റിയെട്ട് നൃത്തശില്പങ്ങളും എണ്‍പത്തിനാല് രതിശില്പങ്ങളും കൊണാര്‍ക്കിനെ ലാവണ്യപൂര്‍ണമാക്കുന്നു. കാലവും കലയും കാമവും തേജോരൂപമായി കൊണാര്‍ക്കിനെ
മുകര്‍ന്നു. ഇണയെ പ്പിരിഞ്ഞു ജീവിച്ച ശില്പികളുടെ കണ്ണീര്‍ ചന്ദ്രഭാഗയില്‍ ഒഴുകിപ്പോയിരിക്കാം. തോര്‍ന്നുപോയ മിഴികളിലെ വിശ്രാന്തിയാവാം ശിലകളില്‍ പ്രതിഫലിച്ചത്.
കാലത്തിന്‍റെ രഥചക്രങ്ങളില്‍ കൊണാര്‍ക്ക് ചരിത്രത്തിന്‍റെ ഉദയവും അസ്തമയവും കണ്ടുനില്‍ക്കുന്നു. നൂറ്റാണ്ടുകളുടെ സ്പന്ദനമായി ഒരു ശിലാകാവ്യം. ഒരു ഗ്രഹണത്തിനും തമസ്കരിക്കാനാവാത്ത വജ്രകാന്തിയാണ് കൊണാര്‍ക്ക്.
- sethumadhavan machad

No comments:

Post a Comment