small is beautiful

small is beautiful
Ajantha musings

Sunday, August 28, 2011

Padmanaabhomara prabhu 3

അങ്ങനെ എ ഡി. 9-നൂറ്റാണ്ടു മുതല്‍ തിരുവനന്തപുരം കേരളത്തിലെ പ്രമുഖ സാംസ്കാരിക നഗരമായി രൂപാന്തരപ്പെട്ടു കഴിഞ്ഞിരുന്നു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന സാംസ്കാരിക കേന്ദ്രമായിരുന്നു. ക്ഷേത്രത്തോടനുബന്ധിച്ചുള്ള കാന്തളൂര്‍ശാല മികവുറ്റ വേദപഠന വിദ്യാശാലയുമായിരുന്നു. ആദ്യത്തെ വേണാട് രാജാവായിരുന്ന വീരകേരളവര്‍മയുടെ ആസ്ഥാനം നാഞ്ചിനാട്ടിലെ തിരുവിതാംകോട്ടുള്ള കേരളപുരമായിരുന്നു. ആദ്യകാല വേണാട്ടു രാജാക്കന്മാര്‍ കേരളപുരം, തിരുവിതാംകോട്, ഇരണിയല്‍, തിരുവട്ടാര്‍, അരുമന, എന്നീ സ്ഥലങ്ങള്‍ ആസ്ഥാനമാക്കിയിരുന്നു. ക്രി.വ 1550 മുതല്‍ 1790 വരെ തിരുവിതാംകൂര്‍ രാജാക്കന്മാരുടെ ഭരണ കേന്ദ്രമായിരുന്നു  കല്‍ക്കുളം കോയിക്കല്‍ കൊട്ടാരം. മാര്‍ത്താണ്ടവര്‍മ ശ്രീപത്മനാഭന് രാജ്യം അടിയറവെച്ച് 'പത്മനാഭദാസനാ'യതു മുതല്‍ കല്‍ക്കുളത്തിന് 'പത്മനാഭപുരം' എന്ന് പേര് സിദ്ധിച്ചു. മാര്‍ത്താണ്ടവര്‍മ പഴയ കോട്ടകൊത്തളങ്ങള്‍ പുതുക്കിപ്പണിയിച്ചു, പഴയ കോയിക്കല്‍ കൊട്ടാരത്തിന് 'പത്മനാഭപുരം കൊട്ടാരം' എന്ന് നാമകരണവും ചെയ്തു. കൊ.വ 925  മിഥുനം 28 ന് കൊട്ടാരം ശ്രീപദ്മനാഭന് സമര്‍പ്പിച്ച്‌ ശ്രീപത്മനാഭദാസനായിത്തീര്‍ന്നു. എന്നാല്‍ ഈ വാദഗതിയെ എതിര്‍ക്കുന്ന ചരിത്രകാരന്മാരുമുണ്ട്‌. തൃപ്പടി ദാനം എന്ന രാജ്യസമര്‍പ്പണവും ഭദ്രദീപവും മുറജപവും മറ്റും അതിനും മുന്‍പേ നിലനിന്നിരുന്നുവത്രേ. വേണാടിന് ചേരദേശം എന്ന പേരിനുപുറമേ ശ്രീവാഴുംകോട് , വഞ്ചി ഭൂമി, തൃപ്പാപ്പൂര്‍ സ്വരൂപം എന്നെല്ലാം പേരുണ്ടായിരുന്നു. കേരവൃക്ഷങ്ങള്‍ തിങ്ങി നിറഞ്ഞിരുന്നതിനാല്‍ 'കേരളം' എന്നും ആഴിയും മലയും പരിലാളിച്ച നാടിനെ 'മലയാളനാട്' എന്നും വിളിച്ചുപോന്നു. ചേരവംശ രാജധാനി തിരുവഞ്ചിക്കുളമായതുകൊണ്ട് 'വഞ്ചിനാട്' എന്ന പേരും പ്രാബല്യത്തില്‍ വന്നു. ക്രമേണ ചേരരാജാക്കന്മാരുടെ ആധിപത്യം അവസാനിക്കുകയും പ്രജാവല്‍സലരായ ഭരണാധികാരികളുടെ കാലം തുടങ്ങുകയുംചെയ്തു. ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടുന്ന ഒരാളിനെ 'രക്ഷാപുരുഷനായി' വാഴിക്കുകയും കാലാവധി കഴിയുമ്പോള്‍ ആ സ്ഥാനത്തേക്ക് മറ്റൊരാളെ അവരോധിക്കുകയും ചെയ്യുന്ന ജനായത്തരീതി നടപ്പില്‍വന്നു. പക്ഷെ അതിന് പ്രഭുവാഴ്ചയോടാണ്
സാദൃശ്യമുണ്ടായിരുന്നത്. വഞ്ചിനാട്ടിലെ പെരുമാക്കന്മാര്‍ക്ക് 'വഞ്ചി പാലകന്മാര്‍' എന്നാണല്ലോ പേര് ?
ഗുണ്ടര്‍ട്ടിന്‍റെ മലയാളം നിഘണ്ടുവില്‍ 'വഞ്ചി' എന്ന പദത്തിന് പുരാതന ചേരരാജാക്കന്‍മാരുടെ തലസ്ഥാനം എന്നുതന്നെയാണ് അര്‍ഥം കൊടുത്തിരിക്കുന്നത്. ശ്രീപത്മനാഭ ക്ഷേത്രത്തില്‍ നിന്നകലെയല്ലാതെ വലിയശാല ക്ഷേത്രത്തിനു സമീപമായി പ്രവര്‍ത്തിച്ചിരുന്ന കാന്തളൂര്‍ വിദ്യാപീഠം ക്രി. വ 9 ല്‍ ത്തന്നെ ഖ്യാതിയാര്‍ജിച്ചിരുന്നു.ആയ് രാജാക്കന്മാരുടെ കലാശാലകള്‍ക്കെല്ലാം മാതൃകാസ്ഥാനം കാന്തളൂര്‍ശാലയായിരുന്നു. വ്യാകരണം, സാംഖ്യം, വൈശേഷികം, മീമാംസ, നൈയ്യാമാകം, ലോകായതം എന്നിവയ്ക്ക് പുറമേ ചിത്രമെഴുത്ത്‌, സംഗീതം,വാദ്യം, നാടകം, നൃത്തം, നാട്യം ,മന്ത്രം, യോഗശാസ്ത്രം, ധാതുപാഠം,ഗാരുഡം,ജ്യോതിഷം, രസായനം, കവിത, ച്ഛന്ദസ്സ് , ഊര്‍ജതന്ത്രം, ഇന്ദ്രജാലം എന്നിവയും കാന്തളൂര്‍ശാലയില്‍ പഠനവിഷയങ്ങളായിരുന്നു. ധനുര്‍വേദത്തിലെ അസിപ്രവേശം, ധനപ്രവേശം, ബാഹുയുദ്ധം എന്നിവയും ഇവിടെ അഭ്യസിപ്പിച്ചിരുന്നു.   പന്ത്രണ്ടാം ശതകത്തില്‍ എഴുതപ്പെട്ട സംസ്കൃതകൃതി  'കുവലയമാല' യില്‍ കാന്തളൂര്‍ശാലയെക്കുറിച്ചുള്ള പരാമര്‍ശമുണ്ട്. കേരളചരിത ഗവേഷണത്തിന്‍റെ ആധികാരികരേഖ
യാണ് 'കുവലയമാല'.പ്രഭാസൂരി എന്ന ജൈനസംന്യാസി സംക്ഷേപിച്ച ഈ കൃതിയില്‍ തിരുവനന്തപുരത്തിന്‍റെ അന്നത്തെ പേര് 'വിജയപുരി' എന്നായിരുന്നുവെന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്.പത്മനാഭ ക്ഷേത്രത്തിന്‍റെ വടക്ക് കിഴക്കായുണ്ടായിരുന്ന ഒരങ്ങാടിയുടെ വര്‍ണനയും അതിലുണ്ട്. (ചാല മാര്‍ക്കറ്റായിരിക്കാം) പത്മനാഭസ്വാമി
ക്ഷേത്രവും, കൊട്ടാരക്കെട്ടുകളും കൊട്ടവാതിലുകളുമുള്‍പ്പടെ ഐശ്വര്യമായി പ്രശോഭിച്ച അനന്തപുരിവര്‍ണനത്തില്‍ ഇന്നത്തെ ശ്രീകണ്ടേശ്വരവും ശ്രീവരാഹവും പരാമര്‍ശിക്ക പ്പെടുന്നു.

ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആദ്യത്തെ വേണാട്ടരചന്‍ അയ്യനടികള്‍ തിരുവടികള്‍ ആണ്. തുടര്‍ന്ന് അധികാരത്തില്‍വന്ന രവിവര്‍മ കുലശേഖരന്‍ 'സംഗ്രാമധീരന്‍' എന്ന് ഭാരതം മുഴുവന്‍ പുകള്‍പെറ്റ രാജാവായിരുന്നു. ചരിത്രത്തെ അനശ്വരമാക്കിയ രവിവര്‍മയുടെ കാലം , നാഞ്ചിനാടും, ഇരണിയലും പത്മനാഭപുരവും ഭരണ സിരാകേന്ദ്രങ്ങളായി മാറി. സഹൃദയനായ രവിവര്‍മ കുലശേഖരന്‍റെ അനശ്വരകൃതിയാണ് 'പ്രദ്യുമ്നോദയം' എന്ന സംസ്കൃത നാടകം. പത്മനാഭക്ഷേത്രത്തിലെ  ആറാട്ടു ല്സവത്തിന് ഈ നാടകം അരങ്ങെരിയിരുന്നുവത്രേ.കേരളത്തിന്‌ പുറത്തും രാജ്യാതിര്‍ത്തി വികസിപ്പിച്ച അദ്ദേഹം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഒരു 'സ്വര്‍ണക്കോപ്പറ'
തിരുമുല്‍ക്കാഴ്ചയായി നടയ്ക്കു വെച്ചിട്ടുണ്ട്. കവികളെയും കലാകാരന്മാരെയും അതിരുവിട്ടു ബഹുമാനിച്ച അദ്ദേഹം 'ദക്ഷിണ ഭോജന്‍' എന്ന കീര്‍ത്തിമുദ്രയും നേടി ചരിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു.

-sethumadhavan machad

No comments:

Post a Comment