small is beautiful

small is beautiful
Ajantha musings

Thursday, September 1, 2011

Padmanaabhomara prabhu

കേരളചരിത്ര പഠനത്തില്‍ വേണാടിന്‍റെ മഹിമ കൃത്യമായി രേഖപ്പെടുത്തി തിരുവനന്തപുരം നിലനിന്നു. ആദ്യകാലത്ത് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്‍റെയും കാന്തളൂര്‍ ശാലയുടെയും ആസ്ഥാനമെന്ന നിലക്ക് സാംസ്കാരിക തലസ്ഥാനത്തിന്‍റെ കേന്ദ്രമായിരുന്ന ഈ നഗരം, പില്‍ക്കാലത്ത് വേണാടിന്‍റെ തന്ത്രപ്രധാനമായ ആസ്ഥാനമായി ഉയര്‍ന്നു. തിരുവിതാംകൂറിന്‍റെ തലസ്ഥാനമായ ഈ നഗരി ചേര ചോള പാണ്ട്യ സംസ്കാരങ്ങളുടെ ഒരു സംഗമഭൂമിയായി നിലകൊണ്ടു. മഹോദയപുരമെന്ന കൊടുങ്ങല്ലൂര്‍ കഴിഞ്ഞാല്‍
തിരുവനന്തപുരത്തോളം പഴമ അവകാശപ്പെടാവുന്ന നഗരങ്ങള്‍ ഭാരതത്തിന്‍റെ ഇതരഭാഗങ്ങളില്‍പോലും വിരളമാണ്. കൊടുങ്ങല്ലൂര്‍ , വിഴിഞ്ഞം എന്നീ തുറമുഖനഗരങ്ങള്‍ക്ക് അതിദീര്‍ഘമായ പാരമ്പര്യമാണുള്ളത്. അന്‍പതോളം രാജാക്കന്മാര്‍ മാറി മാറി തിരുവിതാംകൂര്‍ ഭരിച്ചു. വേണാട്ടധിപന്മാരില്‍ എറിയകൂറും പ്രഗദ്ഭമതികളായിരുന്നു.
എട്ടുവീട്ടില്‍പിള്ളമാരെപ്പോലുള്ള ഇടത്തരം നാടുവാഴികളില്‍നിന്ന് തിരുവിതാംകൂറിന്‍റെ ചരിത്രം ഗതിമാറ്റിവിട്ടത് ഇന്ന് നാമറിയുന്ന അനിഴംതിരുനാള്‍ മാര്‍ത്താണ്ട വര്‍മയായിരുന്നു. അയല്‍രാജ്യങ്ങള്‍ വെട്ടിപ്പിടിച്ച്‌ രാജ്യവിസ്തൃതി വര്‍ധിപ്പിക്കുകയും ബ്രിട്ടീഷുകാരുമായുള്ള സമ്പര്‍ക്കത്താല്‍ തിരുവിതാംകൂറിനെ പുരോഗതിയിലേക്ക് നയിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞുവെന്നതും വസ്തുതയാണ്.
കിഴക്ക് കരമനയാറും വെള്ളായണിക്കായലും പടിഞ്ഞാറ് അറബിക്കടലും ഈ നഗരിയെ പ്രദക്ഷിണംചെയ്തു. വലിയതുറയിലും, വിഴിഞ്ഞത്തും ശംഖുമുഖത്തുമൊക്കെ കപ്പല്‍ നംകൂരമിട്ടിരുന്നതായി പഴയ ചരിത്രം ഓര്‍മ്മിക്കുന്നു. ഇളംകുളവും സര്‍ദാര്‍ കെ എം പണിക്കരും വിഴിഞ്ഞം തുറമുഖത്തെപ്പറ്റി എഴുതിയിട്ടുണ്ട്. വീരമാര്‍ത്താണ്ടവര്‍മയാണ്
നാമിന്നുകാണുന്ന നഗരത്തെ കെട്ടിപ്പടുത്തത്. അദ്ദേഹത്തിന്‍റെ ശില്പകലാപ്രേമത്തിന്‍റെ ശാശ്വതസ്മാരകമാണ് പദ്മനാഭസ്വാമിക്ഷേത്രത്തിന്‍റെ ശില്പ ഗോപുരവും, ചുറ്റു   മതിലുമൊക്കെ.അദേഹത്തിന്‍റെ പിന്‍ഗാമിയായ ധര്‍മരാജ നഗരിയെ കൂടുതല്‍ മോഡി പിടിപ്പിക്കുകയും കമനീയമായി അലംകരിക്കുകയും ചെയ്തു. ധര്‍മരാജയുടെ പ്രശസ്തനായ പ്രധാനമന്ത്രി രാജാ കേശവദാസ് നിര്‍മിച്ച കമ്പോളം വിദേശ വ്യാപാരികളെപ്പോലും ഇവിടേയ്ക്ക് ആകര്‍ഷിച്ചു എന്ന് ചരിത്രം. ( സി വി രാമന്‍ പിള്ളയുടെ കൃതികള്‍ ഓര്‍ക്കുക)

ധര്‍മരാജയുടെ കാലത്താണത്രെ പത്മനാഭപുരത്തുനിന്നും തിരുവിതാംകൂറിന്‍റെ ആസ്ഥാനം തിരുവനന്തപുരത്തേക്കു മാറ്റിയത്. ദക്ഷിണേന്ത്യയിലെ വൈഷ്ണവര്‍ ഈ നഗരത്തെ അനന്തശയനമെന്നു വിളിച്ചുപോന്നു. തമിഴ്കവി 'നമ്മാള്‍വാര്‍' വാനോളം സ്തുതിച്ച നഗരവും ശ്രീപദ്മനാഭനും. ക്ഷേത്രവും കോട്ടകൊത്തളങ്ങളും കൊട്ടാരക്കെട്ടുകളും രാജവീഥി
കളും ഈ നഗരിയെ ക്ഷേത്രനഗരമെന്ന പേരിനര്‍ഹമാക്കി. സ്വാതിതിരുനാള്‍ മുതല്‍ ശ്രീമൂലംതിരുനാള്‍ വരെയുള്ള കലാപ്രേമികളുടെ കാലത്ത് പണ്ഡിതസദസ്സുകളും സംഗീത സദിരുകളും ക്ഷേത്രനഗരിയെ സമ്പന്നമാക്കി. ശില്പവും, നൃത്തവും നാട്യവും ആട്ടവും ഈ നഗരിയുടെ രാപ്പകലുകളില്‍ ചിലങ്കനാദമുണര്‍ത്തി. ഈ നഗരത്തെ വലംവെച്ചു കൊണ്ട് ആദിദ്രാവിഡ ശൈവ ശാക്തേയ മതങ്ങളുടെ വാഹകര്‍ വളര്‍ന്നു .മുടിപ്പുരകളും മാടന്‍ കോവിലുകളും തോറ്റംപാട്ടുകളും നാള്‍വഴികളില്‍ ചുവടുവെച്ചു.

അങ്ങനെ പുകള്‍പെറ്റ അനിഴംതിരുനാള്‍ മാര്‍ത്താണ്ടവര്‍മ മഹാരാജാവ് വേണാടും പുതുതായി വെട്ടിപ്പിടിച്ച പ്രദേശങ്ങളും ചേര്‍ന്ന ഭൂഭാഗം 1750  ജനുവരി 17 ന് ശ്രീ പദ്മനാഭന് അടിയറവെച്ചു എന്ന് ചരിത്രം. 'തൃപ്പടി ദാനം' എന്ന ഈ മഹത്കര്‍മത്തിലൂടെ അദ്ദേഹവും പിന്മുറക്കാരും 'ശ്രീപദ്മനാഭ ദാസന്മാരായി' മാറി. 1758 ല്‍ നാടുനീങ്ങുമ്പോള്‍ അദ്ദേഹം തന്‍റെ പിന്ഗാമികളോട് ഒന്നേ ആവശ്യപ്പെട്ടുള്ളൂ. 'ഒരു കാരണവശാലും ശ്രീപത്മനാഭനു അടിയറവെച്ച രാജ്യം തിരിച്ചെടുക്കരുത്.' ( ശ്രീ ശങ്കുണ്ണി മേനോന്‍ - തിരുവിതാംകൂര്‍ ചരിത്രം)  ശ്രീപത്മനാഭന്‍ വഞ്ചിക്കുളത്തിന്‍റെ കുലദൈവമാണ്. ആയ് രാജാക്കന്മാരുടെ കുലദൈവമായ തിരുവട്ടാറിലെ ആദികേശവപ്പെരുമാള്‍
ക്ഷേത്രത്തിലെ പൂജാവിധികള്‍ അതേപടി ഇവിടെയും നിലനിര്‍ത്തുകയാണ് ചെയ്തത്. അങ്ങനെ ആര്യ- ദ്രാവിഡ സങ്കല്പങ്ങളുടെ വിളഭൂമിയായി തിരുവനന്തപുരം നൂറ്റാണ്ടു കളോളം നിലനിന്നു. വൈഷ്ണവരായ വിജയനഗര രാജാക്കന്മാരും, മധുര കേന്ദ്രമാക്കി ഭരിച്ചിരുന്ന ശൈവരായ നായിക്കന്‍മാരും ഇവിടത്തെ രണ്ടു പ്രധാനധാരകളുടെ പ്രതീകമായി. വാരാണസി ( കാശി) നഗരം തിരുവനന്തപുരത്തിന്‍റെ പത്തിരട്ടി വിസ്തൃതിയുള്ള മഹാനഗരമാണ്. എന്നാല്‍ അവിടെയുള്ള 1500 ക്ഷേത്രങ്ങളേക്കാള്‍ ലക്ഷണയുക്തമായ പുരാതനക്ഷേത്രങ്ങള്‍ തിരുവനന്തപുരത്തിന് ചുറ്റുപാടും വളര്‍ന്നുനിന്നു. നമ്മാഴ്വാരുടെ 'നാലായിരം പ്രബന്ധത്തിലും' നമ്മുടെ 'ഉണ്ണുനൂലി സന്ദേശത്തിലും'
ഈ നഗരത്തെ ഹൃദയാവര്‍ജ്ജകമായി പുകഴ്ത്തി പാടിയിട്ടുണ്ട്. സംസ്കൃതീകരിച്ച 'സ്യാനന്ദൂരപുരത്തില്‍' നിന്നും പാശ്ചാത്യരുടെ 'ട്രിവാന്‍ഡ്ര'ത്തില്‍നിന്നും വ്യത്യസ്തമായി ഈ നഗരത്തെ 'തിരുവനന്തപുരം' എന്ന് ആദ്യമായി പേരിട്ടുവിളിച്ചതും 'നമ്മാള്‍ വാര്‍' എന്ന തമിഴ്കവിയാണ്‌.

(ചരിത്രമുറങ്ങുന്നില്ല........)

No comments:

Post a Comment