small is beautiful

small is beautiful
Ajantha musings

Sunday, June 12, 2011

360 degree Panoramic Photogrpahy as a virtual tour....

മലയാളനാട്ടിലെ സജീവസാന്നിധ്യമാണ് ലീന്‍ തോബിയാസ്. രണ്ടു പതിറ്റാണ്ട് മലയാള മനോരമക്കൊപ്പം. ഫോട്ടോജേര്‍ണലിസ്റ്റ് എന്നനിലയില്‍ ശ്രദ്ധേയന്‍.
 തികച്ചുംപുതുമയാര്‍ന്ന വെല്ലവിളികളേറെയുള്ള ഒന്നാണ് ലീന്‍ ഇപ്പോള്‍ കൈകാര്യംചെയ്യുന്ന 360 ഡിഗ്രീ ഫോട്ടോഗ്രഫി. സൂക്ഷ്മനിരീക്ഷണവും പ്രതിഭയും, ഒരല്‍പം സാഹസികതയും ആവശ്യപ്പെടുന്നു ഫോട്ടോഗ്രഫിരംഗത്തെ ഈ നവീനസങ്കേതം. 'പനോരമിക്' എന്നുപറയാവുന്ന, കാഴ്ചയുടെ വിസ്തൃതിയില്‍ അഭിരമിക്കുന്ന, വിരല്‍ത്തുമ്പിലെ ചലനങ്ങള്‍ക്കൊപ്പം 360 ഡിഗ്രിയില്‍ ദൃശ്യത്തിന്‍റെ സമഗ്രസൌന്ദര്യം തുറന്നുതരുന്ന ഈ സാങ്കേതികവിദ്യ നമുക്ക് പുതുമയാണെങ്കിലും ബ്രിട്ടനിലെ ഫോട്ടോ ജേര്‍ണലിസ്റ്റകള്‍ക്ക് നേരത്തെ സുപരിചിതം. നിശ്ചലദൃശ്യങ്ങളെ അതിന്‍റെ തനിമയിലും ലാവണ്യത്തിലും സമ്മാനിക്കുന്ന പഴയ സങ്കേതത്തില്‍ നിന്നുള്ള ദിശാവ്യതിയാനമാണ്
360 ഡിഗ്രീ പനോരമിക് ഫോട്ടോഗ്രഫി. നിരവധി നിശ്ചലദൃശ്യങ്ങളുടെ തുടര്‍ച്ചയും ഒഴുക്കുമാണ് ഇതിന്‍റെ പ്രത്യേകത. ദൃശ്യാനുഭവത്തിന്‍റെ അനുസ്യൂതി കാഴ്ചയുടെ സമഗ്രത
നല്‍കുന്നതോടൊപ്പം കണ്ണിന്‍റെ പൂര്‍ണവൃത്തം 'കാഴ്ച്ചയുടെ' നൈരന്തര്യത്തെ പൂര്‍ണരൂപത്തില്‍ നമ്മുടെ സംവേദനത്തിലെത്തിക്കുന്നു . മൗസ് ചലിക്കുന്നതോടൊപ്പം ഒരു ദിശയില്‍നിന്നു ക്രമേണ ഒരര്‍ധവൃത്തം പൂര്‍ത്തിയാക്കി, തുടര്‍കോണുകളിലേക്ക് നയനാഭിരാമമായ ഒരു യാത്ര നിര്‍വഹിക്കാന്‍ നമ്മെ ഈ 'വിര്‍ച്വല്‍ ടൂര്‍ ' സഹായിക്കുന്നു.

ലീന്‍തോബിയാസ്  ഇതിനകം എത്രയോ യാത്രകളിലേക്ക് നമ്മെ കൂട്ടികൊണ്ടു പോയെന്നോ. കുത്തബ് മീനാര്‍, ഹൈദരാബാദിലെ ഗോല്‍ക്കൊണ്ട, റഷ്യ, ചൈന, യൂറോപ്പ്  മുതല്‍ നമ്മുടെ തൃശൂര്‍പൂരംവരെ 360 ഡിഗ്രീ യാത്രാനുഭവത്തിലൂടെ അദ്ദേഹം നമ്മുടെ കാഴ്ച്ചയെ കൊണ്ടുപോയി.
High Dynamic Range ക്യാമറയാണ് ലീന്‍ ഇതിനായി ഉപയോഗിക്കുന്നത്. മുക്കാലിയില്‍ (Tripod )നിന്ന് ക്യാമറക്ക് തിരിയാനാവുന്ന ദിശകളിലേക്ക് ഒഴുക്കോടെ അലസം സഞ്ചരിക്കാന്‍ ദൃശ്യത്തിനു കഴിയുന്നു. നിഴലും വെളിച്ചവും ചേര്‍ന്നൊരുക്കുന്ന കാഴ്ചയുടെ മാന്ത്രികഭംഗികളെ കൂടുതല്‍ മിഴിവോടെ നമുക്ക് പകരാന്‍ ഈ സങ്കേതത്തിനു കഴിയും.ഷൂട്ട്‌ പൂര്‍ത്തിയാവുന്നതോടെ കമ്പ്യുട്ടറിലെ ഫ്ലാഷ് സോഫ്റ്റ്‌വെയറിലേക്ക് പകര്‍ത്തുകയാണ് ചെയ്യുന്നത്.
ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസിനെപ്പറ്റി ലീന്‍ തോബിയാസ് നിര്‍മിച്ച ഫോട്ടോബയോഗ്രഫി ഈ രംഗത്തെ ആദ്യപരീക്ഷണമായിരുന്നു.ലിംകബുക്ക്‌ ഓഫ് വേള്‍ഡ് റിക്കോഡില്‍
ലീന്‍ തോബിയാസിന്‍റെ 'യേശുദാസ്' എന്ന Photo Biography  ഇടംതേടി.

ലീന്‍ തോബിയാസിന്‍റെ virtual panoramic -360 ഡിഗ്രി ഫോട്ടോഗ്രഫി ലോകശ്രദ്ധയിലേക്ക് വരുന്നതോടൊപ്പം കാഴ്ച്ചയുടെ ലോകത്തെ മറ്റൊരു ദിശാവ്യതിയാനത്തിന് സൌന്ദര്യത്തിന്‍റെ നവീനമുഖം കൈവരുകയാണ്.

- sethumadhavan machad











No comments:

Post a Comment