small is beautiful

small is beautiful
Ajantha musings

Saturday, June 18, 2011

Chirapunji ormakal 2

സമുദ്രനിരപ്പില്‍ നിന്ന് 1484 മീറ്റര്‍ ഉയരത്തിലാണ് ചിറാപുഞ്ചി. പ്രാദേശികനാമം 'സൊഹ്റ'. പുഞ്ചിയിലേക്ക് പോകുന്നവഴിയില്‍ മനോഹരമായ ഖാസി ഗ്രാമങ്ങളാണ്. പുഞ്ചി എന്നാല്‍ ഗ്രാമം, തലസ്ഥാനം എന്നൊക്കെയാണ് അര്‍ഥം. ബ്രിട്ടിഷുകാര്‍ പിന്നീട് ഷില്ലോങ്ങിലേക്ക് ആസ്ഥാനം മാറ്റുകയായിരുന്നു. ഖാസി, ജൈന്തിയ, ഗാരോ എന്നീ ആദിവാസികളാണ് ചിറാപുഞ്ചിയിലും സമീപഗ്രാമങ്ങളിലും താമസക്കാര്‍. ബംഗ്ലാദേശ് അകലെയല്ല.ചിറാപുഞ്ചിയില്‍നിന്ന് അരമണിക്കൂര്‍ യാത്രചെയ്‌താല്‍ ബംഗ്ലാ അതിര്‍ത്തിയിലെത്താം. അതിവിസ്തൃതമായി പരന്നുകിടക്കുന്ന ബംഗ്ലാദേശിന്‍റെ സമതലം നല്ലൊരു കാഴ്ചയാണ്. ഖാസി, ലുഷായ് പെണ്‍കുട്ടികള്‍ സുന്ദരികളാണ്. കര്‍മനിരതരും ഉല്ലാസവതികളുമായ അവരുടെ പെരുമാറ്റം നിഷ്കളങ്കവും ഹൃദ്യവുമായി അനുഭവപ്പെടും. ലളിതമായ ജീവിതചര്യയും അനാര്‍ഭാടമായ ലോകവീക്ഷണവും പുഞ്ചിയിലെ സ്ത്രീ പുരുഷന്‍മാര്‍ക്ക് ഗ്രാമീണമായൊരു തനിമ നല്‍കുന്നു. ഖാസിഗ്രാമങ്ങളിലൂടെ കടന്നുപോകുമ്പോള്‍ പുരാതനമായ ശിലാസ്തംഭങ്ങള്‍ നാട്ടിനിറുത്തിയിരിക്കുന്നത്‌ ശ്രദ്ധയില്‍ പ്പെടും. ഈ മെന്‍ഹിറുകള്‍ ഖാസികളുടെ ആചാരവിശ്വാസങ്ങളുമായി ബന്ധപ്പെട്ടവയാകാം. ഹരിതാഭമായ ഈ ഗ്രാമാന്തരങ്ങള്‍ നിബിഡമായ ചെറുവനങ്ങളാല്‍ സസ്യശ്യാമള മായി കാണപ്പെട്ടു. ഗ്രാമവാസികള്‍ പവിത്രമായി കാത്തുസൂക്ഷിച്ച ഈ സാന്ദ്രഹരിതത്തില്‍ നിന്ന് ഒരിലപോലും ഇറുത്തെടുക്കാന്‍ സന്ദര്‍ശകര്‍ക്ക് അനുവാദമില്ല. ഈ വനാന്തര ഗ്രാമങ്ങളില്‍ നിന്നുറവയെടുക്കുന്ന ജലസ്രോതസ്സുകള്‍ അവരുടെ അകലുഷിതമായ പാരിസ്ഥിതികബോധത്തെ കാട്ടിത്തരുന്നു. ബംഗ്ലാ അതിര്‍ത്തിയിലുള്ള  'മൌലിന്ന്യോംഗ്' ഏഷ്യ യിലെത്തന്നെ ഏറ്റവുംമികച്ച പരിസ്ഥിതിസൌഹൃദ ഗ്രാമമാണ്. ചിറാപുഞ്ചി, മൌസിന്‍ഡ്രോം, മൌലിന്ന്യോംഗ് യാത്രകളില്‍ ഇരുവശങ്ങളിലുമായി ചെങ്കുത്തായ കയറ്റിറ ക്കങ്ങളും വളവുകളും കടന്നുപോകുമ്പോള്‍ താഴ്വരകളും പച്ചപ്പുല്‍മേടുകളും തെളിയും.ചിറാപ്പുഞ്ചിഭാഗത്തെ ചെങ്കല്‍പ്പരപ്പില്‍ ഇരുമ്പയിരിന്‍റെ നിക്ഷേപമുണ്ട്. കൊല്ലന്മാരുടെ പണിയാലകളും ഉലയൂതിവരുന്ന തീപ്പൊരികളും അടകല്ലിലെ താളക്രമവും സഞ്ചാരിയുടെ കാഴ്ച്ചയെ മനുഷ്യജീവികള്‍ രാപ്പാര്‍ക്കുന്ന ഇന്ത്യയുടെ ഗ്രാമ ഹൃദയത്തിലേക്ക് കൊണ്ടുപോകുന്നു. ഷില്ലോങ്ങിലെ ഹരിതശ്യാമമായ മേച്ചില്‍പ്പുറങ്ങളും ഗോള്‍ഫ്കോഴ്സുകളും തടാകങ്ങളും നമ്മുടെ മനംകവരും.ഷില്ലോംഗ് പീക്കില്‍ നിന്നുള്ള ഉയരക്കാഴ്ചയും സഞ്ചാരിയുടെ അകം നിറയ്ക്കും.എന്നാല്‍ ഷില്ലോംഗില്‍ നിന്ന് കയറ്റംകേറിപ്പോകുന്ന ഗ്രാമപ്പച്ചയും പുഞ്ചിയിലെ മഴവില്‍സൌന്ദര്യമാര്‍ന്ന മഴയും പവിത്രവും നിഷ്കളങ്കവുമായ ഗ്രാമജീവിതവുമാണ് എന്‍റെ മഴയോര്‍മയില്‍ സാന്ദ്രമാകുന്നത്.

-sethumadhavan machad

No comments:

Post a Comment