small is beautiful

small is beautiful
Ajantha musings

Friday, June 17, 2011

chirapunji ormakal...

കാലവര്‍ഷം പെയ്തിറങ്ങുന്ന ഞാറ്റുവേലകള്‍.  മഴ തന്നെ മഴ.  ചന്നംപിന്നം പെയ്യുന്ന മഴയുടെ മണം. കഴിഞ്ഞവര്‍ഷം മഴ കാണാന്‍ ഞങ്ങള്‍ ചിറാപുഞ്ചിയില്‍  പോയി. 
മേഘാലയ മഴമേഘങ്ങളുടെ ആലയമാണല്ലോ. തലസ്ഥാനമായ ഷില്ലോങ്ങില്‍ നിന്ന് പത്തറുപത് കി. മീ അകലെയാണ് ചിറാപുഞ്ചിയും മൌസിന്‍ഡ്രോമും. പാഠപുസ്തകങ്ങളില്‍ 
നാം വായിച്ചത് ലോകത്തിലേറ്റവും മഴപെയ്യുന്ന സ്ഥലം ചിറാപുഞ്ചി എന്നാണ്. ഇപ്പോള്‍ ആ സ്ഥാനം മൌസിന്‍ഡ്രോമിനാണത്രേ.ഇന്ത്യയിലെ സ്കോട്ട്ലാന്ഡ് എന്നാണ്ഷില്ലോ നഗ് അറിയപ്പെടുന്നത്. വിസ്തൃതമായ തടാകങ്ങളും പച്ചപ്പുല്‍മേടുകളും ഹരിതാഭമായ ഗ്രാമങ്ങളും നയനാഭിരാമമായ കുന്നിന്‍ചരിവുകളും വര്‍ഷപാതങ്ങളും മേഘാലയ എന്ന വടക്കുകിഴക്കന്‍ പ്രവിശ്യയെ സഞ്ചാരികളുടെ പറുദീസയാക്കുന്നു. 

ചിറാപുഞ്ചിയിലെ മഴ മുന്നറിയിപ്പുകളില്ലാതെ നമ്മുടെമുമ്പില്‍ വന്നുവീഴും. കയറ്റങ്ങളും വളവുകളും പിന്നിട്ടു മലമുകളിലെ  ഗ്രാമീണരെ കണ്ടും കുശലംപറഞ്ഞും ഇടക്കൊന്നിറങ്ങി ചുക്കുകാപ്പിയും നുകര്‍ന്ന് വീണ്ടും യാത്ര തുടരുമ്പോഴാണ് ആകാശം താണിറങ്ങി തുള്ളിക്കൊരുകുടമെന്നപോലെ കോരിച്ചൊരിയുന്നത്‌. മേഘമഞ്ഞ് നമുക്കു മുമ്പില്‍ നീഹാരികയായി വന്നുനില്‍ക്കും.ഒരടി മുന്നോട്ടുപോകാനാവാതെ വണ്ടിനിറുത്തി മഴയുടെ നൃത്തം ആസ്വദിക്കാം. കാറ്റ് പറത്തിക്കൊണ്ട് പോകുന്ന മേഘമാലകള്‍ക്ക് പിന്നില്‍നിന്ന് സൂര്യരശ്മി ഒളിച്ചുനോക്കുമ്പോള്‍ ഏഴഴകുള്ളോരു മഴവില്ല് പൂത്തുനില്‍ക്കും.വളരെ അപൂര്‍വമായി വിരുന്നുവരുന്ന ഒരു ദൃശ്യം. വിസ്മയക്കാഴ്ചകളില്‍ ഭ്രമിച്ചു നില്‍ക്കുന്ന സഞ്ചാരികളെ കടന്ന് ഗ്രാമീണരുടെ ട്രക്കുകള്‍ ഒന്നൊന്നായി പോകുന്ന കാഴ്ച വളരെ ഹൃദ്യമായിത്തോന്നി. തിങ്ങിനിറഞ്ഞ വാഹനത്തിന്‍റെ മുകളില്‍ക്കയറി സവാരി 
പോകുന്ന തദ്ദേശീയരായ ഗ്രാമീണതൊഴിലാളികളുടെ മഴയില്‍കുതിര്‍ന്ന പുഞ്ചിരി മറക്കാന്‍പറ്റില്ല. 

സമുദ്രനിരപ്പില്‍ നിന്ന് 1300 അടി ഉയരത്തിലാണ് ചിറാപുഞ്ചി. പൈന്‍മരക്കാടുകളുടെ ഹരിതസമൃദ്ധിയാര്‍ന്ന താഴ്വരകളിലൂടെയാണ് സഞ്ചാരികളുടെ യാത്ര. പൂത്തുലഞ്ഞ മരച്ചാര്‍ത്തുകളും ഇടയ്ക്കിടെ ദൃശ്യമാകുന്ന വെള്ളച്ചാട്ടങ്ങളും കാനനഭംഗിയോടൊപ്പം നമ്മെ പിന്തുടരും.മരങ്ങളില്‍ കൂടുവെച്ച അപൂര്‍വയിനം ഓര്‍ക്കിഡുകള്‍ ഓര്‍മയുടെ നിറങ്ങളില്‍ വസന്തതിലകംചാര്‍ത്തും. സൂര്യസ്നാനം കഴിഞ്ഞെത്തിയ വെണ്‍മേഘക്കൂട്ടങ്ങള്‍ പൊടുന്നനെയാണ് ഭാവംപകരുന്നത്. തുമ്പിക്കുടങ്ങളില്‍ മദംപൊട്ടിച്ചൊരിയുന്ന മഴ നിമ്നോന്നതങ്ങളിലൂടെ ആര്‍ത്തുല്ലസിച്ചൊഴുകി വെള്ളച്ചാട്ടങ്ങളായി നില്‍ക്കുന്നത് സഞ്ചാരികളെ മോഹിപ്പിക്കുകതന്നെ ചെയ്യും. ഡൈന്‍ത് ലെന്‍ , നോഹ്കാലികായ്, നോഹ്തിയാംഗ്, കിന്റെം തുടങ്ങിയ വെള്ളച്ചാട്ടങ്ങള്‍ മതിവരെ കാണാന്‍ പ്രത്യേക വ്യൂ പൊയന്റുകള്‍ ഉണ്ട്. പക്ഷെ സഞ്ചാരികളുടെ കാഴ്ച്ചയെ മറച്ചുകൊണ്ട്‌ മുന്നറി യിപ്പുകളില്ലാതെ ഒഴുകിവരുന്ന മേഘജാലമാണ് ചിറാപുഞ്ചിയുടെ സൌന്ദര്യം. ലോകത്ത് ഏറ്റവുംകൂടുതല്‍ മഴ രേഖപ്പെടുത്തിയ സ്ഥലങ്ങള്‍ അമേരിക്കയിലെ വെയ് ലായില്‍. മേഘാലയിലെ മൌസിന്‍റോം, ചിറാപുഞ്ചി എന്നിവയാണ്. കിഴക്കന്‍ ഖാസിമലനിരകളില്‍ കിടക്കുന്ന ഈ സ്ഥലങ്ങള്‍ മണ്‍സൂണ്‍കാറ്റുകളുടെ മേഖലയാണ്. ഖാസി, ജെയിന്‍തിയ, 
ഗാരോ എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന ആദിവാസികളാണ് ഈ മേഖലയിലുള്ളത്. കൃഷിയാണ് പ്രധാന ഉപജീവനം. 
രോഹിണി ഞാറ്റുവേല  നിന്നുപെയ്യുമ്പോള്‍ ഇഞ്ചിമണമുള്ള ചുടുകാപ്പിയോടൊപ്പം ഓര്‍മ്മകള്‍ക്ക് ചിറാപുഞ്ചിയിലേക്ക് ഒരു യാത്ര.... 


sethumadhavan machad

No comments:

Post a Comment