small is beautiful

small is beautiful
Ajantha musings

Friday, September 2, 2011

Padmanaabhomara prabhu 5

തിരുവനന്തപുരത്തിന്‍റെ ചരിത്രം മഹാശിലായുഗത്തോളം പിന്നോട്ട് പോകുന്നുവെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. ബാലരാമപുരത്തുള്ള 'പാണ്ഡവന്‍ പാറ' മഹാശിലായുഗ കാലത്തെ സാംസ്കാരിക കേന്ദ്രമായിരിക്കാമെന്ന് പ്രൊഫ. ഇളംകുളം നിരീക്ഷിക്കുന്നു. രാജധാനിയുടെ പ്രൌഡിയോടൊപ്പം സാംസ്കാരികമഹിമയുടെ അതുല്യ ശ്രുംഗ- വുമായിരുന്നു തിരുവനന്തപുരം. മഹാപ്രതിഭകള്‍ പോയകാലത്തെ അലങ്കരിച്ചു. രാജസദസ്സുകളെ അവര്‍ ധിഷണയുടെയും സര്‍ഗശക്തിയുടെയും കേദാരമാക്കി. രാമപുരത്തു വാര്യരും, കുഞ്ചന്‍ നമ്പ്യാരും, ഉണ്ണായി വാര്യരും തിരുവിതാംകൂര്‍ സദസ്സിനെ സമ്പന്നമാക്കി. കേരളവര്‍മ വലിയ കോയിത്തമ്പുരാനും എ .ആര്‍ രാജരാജവര്‍മയും തലസ്ഥാന നഗരിയുടെ അഭിമാനമായിരുന്നു. തുന്ച്ചത്തെഴുത്തച്ഛന്റെ പൈതൃകം തലസ്ഥാനം കൈവിട്ടില്ല. പതിനഞ്ചാം ശതകംവരെ മണിപ്രവാള സാഹിത്യവും പാട്ട് സാഹിത്യവും ചമ്പുക്കളും ഭാഷാസാഹിത്യത്തെ ധന്യമാക്കി. ശ്രീശങ്കരന്‍റെ അദ്വൈതവേദാന്തവും കുലശേഖരപ്പെരുമാളിന്‍റെ മുകുന്ദമാലയും തോലകവിയുടെ മഹോദയപുരേശ ചരിത്രവും ശക്തിഭദ്രന്‍റെ ആശ്ചര്യചൂഡാമണിയും ലക്ഷ്മീദാസന്‍റെ 'ശുകസന്ദേശവും' അതുലന്‍റെ 'മൂഷികവംശവും' പ്രഭാകരമിശ്രന്‍റെ 'ശബര ഭാഷ്യവും' വില്വമംഗലത്തിന്‍റെ ശ്രീകൃഷ്ണ കര്‍ണാമൃതവും, ദിവാകരന്‍റെ 'അമോഘ രാഘവവും സംഗ്രാമധീര രവിവര്‍മയുടെ പ്രദ്യുമ്നാഭ്യുദയവും ഈ  കാലഘട്ടത്തിന്‍റെ സംഭാവനകളാണ്. തലക്കുളത്ത് ഭട്ടതിരിയുടെ ജ്യോതിഷ ഗ്രന്ഥങ്ങളും പരാമര്‍ശമര്‍ഹിക്കുന്നു. മലയാളകവിതാസാഹിത്യത്തിലെ പ്രാചീനകൃതിയായ 'രാമചരിതവും'പതിന്നാലാം നൂറ്റാണ്ടിലെ 'ഉണ്ണുനീലീ സന്ദേശവും' ശ്രീ പദ്മനാഭനെ സ്തുതിക്കുന്നു. ആ കാലം സംഗീതവും ചിത്രമെഴുത്തും ആട്ടവും പാടലും കൊണ്ട് സമ്പന്നമായിരുന്നു. കുഞ്ചനും ഉണ്ണായിയും കുളിക്കാനിറങ്ങിയത് പത്മതീര്‍ഥ ത്തില്‍. 'കാതിലോലയും' 'നല്ലതാളിയും' പിറന്നതും ഇവിടെ. അനന്തപുരവര്‍ണനം എന്ന കൃതിയിലും ലീലാതിലകത്തിലും ഈ നഗരിയും, അങ്ങാടിയും നടക്കാവുകളും തീര്‍ഥ ങ്ങളും സ്ഥലകാലങ്ങളും ആര്‍ജവത്തോടെ വര്‍ണിക്കപ്പെട്ടിരിക്കുന്നു. സ്വാതിതിരുനാള്‍ രചിച്ച 'സ്യാനന്ദൂരപുരവര്‍ണനയും' 'ശ്രീ പദ്മനാഭ ശതകവും' കലാഹൃദയങ്ങളില്‍ അമൃത നിഷ്യന്ദിയായി. രാമായണംചമ്പു രചിച്ച ഭോജരാജന് തുല്യമായ പ്രശസ്തിയാണ് സ്വാതിതിരുനാളിന് അക്കാലം നല്‍കിയത്.  1894 ല്‍ രചിക്കപ്പെട്ട കേരളവര്‍മയുടെ 'മയൂര സന്ദേശവും' അനന്തപുരിയെ വാഴ്ത്തുന്നു. തലയെടുപ്പോടെ നിന്ന കൊട്ടക്കകത്തെ മാളികക്കെട്ടുകളും ഉത്തുംഗസൌധങ്ങളും അമ്മവീടുകളും മയൂരസന്ദേശത്തില്‍ പ്രകീര്‍ത്തിക്കപ്പെടുന്നു.

ആയ് രാജാക്കന്മാരുടെ കാലംമുതല്‍ തന്നെ സാഹിത്യവും കലയും ആദരിക്കപ്പെട്ടിരുന്നു. ചോളരാജാക്കാന്‍മാരുടെ പ്രോത്സാഹനത്തിലാണ് 'പതിറ്റുപ്പത്ത് 'തുടങ്ങിയ സംഘകാല കൃതികള്‍ എഴുതപ്പെട്ടത്. ഇളങ്കോവടികളുടെ 'ചിലപ്പതികാരവും' അക്കാലത്തിന്‍റെ സംഭാവനയാണ്. പതിനെട്ടാം നൂറ്റാണ്ടിലാണ് ഇരയിമ്മന്‍തമ്പിയും കുട്ടിക്കുഞ്ഞു തങ്കച്ചിയും പാച്ചുമൂത്തതുമൊക്കെ നിറഞ്ഞുനിന്നത്. മലയാളിയുടെ ശൈശവത്തെ താരാട്ട് പാടിയുറക്കിയ 'ഓമനത്തിങ്കള്‍ കിടാവോ...' ഇന്നും ഗൃഹാതുരതോയോടെ നമ്മള്‍ ഓര്‍ക്കുന്നു.
അതി അതി വിളംബകാലത്തില്‍ പാടിയ ഷട്ക്കാല ഗോവിന്ദമാരാരുടെ മാര്‍ഗിസോപാനങ്ങളും ശെമ്മാങ്കുടിയിലും നെയ്യാറ്റിന്‍കര വാസുദേവനിലുമെത്തിയ സംഗീതധാരയും  തിരുവിതാംകൂറിന്‍റെ സുവര്‍ണദശയെ നിവേദിക്കുന്നു. ധര്‍മരാജയുടെ കാലം തൊട്ടേ ആട്ടക്കഥകളും കഥകളിയും ഇവിടെ മുദ്രകളാടി. വേണാട്ടു താവഴിയില്‍  ഇളയിടത്തു സ്വരൂപത്തിലെ കൊട്ടാരക്കര തമ്പുരാനാണല്ലോ 'രാമനാട്ട'മെന്ന കഥകളിക്കു കണ്ണ് നല്‍കിയത്. നാടന്‍പാട്ടുകളുടെ രംഗാവിഷ്കാരത്തിനും ആ കാലം സാക്ഷ്യം വഹിച്ചു. വേണാടി ന്‍റെ തനിമയാര്‍ന്ന 'തെക്കന്‍ പാട്ടുകള്‍' ചരിത്രത്തിന്‍റെ ആവിഷ്കാരമാണ്. വില്ലടിച്ചാന്‍ പാട്ടുകളും ചന്ദ്രവളയത്തിന്‍റെ അകമ്പടിയോടെ അവതരിപ്പിച്ചിരുന്ന രാമകഥയും ശ്രീ പത്മനാഭനെ തോറ്റിയുണര്‍ത്തി.

( അനന്തപുരിയില്‍ ചരിത്രം പള്ളിയുറങ്ങുന്നില്ല....)



-sethumadhavan machad

No comments:

Post a Comment