small is beautiful

small is beautiful
Ajantha musings

Saturday, September 3, 2011

Padmanabhomara prabhu..5

'മയൂരസന്ദേശത്തിലെ' ഭാവനയില്‍ അറബിക്കടലിന്‍റെ കണ്ണാടിയില്‍  പ്രതിഫലിച്ച നഗരാംഗനയായി തിരുവനന്തപുരം പരിലസിച്ചു.
ധര്‍മരാജയുടെ കാലത്ത് കേരളത്തിന്‍റെ നാനാഭാഗത്തു നിന്നെത്തിയ വംശാവലി ഈ നഗരപ്രാന്തങ്ങളില്‍ ചേക്കേറി. ടിപ്പുവിന്‍റെ പടയോട്ടക്കാലത്ത് അധികാരം നഷ്ടപ്പെട്ട സര്‍വ നാട്ടുരാജ്യങ്ങള്‍ക്കും തിരുവനന്തപുരം അഭയം നല്‍കി. അനന്തന്‍കാടിനെ മനുഷ്യര്‍ രാപ്പാര്‍ക്കുന്ന നാടാക്കിമാറ്റാന്‍ അദ്ദേഹം അക്ഷീണം പ്രയത്നിച്ചു. നാനാഭാഗങ്ങളില്‍ നിന്നെത്തിയ മാടമ്പിമാരും, വണിക്കുകളും നാടാര്‍ സമുദായക്കാരും ഈഴവരും നായര്‍സമുദായവും നമ്പൂതിരിമാരും ക്രിസ്ത്യന്‍ -മുസ്ലീം വിഭാഗങ്ങളും ഇന്നുകാണുന്ന നഗരത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.സമൂഹത്തിന്‍റെ അടിത്തട്ടുകളില്‍ വിയര്‍പ്പൊഴുക്കിയ മനുഷ്യര്‍ക്ക്‌ വനഭൂമി പതിച്ചുകൊടുത്തും, ഭരണസംവിധാനത്തിലെ ഉദ്യോഗസ്ഥര്‍ക്ക് കരമൊഴിവായി സ്ഥലം നല്‍കുകയും ചെയ്യുന്ന പതിവ് കേണല്‍ മണ്‍റോയുടെ കാലംവരെ തുടര്‍ന്നു. ശ്രീപാദം ഭൂമിയെന്നും ശ്രീപണ്ടാരവക ഭൂമിയെന്നും രേഖപ്പെടുത്തി സ്ഥലം പതിച്ചുകൊടുക്കുന്ന ഏര്‍പ്പാട് വളരെക്കാലം നിലനിന്നു. ജന്മി-കുടിയാന്‍ ബന്ധം വന്നതിനു ശേഷമാണ് കരംതീരുവയും പട്ടയവുമൊക്കെ നിലവില്‍ വരുന്നത്. സ്വാതിതിരുനാളും ആയില്യംതിരുനാളും മുതല്‍ ശ്രീമൂലംതിരുനാള്‍ വരെയുള്ള രാജാക്കന്മാരും തിരുവിതാംകൂറിന്‍റെ മുഖച്ഛായ മാറ്റിയ ശ്രീചിത്തിരതിരുനാളും ദിവാന്‍ സര്‍.സി.പി.രാമസ്വാമി അയ്യരും വഹിച്ച പങ്ക് ചരിത്രം രേഖപ്പെടുത്തും.

തിരുവനന്തപുരത്തിന് ഗരിമ പകര്‍ന്ന ബഹിരാകാശ ഗവേഷണകേന്ദ്രവും കാഴ്ചബംഗ്ലാവും
ശ്രീചിത്രാലയവും സുഖവാസകേന്ദ്രങ്ങളായ പൊന്‍മുടിയും കോവളവും പാപനാശം കടലോരവും ശിവഗിരിക്കുന്നും പില്‍ക്കാലത്ത്‌ സഞ്ചാരികളുടെ സംഗമഭൂമിയായി. ആക്കുളം, വേളി, ശംഖുമുഖം, നെയ്യാര്‍എന്നീ സ്ഥലങ്ങളും സന്ദര്‍ശകരെ സ്വീകരിച്ചു. കൊട്ടാരക്കെട്ടുകളും കോട്ടവാതിലുകളും തലയുയര്‍ത്തി നിന്ന ഈ നഗരം ചരിത്രത്തിലാദ്യമായി ഒരു മഹാക്ഷേത്രത്തിന്‍റെ കവാടം അവര്‍ണരുള്‍പ്പെടുന്ന പൊതുജനത്തിനായി തുറന്നുകൊടുത്തു. ഹരിതാഭമായ നിബിഡവനഭംഗിയില്‍ മുഖമൊളിപ്പിച്ചു നിന്ന ഒരു കാലം അവസാനിക്കുകയായിരുന്നു. നിത്യനഗരമായ റോമാസാമ്രാജ്യം ഏഴു കുന്നുകള്‍ക്കിടയിലാണ് വളര്‍ന്നതെങ്കില്‍, തിരുവനന്തപുരം എഴുപതു കുന്നുകളിലാണ്‌ അതിന്‍റെ വേരുകള്‍ ഉറപ്പിച്ചത്. കുന്നുകളുടെയും താഴ്വരകളുടെയും ശാദ്വല ഭൂമികയാണ് ഈ നഗരം. വൃത്തിയുള്ള നടപ്പാതകളും പാതയോരത്തെ തണല്‍ മരങ്ങളും രാജവീഥികളിലെ വിളക്കുമരങ്ങളും പോയകാലത്തിന്‍റെ മുഖശ്രീയായിരുന്നു. ശ്രീപത്മനാഭ ക്ഷേത്രത്തി ന്‍റെ കമാനമുഖപ്പില്‍ നിന്ന് നോക്കിയാല്‍ കന്യാകുമാരിയിലെ വിവേകാനന്ദപ്പാറ ദൃശ്യമായിരുന്ന ഒരു രാജവീഥി രാജഭരണത്തിന്‍റെ സ്വപ്നമായിരുന്നു. എന്നാല്‍ അത് സാക്ഷാത്കരിക്കപ്പെടുകയുണ്ടായില്ല...( ശ്രീ മലയാറ്റൂര്‍ രാമകൃഷ്ണനും, തമിഴ്-മലയാളം എഴുത്തുകാരനായ ശ്രീ നീലപത്മനാഭനും വിളക്കുമരങ്ങള്‍ കണ്‍ചിമ്മിയ അക്കാലത്തെ ക്കുറിച്ച് എഴുതിയിട്ടുണ്ട്.)

എന്നാല്‍ തിരുവിതാംകൂറിന്‍റെ അതീതകാലത്തെ സാഹിത്യചരിത്രത്തില്‍ അടയാളപ്പെടുത്തിയത് ശ്രീ സി. വി രാമന്‍പിള്ളയാണ്.  സര്‍ഗപ്രതിഭയുടെ വരുംകാലത്തിന് മാതൃകയായത് സി വി യുടെ കൃതികളാണ്. അമരവും സിദ്ധരൂപവും ഗണിതവും കാലദീപവും കാവ്യാലങ്കാരവും അഭ്യസിച്ച സി വി. ചരിത്രത്തിന്‍റെ ശബ്ദമായി. രാജാ കേശവ ദാസന്‍റെ ജീവിതകാലം നാടകീയമായി പുനരെഴുതിയ കൃതിയാണ് 'രാമാരാജ ബഹദൂര്‍'. കാലം സി വി യുടെ മുമ്പില്‍ ഒരു മൂര്‍ത്തിയായി നിന്നു. 'നിധി' അന്വേഷിച്ചു നടക്കുന്ന ഒരു കഥാപാത്രമുണ്ട് സി വി യുടെ നോവലില്‍.(ചന്ത്രക്കാര്‍) ഒരിക്കലും അയാള്‍ക്ക്‌ നിധി കിട്ടുന്നില്ല. എന്നാലോ, അന്വേഷണമൊട്ടവസാനിക്കുന്നുമില്ല. കാലത്തിന്‍റെ അന്തരാളത്തില്‍ കുഴിച്ചുമൂടിയ നിധികളാണ് സി വി യുടെ കൃതികള്‍. 'മാര്‍ത്താണ്ടവര്‍മയും' ധര്‍മരാജയും' നമ്മുടെ സാംസ്കാരിക പൈതൃകത്തിന് ഭദ്രദീപമായി നിന്നു. പിന്നീട് ഇ.വി കൃഷ്ണപിള്ളയും, സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും, രാജാരവിവര്‍മയും,ആട്ടക്കഥാകാരനായ വി കൃഷ്ണന്‍തമ്പിയും, ഭാഷയെ നവീകരിച്ച കേരളവര്‍മയും രാജരാജ വര്‍മയും, പെരുനെല്ലി കൃഷ്ണന്‍ വൈദ്യനും വെളുത്തേരി കേശവന്‍ വൈദ്യനും, മഹാകവി കുമാരനാശാനും, ഉള്ളൂരും, കേസരി ബാലകൃഷ്ണപിള്ളയും പുതിയ കാലത്തെ രൂപപ്പെടുത്തിയ പ്രതിഭകളായിരുന്നു.
ആസേതുഹിമാചലം കേരളപ്പെരുമ വളര്‍ത്തിയ ശ്രീശങ്കരന്‍റെ അദ്വൈതം കേരളക്കരയില്‍ പൂത്തുലഞ്ഞത് പത്തൊമ്പതാം നൂറ്റാണ്ടിലാണ്. യോഗിയായ ശ്രീനാരായണ ഗുരുവും വിദ്യാധിരാജ ചട്ടമ്പിസ്വാമികളും ജനകീയമായ ഒരടിത്തറയില്‍ പുതിയ കാലത്തിന്‍റെ ധര്‍മസംഹിത സൃഷ്ടിച്ചു. ചട്ടമ്പിസ്വാമികളുടെ 'വേദാധികാര നിരൂപണവും' 'നിജാനന്ദ വിലാസവും' ശ്രീനാരായണ ഗുരുവിന്‍റെ 'ദര്‍ശനമാലയും' 'ആത്മോപദേശ ശതകവും' പുതിയ കാലത്തിന്‍റെ ഉപനിഷത്തുകളായിരുന്നു. ഗുരുവിന്‍റെ ദര്‍ശനസീമയെ വിശ്വ മാനവികതയിലേക്ക് പരാവര്‍ത്തനം ചെയ്തത് നടരാജ ഗുരുവും, ഗുരു നിത്യചൈതന്യയതിയുമാണ്. ശിവഗിരിക്കുന്നിലെ ഈസ്റ്റ്‌ -വെസ്റ്റ് യൂണിവേര്‍സിറ്റി, മാറിയ ലോകക്രമത്തിന്‍റെ സാമവും സംഗീതവുമായി പരിലസിച്ചു.
( അവസാനിക്കുന്നില്ല..)

No comments:

Post a Comment