small is beautiful

small is beautiful
Ajantha musings

Sunday, March 6, 2011

Ajantha Musings...part 2

ഇന്ത്യന്‍ചിത്രകലയിലും സ്ഥാപത്യകലയിലും തല്‍പരരായ സഞ്ചാരികള്‍ അജന്തയിലേക്ക് നടത്തുന്ന തീര്‍ഥാടനം സഫലമാവുന്നത് വര്‍ണവ്യാഖ്യാനങ്ങളുടെ പുനര്‍ദര്‍ശനത്തിലാണ്.  2004 ല്‍ ഞങ്ങള്‍ വീണ്ടും അജന്തയും എല്ലോറയും സന്ദര്‍ശിച്ചു. അപ്പോഴേക്കും പുരാവസ്തു ഗവേഷണത്തിനായി  അജന്താഗുഹകള്‍  ലോകപൈതൃക സംരക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഗുഹകളിലത്രയും മങ്ങിയ വൈദ്യുതദീപങ്ങള്‍ കണ്‍തുറന്നിരുന്നു. സത്യത്തില്‍ എനിക്ക് വലിയ നിരാശയായി. ഇരുളിലമര്‍ന്ന അജന്താഗുഹകളിലൊന്നില്‍ തിളങ്ങുന്നൊരു മൂക്കുത്തി എന്‍റെ ഓര്‍മയില്‍ മുദ്രിതമായിരുന്നു.
പക്ഷെ രണ്ടാംവരവില്‍ എത്ര ശ്രമിച്ചിട്ടും അത് കണ്ടെത്താനായില്ല. നടനവടിവാര്‍ന്നൊരു നര്‍ത്തകിയുടെ ചുമര്‍ ചിത്രമായിരുന്നു എന്ന് മാത്രമേ ഓര്‍മയിലുള്ളൂ. യൂറോപ്പിലെ നവോത്ഥാന ചിത്രകലയുടെ ആരാധകര്‍, അജന്തയുടെ സൌന്ദര്യ ദര്‍ശനത്തിലൂടെ രേഖാവിന്യാസത്തിന്‍റെ അപൂര്‍വഭംഗി നുകര്‍ന്ന് ഭാരതീയചിത്രകലയില്‍ പുതിയ മാനങ്ങള്‍ തേടി.
ബംഗാള്‍ സ്കൂളിലെ നന്ദലാല്‍ ബോസ്, അബനീന്ദ്രനാഥ ടാഗോര്‍ തുടങ്ങിയ വിശ്രുതചിത്രകാരന്മാര്‍ അജന്തയുടെ നിലീന സൌന്ദര്യത്തിന്‍റെ ആരാധകരായി മാറി. അപൂര്‍ണമായ ഒരെണ്ണമുള്‍പ്പടെ 30 ഗുഹകളാണ് ഉള്ളതെങ്കിലും മികവാര്‍ന്നത്‌  എട്ടെണ്ണം മാത്രം. ചുമര്‍ചിത്രങ്ങളാല്‍ അലംകൃതമായ ആദ്യത്തെയും രണ്ടാമത്തെയും ഗുഹകള്‍ കഴിഞ്ഞാല്‍ പതിനാറാമത്തെയും തൊട്ടടുത്ത ഗുഹയുടെയും മുന്‍പില്‍മാത്രമാണ് ചിത്രകലാധ്യാപകരും സൌന്ദര്യാന്വേഷകരും സമയം ചിലവഴിച്ചത്.  ഖനീഭവിച്ച അഗ്നിപര്‍വത ലാവയില്‍ രൂപമെടുത്ത അജന്താകുന്നുകള്‍ തുരന്നു മാറ്റിയാണ് ഓരോ ഗുഹയും പണിതീര്‍ത്തത്.പൂര്‍വനിശ്ചിതമായ ഒരു രൂപരേഖയില്‍ നിന്നാകണം ശില്‍പികള്‍ ഈ ബുദ്ധവിഹാരങ്ങളും  സംഘാരാമങ്ങളും നിര്‍മ്മിച്ചത്‌.
 ബുദ്ധപദം പ്രാപിച്ച ഭിക്ഷുക്കളുടെ അവശിഷ്ടങ്ങള്‍ ഉറങ്ങുന്ന ഈ ചൈത്യങ്ങള്‍ ശില്പഭംഗിയാര്‍ന്ന അനേകം സ്തൂപങ്ങളാല്‍ അലംകൃതമായിരുന്നു.
ഈര്‍പ്പമുളള പ്രതലത്തില്‍ രേഖകള്‍ വിന്യസിക്കുന്ന പാശ്ചാത്യരീതിയിലുള്ള 'ഫ്രെസ്കോ' മാതൃകയില്‍ നിന്നു വിഭിന്നമാണ്
അജന്താശൈലി. ഉണങ്ങിയ പ്രതലത്തില്‍ സ്വാഭാവിക നിറങ്ങളിലാണ് ചുമര്‍ചിത്രങ്ങള്‍ ലേഖനം ചെയ്തിട്ടുള്ളത്. കളിമണ്ണും മറ്റു ജൈവപദാര്‍ഥങ്ങളും ഉപയോഗിച്ച് പാറയുടെ പ്രതലം നേര്‍പ്പിച്ചെടുത്തായിരിക്കണം അവര്‍ രചന നിര്‍വഹിച്ചത്.
ജാതക കഥകളില്‍ വിവരിക്കുന്ന ശ്രീബുദ്ധന്‍റെ ദിവ്യചരിതങ്ങളാണ് അജന്തയിലെ ചുമര്‍ചിത്രങ്ങളുടെ പ്രധാന ഇതിവൃത്തം.
ഗുഹയുടെ മച്ചുകളില്‍, വിരിഞ്ഞ വര്‍ണപുഷ്പങ്ങളും ചുറ്റിപ്പിണഞ്ഞുകിടന്ന വള്ളിപ്പടര്‍പ്പുകളും ശലഭങ്ങളും പറവകളും
തികഞ്ഞ സൌമ്യതയോടെ അലങ്കരിച്ചുനിന്നു. നീലവര്‍ണത്തിലുള്ള താമരപ്പൂക്കള്‍ അജന്താഗുഹകളുടെ ഇരുണ്ട സൌന്ദര്യത്തിനു മാറ്റുകൂട്ടിയിരുന്നു. ശാക്യമുനിയുടെ ജീവിതവും സന്ദേശവും സഞ്ചാരികളായ യുവഭിക്ഷുക്കളുടെ മനം കവര്‍ന്നു. വിണ്ണിലേക്ക് കുതിക്കുമ്പോഴും മണ്ണില്‍ കാലുറപ്പിക്കുന്ന പോര്‍ക്കുതിരയെ അനുസ്മരിപ്പിക്കുന്നതാണ് അജന്തയുടെ
കലാദര്‍ശനം എന്ന് വിശ്രുത കലാനിരൂപകനായ ശ്രീ.ആനന്ദകുമാരസ്വാമി നിരീക്ഷിച്ചിട്ടുണ്ട്. തൃഷ്ണാനിരാസം ശ്രീബുദ്ധന്‍റെ
ജീവിത ദര്‍ശനത്തിന്‍റെ ആധാരശില ആണെങ്കിലും ജീവിതനിഷേധം എന്നത് ബുദ്ധമതം ഒരിക്കലും സ്വീകരിച്ചില്ല. അജന്തയിലെ
ചുമര്‍ചിത്രങ്ങളില്‍ രാജാവും രാജ്ഞിയും പ്രഭുവും യോദ്ധാവും യാചകനും സംന്യാസിയും കഥാപാത്രങ്ങളായി വരുന്നുണ്ട്.
ഗ്രാമവും, നഗരവും കുടിലും കൊട്ടാരവും വിഹാരവും തെരുവും പശ്ചാത്തലത്തില്‍ ചിത്രണം ചെയ്തിട്ടുണ്ട്. സക്തിയും വിരക്തിയും ദുഖവും ആനന്ദവും നൈരാശ്യവും താപവും നിസ്സംഗതയും അവരുടെ മനോഭാവങ്ങളാണ്. മനുഷ്യസ്വഭാവത്തി ന്‍റെ അനന്തവൈചിത്ര്യം അജന്താചിത്രങ്ങളുടെ ചലനനിയമമാണെന്ന് കാണാന്‍കഴിയും. അവിടെ ഗന്ധര്‍വന്മാരും അപ്സരസ്സുകളും യക്ഷനുംകിന്നരനും കൈകോര്‍ത്തുനിന്നു. കലയിലെ യാഥതഥ്യത്തെ നിരാകരിക്കാതെ ശൈലീബദ്ധമായ ഒരു താളക്രമം അനുശീലിക്കാന്‍ അജന്താ കലാകാരന്മാര്‍ ശ്രമിച്ചിട്ടുണ്ടെന്ന് തീര്‍ച്ച. നിറങ്ങളില്‍ കാവിയും ചുവപ്പും മഞ്ഞയും ഇളംപച്ചയും മങ്ങിയനിലയില്‍ കാണപ്പെട്ടു. സഹസ്രാബ്ദങ്ങളെ അതിജീവിച്ചും മഷിനീലനിറം ഇന്നും പ്രശാന്തി ചൊരിഞ്ഞു നില്‍ക്കുന്നു.കവിതയെ തരംഗവും വര്‍ണവുമാക്കുന്ന യോഗാത്മകമായ കലാവിദ്യയുടെ പൂര്‍ണതയാണ് അജന്ത.

-sethumadhavan machad

No comments:

Post a Comment