small is beautiful

small is beautiful
Ajantha musings

Sunday, March 20, 2011

Himalayas

  • ഓരോരുത്തര്‍ക്കും ഓരോ തരം ദേശാടനം. എന്‍റെ രീതിയാവില്ല നിങ്ങളുടേത്. എഷ്യാ വന്‍കരയുടെ ഉറവ വറ്റാത്ത ജലസ്രോതസ്സാണ് എനിക്ക് ഹിമാലയം. ഒരു ഭൂപ്രകൃതിയില്‍ നിന്ന് മറ്റൊരു ഭൂപ്രകൃതിയിലേക്ക്.. ഒരു ജനതയില്‍ നിന്ന് മറ്റൊരു ജനതയിലേക്ക്‌ കടന്നു പോകുമ്പോള്‍ മനുഷ്യ പ്രകൃതിയുടെ നാനാര്‍ഥങ്ങള്‍ നമ്മള്‍ തിരിച്ചറിയും. കാണാനും കേള്‍ക്കാനും ഉള്‍ക്കൊള്ളാനും ഒര...ാറാമിന്ദ്രിയം നമ്മില്‍ ഉണരുന്നത് തിരിച്ചറിയണം. സഞ്ചാരിയുടെ ആഹ്ലാദം 'തിരിച്ചറിവിന്‍റെ' ഉണര്‍ച്ചയാണ് .സഞ്ചാരിയുടെ പാദങ്ങള്‍ക്ക് കീഴെ പുതിയ തുടിപ്പുകള്‍ ഉണരുന്നത് ദേശാടനത്തിന്‍റെ അറിവുകളില്‍ ഒന്നുമാത്രം. ബ്രഹ്മപുത്ര മുതല്‍ സിന്ധുവരെ നീണ്ടുകിടക്കുന്ന പര്‍വതവും താഴ്വരയുമാണോ ഹിമാലയം? ഋഷികേശ് തൊട്ട് ബദരി വരെ നിര്‍വഹിക്കുന്ന തീര്‍ഥാടനം മാത്രമാണോ ഹിമാലയ യാത്ര? അരുണാചല്‍ പ്രദേശിലെ 'കിബുത്തോ' മുതല്‍ ഭൂട്ടാന്‍, സിക്കിം, നേപ്പാള്‍ ,ഉത്തരാഞ്ചല്‍, ഹിമാചല്‍ പ്രദേശ്‌, ജമ്മു കാശ്മീര്‍ ..ശ്രീനഗറിലെ ശ്രീശങ്കരാ ഹില്‍സിലവസാനിക്കുന്ന ഒരു യാത്ര?
    പ്രാചീനമായ ഭൂതലങ്ങളിലൂടെ കാലവും ദേശവും പകര്‍ന്നു പകര്‍ന്നു പോകുമ്പോള്‍ നാം , മനുഷ്യര്‍ ആവസിക്കുന്ന ലോകത്തിന്‍റെ കാണാ മറയത്തെ അപൂര്‍വ കാഴ്ചകള്‍ എന്തെന്നറിയും. നാം രാപ്പാര്‍ക്കുന്ന ഭൂമിയെ പ്രവര്‍ത്തനക്ഷമമാക്കുന്ന ഊര്‍ജകേന്ദ്രങ്ങള്‍ തൊട്ടറിയും. അനശ്വരതയുടെ വജ്രശ്രുംഖലകള്‍ കണ്ടറിയും. ജൈവവൈവിധ്യത്തിന്‍റെ ത്രസിക്കുന്ന പ്രഭവങ്ങള്‍ നേരില്‍ കാണും. അപ്പോള്‍ ഹിമാലയം എന്നത് ഇന്ത്യയുടെ 'സത്ത' യാണെന്ന് തിരച്ചറിയാനാവും. ഏഴായിരം മീറ്ററിലേറെ ഉയരമുള്ള മഞ്ഞണിഞ്ഞ നാല്പത്തി മൂന്നു കൊടുമുടികള്‍, മൂവായിരത്തിലേറെ ഹിമതടാകങ്ങള്‍ , ചുടു നീരുറവകള്‍, അത്യഗാധമായ താഴ്വരകളും ഗര്‍ത്തങ്ങളും, ഭാവപ്പകര്‍ച്ചയോടെ നമ്മോടൊപ്പം ഒഴു കിപ്പോകുന്ന നദികള്‍, കുല്യകള്‍, അരുവികള്‍, നീര്‍ത്തടങ്ങള്‍, മൂവന്തികളെ നിഗൂഡ സൌന്ദര്യത്തില്‍ പൊതിയുന്ന ദേവദാരുക്കള്‍, കാമാധേനുക്കളായ യാക്കുകള്‍, ചമരി മാനുകള്‍, കസ്തൂരി മൃഗങ്ങള്‍, സാളഗ്രാമങ്ങള്‍, പര്‍വതങ്ങളെ മുകര്‍ന്നു ത്രസിച്ചു പോകുന്ന സൂര്യരശ്മികള്‍, ഹിമശൃംഗങ്ങളെ ആലിംഗനം ചെയ്യുന്ന വനനിലാവുകള്‍, ഔഷധികളുടെ കലവറകള്‍, ജ്വാലാമുഖികളായ വനസ്ഥലികള്‍, ക്ഷേത്രങ്ങള്‍, ആടുമാടുകളെ മേച്ചു ജീവിതം കഴിയുന്ന ഗ്രാമീണര്‍, അവരുടെ വിചിത്രമായ ആചാരങ്ങള്‍, ദായക്രമങ്ങള്‍ ..വറ്റാത്ത അദ്ഭുതങ്ങളുടെ മേച്ചില്‍പ്പുറങ്ങളല്ലേ ഓരോ യാത്രയും?

    ഭാഗീരഥി, യമുന,സിന്ധു ,ബ്രഹ്മപുത്ര ,സരയൂ , ഗണ്ടകീ നദികള്‍ ..ജീവിതത്തിന്‍റെ പൊരുള്‍ തിരഞ്ഞു പവിത്രജലതടാകങ്ങളുടെ തീരത്തിലൂടെ നടന്നുപോയ സത്യകാമന്‍മാരായ മനുഷ്യ വംശങ്ങള്‍..സമസ്തലോകത്തിനും ഹിതം ഭവിക്കട്ടെ എന്ന ദര്‍ശനത്തെ കണ്‍ പാര്‍ത്ത ജ്ഞാനികളായ യാത്രികര്‍ .. കവികള്‍ ..കാശ്മീരവും, ജലന്ധരവും , കേദാരവും കുമാരാചലവും, ഭാവനയുടെ ഋതുഭേദങ്ങള്‍ പീലി വിടര്‍ത്തിയാടിയ സമയതീരങ്ങള്‍..കര്‍ണപ്രയാഗ്, ദേവപ്രയാഗ് ,രുദ്രപ്രയാഗ് .നന്ദപ്രയാഗ്, വിഷ്ണുപ്രയാഗ് തുടങ്ങിയ സ്ഫടിക തടാകങ്ങള്‍, കല്യാണ സൌഗന്ധികങ്ങള്‍ പൂത്തുലഞ്ഞ താഴ്വരകള്‍ ,ശാന്തിയുടെ അപാരതീരങ്ങളായ സൌമ്യവനങ്ങള്‍ .. കാഴ്ചകള്‍ അവസാനിക്കുന്നില്ല. ...
    ബദരിയും കഴിഞ്ഞു തിബറ്റന്‍ അതിര്‍ത്തി പങ്കിടുന്ന മനാ ഗ്രാമം, അവിടെ അളകനന്ദ ചെന്നുചേരുന്ന കേശവപ്രയാഗ, വസുന്ധരാ വെള്ളച്ചാട്ടം ,സ്വര്‍ഗാരോഹിണി.. മനുഷ്യന് ഭൂമി സമ്മാനിക്കുന്ന ഏറ്റവും ഗംഭീരമായ ദൃശ്യവിസ്മയമല്ലേ സത്യത്തില്‍ ഹിമാലയം?
    മൊനാല്‍ പക്ഷികള്‍ നീരാടുന്ന നീലത്തടാകങ്ങളും ദേവസരോവരങ്ങള്‍ക്കരികെ പുഷ്പിച്ചു നില്‍ക്കുന്ന ബ്രഹ്മകമലങ്ങളും നമ്മെ നാമറിയാതെ ഒരു ഭാവാന്തരത്തിലേക്ക് കൊണ്ടു പോകുന്നില്ലേ? ഭൂമിയുടെ പ്രാര്‍ഥനപോലെ ആകാശത്തിലേക്ക് കൈകൂപ്പി നില്‍ക്കുന്ന ഹിമശൃംഗങ്ങള്‍ നമ്മോടു ' ശാന്തി: ' എന്നല്ലാതെ മറ്റെന്താണ് മന്ത്രിക്കുന്നത്? കാഴ്ചക്കാരനും കാഴ്ചയും ഇവിടെ ഒന്നാവുകയല്ലേ ചെയ്യുന്നത്?
  • സേതുമാധവന്‍ മച്ചാട്

No comments:

Post a Comment