small is beautiful

small is beautiful
Ajantha musings

Wednesday, March 9, 2011

Ajantha Musings...part 3

ജനപദത്താല്‍ തിരസ്കരിക്കപ്പെട്ട അജന്ത , പ്രാചീനകാലത്ത്  ഭാരതത്തിന്‍റെ സാംസ്കാരിക കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ ബ്രിട്ടീഷുകാര്‍ കണ്ടെത്തുന്നതിനും വളരെ മുന്‍പ്തന്നെ ഏഴെട്ടു നൂറ്റാണ്ടുകളോളം മഹിതമായൊരു ചിന്തയുടെ സന്ദേശവുമായി അജന്ത നിലനിന്നു. ശാതവാഹകന്‍മാരുടെ ഭരണകാലത്ത് , ഗുപ്തസാമ്രാജ്യത്തിന്‍റെ ആസ്ഥാനമായിരുന്ന ഉജ്ജയിനിയിലെക്കൊരു വാണിജ്യപാതയുണ്ടായിരുന്നു. എല്ലോറയും, അജന്തയും ,വാസ്തുകലയുടെ ഉദാത്ത മാതൃകയായിരുന്ന കണ്‍ഹേരിയും(മുംബൈ) കാര്‍ലയും ( നാസിക്) ഈ വാണിജ്യപാതയുടെ ഓരങ്ങളിലായിരുന്നു എന്നത് അജന്തയുടെ ഭൂമിശാസ്ത്രപരമായ പ്രാധാന്യത്തിനു കാരണമായി. ഗുജറാത്തില്‍നിന്ന് ഉജ്ജയിനിയിലേക്കുള്ള വഴിയിലായിരുന്നു പ്രസിദ്ധമായ ബാഗ് ഗുഹാമന്ദിരങ്ങളും നിലനിന്നിരുന്നത്.ഉജ്ജയിനിയിലേക്കും അവിടെനിന്ന് ശ്രാവസ്തി
വൈശാലി തുടങ്ങിയ പ്രാചീന നഗരികളിലേക്കും നിരന്തരം സഞ്ചരിച്ചിരുന്ന സാര്‍ഥവാഹകസംഘങ്ങള്‍ അജന്തയിലെത്തി വിശ്രമിച്ചു. ഗുപ്ത രാജാക്കന്‍മാരുടെയും ശാതവാഹകന്‍മാരുടെയും സ്വര്‍ണ, വെള്ളി നാണയങ്ങള്‍ അജന്തയിലെ ബുദ്ധ മന്ദിരങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന്‌ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയതായി രേഖകളുണ്ട്.
ചൈനീസ് സഞ്ചാരിയായ ഹ്യുയാന്‍സാങ്ഗ് ഏഴാം നൂറ്റാണ്ടിലാണ് അജന്തയിലെത്തുന്നത്. എട്ട്, ഒന്‍പത് നൂറ്റാണ്ടുകളിലും പുറംലോകത്തിന് അജന്തയെ അറിയാമായിരുന്നു. നളന്ദയും തക്ഷശിലയും പോലെ , അജന്തയും പ്രാചീനവിദ്യയുടെ സാത്വിക കേന്ദ്രമായിരുന്നു.നളന്ദ സര്‍വകലാശാലയിലെ ദിങ്ങ്നാഗന്‍ അജന്തയില്‍ ഏറെനാള്‍ താമസിച്ചിരുന്നതായി ഹ്യുയാന്‍ സാങ്ഗ് രേഖപ്പെടുത്തിയിട്ടുണ്ട്.
 അജന്താശൈലിയുടെ സ്വാധീനം അതിര്‍ത്തി കടന്ന് ശ്രീലങ്കയിലും, അഫ്ഘാനിസ്ഥാനിലും ,ചൈനയിലും
ചെന്നെത്തിയതായി പറയപ്പെടുന്നു.

അജന്തയിലെ ഗുഹാമന്ദിരങ്ങളെ 'ശൈല ഗൃഹങ്ങള്‍' എന്നാണു ലിഖിതങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മഹായാന -വജ്രയാന തത്വങ്ങളില്‍ ദിവ്യബുദ്ധന്മാരും മാനുഷിക ബുദ്ധന്മാരും ഉണ്ട്. ഏഴാമത്തെ മാനുഷിക ബുദ്ധനാണത്രെ കപിലവസ്തുവിലെ ഗൌതമബുദ്ധന്‍. ഒരല്പം ചരിഞ്ഞുനില്‍ക്കുന്ന രൂപത്തിലാണ് അജന്തയിലെ ബോധിസത്വന്മാര്‍. സൌന്ദര്യത്തിന്‍റെ ഉദാത്തമാതൃകയായിട്ടാണ് ശ്രീബുദ്ധനെ സാത്മീകരിച്ചിരിക്കുന്നത്. അര്‍ദ്ധനിമീലിത നേത്രങ്ങളാല്‍ ഭൂമിയിലേക്ക്‌ കാരുണ്യത്തോടെ അനുഗ്രഹമുദ്ര ചൊരിയുന്ന ബോധിസത്വന്‍റെ വലംകൈയിലെ വിടര്‍ന്ന താമര ഒരു ധ്യാനം പോലെ ഓര്‍മയില്‍ വരുന്നു.
ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത അജന്തയിലെ സ്തൂപങ്ങള്‍ ആരാധനയുടെ സമര്‍പ്പണങ്ങളായി നിലകൊള്ളുന്നു.ബുദ്ധ ശിരസ്സുകളും, പാദങ്ങളും, ധര്‍മചക്രവും ബോധിവൃക്ഷവും ധ്യാനമുദ്രകളും എല്ലാം അസാധാരണമായ സൂക്ഷ്മതയോടെയാണ് ശില്പികളുടെ വിരലുകളില്‍ വിടര്‍ന്നത്. ദക്ഷിണായനകാലത്തും ഉത്തരായനകാലത്തും വെവ്വേറെ
ദിശകളില്‍നിന്ന്‌ വീഴുന്ന പ്രഭാതരശ്മികളുടെ കിരണങ്ങളും സായന്തനത്തിന്‍റെ കരസ്പര്‍ശവും അജന്തയിലെ ബുദ്ധ വിഗ്രഹങ്ങളില്‍  ഇടംപാതിയിലും വലംപാതിയിലും വന്നുവീഴും. കരുണവും ആര്‍ദ്രവും ധ്യാനവും നിദ്രയും സ്മിതവും തപവും എല്ലാമെല്ലാം ആ ശിലാനയനങ്ങളില്‍ സാന്ദ്രമുറങ്ങി .

ഈ യാത്ര ഇവിടെ പൂര്‍ണമാകുന്നു. അജന്തയുടെ തണുപ്പാര്‍ന്ന കല്‍ത്തളിമത്തിലൂടെ നടന്നതും ബുദ്ധശിരസ്സുകള്‍ കണ്‍ പാര്‍ത്തതും, ധ്യാനമുദ്രയില്‍ സ്പര്‍ശിച്ചതും, അര്‍ദ്ധനിമീലിത നേത്രങ്ങളില്‍ നോക്കിനോക്കി നിന്നതും, തെല്ലിട ബുദ്ധ വിഗ്രഹത്തിന്‍റെ ചാരെ വിശ്രമിച്ചതും ഈ ചെറിയ ജീവിതത്തിന്‍റെ ഓര്‍മയില്‍ ഞാന്‍ കുറിച്ചുവെക്കുന്നു. നന്ദി.

No comments:

Post a Comment