small is beautiful

small is beautiful
Ajantha musings

Thursday, March 17, 2011

Mindscapes

സഹ്യനെക്കാള്‍ തലപ്പൊക്കം നിളയെക്കാളുമാര്‍ദ്രത... 'മേഘരൂപന്‍' തുടങ്ങുന്നത് ഇങ്ങനെയാണ്. മഹാകവി പി.യുടെ കാവ്യലോകം ചലച്ചിത്രമാകുന്നു ,ഇവന്‍ മേഘരൂപന്‍ .. തുലാവര്‍ഷ മേഘങ്ങള്‍ തുടികൊട്ടിപ്പെയ്യുമ്പോള്‍ വറ്റാത്ത ഓര്‍മകളുടെ കാല്‍പാടുകളുമായി നിളയുടെ മണല്ക്കരയിലൂടെ നടന്നകന്ന കവിയുടെ നഷ്ട ജാതകം പിന്‍വിളി പോലെ ഞാന്‍ കേള്‍ക്കുന്നു. മാമ്പൂവിന്റെ മണവും മുക്കുറ്റിയുടെ നിറവും മുറ്റിയ നിത്യഹരിതയായ കാവ്യകന്യക. ധാരാവാഹിയായ ഒരു കല്പനാലോകം. എന്തൊരു ജീവിതമായിരുന്നു അത്. ലൌകികത്തില്‍ താന്‍ നേടിയതെല്ലാം ധാരാളിയുടെ മടിശ്ശീലയില്‍  നിന്നെന്നപോലെ ചുറ്റും വാരി വിതറി. അവ നക്ഷത്രപ്പൊട്ടുകളും വെള്ളാരംകല്ലുകളുമായി മലയാള കവിതയില്‍ വീണുകിടന്നു. മഴിവില്ലിന്റെ ഏഴഴകും തീര്‍ത്ത് ആര്‍ക്കും അനുകരിക്കാനാവാത്ത ഒരു ധ്വന്യാലോകം കവി പടുത്തുയര്‍ത്തി. ആ കാവ്യലോകത്ത് ഋതു ക്കള്‍ മാറി മാറി വന്നുപോകുന്നത് നമ്മെ വിസ്മയിപ്പിക്കും. കാടിന് മീതെ കണിക്കൊന്ന പോലെ പൂത്തുലഞ്ഞ മേടം , മലമുകളിലെ കാവില്‍ പൂരം മുളയിടുന്ന ഇടവം ,കയ്യില്‍ കരുതലില്ലാതെ പടി കേറിവന്ന മിഥുനം, ചികുരത്തില്‍ ശീവോതിപ്പൂ ചൂടിയ കര്‍കിടകം, പൂവിറുക്കുന്ന രാത്രിയുടെ കുമ്പിളില്‍ തുമ്പക്കുടവുമായെത്തിയ ചിങ്ങം, അഴകിന്‍ നീരില്‍ നീന്തുന്ന ശരത്കാല മരാളമായ, ഒറ്റപ്പൂ ചൂടി സിന്ദൂരം തൊട്ട് പൂത്ത ചെമ്പകം പോലെ നിലാമുറ്റത്ത്‌ വന്ന കന്നി , ചെണ്ടയുടെ ഇടം വലങ്ങളില്‍ കോരിപ്പെയ്യുന്ന തുലാം, വ്രതം നോറ്റ് ശരണം വിളിച്ചെത്തുന്ന വൃശ്ചികം, പൂത്ത മാമ്പൂമണം തളിച്ച് കല്യാണരാവില്‍ കളിവാക്കുമായി വന്ന ധനു , പുഞ്ചത്തേക്കുപാട്ടിനെ  തുണകൂട്ടി വന്ന മകരം, കണ്ണെഴുത്തിനു മഷി ചാലിച്ച് പാല്ക്കാവടിയാടുന്ന  മീനം ......വറ്റാത്ത അദ്ഭുതങ്ങളുടെ മണിച്ചെപ്പായിരുന്നു ഈ കവിയുടെ സ്വകാര്യലോകം. ആ ധൂര്‍ത്തസാമ്രാജ്യത്തിലെ, കിരീടവും ചെങ്കോലുമില്ലാത്ത പ്രജാപതിയായി കവി നിലകൊണ്ടു. കവിയുടെ വിളിപ്പുറത്ത് അക്ഷരകല വന്നുനിന്നു. ദിക്കും പക്കും തിരിയാത്ത വിഷുപ്പക്ഷിയായി, പ്രകൃതിയുടെ സോപാനത്തില്‍ ദിഗംബരനെപ്പോലെ നിന്ന കവി , അക്ഷരകലയുടെ ഹിമകണമേറ്റ മുല്ലപ്പൂക്കള്‍ കൊണ്ടും നിലാവില്‍ ചാലിച്ചെടുത്ത വാക്കുകള്‍ കൊണ്ടും  അര്‍ച്ചന ചെയ്തു. മരണമില്ലാത്ത കവിയുടെ കാല്‍പ്പാടുകള്‍ മലയാള കവിതയുടെ മുറ്റത്ത്‌ ദശപുഷ്പമെഴുതിയ പൂക്കളമായി എന്നുമെന്നും  വന്നു നില്‍ക്കും.
- സേതുമാധവന്‍ മച്ചാട്

No comments:

Post a Comment