small is beautiful

small is beautiful
Ajantha musings

Tuesday, March 8, 2011

Nathula Pass Sikkim sketches...

 • നാഥുലാപാസിലേക്കുള്ള യാത്ര അസാധാരണവും അപൂര്‍വവുമായ അനുഭവം. സ്വര്‍ഗാരോഹിണിയിലേക്കുള്ള കയറ്റം പോലെ. മഹാഭാരതത്തില്‍ നാം വായിച്ചറിഞ്ഞ ഹിമശ്രുംഗം. മേഘക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഒഴുകി നടക്കുംപോലെ. ഗാംടോക്കില്‍ നിന്ന് അതിരാവിലെ തുടങ്ങിയ യാത്രയായിരുന്നു. ഹിമാലയ താഴ്വരയിലെ 'സിക്കിം' എന്ന ഈ കൊച്ചു സംസ്ഥാനത്തിന് 7300 ചതുരശ്ര കി.മീ . ആണ് വിസ്തീര്‍ണ...ം. നോര്‍ത്ത്- ഈസ്റ്റിലേക്കുള്ള കവാടം 'ന്യൂ ജയ്പാല്‍ ഗുഡി' എന്ന റെയില്‍വേ സ്റ്റേഷനാണ്. അവിടെനിന്ന് അഞ്ചു മണിക്കൂര്‍ യാത്ര. സിക്കിമിലെക്കുള്ള വഴികള്‍ കൊടുംവനത്തിലൂടെ. തീസ്താ നദി യാത്രയിലുടനീളം നമ്മോടൊപ്പം. വര്‍ണശബളമായ പ്രാര്‍ഥനാ പതാകകള്‍ നമ്മെ വരവേല്‍ക്കുന്നു. തട്ടുതട്ടായി ചെരിവുകളില്‍ കയറിയും ഇറങ്ങിയും മൂടല്‍മഞ്ഞു പുതച്ചുകിടക്കുന്ന സിക്കിം പട്ടണം വര്‍ണഭംഗി കൊണ്ട് നമ്മെ സ്വീകരിക്കുന്നു. ബഹുവര്‍ണ പുഷ്പങ്ങളാല്‍ അലംകൃതമായ 'ഗംടോക്' ബുദ്ധവിഹാരങ്ങളുടെ സങ്കേതമാണ്. ശാന്തിയുടെ ഒരു മരതകപ്പച്ച. പ്രാര്‍ഥനാ നിര്‍ഭരമായ ഒരു ഭൂഖണ്ഡം.

  കളക്ടറേറ്റില്‍ നിന്നുള്ള അനുമതിപത്രം( ഇന്നെര്‍ലൈന്‍ പെര്‍മിറ്റ്) നമുക്ക് നാഥുലാപാസ് വരെയുള്ള മലകയറ്റത്തിന് ഉപയോഗിക്കാം. മേഘജാലങ്ങള്‍ക്കൊപ്പം ഒഴുകിയൊഴുകി കയറ്റങ്ങള്‍ പിന്നിട്ട് മൂന്നു മണിക്കൂറിനുള്ളില്‍ നാം നിശബ്ദമായ ഒരു തടാകത്തിനരികെ ചെന്നെത്തും. ചുരത്തിനു മുകളില്‍ മഞ്ഞുരുകി തണുത്തുറഞ്ഞു താഴ്വരയിലെ ഏകാന്തവും നീരവസൌന്ദര്യവും കണ്ണാടിയിലെന്ന പോലെ പ്രതിഫലിച്ചു കിടക്കുന്ന 'ചംഗു' തടാകം. ചിരന്തനമായ ഒരു നിശബ്ദത . ദേവസരസ്സു പോലെ.

  അവിടന്ന് പിന്നെയും കയറ്റങ്ങള്‍ കയറിവേണം നാഥുലയിലെത്താന്‍. ഓക്സിജന്‍ സിലിന്‍ഡര്‍ കയ്യില്‍കരുതിയ സഞ്ചാരികളെ അപൂര്‍വമായെങ്കിലും കണ്ടു. സമുദ്രനിരപ്പില്‍ നിന്ന് 14000 അടി ഉയരത്തിലാണ് നാമിപ്പോള്‍. അവിടെ അതിര്‍ത്തി കാക്കുന്ന ഇന്ത്യ- ചൈന ഭടന്മാരെ കണ്ടു അഭിവാദ്യം ചെയ്തു സംസാരിക്കാം. അനുവദിച്ചാല്‍ ഒരു കാല്‍ ചൈനയുടെ മണ്ണിലും, മറുകാല്‍ ഇന്ത്യന്‍ ശിരസ്സിലും വെച്ച് ലോകപൌരനാകാം. ഞങ്ങളാരും പക്ഷെ, അതിനു മുതിര്‍ന്നില്ല. ഇന്ത്യയുടെ നെറുകയില്‍ നിന്ന് മനുഷ്യന്‍ സൃഷ്ടിച്ച അതിര്‍ത്തിയില്‍ നിന്ന് ചുറ്റുപാടും കണ്ണോടിക്കുമ്പോള്‍ ചരിത്രത്തിന്‍റെ കുതിരക്കുളമ്പടി നാം കാതോര്‍ക്കും. നൂറ്റാണ്ടുകള്‍ പിന്നിട്ട്ഓര്‍മ്മകള്‍ ഹിമസാന്ദ്രതയില്‍ മുങ്ങിനിവരും.
  ഹ്യുയാന്‍ സാംഗ്, അല്‍ ബിറൂണി തുടങ്ങി എത്രയെത്ര സഞ്ചാരികള്‍ ഈ വഴി കടന്നുപോയി. ഹിമാലയത്തിലെ കാമധേനുവായ യാക്കുകള്‍ എത്രയെത്ര സഞ്ചാരികളെയും വണിക്കുകളെയും ചുമന്നു ഈ ചുരമിറങ്ങി നടന്നുപോയി. ചൈന മുതല്‍ മെഡിറ്റരേനിയന്‍ വരെ നീണ്ടുകിടക്കുന്ന 'സില്‍ക്ക് റൂട്ടിലൂടെ' വിദേശ സഞ്ചാരികള്‍ നൂറ്റാണ്ടുകളോളം യാത്ര ചെയ്തു. പേര്‍ഷ്യക്കാര്‍ ,ഗ്രീക്കുകാര്‍, കുഷാനന്മാര്‍, തുര്‍ക്കികള്‍, താര്‍ത്തറ്റുകള്‍, മുഗളന്മാര്‍ തുടങ്ങി വിദേശയാത്രികര്‍ നാഥുലാചുരമിറങ്ങി നമ്മുടെ മണ്ണിലെത്തി.
  മൌര്യസാമ്രാജ്യത്തിലെ ചന്ദ്രഗുപ്ത മൌര്യന്‍, ബിന്ദുസാരന്‍ ,അശോകന്‍ തുടങ്ങിയ ചക്രവര്‍ത്തിമാരുടെ ആശിസ്സുകളോടെ ബുദ്ധമതം ഈ ചുരങ്ങള്‍ കടന്നു മറു ഭൂഖന്ടങ്ങളിലേക്ക് പ്രചരിച്ചു. ഇന്ത്യന്‍ സംസ്കാരത്തിന്‍റെ വാഹകരായ തീര്‍ഥാടകര്‍ സാഹിത്യവും ചിത്രകലയും വൈദ്യവും ,ജ്യോതിശാസ്ത്രവും സംഗീതവും ശില്പകലയും മധ്യേഷ്യയിലേക്ക് കൊണ്ടെത്തിക്കുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്.

  ഹിമാലയ പാര്‍ശ്വത്തിലൂടെ നടത്തിയ ഈ യാത്രകള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവം. സമയം പോലെ സാന്ദ്രമായ തടാകവും ജലനിശബ്ദതയും, നക്ഷത്രഭാസുരമായ നീലാകാശവും ചാന്ദ്രപ്രകാശത്തില്‍ പ്രപഞ്ചം മുഴുവന്‍ പ്രതിഫലിച്ച സരോവരങ്ങളും ഇനിയൊരിക്കലും കാണാന്‍ കഴിയാത്ത സമയതീരങ്ങളും ഓര്‍മയുടെ കണ്ണാടിയില്‍ എന്നെന്നും തിളങ്ങിനില്‍ക്കും.

1 comment: