small is beautiful

small is beautiful
Ajantha musings

Saturday, March 19, 2011

Drishyam - On Television


മാധ്യമം സന്ദേശമാവുമ്പോള്‍ ...

ലോകത്തിന്‍റെ വാതിലാണ് ടെലിവിഷന്‍ . എല്ലാം കാണുന്ന കണ്ണ്. വിഖ്യാത ചലച്ചിത്രകാരന്‍ ഫെല്ലിനി ടെലിവിഷന്‍ ചാനലുകളുടെ വിസ്ഫോടനം ആസന്നമായ ഒരു പുതു യുഗത്തെ വിഭാവന ചെയ്തു. അതോടൊപ്പം മാനസിക നില തെറ്റിയ ഒരു തലമുറ ലോകമെമ്പാടും സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം ഭയന്നു. ഭൂമിയുടെ നാനാഭാഗത്തുനിന്നുമുള്ള ചിത്രങ്ങള്‍ ,ശബ്ദങ്ങള്‍ ,സംഭവ വികാസങ്ങള്‍ ,വ്യാഖ്യാനങ്ങള്‍ എല്ലാം തന്‍റെമുമ്പില്‍ റിമോട്ട് കണ്ട്രോളിന്റെ സ്പര്‍ശത്തിലൂടെ വന്നെത്തുമെന്ന അറിവ് ഉന്മാദകരവും ഭ്രമാത്മകവുമായി അനുഭവപ്പെട്ടു. ഒരു ചാനല്‍ ദൃശ്യം കണ്ടുകൊണ്ടിരിക്കുന്ന അതേ സമയം തന്നെ നൂറു കണക്കിന് മറ്റു ചാനലുകള്‍ അദൃശ്യ തരംഗങ്ങളായി നമ്മെ വലയം ചെയ്തു നില്‍ക്കുന്നു.ദൃശ്യ-ശ്രാവ്യങ്ങളുടെ അശാന്ത സമുദ്രത്തിലേക്ക് ഭാവനയുടെ യാനപാത്രവുമായി ദിശയെതെന്നറിയാതെ ഒഴുകിപ്പോവാന്‍ തുടങ്ങുന്ന ജനസമൂഹത്തെ ഭാവന ചെയ്ത ഫെല്ലിനി സാധ്യതകളുടെ കലയായ ദൃശ്യമാധ്യമത്തിന്റെ സ്വാധീനത്തെക്കുറിച്ചുള്ള വ്യാകുലതകള്‍ പങ്കിടുകയായിരുന്നു. എഴുപതുകളില്‍ മാധ്യമലോകം കണ്ട ഈ ദുസ്വപ്നം നമ്മുടെ നാട്ടിലെ കൊച്ചുഗ്രമങ്ങളില്‍ പോലും ഒരു യാഥാര്‍ത്ഥ്യം ആയി പരിണമിച്ചിരിക്കുന്നു. ടെലിവിഷന്‍ എന്ന മാധ്യമത്തിന്‍റെ സ്വപ്ന വലയത്തില്‍ നിന്ന് ഇനി നമ്മുടെ സമൂഹത്തിനു മാറിനില്‍ക്കാന്‍ കഴിയുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. മൊബൈല്‍ ഫോണുകളും, ഇന്റര്‍നെറ്റും പുതിയ സാധ്യതകള്‍ക്കൊപ്പം വെല്ലുവിളികളും ഉയര്‍ത്തുന്നുണ്ട്. ഒരു വ്യാഴവട്ടം മുന്‍പ് നിരൂപകന്‍ ശ്രീ.കെ .പി .അപ്പന്‍ പ്രവചിച്ച " യന്ത്ര സരസ്വതി നമ്മെ വിഭ്രമിപ്പിക്കുമോ?" എന്ന ചോദ്യം ഒരളവു വരെ ശരിയായിരിക്കുന്നു. മാധ്യമരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജീവിതവും കലയും സ്വപ്നങ്ങളുടെ വിപണിയില്‍ മായക്കാഴ്ചകളാണ്. അവരുടെ സാമൂഹ്യമായ ഉത്തരവാദിത്തം ഏറെ നിര്‍ണായകമാണ്. സജീവമായൊരു മാധ്യമലോകത്തിന്റെ സാന്നിധ്യം ജനാധിപത്യ ബോധമുള്ള ഒരു പുത്തന്‍ ദൃശ്യഭാഷ ആവശ്യപ്പെടുന്നുണ്ട്. 

ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ മികവു മൂലം ഇന്ന് സിനിമ-ടെലിവിഷന്‍ നിര്‍മാണരംഗം സങ്കീര്‍ണമായ മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഒരു കൊച്ചുകുട്ടിക്കുപോലും കൈകാര്യം ചെയ്യാവുന്നത്ര ലളിതമായ ഡിജിറ്റല്‍ ക്യാമറകളും കമ്പ്യൂട്ടര്‍ സോഫ്റ്റ്‌ വെയറുകളും ഉപയോഗിച്ച് ദൃശ്യ-ശബ്ദ സങ്കലനം നിര്‍വഹിക്കാനാവും വിധം സരളവും പ്രാപ്യവുമായിരിക്കുന്നു നവീന സാങ്കേതികവിദ്യ. ഇന്‍റെര്‍നെറ്റിന്റെ കടന്നുവരവ് ആഗോള ഗ്രാമത്തിന്റെ പരിധികള്‍ മായ്ച്ചു കളഞ്ഞിരിക്കുകയാണ്. ലോകമപ്പാടെ പരസ്പരം ബന്ധിക്കപ്പെട്ട അസംഖ്യം കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് ശ്രുംഖലകളാണ് ഇന്റര്‍നെറ്റ്‌ സമൂഹം. ഒരു നിമിഷാര്‍ധം കൊണ്ട് ലോകത്തിന്‍റെ ഏതറ്റം വരെയും നമുക്കോടിയെത്താം. ഇ- മെയില്‍ സന്ദേശങ്ങളിലൂടെ വന്‍കരകളുടെ ആകാശ സീമകളെ നമുക്ക് തൊട്ടറിയാം. world wide web സംവിധാനത്തിലൂടെ അനന്തമായ വിജ്ഞാനത്തിന്റെ അമൂല്യ ശേഖരത്തിലേക്ക് വവരങ്ങളയക്കാം. ദിനപത്രവും പുസ്തകവും ചലച്ചിത്രവും തല്‍സമയ വിരുന്നുകളും,കലാപവും,യുദ്ധരംഗങ്ങള്‍ പോലും നമ്മുടെ സ്വീകരണ മുറിയിലെ സാന്നിധ്യമാണ് ഇന്ന്. ഇന്‍റെര്‍ നെറ്റിന്‍റെ ദ്രുതഗതിയിലുള്ള പ്രചാരം ടെലിവിഷന്‍ സൃഷ്ടിച്ച കൃത്രിമ ഗ്ലാമറിനെ തെല്ലു നിഷ്പ്രഭമാക്കിയിട്ടുണ്ട്. interactive -ടെലിവിഷന്‍ ,വീഡിയോ conferencing തുടങ്ങിയ ജന സമ്പര്‍ക്ക പരിപാടികളിലൂടെ ഉയിര്‍ത്തെഴുന്നെല്‍പ്പിന്റെ അതിരറ്റ സാധ്യതകള്‍ തേടുകയാണ് ദൃശ്യമാധ്യമങ്ങള്‍ ഇന്ന്. സത്യത്തില്‍ ഗൌരവമായ ടെലിവിഷന്‍ കാഴ്ച ഇപ്പോള്‍ ഇല്ല എന്നതാണ് വസ്തുത. ഉള്ളം കൈയിലിരിക്കുന്ന റിമോട്ട് കൊണ്ട് പല പല ചാനലുകള്‍ മാറി മാറി മിഴി തുറക്കുന്ന ഒരലസ വ്യായാമം മാത്രമാണ് ടെലിവിഷന്‍ .

23200 മൈല്‍ ദൂരത്തില്‍ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന മൂന്നു ഉപഗ്രഹം വിക്ഷേപിച്ചാല്‍ ഭൂമി മുഴുവന്‍ ടെലിവിഷന്‍ സിഗ്നല്‍ എത്തിക്കാം എന്ന് അര നൂറ്റാണ്ട് മുന്‍പ് തന്നെ ലോകത്തിനു അറിയാമായിരുന്നു. ഇന്ന് അനവധി രാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ ഭൂമിയോടൊപ്പം ഭ്രമണം ചെയ്യുന്നുണ്ട്. ഓരോ രാജ്യവും അതിരുകളില്ലാത്ത ലോകത്തിന്‍റെ കോണുകളിലേക്ക് ദൃശ്യഭാഷയെ പരാവര്‍ത്തനം ചെയ്യുന്നു. മുടിനാരോളം പോന്ന optical fiber , പ്രകാശ വേഗത്തിലൂടെ നമ്മുടെ മുന്‍പിലെത്തുന്നു.കമ്മ്യൂണിറ്റി ടെലിവിഷന്‍ എന്ന ആശയം എത്ര വേഗത്തിലാണ് നമ്മുടെ ഗ്രാമാന്തരങ്ങള്‍ ഏറ്റുവാങ്ങിയത്. ഡിജിറ്റല്‍ സാങ്കേതികതയുടെ വിപ്ലവകരമായ കടന്നുവരവ് ഉയര്‍ത്തുന്ന വെല്ലുവിളി ,മാധ്യമം കൈയ്യാളുന്നവരുടെ നൈതികവും സ്വതന്ത്രവുമായ കൂട്ടയ്മയിലുടെ മാത്രമേ നേരിടാനാവൂ. പുതിയൊരു നീതി ബോധം ,മാധ്യമ ലോകത്തിന്‍റെ പുന: സൃഷ്ടിക്ക് അവശ്യം ആവശ്യമായിരിക്കുന്നു.Quotationഡിജിറ്റല്‍ സാങ്കേതികതയുടെ വിപ്ലവകരമായ കടന്നുവരവ് ഉയര്‍ത്തുന്ന വെല്ലുവിളി ,മാധ്യമം കൈയ്യാളുന്നവരുടെ നൈതികവും സ്വതന്ത്രവുമായ കൂട്ടയ്മയിലുടെ മാത്രമേ നേരിടാനാവൂ. പുതിയൊരു നീതി ബോധം ,മാധ്യമ ലോകത്തിന്‍റെ പുന: സൃഷ്ടിക്ക് അവശ്യം ആവശ്യമായിരിക്കുന്നു.Quotation അനുനിമിഷം പരിണമിക്കുന്ന ഒരു ലോകത്തിന്‍റെ കുടക്കീഴിലാണ് നാം.മാറുന്ന സമൂഹം ,വികസനം ,ജീവിതചര്യ ,പ്രത്യയശാസ്ത്രം ,സാങ്കേതിക വളര്‍ച്ച .. അങ്ങനെയങ്ങനെ നമ്മുടെ നീതിബോധത്തില്‍ പുതിയ സമവാക്യങ്ങള്‍ രൂപപ്പെട്ടുകൊണ്ടേയിരിക്കുന്നു. ദൃശ്യം തന്നെ ഭാഷയാവുമ്പോള്‍, ആ ദൃശ്യം നല്‍കുന്ന അനുഭവത്തെ ഏറ്റുവാങ്ങാന്‍ പ്രേക്ഷകസമൂഹം സദാ ഉണര്‍ന്നിരിക്കുന്നു. അടുക്കും ചിട്ടയും ഇല്ലാത്ത ദൃശ്യങ്ങള്‍ നിരത്തി നമ്മുടെ കാഴ്ച്ചയെ വിഭ്രമിപ്പിച്ചുകൊണ്ട്കടന്നു പോകുന്ന ചാനലുകള്‍ പ്രതിഭയുടെയും ഭാവനയുടെയും ദരിദ്രമായ ഭാഷയാണ് പങ്കുവെക്കുന്നത് എന്ന തിരിച്ചറിവ് പ്രേക്ഷക സമൂഹത്തിനുണ്ട്. ചാനലുകളുടെ അതിപ്രസരത്തിലൂടെ നമ്മുടെ ദൃശ്യഭാഷക്ക് ഒരവിയല്‍ സംസ്കാരം പകര്‍ന്നു കിട്ടിയെന്ന ദൌര്‍ഭാഗ്യകരമായ സ്ഥിതി ഇന്ന് നിലവിലുണ്ട്. നമ്മുടെ നാട്ടില്‍ sattelite / cable ചാനലുകളുടെ ആവിര്‍ഭാവത്തിനു മുന്‍പ് തന്നെ ടെലിവിഷന്‍ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച ഒരാളാണീ ലേഖകന്‍. തദ്ദേശീയമായ മാതൃകകള്‍ ഒന്നുമില്ലാതെ പരിമിതമായ സാങ്കേതിക സംവിധാനങ്ങല്‍ക്കിടയില്‍ കലയുടെയും ഭാവനയുടെയും ഒരു ദൃശ്യഭാഷ രൂപപ്പെടുത്താനുള്ള കൂട്ടായ ശ്രമമാണ് ഞങ്ങള്‍ നിര്‍വഹിച്ചു പോന്നത്. ആര്‍ജ്ജവമില്ലാത്ത സൃഷ്ടികളുടെ സംപ്രേഷണം പ്രേക്ഷകരെ നമ്മില്‍ നിന്നും അകറ്റുമെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടു തന്നെയാണ് പുതിയൊരു മാധ്യമ സംസ്കാരത്തിന് നിങ്ങളും ഞങ്ങളും കാത്തുനിന്നത്. തൊണ്ണൂറുകളിലെ sattelite വിസ്ഫോടനം ആദ്യകാല ടെലിവിഷന്‍ പ്രവര്‍ത്തകരെ ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്താന്‍ പ്രേരകമായി എന്നത് ചരിത്രപരമായ ഒരു സത്യമാണ്. സംപ്രേഷന്നതിന്റെ വ്യാകരണവും സൌന്ദര്യശാസ്ത്രവും പുതുക്കിപ്പണിയാന്‍ പുതു ചാനലുകളുടെ പ്രവേശനം സഹായകമായി. സജീവമായൊരു മാധ്യമ സംസ്കാരത്തില്‍ പങ്കാളിത്തം നേടാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞത് കേരളത്തിലെ പ്രേക്ഷക സമൂഹത്തിന്‍റെ തിരിച്ചറിവില്‍ നിന്നുമുണ്ടായതാണ്.


എന്നാല്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ എല്ലാം കീഴ്മേല്‍ മറിയുന്നൊരു വിരോധാഭാസമാണ് നാം കാണുന്നത്. വിനോദവും വിജ്ഞാനവും വിദ്യാഭ്യാസവും സാധ്യമാക്കേന്ട മാധ്യമലോകം അതിര് വിട്ട ദൃശ്യവിന്യാസങ്ങളിലൂടെ പുത്തന്‍ വാണിജ്യ സംസ്കാരത്തിന്റെ ഇരയാകുന്ന കാഴ്ച നിര്‍ഭാഗ്യകരമാണ്. കലാപവും വിവാദവും എന്നുവേണ്ടാ,വിവാഹം പോലും ' റിയാലിറ്റി ഷോ ' ആയി മാറ്റുന്നൊരു ചാനല്‍ സംസ്കാരം ഇവിടെ രൂപപ്പെട്ടു വരികയാണ്. മാര്‍ക്കെറ്റിംഗ് തന്ത്രങ്ങളിലുടെ സാമൂഹ്യ-രാഷ്ട്രീയ വേര്‍തിരിവുകളുടെ ചുക്കാന്‍ പിടിക്കേണ്ട ബാധ്യത മാധ്യമ സമൂഹത്തിനുന്ടോ എന്ന് ആത്മപരിശോധന ചെയ്യേണ്ടതാണ്. സമൂഹത്തെ മാറിനിന്നു നോക്കിക്കാണുന്ന മൂന്നാം കണ്ണാണ് ക്യാമറ. ആ കണ്ണിലുടെ നാം എന്ത് കാണുന്നു, എങ്ങനെ കാണുന്നു എന്നതാണ് പ്രധാനം. കാഴ്ചകളെ പ്രേക്ഷകന്‍റെ സ്വന്തം അനുഭവമാക്കി മാറ്റുന്നതാണ് സമഗ്ര സംവേദനത്തിന്റെ കല.



sethumadhavan machad

No comments:

Post a Comment