small is beautiful

small is beautiful
Ajantha musings

Saturday, March 5, 2011

Dakshina

1981 ലാണ് ഞാന്‍ കേരളവര്‍മയിലെത്തുന്നത്. മലയാളം എം.എ ക്ലാസില്‍ വിരലില്‍ എണ്ണാവുന്നത്രയും പേര്‍ മാത്രം. രാവുണ്ണിയും, എന്‍ പി ചന്ദ്രശേഖരനും ഉള്‍പ്പടെ ഞങ്ങള്‍ പത്തുപന്ത്രണ്ടു പേര്‍.  വി.ജി .തമ്പി മാഷുടെ അധ്യാപക ജീവിതത്തതിന്‍റെ ആദ്യനാളുകള്‍. വളരെ സൌമ്യനായ ഒരാള്‍.  ഒരധ്യാപകന്‍റെ ആര്‍ജവം, സത്യസന്ധത ഇതൊക്കെ നമ്മെ പെട്ടെന്ന് ആകര്‍ഷിക്കും. സാഹിത്യ വിമര്‍ശനത്തിന്‍റെ ചരിത്രമാണ് തമ്പിമാഷ്‌ എടുത്തിരുന്നത് എന്നാണെന്‍റെ ഓര്‍മ. കേരളവര്‍മയില്‍ എത്തുന്നതിനു മുമ്പേ 'രസന' മാസികയെപ്പറ്റി കേട്ടിരുന്നു. ഇളം പച്ചനിറത്തില്‍ നോട്ടുബുക്ക് പോലെയാണ് രസന പ്രസിദ്ധീകരിച്ച ശ്രീ.ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ 'പതിനെട്ടു കവിതകള്‍' പുറത്തിറങ്ങിയത്. തമ്പിമാഷുടെ രസനയും കനലുമൊക്കെ അമൂല്യനിധി പോലെ ഞാന്‍ സൂക്ഷിച്ചു. മാനുഷികമായൊരു ദിശാബോധം പകരുന്നതില്‍ കേരളവര്‍മയും തമ്പി മാഷും അളവില്‍ കവിഞ്ഞ സ്വാധീനം എന്നിലുണര്‍ത്തി. അതുവരെ ഉണ്ടായിരുന്ന കാഴ്ച, വാക്കുകള്‍,
വായന, എഴുത്ത് എല്ലാം പുതിയൊരു ഗതിവേഗം കൈക്കൊണ്ടു. ഞാന്‍ ദിവസവും ഒറ്റപ്പാലത്ത് നിന്ന് ട്രെയിനില്‍ വന്നു  പോവുക യായിരുന്നു. തൃശൂരിലെത്തി കാനാട്ടുകരയില്‍ ബസ്സിറങ്ങി കേരളവര്‍മയിലേക്ക് നടക്കുമ്പോഴാവും, തമ്പി മാഷ്‌ സൈക്കിളില്‍ ഒഴുകിവരുന്നത്‌.സഹപ്രവര്‍ത്തകരേയോ വിദ്യാര്‍ഥിസുഹൃത്തുക്കളെയോ കണ്ടുമുട്ടിയാല്‍ പിന്നെ സൈക്കിളുമുരുട്ടി കൂടെ നടക്കും. മൃദുവായേ സംസാരിക്കൂ. പുതിയൊരു പദകോശം ,വായനയിലും എഴുത്തിലുമുള്ള ഊര്‍ജം ഇതൊക്കെ തമ്പിമാഷെ ഉള്ളഴിഞ്ഞു സ്നേഹിക്കാന്‍ കാരണമായി എന്ന് പിന്നീട് ഞാന്‍ ഓര്‍ക്കാറുണ്ട്.
ഒറ്റപ്പാലത്തുള്ള എന്‍റെ വീട്ടില്‍ പലതവണ മാഷ്‌ വന്നിട്ടുണ്ട്. ഞങ്ങള്‍ ഒരുമിച്ചു അനങ്ങന്‍മല കയറി. വില്വാദ്രിയില്‍ പുനര്‍ജനി നൂണു.  കവിയരങ്ങുകളില്‍ പങ്കെടുത്തു. എന്‍റെ അമ്മയ്ക്കും തമ്പിമാഷെ വലിയ ഇഷ്ടമായിരുന്നു. മുത്തച്ഛന്‍ ഭാഷാധ്യാപകനായിരുന്നത് കൊണ്ട് ഞങ്ങള്‍ അധ്യാപകരെ അളവറ്റു സ്നേഹിച്ചു. കേരളവര്‍മയിലെ സി ആര്‍ രാജഗോപാലന്‍ മാഷും  ആര്‍ .ജി എന്ന് വിളിച്ചിരുന്ന ആര്‍. ഗോപാലകൃഷ്ണന്‍ സാറും രാജന്‍മാഷും, യുവകവി അവീഷും (ഇരുവരും ഇപ്പോഴില്ല) എം ആര്‍ രാജനുമൊക്കെ വള്ളുവനാട്ടിലെ സൗഹൃദം പങ്കുവെക്കാന്‍ എന്‍റെ വീട്ടിലെത്തിയത് ഗൃഹാതുരതയോടെ ചിലപ്പോഴൊക്കെ ഓര്‍ക്കാറുണ്ട്.
യാത്രകള്‍ അദ്ദേഹത്തിന്‌ വളരെ ഇഷ്ടമായിരുന്നു. നൂറുവര്‍ഷം പഴക്കമുള്ള ഞങ്ങളുടെ വീട്ടു കോലായയിലും, അനങ്ങന്‍മലയുടെ നെറുകയിലും പുനര്‍ജനി ഗുഹയുടെ ഇരുട്ടിലും കവിയായ തമ്പിമാഷ്‌ അനുഭവത്തിന്‍റെ ഏകാന്തമായ നിമിഷം ഉള്‍ക്കൊണ്ടിരിക്കാം. ഒരിക്കല്‍ കര്‍ണാടകയിലൂടെ യാത്രചെയ്യുമ്പോള്‍ അര്‍ദ്ധരാത്രി സമയം അദ്ദേഹവും കൂട്ടുകാരും വലിയൊരു നദീ തീരത്തെത്തി. അമാവാസിയിലെ  ആ ഇരുണ്ട നദിയുടെ നിശ്ചലഗാംഭീര്യം അദ്ദേഹം ക്ലാസ്മുറിയില്‍ വരച്ചുകാട്ടിയത് ഇന്നും എന്‍റെ മനസ്സിലുണ്ട്.  പാതിയാമത്തിലെ ആ നദീദൃശ്യത്തിന്</span><span>
ഭയപ്പെടുത്തുന്ന ഒരു സൌന്ദര്യമുണ്ടായിരുന്നു എന്നാണു അദ്ദേഹം പറഞ്ഞത്. നേരം പുലര്‍ന്ന പ്പോഴാണ് അത് 'തുംഗ ഭദ്ര 'യാണെന്ന് മാസസ്സിലായത്. നാമ രൂപങ്ങളുടെ തിരിച്ചറിവ് നമ്മുടെ കാഴ്ച്ചയെ എങ്ങനെ മാറ്റിമറിക്കുന്നു എന്ന് വിശദീകരിക്കാന്‍ ശ്രമിക്കുകയായിരുന്നു അദ്ദേഹം. കുടജാദ്രിയിലെ പുലരിമഞ്ഞും മേഘവര്‍ഷവും ഉത്തരേന്ത്യന്‍ യാത്രയുടെ വേവും ചൂടുമെല്ലാം അനുഭവതീവ്രതയോടെ പിന്നീടു കവിതയില്‍ ആവിഷ്കരിക്കാന്‍ അദ്ദേഹത്തിന്‌ സഹായകമായി എന്ന് വേണം കരുതാന്‍.
ഒരിക്കല്‍ ഒരു നീണ്ട യാത്രക്കൊടുവില്‍ , തോരാത്ത വര്‍ത്തമാനങ്ങളുമായി കൂടെയുണ്ടായിരുന്ന  അജ്ഞാതനായ സഹയാത്രികന്‍ എല്ലാരും നോക്കിനില്‍ക്കെ, ഓടുന്ന തീവണ്ടിയില്‍ നിന്ന് എടുത്തുചാടി ആത്മഹത്യ ചെയ്തത് തമ്പിമാഷെ വളരെ ദുഖിതനാക്കി. മരണത്തിന്‍റെ ഉന്മാദത്തിലേക്ക് ആ മനുഷ്യന്‍ യാത്ര പോയത് കവിയെ ആകുലചിന്തയില്‍ തപിപ്പിച്ചിരുന്നു എന്ന് തോന്നിയിട്ടുണ്ട്. പിന്നീട് സഹാധ്യാപകനായിരുന്ന രാജന്‍ മാഷുടെ അനാഥമായ മൃതി. അത് പ്രാര്‍ഥനാനിര്‍ഭരമായ ഒരു ബലി കൂടിയായിരുന്നു. വിവാഹം,
വിരഹം,തിരസ്കാരം ,സഹനം,  തുടങ്ങിയ സാധാരണത്തിലും, അസാധാരണമായ വിധികല്പന ഏറ്റുവാങ്ങേണ്ട സന്ദര്‍ഭങ്ങള്‍ ജീവിതത്തെ മുകര്‍ന്നപ്പോഴും അടി തെറ്റാതെ പിടിച്ചുനില്‍ക്കാന്‍ സൌഹൃദങ്ങള്‍ അദ്ദേഹത്തിനു തുണ നിന്നു. ഈ സൌഹൃദങ്ങളാണ് വി ജി തമ്പി എന്ന മനുഷ്യന്‍റെ,അധ്യാപക ന്‍റെ ,കവിയുടെ ബലതന്ത്രം.
ഇവിടെ നിന്നാണ് വി. ജി. തമ്പി എന്ന കവിയെ ഞാന്‍ വായിക്കുന്നത്.
തച്ചനറിയാത്ത മരം. ഉള്ളിലേക്ക് കരയുന്ന വാക്ക്. ' എന്‍റെ പ്രണയമേ എന്നെ ഏകനാക്കുന്നതെന്ത്' ?കവി ചോദിച്ചു. എന്ത് സംഭവിച്ചു എന്നല്ല എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്നൊരു ധര്‍മവ്യസനം ഈ കവിയെ ഒഴിയാബാധ പോലെ പിന്തുടര്‍ന്നു. 'തച്ചനറിയാത്ത മരത്തിന്‍റെ' അവതാരികയില്‍ ബാലന്‍ എഴുതി: " മരിക്കാനാവാതെ , ജീവിക്കാനാവാതെ , വിശ്വസിക്കാനാവാതെ , അവിശ്വസിക്കാനാവാതെ ,ആരംഭിക്കാനാവാതെ ,അവസാനിപ്പിക്കാനാവാതെ , പിതാവ് ,മകള്‍ ,സുഹൃത്ത്‌, പ്രകൃതി ,പ്രണയം ,ദൈവം,
രാത്രി, മരണം, പിറവി ,മറവി എന്നിങ്ങനെയുള്ള മഹാബാധകളാല്‍ യാതനപ്പെടുന്ന ഈ കവിക്ക്‌ വി.ജി. തമ്പി എന്നും നാമകരണം ചെയ്യാം. "
മുപ്പതുവര്‍ഷം നീണ്ട അധ്യാപന ജീവിതത്തിന്‍റെ പടിയിറങ്ങുമ്പോള്‍ വി ജി തമ്പി മാഷുടെ ബാക്കിപത്രം, സ്നേഹവാത്സല്യങ്ങളുടെ തുളുമ്പുന്ന ചിരസൗഹൃദം. കവിജീവിതത്തിനു വിരാമമില്ലല്ലോ...എല്ലാ യാതനകള്‍ക്കുമപ്പുറം അനുഭവത്തിന്‍റെ അഗാധതയില്‍നിന്നു ഉയിര്‍ കൊള്ളുന്ന തീവ്രവിശ്വാസത്തിന്‍റെ ധ്യാന വാങ്ങ്മയം ഈ കവിയെ വേദനയുടെ മറുകരയിലെത്തിക്കും, തീര്‍ച്ച. 


ഇത് സ്നേഹം മാത്രം കൈമുതലുള്ള ഒരധ്യാപകന് ശിഷ്യന്‍റെ ദക്ഷിണ.  (sethumadhavan machad)

No comments:

Post a Comment