small is beautiful

small is beautiful
Ajantha musings

Thursday, March 17, 2011

Asha menon

ആഷാ മേനോന്‍റെ സ്വകാര്യലോകം വായനയും എഴുത്തും യാത്രയുമാണ്. കൊല്ലങ്കോട്  കാമ്പ്രത്ത് വീട്ടിലെ  തന്‍റെ കാഴ്ചക്കട്ടിലില്‍ നിന്ന് നോക്കിയാല്‍ കാണുന്ന നീലാകാശവും അരയാലിന്റെ തുറസ്സും അദ്ദേഹത്തിന്‍റെ സര്‍ഗനിമിഷങ്ങളെ നിര്‍ഭരമാക്കുന്നു. ശ്രീകുമാര്‍ എന്ന ആഷാമേനോന്‍ മലയാള നിരൂപണത്തിന്റെ ആധുനിക ദശയില്‍ ഏറെ ശ്രദ്ധേയനായിരുന്നു. ഭാഷയുടെ പേരില്‍ ഇത്രയും വിമര്‍ശന വിധേയനായ മറ്റൊരു എഴുത്തുകാരനില്ല.  ഓ.വി വിജയന്‍റെ ' 'ഇതിഹാസത്തിന്‍റെ ഇതിഹാസം' വായിച്ചു നോക്കു. ഖസാക്കിന്‍റെ ആദ്യ വായനക്കാരനെക്കുറിച്ചുള്ള വിജയന്‍റെ ഓര്‍മ... പുതിയ പുരുഷാര്‍ത്ഥങ്ങള്‍ ,കലിയുഗാരണ്ണ്യകങ്ങള്‍, പ്രതിരോധങ്ങള്‍,ഹെര്‍ബേരിയം, തനു മാനസി, ജീവന്‍റെ കൈയ്യൊപ്പ്, പരാഗ കോശങ്ങള്‍ , കൃഷ്ണ ശിലയും ഹിമശിരസ്സും, ഖല്സയുടെ സ്മൃതി ,ഹിമാലയ പ്രത്യക്ഷങ്ങള്‍, എന്നിവ പ്രധാന രചനകള്‍.  ഭാഷക്കുള്ളില്‍ ഭാഷ സൃഷ്ടിക്കുന്ന സ്വതസിദ്ധമായ ഒരു ശൈലിയാണ് ആഷാമേനോന്‍റെ സര്‍ഗ വിസ്തൃതിയെ പിന്തുടര്‍ന്നത്‌. അദ്ദേഹം പങ്കിടുന്ന ധാര്‍മികമായ അര്‍ത്ഥശങ്കകളും പാരിസ്ഥിതിക ബോധത്തിലൂന്നിയ മുന്നറിയിപ്പുകളും മനുഷ്യ സ്നേഹത്തിന്‍റെ ഊഷ്മളമായ കൈയ്യൊപ്പുകളാണ്. ശാസ്ത്രത്തിന്‍റെയും സാങ്കേതിക വളര്‍ച്ചയുടെയും സ്ഫോടകമായ കുതിപ്പില്‍ ഒരു മായക്കാഴ്ചയിലെന്ന പോലെ പകച്ചു നില്‍ക്കുന്ന' ഭോഗരതനും നിഷ്കര്‍മ കാമി'യുമായ വെറും മനുഷ്യന്‍റെ ചിത്രം ഇപ്പോഴും അദ്ദേഹം വരച്ചുകാട്ടി.ഉര്‍വരയായ പ്രകൃതിയെ അതിരറ്റു സ്നേഹിക്കുന്ന ഒരു മനസ്സിനേ, വരും നൂറ്റാണ്ടിന്‍റെ ആത്മബോധത്തെ എതിര്‍പാര്‍ക്കാനാവൂ. ഈ ഭൂമിയില്‍ ഓരോ ജീവിക്കും അതിന്‍റേതായ അന്തസ്സ് എങ്ങനെ വീണ്ടെടുക്കാം എന്ന ചോദ്യം നമ്മുടെ ബോധത്തില്‍ വന്നു പതിക്കുന്ന ഉല്‍ക്ക തന്നെയാണ്. ആത്മാവിന്‍റെ സഞ്ചാര സാഹിത്യങ്ങളാണ് ആഷാ മേനോന്‍ എക്കാലവും എഴുതി വന്നത്. അതിനു ഒരു തപോവന വിശുദ്ധിയുണ്ടായിരുന്നു. ശരീരം കൊണ്ടും മനസ്സ് കൊണ്ടും അദ്ദേഹം നടത്തിയ തീര്‍ത്ഥാടനങ്ങളുടെ ആന്തരിക പ്രത്യക്ഷങ്ങള്‍. നാദഭരിതവും വര്‍ണഭരിതവുമായ ജീവന്‍റെ ശോഭകളെക്കുറിച്ചും,ശബളാഭമായ ആവിഷ്കാര ഭംഗികളെക്കുറിച്ചും എന്നും അദ്ദേഹം വ്യമുഗ്ധ്നായി. കലാ സൃഷ്ടികളില്‍ നിന്നും സമൂഹത്തിലേക്കു സംക്രമിക്കേണ്ട അദ്ധ്യയനത്തിന്റെ ധാര്‍മികമായ നിലപാടുകളെ വിശദീകരിക്കാനാണ് ഓരോ കൃതിയിലും അദ്ദേഹം ശ്രമിച്ചത്. കലയുടെ ധ്യാനവസ്ഥയാണ് ഈ എഴുത്തുകാരന്‍ സ്വപ്നം കണ്ടത്. നാം ആവസിക്കുന്ന ഭൂമിയുടെ ജലഭരമായ നിറവുകളിലേക്കും മിഴിവുകളിലേക്കും നമ്മെ ഉന്മുഖരാക്കുന്ന മഹദ്കൃതികളെ സാകല്യ ദര്‍ശനത്തിന്‍റെ പ്രകാശത്തില്‍ വായിച്ചെടുക്കാനുള്ള വെമ്പല്‍ ഈ കൃതികളില്‍ നാം കാണുന്നു. പ്രജ്ഞാപരമായ ഒരു തക്കീതെന്ന നിലയിലാണ് മഹത്തായ കൃതികളുടെ പുനര്‍വായനയെ അദ്ദേഹം വിധാനം ചെയ്യുന്നത്.
സേതുമാധവന്‍ മച്ചാട്


No comments:

Post a Comment