small is beautiful

small is beautiful
Ajantha musings

Friday, March 4, 2011

Ajantha Musings

യാത്രകളിലൂടെ നാം ജീവിതത്തെ വായിക്കുകയാണ് ചെയ്യുന്നത്. 
മൂവന്തിയുടെ ഇരുണ്ട നിഴല്‍ ചേക്കേറിയ കുന്നിന്‍ചരുവില്‍
അമ്പിളിക്കല പോലെ കാണപ്പെട്ട അജന്താഗുഹകള്‍ ആദ്യമായി കാണുമ്പോള്‍ നമ്മില്‍ അദ്ഭുതം പെയ്തിറങ്ങും. അജന്തയിലേക്കുള്ള ആദ്യയാത്ര 1989 ലായിരുന്നു. പൂനയില്‍ നിന്നാണ് യാത്രയുടെ തുടക്കം. ഔറംഗാബാദില്‍ തങ്ങി, അവിടെനിന്നു മഹാരാഷ്ട്രയുടെ വിസ്തൃത സമതലങ്ങളിലൂടെ മണിക്കൂറുകള്‍ നീണ്ട യാത്ര. ഡെക്കാണിലെ കറുത്ത മണ്ണിലൂടെ   സൂര്യകാന്തി പൂത്ത  മഞ്ഞപ്പാടങ്ങളും, പരുത്തിയുടെ മേഘശകലങ്ങള്‍ വര്‍ഷിച്ച കൃഷിയിടങ്ങളും കടന്നു അജന്തയിലെത്തുമ്പോള്‍ മധ്യാഹ്നസൂര്യന്‍ അജന്തയുടെ കാട്ടരുവിയില്‍ ഉച്ചശോഭയോടെ പ്രതിഫലിച്ചു നിന്നു. കുന്നിന്‍ ചരിവിനു അരഞ്ഞാണംകെട്ടിയ വാഗോരയുടെ ജീവനധാരയില്‍ കാട്ടുകടന്നല്‍ക്കൂട് പോലെ കിടന്ന അജന്താഗുഹകള്‍ വിസ്മയത്തി ന്‍റെ താളിയോല സന്ദര്‍ശകര്‍ക്കായി തുറന്നുവെച്ചു. നിര്‍വാണത്തിനായി തപസ്സിരുന്ന ബുദ്ധഭിക്ഷുക്കളുടെ മൌനം അജന്തയുടെ തണുത്ത ഇടനാഴികളിലൊക്കെയും കൂടുവെച്ചു. ഒരു കാലത്ത് ശരണത്രയവും ശാന്തിമന്ത്രവും പ്രതിധ്വനിച്ച  ഗുഹാഭിത്തികള്‍ നിശബ്ദ ശൂന്യതയുടെ വിജനദ്വീപു പോലെ അനാഥമായിനിന്നു. കാലം അസ്തമിച്ചുകിടന്ന അജന്തയുടെ ഗുഹകളിലൂടെ പതുക്കെ നടന്നു നീങ്ങുമ്പോള്‍ ഞാനെന്താണ് ഓര്‍മിച്ചത്‌?

എത്രയോ കലോപാസകര്‍ ഏറെനാള്‍ ഈ കാട്ടരുവിയുടെ തീരത്ത്‌ വീടുംകുടുംബവും ഉപേക്ഷിച്ചവരായി, സ്വയംമറന്നു ഇവിടെ
ജീവിച്ചു. അവര്‍ അടിമകളാവില്ല തീര്‍ച്ച. നിസ്വതയും നിര്‍ന്നിമേഷതയും അവരുടെ ഉള്ളകംനിറഞ്ഞ പ്രശാന്തിയും അജന്തയുടെ ചുമര്‍ചിത്രകലയിലും ശിലാമയവടിവുകളിലും നമ്മള്‍ കണ്ടെത്തും. കുന്നിന്‍ചരിവിലെ ചെമ്മണ്‍നിറത്തിലുള്ള പാറ തുരന്ന് നിര്‍മിച്ച ശില്പങ്ങളും ധ്യാനബുദ്ധന്മാരും സംഘ ധര്‍മ നിര്‍വാണകായങ്ങള്‍ മൌനമായി സംവദിക്കുന്നതായി അനുഭവപ്പെടും.
ഒരു മതസംഹിത പിന്തുടര്‍ന്ന അര്‍ഹതന്‍മാരും ഭിക്ഷുക്കളും വിജനമായ വനഭൂമിയില്‍ എത്രയോ കാലം അധ്യയനവും മനന
നിദിധ്യാസങ്ങളുമായി കഴിഞ്ഞുകൂടി. ഈ തപസ്സില്‍ നിന്നാണ് ഭാരതീയചിത്രകല പുനര്‍ജനിച്ചത്. ഈ കാട്ടാറിന്‍റെ തെളിനീരില്‍ നിന്നാണ് ചുമര്‍ചിത്രകല പിറവിയെടുത്തത്.
കയ്യിലെ മണ്‍ചിരാതില്‍ കൊളുത്തിയ ദീപത്തിന്‍റെ മങ്ങിയവെട്ടത്തില്‍ ഞങ്ങളുടെ വഴികാട്ടി ഒരദ്ഭുതം കാണിച്ചുതന്നു. ബുദ്ധ ശിരസ്സിനു ചുറ്റുമായി ഒരര്‍ധവൃത്തം സൃഷ്ടിച്ചുകൊണ്ട് അയാള്‍ മെല്ലെ നടന്നുനീങ്ങി. ബുദ്ധവിഗ്രഹത്തിന്‍റെ പാതി കൂമ്പിയ
കണ്ണുകളില്‍ ശ്രദ്ധിക്കാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. ശരിയാണ്. ആ അര്‍ദ്ധവൃത്തം മനുഷ്യഭാവനയുടെ അനുപമസൌന്ദര്യ മായി ഇതള്‍വിടര്‍ത്തുന്നത് ഞങ്ങള്‍ അനുഭവിച്ചു. ധ്യാനലീനമായ ബോധിസത്വന്‍റെ മിഴികളില്‍ കരുണയും വേദനയും സഹനവും മന്ദസ്മിതവും അര്‍ദ്ധനിദ്രയുടെ പേരറിയാഭാവങ്ങളും മാറിമാറി വിരിയുന്നത് കണ്‍നിറയെ നോക്കി നിന്നുപോയി. കളിത്താമരപ്പൂവിലെ ശാന്തി ഉള്ളില്‍ നിറഞ്ഞപ്പോള്‍ ഞാന്‍ ആര്‍.രാമചന്ദ്രന്‍റെ കവിത ഓര്‍ത്തെടുത്തു.

( ഈ യാത്ര ഇവിടെ അവസാനിക്കുന്നില്ല. അജന്തയുടെ വിസ്മയദൃശ്യങ്ങള്‍ ചരിത്രത്തിന്‍റെ നിക്ഷേപങ്ങളില്‍ ഭാരതീയകല  എങ്ങനെ നോക്കിക്കണ്ടു എന്ന അന്വേഷണം തുടരും...)

No comments:

Post a Comment