small is beautiful

small is beautiful
Ajantha musings

Saturday, March 5, 2011

Tribute- Bheemsen Joshi.



അങ്ങനെ ആ ഗന്ധര്‍വനാദവും നിലച്ചു .

അതിന്‍റെ ഒളിചിന്നുന്ന പ്രകര്‍ഷം നമ്മുടെ ഓര്‍മയുടെ ഞരമ്പുകളില്‍ പ്രസരിച്ചുകൊണ്ടേ ഇരിക്കും. കാരണം ഗന്ധര്‍വന്‍മാര്‍ മരിക്കുന്നില്ല. ആദിമനാദമായ ഓംകാരം തൊട്ട് നാളിതുവരെ ഭൂമിയില്‍ പിറന്നുവീണ സമ്യക് ഗീതങ്ങളെല്ലാം ഒലിയായും ധ്വനിയായും തലമുറകളെ കടന്ന് നമുക്കൊപ്പം ജീവിക്കുന്നു. അസ്തിയായും ഭാതിയായും .അതെ ഭീംസെന്‍ ...വംശവൃക്ഷത്തിന്‍റെ ശാഖകളില്‍ ഉപശാഖകളില്‍ ഇലകളില്‍ നേര്‍ത്ത വെളിച്ചമായി ,നിറമായി, ഗന്ധമായി പ്രസരിച്ചുകൊണ്ടേയിരിക്കുന്നു.

അനുപമമായ ആലാപനശൈലി കൊണ്ട് ആരാധകഹൃദയങ്ങളില്‍ അമൃതവര്‍ഷം ചൊരിഞ്ഞ സംഗീതപ്രതിഭ. ഭീംസെന്‍ ജോഷിയുടെ ശബ്ദം നിലയ്ക്കുന്നതോടെ ഹിന്ദുസ്ഥാനി സംഗീതത്തിലെ കിരാന ഘരാനയുടെ പുരുഷസൌന്ദര്യം വിട ചൊല്ലുകയാണ്. ആരോഹാവരോഹങ്ങളുടെ ആന്ദോളനം കൊണ്ട് ക്ലാസിക്കല്‍ സംഗീതാസ്വാദകരുടെ ഹൃദയങ്ങളില്‍ പെയ്തിറങ്ങാന്‍ ആ നാദത്തിനു കഴിഞ്ഞു. ഏഴു പതിറ്റാണ്ട് നീണ്ടു നിന്ന സമാനതകളില്ലാത്ത സപര്യക്ക് വിരാമം.

മഹാഗായകര്‍ പിറന്നുവീണ ഉത്തരകര്‍ണാടകയിലെ ധാര്‍വാടില്‍ 1922 ഫെബ്രുവരി 14നു ജനിച്ച ജോഷി തന്‍റെ പതിനൊന്നാം വയസ്സില്‍ വീട് വിട്ടിറങ്ങി , പിന്നീട് ഘരാനകളുടെ വസന്തം പെയ്തിറങ്ങിയ ഗ്വാളിയോറിലേയും ലക്നോവിലെയും മറ്റു ഉത്തരേന്ത്യന്‍ നഗരങ്ങളിലെയും തെരുവുകളിലൂടെ ഗുരുവിനെതേടി അലഞ്ഞുനടന്ന കൌമാരം. ഒടുവില്‍ സ്വന്തംനാട്ടില്‍ സവായ് ഗന്ധര്‍വ എന്നാ സംഗീത ഗുരുവിനെ കണ്ടെത്തുകയും അദ്ദേഹത്തിന്‍റെ കീഴില്‍ ഏഴുവര്ഷം സംഗീതം അഭ്യസിക്കുകയും ചെയ്തു. പ്രമുഖധാരയായ കിരാന ഘരാനയുടെ പൂര്‍ണതയ്ക്ക് വേണ്ടിയുള്ള സാധനയായിരുന്നു പിന്നീടുള്ള ജീവിതം. സാധനകള്‍ നിറഞ്ഞ ഗുരുകുലവാസം അവസാനിച്ച് പടിയിറങ്ങുമ്പോള്‍ സംഗീതസാഗരത്തിലെ ആഴങ്ങള്‍ പലതും ആത്മാവിലലിഞ്ഞു ചേര്‍ന്നിരുന്നു. മഹാഗായകര്‍ അഭിരമിക്കുന്ന ഭാരതീയ സംഗീത ലോകത്തിലേക്ക് ഭീംസെന്‍ കടന്നുവന്നതോടെ ഒരു പുതുയുഗം പിറവികൊള്ളുകയായിരുന്നു. ഉസ്താദ് അമീര്‍ ഖാന്‍റെയും, ബഡെ ഗുലാംഅലി ഖാന്‍റെയും പിന്‍ഗാമിയായി മഹത്തായ ഭാരതീയസംഗീത പാരമ്പര്യത്തിന്‍റെ മുന്‍നിരയിലെത്താന്‍ ഭീംസെന്‍ ജോഷിക്ക് അധിക കാലം വേണ്ടിവന്നില്ല. സംഗീതപ്രേമികളായ ബഹുസഹസ്രം ശ്രോതാക്കള്‍ അദ്ദേഹത്തിന്‍റെ ഗന്ധര്‍വനാദത്തിനു കാതോര്‍ത്തു.രാഗ താളങ്ങളുടെ ആത്മാവില്‍ ഭക്തിയും സിദ്ധിയും സാധനയും അലിയിച്ചു ചേര്‍ത്തു ലോകസംഗീതത്തിന്‍റെ ഉത്തുംഗ ശൃംഗങ്ങള്‍ ഭീംസെന്‍ മെല്ലെ മെല്ലെ അളന്നെടുക്കുകയായിരുന്നു.
1985 ല്‍ ലതാമങ്കേഷ്കറും ബാലമുരളീകൃഷ്ണയും ഭീംസെന്‍ജോഷിയും ചേര്‍ന്നൊരുക്കിയ 'മിലേ സുര്‍ മേരെ തുമാര ...' എന്നാ ദേശഭക്തി ഗാനം രാജ്യമെങ്ങും അലയിളക്കി. ദൂരദര്‍ശനിലൂടെ ഇന്ത്യന്‍ ഗ്രാമാന്തരങ്ങളില്‍ ആ സംഗീതആല്‍ബം ആബാലവൃദ്ധം ജനങ്ങളും ഹൃദയത്തിലേറ്റു വാങ്ങി.പരമോന്നത ബഹുമതിയായ ഭാരതരത്നമടക്കംപുരസ്കാരങ്ങള്‍ ജീവിതത്തില്‍ അദ്ദേഹത്തെ തേടിയെത്തി. 1972 ല്‍ പദ്മശ്രീയും ,1985 ല്‍ പദ്മഭൂഷനും നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. സ്വാതിസംഗീത പുരസ്കാരത്തിലൂടെ കേരളവും ആ നാദപ്രപഞ്ചത്തിനു മുത്തുക്കുടയും ആലവട്ടവും ചാര്‍ത്തി. ഭാരതീയ സംഗീതലോകത്തെ ഒരിതിഹാസമാണ് ഭീംസെന്‍ ജോഷിയുടെ കാലത്തോടെ മണ്‍മറയുന്നത്‌. എന്നാല്‍ അദ്ദേഹം ജീവന്‍പകര്‍ന്ന അനുപമസംഗീത ഘരാനകള്‍ ഒരിക്കലും ഈ നാദപ്രപഞ്ചത്തെ അനാഥ മാക്കുന്നില്ല. ആ ഗന്ധര്‍വനാദം സംഗീതപ്രണയികളുടെ ആത്മാവിലെ അണയാത്ത ജ്വാലയായി എന്നെന്നും നിലനില്‍ക്കും.

സേതുമാധവന്‍ മച്ചാട് .

No comments:

Post a Comment