small is beautiful

small is beautiful
Ajantha musings

Sunday, March 6, 2011

Kanjunjunga- Himalayas....


ഓര്‍മകളില്‍ സുവര്‍ണശോഭ പകര്‍ന്ന് ഇപ്പോഴും കാഞ്ചന്‍ ജംഗ എന്നോടൊപ്പം.
രാത്രി ഏറെ വൈകിയാണ് ഞങ്ങള്‍ ഡാര്‍ജിലിങ്ങില്‍ എത്തുന്നത്‌. പിറ്റേന്ന് അതിരാവിലെ ഉണര്‍ന്ന് വിസ്മയസൂര്യന്‍റെ വരവ് കാണാന്‍ ടൈഗര്‍ ഹില്‍സിലേക്ക്. സിക്കിമിലെ താഷി വ്യൂ പോയിന്‍റു പോലെ ഇവിടെനിന്നും ഉദയസൂര്യന്‍റെ സുവര്‍ണകിരണങ്ങളില്‍ പ്രശോഭിക്കുന്ന കാഞ്ചന്‍ജംഗ മനുഷ്യജീവിതത്തിലെ... അപൂര്‍വദൃശ്യങ്ങളില്‍ ഒന്ന്. ഹിമശൃംഗങ്ങളില്‍ ആരുണാഭ പതിയുന്ന വിസ്മയക്കാഴ്ച .ഏഴര വെളുപ്പിനേ ഹിമാലയ സൂര്യോദയം കാണാന്‍ ടൈഗര്‍ഹില്‍സില്‍ ആള്‍ക്കൂട്ടം എത്തിയിരുന്നു. കൊടും തണുപ്പിനെ ഒട്ടും വകവെക്കാതെ. ചുക്ക് കാപ്പിയും, ഡാര്‍ജിലിംഗ് ചായയും നിറച്ച പാത്രങ്ങളുമായി ഗ്രാമീണവനിതകള്‍ ഞങ്ങളെ വരവേറ്റു.
സന്ദര്‍ശകര്‍ക്കായി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. കൃത്യം അഞ്ചു മണിക്ക് സൂര്യോദയം .ആ അപൂര്‍വ മായക്കാഴ്ച കണ്ണിലെ ക്യാമറയില്‍ പകര്‍ത്താന്‍ സന്ദര്‍ശകര്‍ നിശബ്ദസൌന്ദര്യത്തെ ധാനിച്ചു കൊണ്ട് നില്‍ക്കുന്നു. നോക്കിയിരിക്കെ കൃത്യം അഞ്ചിന് കൈക്കുടന്നയിലെ ചിരാതു പോലെ സൂര്യന്‍ നമുക്ക് മുന്നില്‍. അരുണരഥത്തിലേറി സ്വര്‍ണവര്‍ണത്തിലുള്ള ആ വരവ്...
ആ സമയം മഞ്ഞു പുതച്ച കാഞ്ചന്‍ജംഗ സൂര്യശോഭയില്‍ ആകാശത്തെ തൊട്ടുരുമ്മി നിന്നു.ഉയരത്തിന്‍റെ കാര്യത്തില്‍ ലോകത്തിലെ മൂന്നാമത്തെ ശൃംഗം .കാഞ്ചന്‍ജംഗ എന്നാല്‍ സ്വര്‍ണക്കുപ്പായമിട്ട ദൈവം എന്നാണത്രേ അര്‍ഥം. കാഞ്ചന്‍ജംഗയുടെ അഞ്ചു കൊടുമുടികള്‍ ദിവ്യാനുഗ്രഹം ചൊരിയുന്ന കൈവിരലുകള്‍ ആണെന്ന് ഗ്രാമീണര്‍ പറയുന്നു.
ആ സൂര്യോദയം ഓര്‍മയില്‍ മുദ്രിതമായ ഒരു വിസ്മയം.

No comments:

Post a Comment