small is beautiful

small is beautiful
Ajantha musings

Sunday, March 6, 2011

Mindscapes...

ചിലപ്പോള്‍ തോന്നും വിശ്വാസം എന്നത് ആദര്‍ശത്തെപ്പോലെ തികച്ചും അനാവശ്യമാണെന്ന്. യാഥാര്‍ത്യത്തിന്‍റെ മുഖം ഹിരണ്‍മയപാത്രം കൊണ്ട് പോലും മറഞ്ഞു പോകുന്നത് ശരിയല്ല. സത്യത്തില്‍ നിന്ന് നമ്മെ അകറ്റാനേ അതുപകരിക്കൂ. കഴിഞ്ഞ ദിവസങ്ങളിലെ നിസ്സാരമെങ്കിലു...ം അര്‍ത്ഥപൂര്‍ണമായ അനുഭവം എനിക്ക് നേരെ ഒരു കണ്ണാടിയിലെന്ന പോലെ എന്നിലെ എന്നെ നോക്കിക്കാണാന്‍ കഴിഞ്ഞത് നിശബ്ദമായ ഒരു ഭാവാന്തരം. കഴിഞ്ഞ ദിനങ്ങളില്‍ ചലച്ചിത്ര ലോകത്തിലൂടെ പല ദേശങ്ങളില്‍ , പല കാലങ്ങളില്‍ ഞാന്‍ ജീവിച്ചു. എവിടെയും മനുഷ്യന്‍റെ നിലവിളി ഒന്നുപോലെ എന്ന് കണ്ടു. എല്ലായിടത്തും മനുഷ്യന്‍ സ്നേഹിക്കുന്നതും വെറുക്കുന്നതും അനുഭവങ്ങളെ അടയാളപ്പെടുത്തുന്നതും ഒരു പോലെ.
സമരവും യാതനയും ഭയവും സംത്രാസവും നാം സൃഷ്ടിക്കുന്ന സ്ഥലത്തിന്‍റെ പ്രതിഫലനമെന്നു തോന്നി. ചിന്തയാണ് ചുറ്റുമുള്ള സ്ഥലത്തിനെ നിര്‍മിക്കുന്നതും നിര്‍വചിക്കുന്നതും എന്ന് തോന്നുന്നു. ചിന്ത എന്നാല്‍ 'അഹം' ആണെങ്കില്‍ നമുക്ക് സ്ഥലത്തിന്‍റെ അവസാനത്തില്‍ ബന്ധങ്ങള്‍ക്ക് പോലും പുതിയ അര്‍ഥം കൈവരും.
ബിംബങ്ങളോ പ്രതിബിംബങ്ങളോ ,ചിഹ്നങ്ങളോ വാക്കുകളോ ഇല്ലാത്ത , സ്മരണയുടെ അലകളില്ലാത്ത ഒരു ലോകം. എനിക്ക് തോന്നി, സ്നേഹം ഓരോ നിമിഷത്തിന്‍റെയും മരണം. മൃതിയാകട്ടെ സ്നേഹത്തിന്‍റെ ജനിയും. അതിനു വേരുകളില്ലായിരുന്നു. അത് അകാരണമായി പുഷ്പിച്ചു,. എല്ലാ ചിന്തകള്‍ക്കു മപ്പുറം അത് സൌന്ദര്യം എന്തെന്നു എന്നെ മനസ്സിലാക്കി. അത് വാക്കുകളില്‍ പകര്‍ത്താന്‍ ഞാനശക്തന്‍. അത് കാന്‍വാസില്‍ ലയിപ്പിക്കാന്‍ എനിക്കസാധ്യം. എന്തെന്നാല്‍ അതിനോടൊപ്പം സ്നേഹവും സൌന്ദര്യവും ആവിര്‍ഭവിക്കുന്നത് ഞാനറിഞ്ഞു.
-സേതുമാധവന്‍ മച്ചാട്

No comments:

Post a Comment